Monday, September 07, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

യുദ്ധം: നിലപാടുകള്‍

യുദ്ധത്തെപ്പറ്റി വായിക്കുകയോ കേള്‍ക്കുകയോ മാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യുകയോ ചെയ്യാത്ത ദിവസങ്ങളില്ല. യുദ്ധം കൊതിക്കുകയും വിതക്കുകയും അതിലൂടെ വിളവെടുക്കുകയും അതോടൊപ്പം അതിന്നിരയായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന വൈചിത്ര്യവും വൈരുധ്യവും നിറഞ്ഞ ലോകത്താണ്‌ നാം. കരയുദ്ധവും കടല്‍യുദ്ധവും ന്യൂക്ലിയര്‍ യുദ്ധവുമായി യുദ്ധമുറകളുടെ നീണ്ട പരമ്പരകള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. ലോകമഹായുദ്ധങ്ങള്‍, നാഗസാക്കി, ഹിരോഷിമ തുടങ്ങി ഇറാന്‍, ഇറാഖ്‌, അഫ്‌ഗാന്‍, കാര്‍ഗില്‍ അങ്ങനെ നിത്യവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന യുദ്ധസംഭവങ്ങള്‍... അടങ്ങാത്ത യുദ്ധക്കൊതിയുടെ പ്രതീകങ്ങളായി അറിയപ്പെടുന്ന ഭരണാധിപന്മാര്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും നിറഞ്ഞുനില്‍ക്കുന്നു. ആറ്റംബോംബുകളും ന്യൂക്ലിയര്‍ ബോംബുകളും തുടങ്ങി രാസായുധങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന യുദ്ധചര്‍ച്ചകള്‍. ഇതോടൊപ്പം യുദ്ധമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കുന്നവരെന്ന പേരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ഇവര്‍ ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്യുന്നു. എല്ലാംകൊണ്ടും ലോകമൊന്നാകെ ഒരു യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നു.

മനുഷ്യചരിത്രത്തിലുടനീളം യുദ്ധസംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. രാഷ്‌ട്രങ്ങളുടെയും മതങ്ങളുടെയും വര്‍ഗങ്ങളുടെയും പേരിലെല്ലാം യുദ്ധങ്ങള്‍ കാണാം. മഹാഭാരതവും ഹൈന്ദവപുരാണങ്ങളും യുദ്ധക്കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌. ക്രൈസ്‌തവ വേദഗ്രന്ഥങ്ങളില്‍ ``സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നു'' (മത്തായി 5:9) എന്ന്‌ പ്രസ്‌താവിക്കുമ്പോള്‍ തന്നെ യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്നു: ``ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്താന്‍ വന്നു എന്ന്‌ നിരൂപിക്കരുത്‌. സമാധാനം അല്ല, വാള്‍ വരുത്തുവാനത്രെ ഞാന്‍ വന്നത്‌'' (മത്തായി 10:34). മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന ഇങ്ങനെയാണ്‌: ``മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അവ്വണ്ണം തന്നെ പൊക്കമുള്ളവനും. ഇല്ലാത്തവനോ തന്റെ വസ്‌ത്രം വിറ്റ്‌ വാള്‍കൊള്ളട്ടെ'' (ലൂക്കോസ്‌ 22:38). ഇന്ന്‌ ലോകത്താകെ സമാധാനസന്ദേശവും സമാധാനസേനയും ഒന്നിച്ചലയുന്ന ക്രൈസ്‌തവ മത-രാഷ്‌ട്രത്തിന്റെ യുദ്ധസമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.

ഇസ്‌ലാമിക സമീപനം

ഇസ്‌ലാം അടിസ്ഥാനപരമായിത്തന്നെ സമാധാനസന്ദേശമാണ്‌. ഇസ്‌ലാം എന്ന നാമകരണത്തില്‍ തുടങ്ങി അതിന്റെ ആദര്‍ശവും ആരാധനകളും അനുഷ്‌ഠാനങ്ങളും സാമൂഹിക ഇടപാടുകളും പെരുമാറ്റനിയമങ്ങളുമെല്ലാം സമാധാനത്തില്‍ ഊന്നിയുള്ളതാണ്‌. സമാധാനഭംഗവും സ്‌പര്‍ധയും അതൊരിക്കലും ഇഷ്‌ടപ്പെടുന്നില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഏതറ്റംവരെയും ഇസ്‌ലാം പോകാന്‍ തയ്യാറാണ്‌. ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തില്‍ മുസ്‌ലിമല്ലാത്ത അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്റെ വീട്ടില്‍ വെച്ച്‌ നടന്ന സമാധാന സന്ധി പോലുള്ള ഒന്നിന്‌ ഇന്ന്‌ ആര്‌ മുന്നോട്ടുവന്നാലും അവിടെ ഒന്നാമതായി എത്തുന്നത്‌ താനായിരിക്കുമെന്ന തിരുദൂതരുടെ പ്രസ്‌താവന ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത-ജാതി-ഭാഷാ വ്യത്യാസമില്ലാതെ സമാധാനത്തിന്നായി ഒത്തുചേരുന്ന ആരുമായും സന്ധിയാവാമെന്നാണ്‌ ഈ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നത്‌.

എന്നാല്‍, സാഹചര്യവും സന്ദര്‍ഭവും ഒരു യുദ്ധം അനിവാര്യമാക്കുന്ന ഘട്ടത്തില്‍ ഇസ്‌ലാം യുദ്ധത്തെ അംഗീകരിക്കുന്നു. അതിജീവിക്കാനും നിലനില്‍ക്കാനും ആഗ്രഹിക്കുന്ന ഏതൊരാദര്‍ശത്തിനും ഇത്‌ സമ്മതിച്ചേ മതിയാകൂ. മനുഷ്യരാശിയുടെ ഇഹപര വിജയത്തിന്‌ നിദാനമായ ദൈവികസന്ദേശം ന്യായമായ രീതിയില്‍ അവര്‍ക്കെത്തിച്ചുകൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും നിഷ്‌കാസനം ചെയ്യാനും ആയുധമേന്തുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. അനിവാര്യവും അനുപേക്ഷ്യവുമായ പ്രതിരോധമുറകളെല്ലാം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‌കുന്നുണ്ട്‌. ഇതൊരു യുദ്ധംവരെയും എത്തിനില്‍ക്കുന്നു.

യുദ്ധ കാരണങ്ങള്‍

മദീനയില്‍ നിന്ന്‌ ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ്‌ ബദ്രര്‍. ഇവിടെവെച്ച്‌ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഹിജ്‌റാബ്‌ദം രണ്ടാം വര്‍ഷം നടന്ന സായുധയുദ്ധമാണ്‌ ബദ്രര്‍യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്‌. സമാധാനപരമായി മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുഹമ്മദ്‌ നബി(സ)യെ ശത്രുക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‌പനയനുസരിച്ച്‌ അദ്ദേഹവും അനുയായികളും മദീനയിലേക്ക്‌ നാടുവിടുകയായിരുന്നു. സുരക്ഷിത മേഖലയെന്ന നിലക്ക്‌ മദീനയില്‍ കഴിയുന്ന പ്രവാചകനെയും ശിഷ്യന്മാരെയും വെറുതെവിടാന്‍ ശത്രുക്കള്‍ തയ്യാറില്ലായിരുന്നു. ഖുറൈശികളുടെ മുഖ്യ ഉപജീവനമാര്‍ഗമായ കച്ചവട യാത്ര നയിച്ചിരുന്നത്‌ സിറിയയിലേക്കും ഫലസ്‌തീനിലേക്കുമായിരുന്നു. ഈ യാത്രാസംഘങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ്‌ മദീന സ്ഥിതിചെയ്യുന്നത്‌. ഇവിടെ മുസ്‌ലിംകള്‍ സമാധാനത്തോടെ കഴിയുന്നതും അല്‌പാല്‌പമായി ശക്തിപ്രാപിക്കുന്നതും തങ്ങള്‍ക്കു ഭീഷണിയായിരിക്കുമെന്ന്‌ ഖുറൈശികള്‍ കരുതി. അതിനാല്‍ എങ്ങനെയും പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയെന്നത്‌ ഖുറൈശികളുടെ ഉറച്ച തീരുമാനമായി മാറി. ഇതിന്നായി ഖുറൈശികള്‍ കണ്ട മാര്‍ഗം മദീനയിലെ മുഖ്യ ഗോത്രങ്ങളായ ഔസ്‌-ഖസ്‌റജ്‌ എന്നിവയുടെ പൊതുനേതാവായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂലിനെ വരുതിയില്‍ വരുത്തി പ്രവാചകനെതിരില്‍ പോരാടുകയാണ്‌. അതിന്നായി അവര്‍ അദ്ദേഹത്തിന്‌ ഇങ്ങനെ എഴുതി: ``ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന്‌ ബഹിഷ്‌കരിക്കാത്ത പക്ഷം ഒരു വന്‍സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്‌. നിങ്ങളുടെ സ്‌ത്രീകളെ ഞങ്ങള്‍ ബന്ദികളായി പിടിക്കുന്നതുമാണ്‌'' (അബൂദാവൂദ്‌).

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ പ്രവാചകനുമായി യുദ്ധത്തിനൊരുങ്ങി. പ്രവാചകന്റെ മദീന ആഗമനത്തോടെ നേതൃത്വം നഷ്‌ടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‌ ഇതൊരു അവസരമായി. എന്നാല്‍, ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഖുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ്‌ അത്‌. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിനൊരുങ്ങുന്നത്‌?'' ഇത്‌ കേട്ടതോടെ അവര്‍ തല്‍ക്കാലം യുദ്ധസഹകരണത്തില്‍ നിന്ന്‌ വിരമിച്ചു (അബൂദാവൂദ്‌). എന്നാല്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കണ്ട്‌ ഒഴിവായ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന്‌ ഈ ആശയം ഒഴിവായിരുന്നില്ല.

ഇതിനു പുറമെ ഒരു യുദ്ധാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. മക്കയിലെ ബഹുദൈവാരാധകര്‍ മദീനയിലെ മുസ്‌ലിംകളെ എന്നും ശത്രുക്കളായി കാണുകയും യുദ്ധത്തിലൂടെ തുരത്തേണ്ട ശക്തിയായി കാണുകയും ചെയ്‌തിരുന്നു. ഇത്‌ തെളിയിക്കുന്ന ഒരു സംഭവം നോക്കുക: സഅദുബ്‌നു മുആദ്‌ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയില്‍ ഉബയ്യിബ്‌നു ഖലഫിന്റെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനായി കഅ്‌ബയുടെ സമീപത്തേക്ക്‌ നീങ്ങുമ്പോള്‍ വഴിയില്‍ അബൂജഹലിനെ കണ്ടുമുട്ടി. ഇതു കണ്ട അബൂജഹല്‍ അട്ടഹസിച്ചു. നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു അല്ലേ? അല്ലാഹുവാണേ, അബൂസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീയെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക്‌ മടങ്ങുമായിരുന്നില്ല. ഇതിനു സഅദ്‌ ഇങ്ങനെ ഉച്ചത്തില്‍ പ്രതികരിച്ചു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും (ബുഖാരി). സഅദിന്റെ ഈ പ്രസ്‌താവന മുസ്‌ലിംകളുടെ മുമ്പിലുള്ള പോംവഴി എന്താണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. യുദ്ധഭീഷണി മുഴക്കുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല തന്ത്രമായി അവരുടെ കച്ചവടയാത്രയുടെ വഴിമുടക്കുകയെന്നത്‌ ഒരു മാര്‍ഗമായിരുന്നു. ഈ യുദ്ധതന്ത്രം തന്നെയാണ്‌ മുസ്‌ലിംകള്‍ പിന്നീട്‌ പയറ്റുന്നത്‌. മാത്രമല്ല, ഇത്രയും കാലം മുസ്‌ലിംകള്‍ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചിട്ടില്ലായെന്നും സഅദിന്റെ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നുണ്ട്‌. ഒരു യുദ്ധശത്രുവായി മുസ്‌ലിംകളെ കണ്ടപ്പോള്‍ മാത്രമാണ്‌ മുസ്‌ലിംകളും അതേവഴിക്ക്‌ തന്നെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ അബൂജഹല്‍ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു ബദ്‌ര്‍ യുദ്ധത്തിന്റെ കാരണങ്ങളിലൊന്ന്‌.

ശത്രുവിഭാഗത്തിന്റെ നീക്കങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും ശത്രുവിന്റെ മനസ്സില്‍ ഭയം നിക്ഷേപിക്കാനുമായി റസൂല്‍(സ) ഇതിനിടയില്‍ ചെറു സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. ഇത്‌ ശത്രുവിഭാഗത്തിനിടയില്‍ ഭയവും ആശങ്കയും ജനിപ്പിക്കുകയുണ്ടായി. മുസ്‌ലിംകള്‍ തങ്ങളെ നേരിടാന്‍ സജ്ജരാണെന്ന ധാരണ അവര്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി. ഇതിനിടയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റജബ്‌ മാസത്തില്‍ അബ്‌ദുല്ലാഹിബ്‌നു ജഹശിന്റെ നേതൃത്വത്തില്‍ നഖ്‌ലയിലേക്ക്‌ നടത്തിയ ഒരു സൈനികനീക്കം ഒരു സംഘട്ടനത്തില്‍ കലാശിക്കുകയും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരാള്‍ വധിക്കപ്പെടാനും ചിലരെ ബന്ദികളാക്കാനും ഇടയാവുകയും ചെയ്‌തു. ഇവരുടെ പക്കല്‍ നിന്ന്‌ ഏതാനും ഒട്ടകങ്ങളെ മദീനയിലേക്ക്‌ തെളിച്ചുകൊണ്ടുവരികയും ചെയ്‌തു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടന്ന ഈ സംഭവത്തില്‍ റസൂല്‍(സ) വിയോജിപ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍, ബഹുദൈവാരാധകരായ ശത്രുക്കള്‍ ഇത്‌ നന്നായി മുതലെടുക്കുകയും മുസ്‌ലിംകള്‍ക്കെതിരില്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്‌തു. ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട്‌ പിന്നീട്‌ അല്ലാഹു ആയത്ത്‌ അവതരിപ്പിക്കുകയുണ്ടായി (2:217). ഇതില്‍ വിശ്വാസികളുടെ ഭാഗത്ത്‌ വന്ന വീഴ്‌ച ചൂണ്ടിക്കാണിച്ചുകൊണ്ട്‌ തന്നെ സത്യനിഷേധികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ഇതും ബദ്‌റിന്റെ കാരണങ്ങളില്‍ ഒന്നുതന്നെയാണെങ്കിലും ശത്രുക്കള്‍, ഇതില്ലെങ്കിലും ഒരു യുദ്ധത്തിനുള്ള എല്ലാ കോപ്പും കൂട്ടിക്കഴിഞ്ഞിരുന്നു.

ഖുറൈശികള്‍ അബൂസ്വുഫ്‌യാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്‌ അയച്ചിരുന്ന ഒരു വമ്പിച്ച കച്ചവടസംഘം വന്‍ ലാഭംനേടി മദീന വഴി തിരിച്ചുവരികയായിരുന്നു. മടക്കവഴിയില്‍ മുസ്‌ലിംകള്‍ കടന്നാക്രമിക്കുമോ എന്ന ഭയം അബൂസ്വുഫ്യാനുണ്ടായി. ഇങ്ങനെ ചിന്തിക്കുന്നതിന്‌ ന്യായമുണ്ടായിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍ വിട്ടേച്ചുപോന്ന സ്വത്തെല്ലാം ശേഖരിച്ചാണ്‌ കച്ചവടത്തിന്‌ മുതലിറക്കിയത്‌. ഇതിന്റെ ലാഭമെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ ഉപയോഗപ്പെടുത്താനാണ്‌ അവരുടെ പദ്ധതിയും. ഇതറിയാവുന്ന മുസ്‌ലിംകളില്‍ നിന്ന്‌ ഒരാക്രമണം അബൂസുഫ്യാന്‍ പ്രതീക്ഷിക്കുക സ്വാഭാവികമാണ്‌. അബൂസുഫ്യാന്‍ പെട്ടെന്ന്‌ മക്കയില്‍ വിവരമറിയിച്ച്‌ സൈന്യസജ്ജീകരണം നടത്തി. മുഹമ്മദും കൂട്ടരും തങ്ങളുടെ സ്വത്തുക്കള്‍ കയ്യടക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന അബൂസുഫ്യാന്റെ അറിയിപ്പ്‌ മക്കക്കാരെ പ്രകോപിതരാക്കി. അങ്ങനെ അബൂജഹലിന്റെ നേതൃത്വത്തില്‍ ഒരു വന്‍സൈന്യം മദീനയിലേക്ക്‌ പുറപ്പെട്ടു. ഇതില്‍ ഏതിനെയാണ്‌ മുസ്‌ലിംകള്‍ നേരിടേണ്ടത്‌? കൂടുതല്‍ ആശ്വാസവും സൗകര്യവും സിറിയയില്‍ നിന്ന്‌ വരുന്ന കച്ചവടസംഘത്തെ നേരിടലാണ്‌. അതാണ്‌ ലാഭകരവും. ശത്രുക്കളുടെ സാമ്പത്തികശക്തിയുടെ മുതുകൊടിക്കാനും നല്ലത്‌ അതുതന്നെ. പ്രവാചകന്‍ അതിനു തീരുമാനമെടുത്തപ്പോള്‍ അല്ലാഹുവിന്റെ കല്‌പന മറ്റൊന്നായിരുന്നു. വിശുദ്ധ ഖുര്‍ആനിങ്ങനെ പറയുന്നു: “രണ്ട്‌ സംഘങ്ങളിലൊന്ന്‌ നിങ്ങള്‍ക്കധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ആയുധങ്ങളില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്റെ കല്‌പനകള്‍ മുഖേന സത്യം പുലര്‍ത്തി കാണിക്കാനും സത്യനിഷേധികളുടെ മുരടു മുറിച്ചുകളയാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്‌ടന്മാര്‍ക്ക്‌ അതെത്ര അനിഷ്‌ടകരമായിരുന്നാലും ശരി” (8:7,8). ഇങ്ങനെ രണ്ടു സൈന്യങ്ങളും തമ്മില്‍ റമദാന്‍ 17ന്‌ ബദ്‌റില്‍ വെച്ച്‌ ഏറ്റുമുട്ടി.

വിമര്‍ശകരുടെ ജല്‌പനങ്ങള്‍

പ്രവാചകന്‍ യുദ്ധക്കൊതിയനും കയ്യേറ്റക്കാരനും വാള്‍കൊണ്ട്‌ മതം പ്രചരിപ്പിച്ചവനുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും മതനിഷേധികളും ഒരുപോലെ ബദ്രര്‍യുദ്ധത്തെ കൂട്ടുപിടിക്കാറുണ്ട്‌. ഒരു കാരണവുമില്ലാതെ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ കൊള്ളയടിക്കുകയായിരുന്നു മുഹമ്മദ്‌ എന്നാണ്‌ അവരുടെ വിമര്‍ശം. അങ്ങനെ, ആയുധശക്തിയുപയോഗിച്ചും ബലംപ്രയോഗിച്ചുമാണ്‌ മുസ്‌ലിംകളുടെ എണ്ണം മുഹമ്മദ്‌ വര്‍ധിപ്പിച്ചത്‌. ഈ വാദങ്ങളത്രയും അടിസ്ഥാനരഹിതവും ചരിത്രവസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും ഇസ്‌ലാമിന്റെ പ്രമാണങ്ങളുമായി ഒത്തുപോകാത്തതുമാണെന്ന്‌ ഇസ്‌ലാമികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്‌. ബദ്രര്‍യുദ്ധത്തിലേക്ക്‌ മുസ്‌ലിംകളെ എത്തിച്ചത്‌ ഏത്‌ വിധത്തിലുള്ള സാഹചര്യമായിരുന്നുവെന്ന്‌ മേല്‍വിവരിച്ചതില്‍ നിന്ന്‌ വ്യക്തമാണ്‌. മാത്രമല്ല, താരതമ്യേന പ്രയാസം കുറഞ്ഞ കച്ചവടസംഘത്തെ നേരിടുകയെന്ന മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഒരു യുദ്ധത്തിനുള്ള പരിപൂര്‍ണ തയ്യാറെടുപ്പിലായിരുന്നില്ലയെന്ന്‌ വ്യക്തം. ഏതുസമയത്തും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരു കടന്നാക്രമണം സംഭവിക്കാവുന്ന സാഹചര്യം അവിടെ നിലനിന്നിരുന്നതുകൊണ്ട്‌ വിശ്വാസികള്‍ സദാ ജാഗരൂകരായിരുന്നുവെന്ന്‌ മാത്രം. മദീനയില്‍ എത്തിയ പ്രവാചകന്‍ ഒരു രാത്രി ഉറങ്ങുക പോലും ചെയ്യാതെ ജാഗ്രത പുലര്‍ത്തിയതായി പത്‌നി ആഇശ(റ) പറയുന്നു. തുടര്‍ന്ന്‌ പ്രവാചകശിഷ്യന്‍ സഅദ്‌ബിന്‍ അബീവഖാസ്‌ അവിടുത്തേക്ക്‌ പാറാവുനില്‍ക്കുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ സംഭവിച്ചത്‌, സത്യവും അസത്യവും തമ്മിലുള്ള ഒരു സംഘട്ടനത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുകയും അത്‌ സത്യത്തിന്റെ പക്ഷക്കാരായ മുസ്‌ലിംകളെന്ന ന്യൂനപക്ഷത്തിന്റെ നിര്‍ണായകയമായ വിജയത്തില്‍ കലാശിക്കുകയും ചെയ്‌തുവെന്ന്‌ മാത്രം.

ജിഹാദ്‌വിളിയും ബദ്‌രീങ്ങളും

തികച്ചും സമാധാനപരമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുസ്‌ലിംകളെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ബഹുദൈവാരാധകരുടെ ധാര്‍ഷ്‌ട്യത്തിന്റെ ഫലമായിരുന്നു ബദ്രര്‍യുദ്ധമെന്ന്‌ മനസ്സിലായി. എന്നാല്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ അനുകൂലമായ നിയമവ്യവസ്ഥയും ഭരണഘടനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിം സമൂഹത്തെ ശത്രുക്കളായി കണ്ട്‌ അവരോട്‌ യുദ്ധപ്രഖ്യാപനം നടത്തുന്നതിന്‌ ബദ്രര്‍യുദ്ധത്തെയും മറ്റു യുദ്ധങ്ങളെയും വ്യാഖ്യാനിച്ചൊപ്പിക്കുന്നത്‌ ശരിയായ നിലപാടല്ല. ഇസ്‌ലാമികാദര്‍ശവും സംസ്‌കാരവും എന്താണെന്ന്‌ ശരിയാംവിധം പഠിക്കാത്ത മുസ്‌ലിം ഭൂരിപക്ഷം തന്നെ നിലനില്‍ക്കുന്ന രാജ്യത്ത്‌ ഇസ്‌ലാമിന്റെ പേരില്‍ സംഘട്ടനവും സംഘര്‍ഷവും സൃഷ്‌ടിക്കുന്നത്‌ ഇസ്‌ലാമിന്‌ ഗുണകരമായിരിക്കില്ല. ശാന്തമായ സന്ദേശപ്രബോധനത്തിന്‌ ഇന്ത്യാരാജ്യത്ത്‌ ഇന്നും അനുവാദം നിഷേധിക്കപ്പെട്ടിട്ടില്ല. അമുസ്‌ലിംകള്‍ ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ അവര്‍ വധിക്കപ്പെടുക, മൂന്നാമതൊരു മാര്‍ഗം അവരുടെ മുന്നിലില്ല എന്ന നിലപാട്‌ ഇസ്‌ലാമിക സന്ദേശവുമായി പൊരുത്തപ്പെടുന്നില്ല. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിന്‌ പാടെ വിരുദ്ധവുമാണത്‌.

ബഹുമതസമൂഹത്തില്‍ കൊണ്ടുംകൊടുത്തും പരമാവധി അന്യോന്യം സഹകരിച്ചുപോകണമെന്ന സന്ദേശമാണ്‌ ബദ്രര്‍യുദ്ധം പോലും നല്‌കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബദ്രര്‍യുദ്ധത്തില്‍ ബന്ദികളായി ശത്രുപക്ഷത്തു നിന്ന്‌ പിടികൂടിയവരില്‍ മോചനദ്രവ്യം നല്‌കി മോചിപ്പിക്കാന്‍ ആളില്ലാത്തവരോട്‌ പ്രവാചകതിരുമേനി സ്വീകരിച്ച നിലപാട്‌ സാക്ഷരരായ തടവുകാര്‍ നിരക്ഷരരായ മുസ്‌ലിംകളില്‍ പത്തുപേരെ വീതം എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ, മുസ്‌ലിംകളെ സാക്ഷരരാക്കിക്കൊണ്ട്‌ അവര്‍ മോചനം നേടി. യുദ്ധത്തടവുകാരായിരുന്നിട്ടു പോലും അവരില്‍ നിന്ന്‌ സ്വീകരിക്കാവുന്ന നന്മ തന്റെ സമൂഹത്തിന്‌ നേടിക്കൊടുക്കുക എന്ന വിശാലമായ കാഴ്‌ചപ്പാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചത്‌. നന്മയുടെ കാര്യത്തില്‍ പരസ്‌പരം സഹകരിക്കുക എന്ന ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ പുലരുകയായിരുന്നു ഇവിടെ.

ബദ്‌റില്‍ രക്തസാക്ഷികളായവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീരചരമമാണ്‌ വരിച്ചത്‌. അല്ലാഹു മാത്രമാണ്‌ ആരാധ്യനെന്ന സര്‍വ പ്രധാനമായ ആദര്‍ശത്തിനു വേണ്ടിയായിരുന്നു ഈ സംഘട്ടനം. യുദ്ധമെന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഖിതാല്‍ പ്രയോഗിച്ചതിന്റെ കൂടെയെല്ലാം ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന്‌ ചേര്‍ത്തുപറയുന്നത്‌ ശരിയായ ആദര്‍ശത്തിനു വേണ്ടിയുള്ള സംഘട്ടനമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. ബദ്രര്‍ യുദ്ധം ഏകദൈവവിശ്വാസത്തിന്റെ സംരക്ഷണത്തിന്‌ വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ബദ്രര്‍യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രവാചകതിരുമേനി അല്ലാഹുവോട്‌ നടത്തിയ പ്രാര്‍ഥന ഇത്‌ വ്യക്തമാക്കുന്നുണ്ട്‌: “അല്ലാഹുവേ, ഈ കൊച്ചുസംഘം ഈ യുദ്ധത്തില്‍ പരാജയമടയുകയാണെങ്കില്‍ നിന്നെ മാത്രം ആരാധിക്കുന്ന വിഭാഗം ഭൂമിയില്‍ അവശേഷിക്കില്ല. അതിനാല്‍ സത്യത്തിന്റെ കക്ഷിയായ ഞങ്ങളെ നീ വിജയിപ്പിക്കേണമേ.”

എന്നാല്‍, ഈ ബദ്‌രീങ്ങളോട്‌ പ്രാര്‍ഥിക്കുകയും അവരുടെ ആണ്ട്‌ കഴിക്കുകയും ചെയ്‌തുകൊണ്ട്‌ ബദ്‌രീങ്ങളോടും അല്ലാഹുവിനോടും ഒരുമിച്ച്‌ നന്ദികേട്‌ കാണിക്കുകയാണ്‌ മുസ്ലിം സമൂഹത്തില്‍ ഒരുവിഭാഗം ചെയ്യുന്നത്‌. റമദാന്‍ 17ന്‌ വിഭവസമൃദ്ധമായ സദ്യയൊരുക്കി ബദ്‌രീങ്ങളുടെ ആണ്ട്‌ കൊഴുപ്പിക്കുന്നു! അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുക എന്ന ആദര്‍ശത്തിനു വേണ്ടി പടപൊരുതി മരിച്ച ബദ്രര്‍ ശുഹദാക്കളോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ ഇവര്‍ ഇസ്ലാമികാദര്‍ശത്തില്‍ നിന്ന്‌ തന്നെ പുറത്തുപോകുന്നു. ബദ്‌രീങ്ങളെ അനുസ്‌മരിക്കുമ്പോള്‍ ആദര്‍ശകാര്യത്തില്‍ തരിമ്പും വിട്ടുവീഴ്‌ച കാണിക്കാത്ത ബദ്‌രീങ്ങളുടെ ധീരമായ നിലപാടും പ്രബോധിതസമൂഹത്തോടുള്ള വിശാലമനസ്‌കതയും ഒരുമിച്ച്‌ ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശ്രമിക്കേണ്ടത്‌.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.