Showing posts with label ജിഹാദ്. Show all posts
Showing posts with label ജിഹാദ്. Show all posts

Saturday, October 17, 2009

ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?




ഖാദര്‍ പി   

കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.


അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക്‌ ഇരുവരും കോടതിയില്‍ നിന്ന്‌ നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ്‌ എസ്സിലും പെട്ട സുഹൃദ്‌ വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി. പൊട്ടുതൊട്ട്‌ നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത്‌ കണ്ട്‌ മുസ്‌ലിംകളുടെ നാവിറങ്ങിപ്പോയി. കണ്ണുകള്‍ മാറിനടന്നു. മകളെ നേര്‍വഴിക്ക്‌ നടത്താത്തതിന്‌ മഹല്ല്‌ ആ കുടുംബത്തോട്‌ അകലംപാലിച്ചു. മകളും ഭര്‍ത്താവും തൊട്ടുമുന്നിലൂടെ വിഹരിക്കുന്നത്‌ കാണാനാവാതെ ആ കുടുംബം മറ്റൊരു നാട്ടിലേക്ക്‌ താമസം മാറ്റി. ഈ സംഭവം നാട്ടിലെ മുസ്‌ലിംജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നുവെച്ചാല്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളിനപ്പുറം പറഞ്ഞയക്കുന്നത്‌ അപകടമാണെന്ന സന്ദേശം വിദ്യാഭ്യാസ തല്‌പരരായ കുടുംബങ്ങളെപ്പോലും സ്വാധീനിച്ചു. ഉന്നതവിദ്യാഭ്യാസം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.


നാടുവിട്ടുപോയ ആ കുടുംബം പിന്നീട്‌ തിരിച്ചെത്തി. ഇന്നിപ്പോള്‍ ഇരുവീട്ടുകാരും നാട്ടിലൂടെ കണ്ടാല്‍ മിണ്ടാതെ ജീവിച്ചുപോരുന്നു. എന്നാല്‍ ഡ്രൈവറായ യുവാവിന്‌ നാട്ടിലെ മുസ്‌ലിം ബസ്സുടമകള്‍ നാട്ടിലെ ബസ്സില്‍ തന്നെ ജോലി കൊടുത്തു. സാധാരണ ബന്ധം, സാധാരണ സൗഹൃദം. ഇപ്പോഴയാള്‍ ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും ചെയ്‌തു. അടുത്തകാലത്തായി നാട്ടിലെ മുസ്‌ലിംകുടുംബത്തില്‍ പിറന്ന രണ്ട്‌ പെണ്‍കുട്ടികള്‍ ഹിന്ദുയുവാക്കള്‍ക്കൊപ്പം പോയി. ഒരു പെണ്‍കുട്ടി പൂര്‍ണഹിന്ദുവായി. സി പി എം കുടുംബത്തില്‍ പെട്ട യുവാവിന്‌ പെണ്‍കുട്ടിയെ ഒളിപ്പിക്കാനും മറ്റും പൂര്‍ണ സംരക്ഷണം നല്‌കിയത്‌ ആര്‍ എസ്‌ എസ്സായിരുന്നു. മറ്റേ പെണ്‍കുട്ടി രണ്ടുംകെട്ട നിലയില്‍ ജീവിച്ചുപോരുന്നു. ഇതിനിടയില്‍ ഒരു മുസ്‌ലിം യുവാവ്‌ രണ്ടു കുട്ടികളുള്ള നായര്‍ യുവതിയെ വിവാഹം ചെയ്‌തു. അവന്‍ മുസ്‌ലിമും അവള്‍ നായരുമായി ജീവിച്ചുപോരുന്നു.

1980കളുടെ ആദ്യപാതിയില്‍ നിന്ന്‌ ഇരുപതു വര്‍ഷത്തിലധികം പിന്നിട്ടതുകൊണ്ടാവാം പില്‌ക്കാല പ്രണയവിവാഹങ്ങള്‍ ഗ്രാമത്തിലെ ആദ്യവിവാഹങ്ങള്‍ പോലെ മുസ്‌ലിംസമൂഹത്തിന്റെ ഉറക്കമില്ലാത്ത ഉല്‍ക്കണ്‌ഠയായി മാറിയില്ല. സമുദായത്തില്‍ നിന്ന്‌ മൂന്ന്‌ പെണ്‍കുട്ടികള്‍ പോയിട്ടും ഇതിന്‌ പിന്നില്‍ ഏതെങ്കിലും ഹിന്ദുസംഘടനയുടെ ആസൂത്രിത നീക്കമുണ്ടെന്ന ചിന്ത മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല.



വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ മതക്കാരുടെ ഇടകലരല്‍ മുന്‍കാലത്തെക്കാള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചതോടെ വ്യത്യസ്‌ത ജാതിക്കാര്‍ക്കും മതക്കാര്‍ക്കുമിടയിലുള്ള വിവാഹം കൂടിക്കൂടി വരികയാണ്‌. അതിന്റെ എണ്ണം ഇന്നത്തെക്കാള്‍ കൂടുകയും ചെയ്യും. എസ്‌ എസ്‌ എല്‍ എസിക്ക്‌ ഒന്നാംറാങ്ക്‌ നേടിയ ഒരു മുസ്‌ലിംപെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? അഭിമാനഭാരത്താല്‍ നാട്ടിലെ മുസ്‌ലിംസംഘടനകള്‍ അവള്‍ക്ക്‌ കൊടുത്ത സ്വീകരണങ്ങള്‍ക്കും സ്വര്‍ണപ്പതക്കങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്‌ ശേഷം അവള്‍ ഒരു ക്രിസ്‌ത്യന്‍ യുവാവിനൊപ്പം പോയി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവര്‍ത്തകന്റെ ബന്ധുവായ ഡോ. സത്യനാഥന്‍ മുസ്‌ലിമായി. ഇപ്പോള്‍ ആണ്ടുനേര്‍ച്ചാവിവാദത്തില്‍പ്പെട്ട പ്രഭാഷകന്റെ പ്രസംഗം കേട്ട്‌ മറ്റൊരു യുവ ലേഡീഡോക്‌ടറും ഈയിടെ മുസ്‌ലിമായി. ഇങ്ങനെ പല പ്രമുഖരുടെ പേരുകളും നമുക്ക്‌ ഓര്‍മിച്ചെടുക്കാനാവും.


മതംമാറ്റം തീര്‍ച്ചയായും അവരവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേദനാജനകമായ അനുഭവമാണ്‌. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന മക്കള്‍ ഒരുനാള്‍ സ്വന്തം സംസ്‌കാരവും ജീവിതരീതിയും വിട്ട്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊന്നിലേക്ക്‌ കയറിപ്പോവുന്നത്‌ നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ എത്രയെത്ര. കുടുംബത്തില്‍ ഇത്തരമൊരു സംഭവം നടക്കുന്നതോടെ മറ്റ്‌ കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍, കെട്ടിച്ചയച്ച പെണ്‍മക്കള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നിന്നുള്ള മാനസികപീഡനം, കെട്ടിക്കാനും കെട്ടാനുമുള്ളവര്‍ക്ക്‌ ഇക്കാരണത്താല്‍ മുടങ്ങുന്ന വിവാഹാലോചനകള്‍, സാമൂഹ്യബഹിഷ്‌കരണം അങ്ങനെ പലതും.

എന്നാല്‍ മതംമാറ്റത്തെ കൂസലേതുമില്ലാതെ സ്വീകരിക്കുന്നവരുമുണ്ട്‌ സമൂഹത്തില്‍. തീര്‍ച്ചയായും അവരുടെ എണ്ണം നന്നേ ചെറുതാണ്‌. നാലപ്പാട്ട്‌ കുടുംബമാണ്‌ ഇവയില്‍ ഇന്നേറ്റവും പ്രശസ്‌തമായത്‌. മാധവിക്കുട്ടി, കമലാസുരയ്യ ആയപ്പോള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ സി പി എമ്മില്‍ ചേരുന്ന ലാഘവത്തോടെയാണ്‌ ആ കുടുംബം അതിനെ സ്വീകരിച്ചത്‌. എന്നാല്‍ ഈ കുടുംബത്തിനില്ലാത്ത വേദനയായിരുന്നു പുറത്തുള്ളവര്‍ക്ക്‌. സാംസ്‌കാരിക നായകര്‍ പോലും അവരോട്‌ അകലംപാലിച്ചു. മുസ്‌ലിമാവുന്നതിനുമുമ്പ്‌ ആഴ്‌ചയില്‍ ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ പിന്നീടത്‌ മുസ്‌ലിം സംഘടനകളുടെ മൂന്നോ നാലോ പരിപാടിയായി ചുരുങ്ങിയെന്ന്‌ മകന്‍ എം ഡി നാലപ്പാട്ട്‌ തന്നെ അനുസ്‌മരിക്കുകയുണ്ടായി. അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ഭാര്യ വിജയലക്ഷ്‌മിക്കും സംഘ്‌പരിവാരത്തിന്റെ ഭീഷണിയുണ്ടായി. അവഹേളനം അസഹ്യമായപ്പോള്‍ കമലാസുരയ്യക്ക്‌ കേരളംതന്നെ വിട്ടുപോകേണ്ടിവന്നു. ഈ വര്‍ഷം ജൂലൈ 31ന്‌ അവര്‍ പൂനെയിലെ വസതിയില്‍ വെച്ച്‌ മരണപ്പെട്ടപ്പോള്‍ പോലും പലരും അവരോടുള്ള പക വാക്കുകളിലും എഴുത്തിലും ഒളിച്ചും തെളിച്ചും വെച്ചു. ഡോ. സുകുമാര്‍ അഴീക്കോടില്‍ നിന്നു പോലും പ്രതീക്ഷിക്കാത്തത്‌ കേട്ടു. ലീലാ മേനോനെപ്പോലുള്ളവര്‍ മരണശേഷവും അവരെ പുലഭ്യം പറഞ്ഞു. ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഹോബി നിലവിളക്കിന്റെയും നിറപറയുടെയും പശ്ചാത്തലത്തിലുള്ള അവരുടെ ചിത്രം ആവര്‍ത്തിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു.

ഒരാള്‍ ഒരു മതംവിട്ട്‌ മറ്റൊന്ന്‌ സ്വീകരിക്കുമ്പോള്‍ ആശ്ലേഷിക്കപ്പെടുന്ന മതത്തിന്റെയാളുകള്‍ക്ക്‌ ആത്മീയാനുഭൂതിയും ഉല്‍ക്കര്‍ഷബോധവുമുണ്ടാവുക സ്വാഭാവികമാണ്‌. ഒരാള്‍ പാര്‍ട്ടി മാറുമ്പോള്‍ പുതുതായി ചേരുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുണ്ടാകാവുന്ന സന്തോഷത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്‌.


മതംമാറ്റത്തിന്റെ ഈ സ്വാഭാവിക സുഖവും ദു:ഖവും വര്‍ഷങ്ങളായി അനുഭവിച്ചുവന്നിരുന്ന കേരളത്തിന്റെ ഹൃദയം പക്ഷേ ഈ അടുത്ത കാലത്തായി കൂടുതല്‍ ഇടുങ്ങിവരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജില്‍ എം ബി എക്ക്‌ പഠിക്കുന്ന പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല, കൊട്ടരക്കരയിലെ ബിനോ ജേക്കബ്‌ എന്നീ വിദ്യാര്‍ഥിനികള്‍ പ്രണയത്തെ തുടര്‍ന്ന്‌ ഇസ്‌ലാം സ്വീകരിച്ചത്‌ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കയാണ്‌. തീവ്രവാദത്തിന്റെ ചൂരടിപോലും അലര്‍ജിയായ മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം എസ്‌ എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷഹന്‍ഷായാണ്‌ കഥയിലെ നായകന്‍. എം ബി എക്ക്‌ പഠിക്കുന്ന സുന്ദരക്കുട്ടപ്പന്‍. കോളെജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ നിരന്തരം സമരം ചെയ്‌തയാള്‍. ഒടുവില്‍ മാനേജ്‌മെന്റ്‌ ഷഹന്‍ഷായെ പുറത്താക്കുന്നു. തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ്‌ അനുസരിക്കുന്നില്ല. ഒടുവിലയാള്‍ കോളെജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാനാടകം കളിക്കുന്നു. എസ്‌ എഫ്‌ ഐക്കു പോലും പിന്തുണയ്‌ക്കേണ്ടി വന്ന സമരത്തിനൊടുവില്‍ ഷാ കോളെജില്‍ തിരിച്ചുകയറുന്നു.

കോളെജ്‌ കാമ്പസ്‌ അനുഭവമുള്ള ആര്‍ക്കുമറിയാം; ഇത്തരമൊരു താരപരിവേഷമുള്ളയാള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെപോലും ഹീറോ ആയി മാറും. ഇപ്പോഴത്തെ വിവാദപ്രണയം പോലും ഈ രണ്ട്‌ പെണ്‍കുട്ടികള്‍ മത്സരബുദ്ധിയോടെ അങ്ങോട്ട്‌ തുടങ്ങിവെച്ചതാണെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നുണ്ട്‌. ഇവര്‍ മാത്രമല്ല, പലരും ഷഹന്‍ഷാക്ക്‌ വേണ്ടി കൊതിച്ചിരുന്നുവത്രെ.


പെണ്‍കുട്ടികള്‍ നിരന്തരം മിസ്‌ഡ്‌ കോള്‍ വഴി തുടക്കമിട്ടതാണെങ്കിലും ഈ പ്രണയത്തിന്‌ ആഗോള ബന്ധമുണ്ടെന്നാണ്‌ സംഘ്‌പരിവാരവും അവരുടെ മനസ്സുപേറുന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദിയാണ്‌ (ഒക്‌ടോബര്‍ 11) അറുവഷളന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ലൗജിഹാദിനെയും റോമിയോ ജിഹാദിനെയും കുറിച്ചുള്ള ഗംഭീര സാധനം വരുന്നുണ്ടെന്ന്‌ അവര്‍ ആദ്യമേ ടി വിയില്‍ പരസ്യം ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ന്യൂസ്‌സ്റ്റാന്റുകളില്‍ വന്നതോടെ സാധനം തീര്‍ന്നുപോയി. ലൗജിഹാദിനെക്കുറിച്ച്‌ വാരികയില്‍ എഴുതിയവരുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തുവെന്നതാണ്‌ ഈ സംഘ്‌മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു തമാശ. ഇങ്ങനെ നമ്പര്‍ കൊടുത്തതുകൊണ്ട്‌ അവര്‍ ലക്ഷ്യമിട്ടത്‌ അടുത്ത ആഴ്‌ചകളിലെ സ്റ്റോറികള്‍ക്കുള്ള കോളാണ്‌. ഇനിയിപ്പോള്‍ ഈ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏതെങ്കിലും ആളെ ഏര്‍പ്പാട്‌ ചെയ്‌ത്‌ പബ്ലിക്‌ ബൂത്തുകളില്‍ കയറി വിളിപ്പിക്കുകയേ വേണ്ടൂ. “നിന്നെ തട്ടിക്കളയും. മാപ്പിളയോട്‌ കളിച്ചാല്‍ നീ മാത്രമല്ല, നിന്റെ തള്ളയും തന്തയും ഭൂമുഖത്തുണ്ടാവില്ല. നിന്റെ ഭാര്യയെ ഞങ്ങള്‍ തട്ടമിടീക്കും. 10,000 കോടി രൂപയാണ്‌ ഞങ്ങള്‍ മതംമാറ്റാന്‍ ഇറക്കാന്‍ പോവുന്നത്‌. കേരളം മുസ്‌ലിംകളെക്കൊണ്ട്‌ നിറയ്‌ക്കാന്‍ പൊവുകയാണ്‌. ഞങ്ങളെ എതിര്‍ത്താല്‍ അവന്റെ തറവാട്‌ വരെ ബോംബിട്ട്‌ തകര്‍ക്കും. ഇസ്‌ലാം വന്നിട്ട്‌ മതി ഇവിടത്തെ ട്രെയിനും പാലവുമെല്ലാം.”


കലാകൗമുദിയുടെ അടുത്ത ലക്കത്തില്‍ ലേഖകരുടെ ഈ നമ്പറുകളിലേക്ക്‌ വിളിക്കുന്ന തീവ്രവാദികള്‍ നടത്താനിടയുള്ള ഭീഷണികളില്‍ ഈ ലേഖകനറിയാവുന്ന നന്നേ കുറഞ്ഞ തെറികളിലൊന്നാണ്‌ മുകളിലെഴുതിയത്‌. മുഖ്യധാരാ സാംസ്‌കാരിക വാരികകളുടെ സ്ഥാനത്തുനിന്ന്‌ പുറംതള്ളപ്പെട്ടുപോയ കലാകൗമുദിക്ക്‌ തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളിലൊന്നാവാം ഈ നെറികെട്ട മാധ്യമപ്രവര്‍ത്തനം. എന്നാല്‍ സര്‍ക്കുലേഷന്‍ തന്ത്രത്തിന്‌ എന്തിന്‌ പീഡിതരായ സമൂഹത്തിന്റെ മേക്കിട്ട്‌ കയറണം.

കഥ മെനയുമ്പോള്‍ എല്ലാം കൂട്ടിയോജിപ്പിച്ച്‌ കുറ്റമറ്റതാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഷഹന്‍ഷാ മുസ്‌ലിംലീഗ്‌ നേതാക്കളോട്‌ സഹായാഭ്യാര്‍ഥന നടത്തിയപ്പോള്‍ അവരതിന്‌ തയ്യാറായില്ലെന്നും അപ്പോള്‍ സഹായിക്കുന്നവര്‍ വേറെയുണ്ടോയെന്ന്‌ നോക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോപ്പുലര്‍ ഫ്രണ്ടുകാരെ സമീപിച്ചുവെന്നുമാണ്‌ കലാകൗമുദി കഥയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത്‌ പറയുന്നത്‌ ഷഹന്‍ഷായും സുഹൃത്ത്‌ ഷാജിയും ഭാര്യയും നവമുസ്‌ലിമുമായ ഷബാനയും മതംമാറ്റ റാക്കറ്റിലെ കണ്ണികളാണെന്നുമാണ്‌. വന്‍ മതംമാറ്റ റാക്കറ്റിലെ കണ്ണികള്‍ക്കെന്തിന്‌ മുസ്‌ലിംലീഗ്‌ നേതാക്കളുടെ സഹായം? ആദ്യമേ ഇവര്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കില്‍ നേരെ അവരുടെ സഹായമല്ലേ അഭ്യര്‍ഥിക്കുക?

ആ ചാരുകസേര ഇന്‍വെസ്റ്റിഗേഷന്റെ ചില സാമ്പിളുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്‌:

1). സംസ്ഥാനത്തെ 14 ജില്ലകളില്‍ ലൗജിഹാദ്‌ അഥവാ റോമിയോ ജിഹാദ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പിന്‌ സോണല്‍ ഓഫീസുകളുണ്ട്‌. ഓരോ ജില്ലയിലും സോണല്‍ ചെയര്‍മാന്മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കോളെജ്‌ കാമ്പസുകളാണ്‌ ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. പ്രവേശന സമയത്ത്‌ കുട്ടികളുടെ സമുദായം തിരിച്ചുള്ള കണക്കെടുക്കും. പിന്നെ പ്രവൃത്തി ആരംഭിക്കുകയായി. പ്രണയത്തിലെത്തിയാല്‍ ആറ്‌ മാസത്തിനകം വിവാഹത്തിലെത്തിക്കുക. പിന്നെ ഒരു വര്‍ഷത്തിനകം ആദ്യത്തെ കുട്ടി. കുറഞ്ഞത്‌ നാല്‌ കുട്ടികളെങ്കിലും വേണം. (ഈ പൊട്ടന്‍ ലേഖകന്‍ തന്നെ മറ്റൊരിടത്ത്‌ എഴുതിയത്‌ ഷഹന്‍ഷാ ഒരിക്കല്‍ പെണ്‍കുട്ടികളെ കോണ്ടം കാണിച്ച്‌ പ്രലോഭിപ്പിച്ചെന്നും മലപ്പുറത്തും മറ്റും ദിവസങ്ങളോളം കറങ്ങിയിട്ടും ഷഹന്‍ഷാ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ്‌.)


2). അമുസ്‌ലിംകളുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി സമുദായാംഗങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനുമാവുമെന്ന്‌ ഈ സംഘം കരുതുന്നു. (കുട്ടികളെ എണ്ണം കൂട്ടാനായിരിക്കുമോ കൊട്ടാരക്കരക്കാരി പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌? മണ്ടശിരോമണീ ആരു പഠിപ്പിച്ചു നിന്നെയീ പണി?)

3). സംസ്ഥാനത്ത്‌ അടുത്തിടെ ‘ഒരു പെണ്‍കുട്ടിയെങ്കിലും സ്‌നേഹിക്കുക, ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുക’ എന്ന എസ്‌ എം എസ്‌ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു (നാല്‌ കുട്ടികളെ ജനിപ്പിക്കുന്നുണ്ട്‌ സഖാവേ, അപ്പോള്‍ തന്നെ ചുരുങ്ങിയത്‌ പത്ത്‌ കൊല്ലമെടുക്കും. പിന്നെ എങ്ങനെയാണ്‌ നശിപ്പിക്കുന്നത്‌. സോറി, മംഗലാപുരം മുതല്‍ കശ്‌മീര്‍ വരെ ആത്മഹത്യാ സ്‌ക്വാഡുകളെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലേഖനത്തില്‍ നിങ്ങള്‍ പിന്നീട്‌ എഴുതിയത്‌ ഈ സ്‌ത്രീകളെ ഉദ്ദേശിച്ചായിരിക്കും).

4). സ്‌മാര്‍ട്ട്‌ ഫ്രണ്ട്‌സ്‌ അഥവാ എസ്‌ എഫ്‌ എന്ന ലൗജിഹാദ്‌ സംഘം എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലെ അംഗങ്ങള്‍ക്ക്‌ പ്രേമബത്തയായി ദിവസം 200 രൂപ നല്‌കും. കൂടാതെ മൊബൈല്‍ ഫോണ്‍, മോട്ടോര്‍ബൈക്ക്‌, ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ എന്നിവയും നല്‌കും. എസ്‌ എഫിനെ സഹായിക്കാന്‍ തസ്‌റാന്‍ മിലിയത്ത്‌ ഷഹീന്‍ ഫോഴ്‌സസ്‌ എന്ന വനിതാ സംഘടനയുമുണ്ട്‌. ലൗജിഹാദ്‌ സംഘം പ്രേമിച്ചിട്ടും വലയില്‍ വീഴാത്തവരെ ഈ വനിതാസംഘം കൈകാര്യം ചെയ്യും. ഇങ്ങനെ കൂട്ടിക്കൊടുപ്പിന്‌ സഹായിക്കുന്ന വനിതകള്‍ക്ക്‌ ലൗബോംബ്‌ എന്നും കോഡ്‌ നാമമുണ്ട്‌. (എന്തൊരു സുഖം. പ്രേമിക്കുകയും ചെയ്യാം, പണവും കിട്ടും. പിന്നെ ഒരു സംശയം. വനിതാസംഘത്തിന്‌ ഫോഴ്‌സസ്‌ എന്നതിന്‌ മാത്രം അറബിപദം കിട്ടാതിരുന്നതെന്തേ? മറ്റൊരു സംശയം. ഒരു സംഘത്തിലെ എല്ലാവര്‍ക്കും ഒരേ കോഡ്‌ നെയിം നല്‌കുമോ? എഴുതിയാല്‍ പോര, ബുദ്ധി വേണം)

5). മേല്‍പറഞ്ഞ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ്‌. എന്നാല്‍ വിവരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്‌. (അടച്ചുപൂട്ടിയ ഫയലിലെ ഒരു തരിമ്പായിരിക്കും താങ്കള്‍ക്ക്‌ കിട്ടിയത്‌. ബാക്കിയുള്ളത്‌ ഓരോ ലക്കത്തിലും ഖണ്ഡശ നല്‌കുമല്ലോ).

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത്‌ 500ഉം രാജ്യത്താകെ 4000വും മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നുവെന്ന ലേഖകന്റെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്‌. പ്രണയംമൂലവും ഇസ്‌ലാമിനെ പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഉള്‍ക്കൊണ്ടും ഇപ്പറഞ്ഞതില്‍ കൂടുതലാളുകള്‍ മതംമാറിയിട്ടുണ്ടാവണം. ലോകമാകെ ഇതാണ്‌ സ്ഥിതി. സപ്‌തംബര്‍ 11ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം അമേരിക്കയില്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്‌. അവിടത്തെ ബെസ്റ്റ്‌ സെല്ലറുകളില്‍ ഖുര്‍ആനും മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരിക്കയാണെന്ന കാര്യം ഇന്നൊരു രഹസ്യമല്ല. മതംമാറുന്നവരില്‍ നാലില്‍ മൂന്ന്‌ പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്‌. ഈയിടെ പുറത്തുവന്ന മറ്റൊരു കണക്കില്‍ ലോകജനസംഖ്യയുടെ 23 ശതമാനവും മുസ്‌ലിംകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌ പാരമ്പര്യ മുസ്‌ലിംകളില്‍ ജനനനിരക്ക്‌ കൂടുന്നതാണ്‌ ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം. മുസ്‌ലിം ജനസംഖ്യയില്‍ പരിവര്‍ത്തിത മുസ്‌ലിംകളുടെ സംഭാവന നന്നേ വിരളമാണെന്ന്‌ കേരള ജനസംഖ്യ അവലോകനം ചെയ്‌താല്‍ പോലും മനസ്സിലാവും.

അപ്പോള്‍ പിന്നെ എന്തിന്‌ കോടികള്‍ ചെലവാക്കി മതംമാറ്റത്തിലൂടെ എണ്ണംകൂട്ടണം? ഇപ്പോള്‍ വിവാദമായ മതംമാറ്റകേസില്‍ ആഗസ്‌ത്‌ 21ന്‌ കോടതിയില്‍ ഹാജരാക്കിയ യുവതികള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും യുവാക്കളോടൊപ്പം പോവണമെന്നും കോടതിയില്‍ പറഞ്ഞെങ്കിലും പതിവിന്‌ വിപരീതമായി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിച്ചത്‌ കോടതിയുടെ നിക്ഷ്‌പക്ഷതയില്‍ സംശയമുയര്‍ത്തിയ സംഭവമാണ്‌. മുസ്‌ലിം യുവതികള്‍ കാമുകിമാരായ സമാന കേസുകളില്‍ ഇങ്ങനെയുണ്ടായില്ല എന്നത്‌ നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ജസ്റ്റിസുമാരായ ആര്‍ ബസന്തും എം സി ഹരിറാണിയുമാണ്‌ ഈ ഉത്തരവ്‌ നല്‌കിയതെങ്കില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേരള ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ലൗജിഹാദ്‌ എന്ന ഊഹാപോഹ പ്രസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‌കാന്‍ ഡി ജി പിയോടാവശ്യപ്പെട്ടത്‌ മറ്റൊരു കൗതുകമായി. പ്രണയത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌, അതിന്‌ കള്ളനോട്ട്‌ കടത്ത്‌, മയക്കുമരുന്ന്‌, തീവ്രവാദം എന്നിവയുമായുള്ള ബന്ധം എന്നിവയൊക്കെയാണത്രെ അന്വേഷിക്കേണ്ടത്‌.

സംസ്ഥാനത്തെ സാമൂഹ്യബന്ധങ്ങളെ തീര്‍ത്തും ഏകപക്ഷീയമായി വിലയിരുത്തുന്ന ഈ കോടതി നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്നുറപ്പാണ്‌. ഹിന്ദുമതത്തിലേക്ക്‌ മാറാനായി സര്‍ക്കാര്‍ അംഗീകാരമുള്ള നാല്‌ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തെ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍, രാംദാസ്‌ മിഷന്‍, അയ്യപ്പ സേവാസംഘം എന്നിവയും 1922 മുതല്‍ കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ആര്യസമാജവും. കോഴിക്കോട്‌ മാത്രം 75000 പേര്‍ ഹിന്ദുക്കളായി എന്നവര്‍ അവകാശപ്പെടുന്നു. മാതാ അമൃതാനന്ദമയിക്ക്‌ കിട്ടുന്ന കോടികള്‍ എവിടെനിന്ന്‌, എത്ര എന്ന്‌ ചോദിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പോലും മടികാണിക്കുന്നു. മതംമാറ്റാന്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കുള്ളത്ര സ്ഥാപനങ്ങള്‍ മറ്റാര്‍ക്കുമില്ല. അവര്‍ക്കും കിട്ടുന്നു വിദേശപണം. കെ പി യോഹന്നാന്റെ ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക്‌ മാത്രം 1995നും 2008നും ഇടയില്‍ 213.94 ദശലക്ഷം ഡോളര്‍ കിട്ടിയെന്ന്‌ സര്‍ക്കാറിന്റെ മാത്രം കണക്കില്‍ പറയുന്നു.

നിര്‍ബന്ധ മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ല. പ്രണയം പോലും മതപരിവര്‍ത്തനത്തിന്‌ കാരണമാക്കുന്നത്‌ ആശാസ്യമല്ല. എന്നുവെച്ച്‌ പ്രണയം നടക്കാതിരിക്കുമോ? കണ്ണും കാതുമില്ലാത്ത പ്രണയം മതംമാറ്റത്തിലും വിവാഹത്തിലും എത്തുക സ്വാഭാവികം. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രണയം മാത്രം തീവ്രവാദത്തിന്റെയും വിദേശഫണ്ടിന്റെയും പുകമറ സൃഷ്‌ടിച്ച്‌ നിരീക്ഷിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?

കാമ്പസുകളിലും ഓഫീസുകളിലും ഇപ്പോള്‍ തന്നെ റഹ്മാനും മുഹമ്മദും ബഷീറുമുണ്ടാക്കുന്ന സൗഹൃദം വര്‍ഗീയതയാണ്‌. എന്നാല്‍ രാമനും ബാലനും പ്രകാശും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇത്തരം പരാതികളില്ല. ശുദ്ധ പശുമാര്‍ക്ക്‌ സെക്യുലര്‍ കൂട്ടുകെട്ട്‌. ഇനിയിപ്പോള്‍ പ്രകാശന്‌ ആമിനയെയും റോബര്‍ട്ടിന്‌ സമീറയെയും പ്രേമിക്കാം. തികച്ചും രാജ്യസ്‌നേഹപരമായ പ്രണയം. ബഷീറിന്‌ രാധയെയോ മേരിയെയോ പ്രണയിച്ചുകൂടാ. അത്‌ ആഗോള ഗൂഢാലോചനയുടെ ഫലമായി തീവ്രവാദികള്‍ ഒരുക്കുന്ന ലൗജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഭാഗം. രാജനോടൊപ്പം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഖദീജ പറഞ്ഞാല്‍ കോടതി അവളെ അവനോടൊപ്പം വിടുന്നു. അക്‌ബറിനോടൊപ്പം ജീവിക്കാനാണ്‌ എനിക്കിഷ്‌ടമെന്ന്‌ രേഷ്‌മ പറഞ്ഞാല്‍ അവളെ രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്നു. ഈ അനീതി പക്ഷേ സഹിച്ചും പൊറുത്തും അധികനാള്‍ വാഴില്ല. നീതിനിഷേധത്തെക്കാള്‍ ഭയാനകമാണ്‌ വിവേചനപരമായ നീതി.

സ്റ്റോപ്പ്‌പ്രസ്സ്‌: 2009 ജൂലൈ 18ന്‌ രാത്രി രണ്ടേമുക്കാലിന്‌ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നിന്ന്‌ മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 18ന്‌ വെളുപ്പിന്‌ നാലരക്കാണ്‌ പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്‌. ഈ സൂപ്പര്‍സോണിക്‌ കാര്‍ വാങ്ങിക്കൊടുത്തത്‌ പോപ്പുലര്‍ഫ്രണ്ടോ ഷഹന്‍ഷയോ? ആരുമല്ല. നമ്മുടെ കലാകൗമുദി റിപ്പോര്‍ട്ടര്‍ മി. മരമണ്ടൂസന്‍ തന്നെ. (കലാകൗമുദി, പേജ്‌ 21, ഒക്‌ടോ. 11)



© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

Monday, September 07, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

യുദ്ധം: നിലപാടുകള്‍

യുദ്ധത്തെപ്പറ്റി വായിക്കുകയോ കേള്‍ക്കുകയോ മാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യുകയോ ചെയ്യാത്ത ദിവസങ്ങളില്ല. യുദ്ധം കൊതിക്കുകയും വിതക്കുകയും അതിലൂടെ വിളവെടുക്കുകയും അതോടൊപ്പം അതിന്നിരയായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന വൈചിത്ര്യവും വൈരുധ്യവും നിറഞ്ഞ ലോകത്താണ്‌ നാം. കരയുദ്ധവും കടല്‍യുദ്ധവും ന്യൂക്ലിയര്‍ യുദ്ധവുമായി യുദ്ധമുറകളുടെ നീണ്ട പരമ്പരകള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. ലോകമഹായുദ്ധങ്ങള്‍, നാഗസാക്കി, ഹിരോഷിമ തുടങ്ങി ഇറാന്‍, ഇറാഖ്‌, അഫ്‌ഗാന്‍, കാര്‍ഗില്‍ അങ്ങനെ നിത്യവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന യുദ്ധസംഭവങ്ങള്‍... അടങ്ങാത്ത യുദ്ധക്കൊതിയുടെ പ്രതീകങ്ങളായി അറിയപ്പെടുന്ന ഭരണാധിപന്മാര്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും നിറഞ്ഞുനില്‍ക്കുന്നു. ആറ്റംബോംബുകളും ന്യൂക്ലിയര്‍ ബോംബുകളും തുടങ്ങി രാസായുധങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന യുദ്ധചര്‍ച്ചകള്‍. ഇതോടൊപ്പം യുദ്ധമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കുന്നവരെന്ന പേരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ഇവര്‍ ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്യുന്നു. എല്ലാംകൊണ്ടും ലോകമൊന്നാകെ ഒരു യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നു.

മനുഷ്യചരിത്രത്തിലുടനീളം യുദ്ധസംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. രാഷ്‌ട്രങ്ങളുടെയും മതങ്ങളുടെയും വര്‍ഗങ്ങളുടെയും പേരിലെല്ലാം യുദ്ധങ്ങള്‍ കാണാം. മഹാഭാരതവും ഹൈന്ദവപുരാണങ്ങളും യുദ്ധക്കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌. ക്രൈസ്‌തവ വേദഗ്രന്ഥങ്ങളില്‍ ``സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നു'' (മത്തായി 5:9) എന്ന്‌ പ്രസ്‌താവിക്കുമ്പോള്‍ തന്നെ യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്നു: ``ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്താന്‍ വന്നു എന്ന്‌ നിരൂപിക്കരുത്‌. സമാധാനം അല്ല, വാള്‍ വരുത്തുവാനത്രെ ഞാന്‍ വന്നത്‌'' (മത്തായി 10:34). മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന ഇങ്ങനെയാണ്‌: ``മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അവ്വണ്ണം തന്നെ പൊക്കമുള്ളവനും. ഇല്ലാത്തവനോ തന്റെ വസ്‌ത്രം വിറ്റ്‌ വാള്‍കൊള്ളട്ടെ'' (ലൂക്കോസ്‌ 22:38). ഇന്ന്‌ ലോകത്താകെ സമാധാനസന്ദേശവും സമാധാനസേനയും ഒന്നിച്ചലയുന്ന ക്രൈസ്‌തവ മത-രാഷ്‌ട്രത്തിന്റെ യുദ്ധസമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.

ഇസ്‌ലാമിക സമീപനം

ഇസ്‌ലാം അടിസ്ഥാനപരമായിത്തന്നെ സമാധാനസന്ദേശമാണ്‌. ഇസ്‌ലാം എന്ന നാമകരണത്തില്‍ തുടങ്ങി അതിന്റെ ആദര്‍ശവും ആരാധനകളും അനുഷ്‌ഠാനങ്ങളും സാമൂഹിക ഇടപാടുകളും പെരുമാറ്റനിയമങ്ങളുമെല്ലാം സമാധാനത്തില്‍ ഊന്നിയുള്ളതാണ്‌. സമാധാനഭംഗവും സ്‌പര്‍ധയും അതൊരിക്കലും ഇഷ്‌ടപ്പെടുന്നില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഏതറ്റംവരെയും ഇസ്‌ലാം പോകാന്‍ തയ്യാറാണ്‌. ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തില്‍ മുസ്‌ലിമല്ലാത്ത അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്റെ വീട്ടില്‍ വെച്ച്‌ നടന്ന സമാധാന സന്ധി പോലുള്ള ഒന്നിന്‌ ഇന്ന്‌ ആര്‌ മുന്നോട്ടുവന്നാലും അവിടെ ഒന്നാമതായി എത്തുന്നത്‌ താനായിരിക്കുമെന്ന തിരുദൂതരുടെ പ്രസ്‌താവന ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത-ജാതി-ഭാഷാ വ്യത്യാസമില്ലാതെ സമാധാനത്തിന്നായി ഒത്തുചേരുന്ന ആരുമായും സന്ധിയാവാമെന്നാണ്‌ ഈ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നത്‌.

എന്നാല്‍, സാഹചര്യവും സന്ദര്‍ഭവും ഒരു യുദ്ധം അനിവാര്യമാക്കുന്ന ഘട്ടത്തില്‍ ഇസ്‌ലാം യുദ്ധത്തെ അംഗീകരിക്കുന്നു. അതിജീവിക്കാനും നിലനില്‍ക്കാനും ആഗ്രഹിക്കുന്ന ഏതൊരാദര്‍ശത്തിനും ഇത്‌ സമ്മതിച്ചേ മതിയാകൂ. മനുഷ്യരാശിയുടെ ഇഹപര വിജയത്തിന്‌ നിദാനമായ ദൈവികസന്ദേശം ന്യായമായ രീതിയില്‍ അവര്‍ക്കെത്തിച്ചുകൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും നിഷ്‌കാസനം ചെയ്യാനും ആയുധമേന്തുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. അനിവാര്യവും അനുപേക്ഷ്യവുമായ പ്രതിരോധമുറകളെല്ലാം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‌കുന്നുണ്ട്‌. ഇതൊരു യുദ്ധംവരെയും എത്തിനില്‍ക്കുന്നു.

യുദ്ധ കാരണങ്ങള്‍

മദീനയില്‍ നിന്ന്‌ ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ്‌ ബദ്രര്‍. ഇവിടെവെച്ച്‌ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഹിജ്‌റാബ്‌ദം രണ്ടാം വര്‍ഷം നടന്ന സായുധയുദ്ധമാണ്‌ ബദ്രര്‍യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്‌. സമാധാനപരമായി മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുഹമ്മദ്‌ നബി(സ)യെ ശത്രുക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‌പനയനുസരിച്ച്‌ അദ്ദേഹവും അനുയായികളും മദീനയിലേക്ക്‌ നാടുവിടുകയായിരുന്നു. സുരക്ഷിത മേഖലയെന്ന നിലക്ക്‌ മദീനയില്‍ കഴിയുന്ന പ്രവാചകനെയും ശിഷ്യന്മാരെയും വെറുതെവിടാന്‍ ശത്രുക്കള്‍ തയ്യാറില്ലായിരുന്നു. ഖുറൈശികളുടെ മുഖ്യ ഉപജീവനമാര്‍ഗമായ കച്ചവട യാത്ര നയിച്ചിരുന്നത്‌ സിറിയയിലേക്കും ഫലസ്‌തീനിലേക്കുമായിരുന്നു. ഈ യാത്രാസംഘങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ്‌ മദീന സ്ഥിതിചെയ്യുന്നത്‌. ഇവിടെ മുസ്‌ലിംകള്‍ സമാധാനത്തോടെ കഴിയുന്നതും അല്‌പാല്‌പമായി ശക്തിപ്രാപിക്കുന്നതും തങ്ങള്‍ക്കു ഭീഷണിയായിരിക്കുമെന്ന്‌ ഖുറൈശികള്‍ കരുതി. അതിനാല്‍ എങ്ങനെയും പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയെന്നത്‌ ഖുറൈശികളുടെ ഉറച്ച തീരുമാനമായി മാറി. ഇതിന്നായി ഖുറൈശികള്‍ കണ്ട മാര്‍ഗം മദീനയിലെ മുഖ്യ ഗോത്രങ്ങളായ ഔസ്‌-ഖസ്‌റജ്‌ എന്നിവയുടെ പൊതുനേതാവായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂലിനെ വരുതിയില്‍ വരുത്തി പ്രവാചകനെതിരില്‍ പോരാടുകയാണ്‌. അതിന്നായി അവര്‍ അദ്ദേഹത്തിന്‌ ഇങ്ങനെ എഴുതി: ``ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന്‌ ബഹിഷ്‌കരിക്കാത്ത പക്ഷം ഒരു വന്‍സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്‌. നിങ്ങളുടെ സ്‌ത്രീകളെ ഞങ്ങള്‍ ബന്ദികളായി പിടിക്കുന്നതുമാണ്‌'' (അബൂദാവൂദ്‌).

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ പ്രവാചകനുമായി യുദ്ധത്തിനൊരുങ്ങി. പ്രവാചകന്റെ മദീന ആഗമനത്തോടെ നേതൃത്വം നഷ്‌ടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‌ ഇതൊരു അവസരമായി. എന്നാല്‍, ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഖുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ്‌ അത്‌. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിനൊരുങ്ങുന്നത്‌?'' ഇത്‌ കേട്ടതോടെ അവര്‍ തല്‍ക്കാലം യുദ്ധസഹകരണത്തില്‍ നിന്ന്‌ വിരമിച്ചു (അബൂദാവൂദ്‌). എന്നാല്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കണ്ട്‌ ഒഴിവായ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന്‌ ഈ ആശയം ഒഴിവായിരുന്നില്ല.

ഇതിനു പുറമെ ഒരു യുദ്ധാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. മക്കയിലെ ബഹുദൈവാരാധകര്‍ മദീനയിലെ മുസ്‌ലിംകളെ എന്നും ശത്രുക്കളായി കാണുകയും യുദ്ധത്തിലൂടെ തുരത്തേണ്ട ശക്തിയായി കാണുകയും ചെയ്‌തിരുന്നു. ഇത്‌ തെളിയിക്കുന്ന ഒരു സംഭവം നോക്കുക: സഅദുബ്‌നു മുആദ്‌ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയില്‍ ഉബയ്യിബ്‌നു ഖലഫിന്റെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനായി കഅ്‌ബയുടെ സമീപത്തേക്ക്‌ നീങ്ങുമ്പോള്‍ വഴിയില്‍ അബൂജഹലിനെ കണ്ടുമുട്ടി. ഇതു കണ്ട അബൂജഹല്‍ അട്ടഹസിച്ചു. നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു അല്ലേ? അല്ലാഹുവാണേ, അബൂസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീയെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക്‌ മടങ്ങുമായിരുന്നില്ല. ഇതിനു സഅദ്‌ ഇങ്ങനെ ഉച്ചത്തില്‍ പ്രതികരിച്ചു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും (ബുഖാരി). സഅദിന്റെ ഈ പ്രസ്‌താവന മുസ്‌ലിംകളുടെ മുമ്പിലുള്ള പോംവഴി എന്താണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. യുദ്ധഭീഷണി മുഴക്കുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല തന്ത്രമായി അവരുടെ കച്ചവടയാത്രയുടെ വഴിമുടക്കുകയെന്നത്‌ ഒരു മാര്‍ഗമായിരുന്നു. ഈ യുദ്ധതന്ത്രം തന്നെയാണ്‌ മുസ്‌ലിംകള്‍ പിന്നീട്‌ പയറ്റുന്നത്‌. മാത്രമല്ല, ഇത്രയും കാലം മുസ്‌ലിംകള്‍ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചിട്ടില്ലായെന്നും സഅദിന്റെ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നുണ്ട്‌. ഒരു യുദ്ധശത്രുവായി മുസ്‌ലിംകളെ കണ്ടപ്പോള്‍ മാത്രമാണ്‌ മുസ്‌ലിംകളും അതേവഴിക്ക്‌ തന്നെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ അബൂജഹല്‍ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു ബദ്‌ര്‍ യുദ്ധത്തിന്റെ കാരണങ്ങളിലൊന്ന്‌.

ശത്രുവിഭാഗത്തിന്റെ നീക്കങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും ശത്രുവിന്റെ മനസ്സില്‍ ഭയം നിക്ഷേപിക്കാനുമായി റസൂല്‍(സ) ഇതിനിടയില്‍ ചെറു സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. ഇത്‌ ശത്രുവിഭാഗത്തിനിടയില്‍ ഭയവും ആശങ്കയും ജനിപ്പിക്കുകയുണ്ടായി. മുസ്‌ലിംകള്‍ തങ്ങളെ നേരിടാന്‍ സജ്ജരാണെന്ന ധാരണ അവര്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി. ഇതിനിടയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റജബ്‌ മാസത്തില്‍ അബ്‌ദുല്ലാഹിബ്‌നു ജഹശിന്റെ നേതൃത്വത്തില്‍ നഖ്‌ലയിലേക്ക്‌ നടത്തിയ ഒരു സൈനികനീക്കം ഒരു സംഘട്ടനത്തില്‍ കലാശിക്കുകയും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരാള്‍ വധിക്കപ്പെടാനും ചിലരെ ബന്ദികളാക്കാനും ഇടയാവുകയും ചെയ്‌തു. ഇവരുടെ പക്കല്‍ നിന്ന്‌ ഏതാനും ഒട്ടകങ്ങളെ മദീനയിലേക്ക്‌ തെളിച്ചുകൊണ്ടുവരികയും ചെയ്‌തു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടന്ന ഈ സംഭവത്തില്‍ റസൂല്‍(സ) വിയോജിപ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍, ബഹുദൈവാരാധകരായ ശത്രുക്കള്‍ ഇത്‌ നന്നായി മുതലെടുക്കുകയും മുസ്‌ലിംകള്‍ക്കെതിരില്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്‌തു. ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട്‌ പിന്നീട്‌ അല്ലാഹു ആയത്ത്‌ അവതരിപ്പിക്കുകയുണ്ടായി (2:217). ഇതില്‍ വിശ്വാസികളുടെ ഭാഗത്ത്‌ വന്ന വീഴ്‌ച ചൂണ്ടിക്കാണിച്ചുകൊണ്ട്‌ തന്നെ സത്യനിഷേധികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ഇതും ബദ്‌റിന്റെ കാരണങ്ങളില്‍ ഒന്നുതന്നെയാണെങ്കിലും ശത്രുക്കള്‍, ഇതില്ലെങ്കിലും ഒരു യുദ്ധത്തിനുള്ള എല്ലാ കോപ്പും കൂട്ടിക്കഴിഞ്ഞിരുന്നു.

ഖുറൈശികള്‍ അബൂസ്വുഫ്‌യാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്‌ അയച്ചിരുന്ന ഒരു വമ്പിച്ച കച്ചവടസംഘം വന്‍ ലാഭംനേടി മദീന വഴി തിരിച്ചുവരികയായിരുന്നു. മടക്കവഴിയില്‍ മുസ്‌ലിംകള്‍ കടന്നാക്രമിക്കുമോ എന്ന ഭയം അബൂസ്വുഫ്യാനുണ്ടായി. ഇങ്ങനെ ചിന്തിക്കുന്നതിന്‌ ന്യായമുണ്ടായിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍ വിട്ടേച്ചുപോന്ന സ്വത്തെല്ലാം ശേഖരിച്ചാണ്‌ കച്ചവടത്തിന്‌ മുതലിറക്കിയത്‌. ഇതിന്റെ ലാഭമെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ ഉപയോഗപ്പെടുത്താനാണ്‌ അവരുടെ പദ്ധതിയും. ഇതറിയാവുന്ന മുസ്‌ലിംകളില്‍ നിന്ന്‌ ഒരാക്രമണം അബൂസുഫ്യാന്‍ പ്രതീക്ഷിക്കുക സ്വാഭാവികമാണ്‌. അബൂസുഫ്യാന്‍ പെട്ടെന്ന്‌ മക്കയില്‍ വിവരമറിയിച്ച്‌ സൈന്യസജ്ജീകരണം നടത്തി. മുഹമ്മദും കൂട്ടരും തങ്ങളുടെ സ്വത്തുക്കള്‍ കയ്യടക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന അബൂസുഫ്യാന്റെ അറിയിപ്പ്‌ മക്കക്കാരെ പ്രകോപിതരാക്കി. അങ്ങനെ അബൂജഹലിന്റെ നേതൃത്വത്തില്‍ ഒരു വന്‍സൈന്യം മദീനയിലേക്ക്‌ പുറപ്പെട്ടു. ഇതില്‍ ഏതിനെയാണ്‌ മുസ്‌ലിംകള്‍ നേരിടേണ്ടത്‌? കൂടുതല്‍ ആശ്വാസവും സൗകര്യവും സിറിയയില്‍ നിന്ന്‌ വരുന്ന കച്ചവടസംഘത്തെ നേരിടലാണ്‌. അതാണ്‌ ലാഭകരവും. ശത്രുക്കളുടെ സാമ്പത്തികശക്തിയുടെ മുതുകൊടിക്കാനും നല്ലത്‌ അതുതന്നെ. പ്രവാചകന്‍ അതിനു തീരുമാനമെടുത്തപ്പോള്‍ അല്ലാഹുവിന്റെ കല്‌പന മറ്റൊന്നായിരുന്നു. വിശുദ്ധ ഖുര്‍ആനിങ്ങനെ പറയുന്നു: “രണ്ട്‌ സംഘങ്ങളിലൊന്ന്‌ നിങ്ങള്‍ക്കധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ആയുധങ്ങളില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്റെ കല്‌പനകള്‍ മുഖേന സത്യം പുലര്‍ത്തി കാണിക്കാനും സത്യനിഷേധികളുടെ മുരടു മുറിച്ചുകളയാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്‌ടന്മാര്‍ക്ക്‌ അതെത്ര അനിഷ്‌ടകരമായിരുന്നാലും ശരി” (8:7,8). ഇങ്ങനെ രണ്ടു സൈന്യങ്ങളും തമ്മില്‍ റമദാന്‍ 17ന്‌ ബദ്‌റില്‍ വെച്ച്‌ ഏറ്റുമുട്ടി.

വിമര്‍ശകരുടെ ജല്‌പനങ്ങള്‍

പ്രവാചകന്‍ യുദ്ധക്കൊതിയനും കയ്യേറ്റക്കാരനും വാള്‍കൊണ്ട്‌ മതം പ്രചരിപ്പിച്ചവനുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും മതനിഷേധികളും ഒരുപോലെ ബദ്രര്‍യുദ്ധത്തെ കൂട്ടുപിടിക്കാറുണ്ട്‌. ഒരു കാരണവുമില്ലാതെ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ കൊള്ളയടിക്കുകയായിരുന്നു മുഹമ്മദ്‌ എന്നാണ്‌ അവരുടെ വിമര്‍ശം. അങ്ങനെ, ആയുധശക്തിയുപയോഗിച്ചും ബലംപ്രയോഗിച്ചുമാണ്‌ മുസ്‌ലിംകളുടെ എണ്ണം മുഹമ്മദ്‌ വര്‍ധിപ്പിച്ചത്‌. ഈ വാദങ്ങളത്രയും അടിസ്ഥാനരഹിതവും ചരിത്രവസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും ഇസ്‌ലാമിന്റെ പ്രമാണങ്ങളുമായി ഒത്തുപോകാത്തതുമാണെന്ന്‌ ഇസ്‌ലാമികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്‌. ബദ്രര്‍യുദ്ധത്തിലേക്ക്‌ മുസ്‌ലിംകളെ എത്തിച്ചത്‌ ഏത്‌ വിധത്തിലുള്ള സാഹചര്യമായിരുന്നുവെന്ന്‌ മേല്‍വിവരിച്ചതില്‍ നിന്ന്‌ വ്യക്തമാണ്‌. മാത്രമല്ല, താരതമ്യേന പ്രയാസം കുറഞ്ഞ കച്ചവടസംഘത്തെ നേരിടുകയെന്ന മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഒരു യുദ്ധത്തിനുള്ള പരിപൂര്‍ണ തയ്യാറെടുപ്പിലായിരുന്നില്ലയെന്ന്‌ വ്യക്തം. ഏതുസമയത്തും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരു കടന്നാക്രമണം സംഭവിക്കാവുന്ന സാഹചര്യം അവിടെ നിലനിന്നിരുന്നതുകൊണ്ട്‌ വിശ്വാസികള്‍ സദാ ജാഗരൂകരായിരുന്നുവെന്ന്‌ മാത്രം. മദീനയില്‍ എത്തിയ പ്രവാചകന്‍ ഒരു രാത്രി ഉറങ്ങുക പോലും ചെയ്യാതെ ജാഗ്രത പുലര്‍ത്തിയതായി പത്‌നി ആഇശ(റ) പറയുന്നു. തുടര്‍ന്ന്‌ പ്രവാചകശിഷ്യന്‍ സഅദ്‌ബിന്‍ അബീവഖാസ്‌ അവിടുത്തേക്ക്‌ പാറാവുനില്‍ക്കുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ സംഭവിച്ചത്‌, സത്യവും അസത്യവും തമ്മിലുള്ള ഒരു സംഘട്ടനത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുകയും അത്‌ സത്യത്തിന്റെ പക്ഷക്കാരായ മുസ്‌ലിംകളെന്ന ന്യൂനപക്ഷത്തിന്റെ നിര്‍ണായകയമായ വിജയത്തില്‍ കലാശിക്കുകയും ചെയ്‌തുവെന്ന്‌ മാത്രം.

ജിഹാദ്‌വിളിയും ബദ്‌രീങ്ങളും

തികച്ചും സമാധാനപരമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുസ്‌ലിംകളെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ബഹുദൈവാരാധകരുടെ ധാര്‍ഷ്‌ട്യത്തിന്റെ ഫലമായിരുന്നു ബദ്രര്‍യുദ്ധമെന്ന്‌ മനസ്സിലായി. എന്നാല്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ അനുകൂലമായ നിയമവ്യവസ്ഥയും ഭരണഘടനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിം സമൂഹത്തെ ശത്രുക്കളായി കണ്ട്‌ അവരോട്‌ യുദ്ധപ്രഖ്യാപനം നടത്തുന്നതിന്‌ ബദ്രര്‍യുദ്ധത്തെയും മറ്റു യുദ്ധങ്ങളെയും വ്യാഖ്യാനിച്ചൊപ്പിക്കുന്നത്‌ ശരിയായ നിലപാടല്ല. ഇസ്‌ലാമികാദര്‍ശവും സംസ്‌കാരവും എന്താണെന്ന്‌ ശരിയാംവിധം പഠിക്കാത്ത മുസ്‌ലിം ഭൂരിപക്ഷം തന്നെ നിലനില്‍ക്കുന്ന രാജ്യത്ത്‌ ഇസ്‌ലാമിന്റെ പേരില്‍ സംഘട്ടനവും സംഘര്‍ഷവും സൃഷ്‌ടിക്കുന്നത്‌ ഇസ്‌ലാമിന്‌ ഗുണകരമായിരിക്കില്ല. ശാന്തമായ സന്ദേശപ്രബോധനത്തിന്‌ ഇന്ത്യാരാജ്യത്ത്‌ ഇന്നും അനുവാദം നിഷേധിക്കപ്പെട്ടിട്ടില്ല. അമുസ്‌ലിംകള്‍ ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ അവര്‍ വധിക്കപ്പെടുക, മൂന്നാമതൊരു മാര്‍ഗം അവരുടെ മുന്നിലില്ല എന്ന നിലപാട്‌ ഇസ്‌ലാമിക സന്ദേശവുമായി പൊരുത്തപ്പെടുന്നില്ല. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിന്‌ പാടെ വിരുദ്ധവുമാണത്‌.

ബഹുമതസമൂഹത്തില്‍ കൊണ്ടുംകൊടുത്തും പരമാവധി അന്യോന്യം സഹകരിച്ചുപോകണമെന്ന സന്ദേശമാണ്‌ ബദ്രര്‍യുദ്ധം പോലും നല്‌കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബദ്രര്‍യുദ്ധത്തില്‍ ബന്ദികളായി ശത്രുപക്ഷത്തു നിന്ന്‌ പിടികൂടിയവരില്‍ മോചനദ്രവ്യം നല്‌കി മോചിപ്പിക്കാന്‍ ആളില്ലാത്തവരോട്‌ പ്രവാചകതിരുമേനി സ്വീകരിച്ച നിലപാട്‌ സാക്ഷരരായ തടവുകാര്‍ നിരക്ഷരരായ മുസ്‌ലിംകളില്‍ പത്തുപേരെ വീതം എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ, മുസ്‌ലിംകളെ സാക്ഷരരാക്കിക്കൊണ്ട്‌ അവര്‍ മോചനം നേടി. യുദ്ധത്തടവുകാരായിരുന്നിട്ടു പോലും അവരില്‍ നിന്ന്‌ സ്വീകരിക്കാവുന്ന നന്മ തന്റെ സമൂഹത്തിന്‌ നേടിക്കൊടുക്കുക എന്ന വിശാലമായ കാഴ്‌ചപ്പാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചത്‌. നന്മയുടെ കാര്യത്തില്‍ പരസ്‌പരം സഹകരിക്കുക എന്ന ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ പുലരുകയായിരുന്നു ഇവിടെ.

ബദ്‌റില്‍ രക്തസാക്ഷികളായവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീരചരമമാണ്‌ വരിച്ചത്‌. അല്ലാഹു മാത്രമാണ്‌ ആരാധ്യനെന്ന സര്‍വ പ്രധാനമായ ആദര്‍ശത്തിനു വേണ്ടിയായിരുന്നു ഈ സംഘട്ടനം. യുദ്ധമെന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഖിതാല്‍ പ്രയോഗിച്ചതിന്റെ കൂടെയെല്ലാം ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന്‌ ചേര്‍ത്തുപറയുന്നത്‌ ശരിയായ ആദര്‍ശത്തിനു വേണ്ടിയുള്ള സംഘട്ടനമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. ബദ്രര്‍ യുദ്ധം ഏകദൈവവിശ്വാസത്തിന്റെ സംരക്ഷണത്തിന്‌ വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ബദ്രര്‍യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രവാചകതിരുമേനി അല്ലാഹുവോട്‌ നടത്തിയ പ്രാര്‍ഥന ഇത്‌ വ്യക്തമാക്കുന്നുണ്ട്‌: “അല്ലാഹുവേ, ഈ കൊച്ചുസംഘം ഈ യുദ്ധത്തില്‍ പരാജയമടയുകയാണെങ്കില്‍ നിന്നെ മാത്രം ആരാധിക്കുന്ന വിഭാഗം ഭൂമിയില്‍ അവശേഷിക്കില്ല. അതിനാല്‍ സത്യത്തിന്റെ കക്ഷിയായ ഞങ്ങളെ നീ വിജയിപ്പിക്കേണമേ.”

എന്നാല്‍, ഈ ബദ്‌രീങ്ങളോട്‌ പ്രാര്‍ഥിക്കുകയും അവരുടെ ആണ്ട്‌ കഴിക്കുകയും ചെയ്‌തുകൊണ്ട്‌ ബദ്‌രീങ്ങളോടും അല്ലാഹുവിനോടും ഒരുമിച്ച്‌ നന്ദികേട്‌ കാണിക്കുകയാണ്‌ മുസ്ലിം സമൂഹത്തില്‍ ഒരുവിഭാഗം ചെയ്യുന്നത്‌. റമദാന്‍ 17ന്‌ വിഭവസമൃദ്ധമായ സദ്യയൊരുക്കി ബദ്‌രീങ്ങളുടെ ആണ്ട്‌ കൊഴുപ്പിക്കുന്നു! അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുക എന്ന ആദര്‍ശത്തിനു വേണ്ടി പടപൊരുതി മരിച്ച ബദ്രര്‍ ശുഹദാക്കളോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ ഇവര്‍ ഇസ്ലാമികാദര്‍ശത്തില്‍ നിന്ന്‌ തന്നെ പുറത്തുപോകുന്നു. ബദ്‌രീങ്ങളെ അനുസ്‌മരിക്കുമ്പോള്‍ ആദര്‍ശകാര്യത്തില്‍ തരിമ്പും വിട്ടുവീഴ്‌ച കാണിക്കാത്ത ബദ്‌രീങ്ങളുടെ ധീരമായ നിലപാടും പ്രബോധിതസമൂഹത്തോടുള്ള വിശാലമനസ്‌കതയും ഒരുമിച്ച്‌ ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശ്രമിക്കേണ്ടത്‌.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.