Tuesday, March 03, 2009

ദയാവധം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍


കൊലചെയ്തും ദയ കാട്ടാം! -1

ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ നിയമപരിഷ്‌കാര കമ്മിറ്റി ദയാവധം നിയമവിധേയമാക്കണമെന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ദയാവധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ച വരുംനാളുകളില്‍ നമ്മുടെ നാട്ടില്‍ സജീവമാകും. കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാറിന്‌ സമര്‍പ്പിക്കാനുണ്ടായ പശ്ചാത്തലവും കാരണങ്ങളും വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനു മുമ്പ്‌ പൊതുസമൂഹത്തില്‍ ചര്‍ച്ചയും അതേതുടര്‍ന്ന്‌ അഭിപ്രായ രൂപവത്‌കരണവും നടക്കാന്‍ വേണ്ടിയാവും റിപ്പോര്‍ട്ട്‌ നല്‌കിയ വിവരം പരസ്യപ്പെടുത്തിയിട്ടുള്ളത്‌. ഒരു മതസമൂഹത്തിന്‌ ദയാവധത്തെ അപ്പടി അനുകൂലിക്കാന്‍ സാധിക്കുകയില്ല. മതനിരാസം ആദര്‍ശമായി സ്വീകരിച്ച മതനിരപേക്ഷ സമൂഹത്തിനു പോലും ദയാവധത്തെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. നമ്മുടേത്‌ പോലുള്ള മതനിഷ്‌പക്ഷ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു ബിന്ദുവിലേക്ക്‌ ഈ വിവാദത്തെ കൊണ്ടെത്തിക്കാനാവുകയില്ല.

ശിശുഹത്യ പാപമാണെന്ന്‌ മതസമൂഹം വിശ്വസിക്കുന്നു. ജീവന്‍ ദൈവത്തിന്റെ വരദാനമാണെന്നും അത്‌ നല്‌കാനും എടുക്കാനുമുള്ള പരമാധികാരം ദൈവത്തിന്നാണെന്നും മതവിശ്വാസികള്‍ വിശ്വസിക്കുന്നു. ശിശു ജനിക്കുന്നതിന്‌ മുമ്പ്‌ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിനെ കൊല്ലുന്നത്‌ കൊടിയ പാപമാണെന്ന്‌ മതവിശ്വാസികള്‍ മാത്രമല്ല, മതനിരപേക്ഷ ഭരണകൂടവും കരുതുന്നു. അതുകൊണ്ടാണല്ലോ ഭ്രൂണഹത്യ പാപവും കുറ്റവുമാണെന്ന്‌ സര്‍ക്കാര്‍ വിളംബരപ്പെടുത്തുന്നത്‌. ഭ്രൂണാവസ്ഥ മനുഷ്യാവസ്ഥയുടെ പ്രാരംഭഘട്ടമാണ്‌. മനുഷ്യാവസ്ഥയുടെ അങ്ങേയറ്റമാണ്‌ വാര്‍ധക്യം. മാരകരോഗങ്ങളും വാര്‍ധക്യവും ബാധിച്ചവര്‍ക്കാണ്‌ ദയാവധത്തിന്റെ ആവശ്യം ഉത്ഭവിക്കുന്നത്‌. മനുഷ്യാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ വധം പാടില്ലെങ്കില്‍ ജീവിതാവസ്ഥയുടെ പാരമ്യത്തിലും അത്‌ പാടില്ലാത്തതാവണം. ജീവിതത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വില നല്‌കുന്ന ഒരു സമൂഹത്തിന്‌ ദയാവധത്തെ അനുകൂലിക്കാനാവുമെന്ന്‌ തോന്നുന്നില്ല. വിശ്വാസത്തിന്റെയും സര്‍ക്കാര്‍ നിയമത്തിന്റെയും മാനുഷികതയുടെയും ഏത്‌ കോണിലൂടെ നോക്കിയാലും ഇങ്ങനെയൊരു നിലപാടിലെത്താനേ സാധിക്കൂ.

എന്താണ്‌ ദയാവധം? ഒരാളുടെ നന്മയ്‌ക്കു വേണ്ടി അയാളെ അയാളുടെ അറിവോടെ മരിക്കാന്‍ അനുവദിക്കുന്നതാണ്‌ ദയാവധം. അയാളുടെ നന്മ മാത്രം കണക്കിലെടുത്തുകൊണ്ടാണ്‌ ദയാവധത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. നാമെല്ലാം നല്ല ജീവിതമാണ്‌ ആഗ്രഹിക്കുന്നത്‌. നല്ല ജീവിതം നമ്മുടെ അവകാശമാണ്‌. നല്ല ജീവിതത്തിനെന്ന പോലെ നല്ല മരണത്തിനും ഏവര്‍ക്കും അവകാശമുണ്ട്‌. ഒരാള്‍ മരണം ചോദിച്ചുവാങ്ങുന്നു. അല്ലെങ്കില്‍ അത്തരമൊരു ചോദിച്ചുവാങ്ങലിന്‌ പോലും കഴിയാത്ത അവസ്ഥയിലെത്തിയ ഒരാള്‍ക്ക്‌ അയാളുടെ വേണ്ടപ്പെട്ടവര്‍ മരണം അറിഞ്ഞുകൊടുക്കലാണ്‌ ദയാവധം.

യഥാര്‍ഥത്തില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദൂരം എത്രയാണ്‌? ജീവിതം അതീവ ദുസ്സഹമാകുമ്പോള്‍ മരണം ചോദിച്ചുവാങ്ങാനുള്ള അവകാശം മനുഷ്യനുണ്ടോ? ഇതാണ്‌ ദയാവധം ഉയര്‍ത്തുന്ന മൗലികമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകാനിടയില്ല. കാരണം അവ ൈനതികവും ധാര്‍മികവുമായ തലങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഇവയാകട്ടെ, ജനങ്ങളുടെ മതവിശ്വാസവുമായും വിധിവിശ്വാസവുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇവയെ നിര്‍വചിക്കാനോ വ്യവച്ഛേദിക്കാനോ ഒരു പൊതുസമൂഹത്തിലെ പ്രശ്‌നങ്ങള്‍ അപഗ്രഥിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കാന്‍ നിയുക്തമായ കമ്മിറ്റിക്ക്‌ സാധിക്കുകയില്ല.

മാരകരോഗം ബാധിച്ച ആളുകളെ അവസാനശ്വാസം വരെ വേദന തിന്ന്‌ ജീവിക്കാന്‍ അനുവദിക്കണോ, അതോ അയാളുടെ അഭിപ്രായം മാനിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണോ എന്നതാണ്‌ മറ്റൊരു ചോദ്യം. ഈ ചോദ്യത്തിനും ലളിതമായ ഉത്തരം അസാധ്യമാണ്‌. ഇതില്‍ അടങ്ങിയിട്ടുള്ള നൈതികതയാണ്‌ മര്‍മസ്ഥാനത്ത്‌ വരുന്നത്‌. ദയാവധം ചര്‍ച്ചയ്‌ക്കിട്ട ഒരു മലയാള വാരികയില്‍ വന്ന മുഖപ്രസംഗത്തെ അവലംബിച്ച്‌ ഇത്‌ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഇങ്ങനെ വേര്‍തിരിക്കാം:

1. ചികിത്സാശാസ്‌ത്രം ഏറെ മുന്നോട്ടുപോയ ഇക്കാലത്ത്‌ ഏത്‌ മാരകരോഗത്തില്‍ നിന്നും മടങ്ങിവരവ്‌ അസാധ്യമല്ല. എന്നിരിക്കെ മാരകരോഗം ബാധിച്ച ഒരാള്‍ക്ക്‌ എന്തടിസ്ഥാനത്തില്‍ ദയാവധം നിര്‍ദേശിക്കും? അയാളെ ഇന്ന്‌ ലോകത്ത്‌ ലഭ്യമായ ചികിത്സ നല്‌കി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയല്ലേ ചെയ്യേണ്ടത്‌?

2. തനിക്ക്‌ ജീവിതമാണോ മരണമാണോ നല്ലതെന്ന തീരുമാനത്തിലെത്താന്‍ രോഗിക്ക്‌ മാത്രം സാധിക്കുമോ? മിക്കപ്പോഴും ഇത്തരം രോഗികള്‍ സാധാരണക്കാരും ജീവിതാവശ്യങ്ങള്‍ക്കു തന്നെ മറ്റുള്ളവരെ ആശ്രയിക്കുന്നവരാകുമ്പോള്‍ വിശേഷിച്ചും?

3. ദീര്‍ഘകാലം ശയ്യാവലംബിയായ, വേദനയുടെ നിമിഷങ്ങള്‍ മാത്രം ഓര്‍മയുള്ള അല്ലെങ്കില്‍ അബോധാവസ്ഥയുടെ നിമിഷങ്ങള്‍ ബന്ധുക്കള്‍ക്ക്‌ മാത്രം ഓര്‍മയുള്ള ഒരു രോഗി നല്‌കുന്ന ഉത്തരം നിരാശയില്‍ നിന്നും നിസ്സഹായതയില്‍ നിന്നും ഉണ്ടായതാവാനല്ലേ തരമുള്ളൂ? ആ ഉത്തരം മരണത്തെ സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്നതാകും എന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌?

4. അസഹ്യമായ ശാരീരികപീഡനമാണ്‌ പറയപ്പെടാവുന്ന മറ്റൊരു കാരണം. വേദനകളില്‍ നിന്ന്‌ മുക്തമാവാന്‍ ഇന്ന്‌ ഔഷധങ്ങള്‍ ലഭ്യമാണ്‌. വേദനയറിയാതെ രോഗിയെ ജീവിതത്തിനും മരണത്തിനുമിടയിലെ അകലം സൂക്ഷിക്കാന്‍ സഹായിക്കുന്ന സിദ്ധൗഷധങ്ങള്‍ ലഭ്യമാണെന്നിരിക്കെ എങ്ങനെയൊരാള്‍ക്ക്‌ ദയാവധം നിര്‍ദേശിക്കും?

ദയാവധത്തെ വോളന്ററിയായോ നോണ്‍ വോളന്ററിയായോ ഇന്‍വോളന്ററിയായോ എങ്ങനെയാണ്‌ ദയാവധ അനുകൂലികള്‍ നിര്‍വചിക്കുന്നത്‌? മൂന്നില്‍ ഏതായാലും എല്ലാ രോഗികള്‍ക്കും ഒരേപോലെ `കുറിച്ചുകൊടുക്കാ'വുന്ന ഒറ്റമൂലിയാണ്‌ ദയാവധമെന്ന്‌ എങ്ങനെ വിലയിരുത്താനാവും?

അടുത്തത്‌ ആത്മഹത്യയും ദയാവധവും തമ്മിലുള്ള വ്യത്യാസത്തിന്റേതാണ്‌. ഒരാള്‍ സ്വയം ജീവന്‍ ഒടുക്കുമ്പോള്‍ അത്‌ ആത്മഹത്യയാണ്‌. എന്നാല്‍ വാര്‍ധക്യകാരണങ്ങളാലും ശാരീരികപീഡനങ്ങളാലും അനുഭവിക്കുന്ന വേദനകളില്‍ നിന്ന്‌ രക്ഷനേടാന്‍ വേണ്ടി ഒരാള്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചാല്‍ അത്‌ ദയാവധമാകുമോ? ദയാവധവും ആത്മഹത്യയും വേര്‍തിരിയുന്നത്‌ എവിടെവെച്ചാണ്‌? ഇവയെ വേര്‍തിരിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്‌? ഒരു പൊതുമാനദണ്ഡം കണ്ടെത്തുക പ്രയാസമാണ്‌.

ദയാവധം ഒടുങ്ങാത്ത ദുരിതങ്ങള്‍ക്ക്‌ അറുതിവരുത്തുമെന്നാണ്‌ ദയാവധം നിയമവിധേയമാക്കണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ തട്ടിവിടാറുള്ളത്‌. ആരുടെ ദുരിതങ്ങള്‍ക്ക്‌? ഒരു ദുരിതത്തില്‍ നിന്ന്‌ മറ്റനേകം ദുരിതങ്ങളിലേക്കുള്ള മാറ്റമാണ്‌ വേദനാവസ്ഥയില്‍ നിന്ന്‌ ദയാവധത്തിലേക്കുള്ളത്‌ എന്ന്‌ വിശ്വസിക്കുന്നതല്ലേ യുക്തിപൂര്‍വകമായിട്ടുള്ളത്‌?

ദുരിതം പേറുന്നവര്‍ ഏറെയുള്ള നമ്മുടേത്‌ പോലെയുള്ള സമൂഹത്തില്‍ ചിലരുടെ വിധിക്കു മുമ്പില്‍ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്നാണ്‌ ദയാവധം പോലുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നത്‌. നമ്മുടെ സമൂഹത്തില്‍ വൃദ്ധജനങ്ങളെ നിരാകരിക്കുന്ന ഒരു സംസ്‌കാരം തന്നെ വളര്‍ന്നുവന്നിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്‌. മരണസംഖ്യ കുറഞ്ഞുവരുന്നു. 55 വയസ്സില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍പറ്റി പിരിയുന്നു. എന്നിട്ട്‌ 85 വയസ്സ്‌ വരെ സാധാരണ നിലയില്‍ ജീവിക്കുന്നു. പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന്‌ കേന്ദ്ര സര്‍വീസ്‌ ജീവനക്കാരുടേത്‌ പോലെ 60ലേക്ക്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ പണിമുടക്കിയത്‌ ഈയാഴ്‌ചയാണ്‌. 55 ഒരു വയസ്സല്ലാതായിരിക്കുന്നു. 55 തികഞ്ഞയാളെ വൃദ്ധനെന്നു വിളിക്കാന്‍ ഏതായാലും സമകാലികലോകത്ത്‌ `വകുപ്പി'ല്ല. ഇത്‌ ജീവിതത്തില്‍ വന്ന മാറ്റമാണ്‌. പെന്‍ഷന്‍ വാങ്ങി അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഒരാള്‍ അതിനുശേഷം 30 കൊല്ലം ജീവിക്കുന്നുവെന്നത്‌ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്‌. പ്രായംചെന്നവര്‍ മാത്രമല്ല, അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും നിത്യരോഗികളും നമ്മുടെ സമൂഹത്തിലെ കുടുംബങ്ങളില്‍ ഇന്ന്‌ ഭാരമാണ്‌. പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ ആലോചിച്ചാല്‍ സമൂഹത്തിലെ യുവാക്കളുടെ തൊഴിലില്ലാപട റോഡിലിറങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗള്‍ഫ്‌ നാടുകളില്‍ നിന്ന്‌ അനേകര്‍ തിരിച്ചുവരികകൂടി ചെയ്യുമ്പോള്‍ പ്രശ്‌നം ഇരട്ടിക്കുന്നു. വൃദ്ധര്‍ക്കും മാറാരോഗികള്‍ക്കും ദയാവധമാണ്‌ രക്ഷാമാര്‍ഗമെന്ന്‌ ചൂണ്ടിക്കാണിക്കലാണോ ഒരു സാക്ഷരസമൂഹത്തിന്റെ ഉത്തരവാദിത്തം? അതോ സമൂഹത്തിന്റെ തെറ്റുകള്‍ തിരുത്താനുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തലോ? സമൂഹത്തിന്റെ തെറ്റുകള്‍ സമൂഹം തിരുത്താത്തതിന്‌ പുതിയ ഒരു പാപവും തെറ്റും പരിഹാരമായി നിര്‍ദേശിക്കുന്നതില്‍ എന്തുണ്ട്‌ ന്യായം?

ദയാവധം സുഖമരണമാണെന്നാണ്‌ ഒരു പ്രമുഖ മലയാളവാരികയില്‍ പ്രഗത്ഭനായ ഒരു ലേഖകന്‍ ഈയിടെ എഴുതിക്കണ്ടത്‌. ജീവിതവും മരണവും തമ്മിലൊരു തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ മരണത്തെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ വേദനകള്‍ക്ക്‌ അറുതിവരുത്തലാണെന്നും അതിനാല്‍ ദയാവധം സുഖമരണമാണെന്നും വാദിക്കപ്പെടുന്നു. മരണം ഒരു പോംവഴിയായി നിര്‍ദേശിക്കപ്പെടുന്നു. സുഖജീവിതം ഭൂമിയില്‍ ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്‌ ജീവിതത്തിലെ ഏറ്റവും അവസാനത്തെ ഭാഗ്യം ഏതെന്ന്‌ ചോദിച്ചാല്‍ സുഖമരണമെന്ന്‌ നമ്മളാരും പറയും. ഒരാള്‍ മരണഭയത്തോടെ ജീവിക്കുന്നതിനെക്കാള്‍ കഠിനതരമാണ്‌ മരണത്തെ ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ എന്നതില്‍ രണ്ടുപക്ഷമില്ല. മരണഭയം മരണബോധത്തില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. മരണബോധം ദൈവബോധത്തില്‍ നിന്നും മതവിശ്വാസത്തില്‍ നിന്നുമാണ്‌. മരണം ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ നിരാശയുടെയും നിസ്സഹായതയുടെയും അങ്ങേയറ്റമാണ്‌. ഇത്തരക്കാരെ കുറിച്ച്‌ ആലോചിക്കാന്‍ ബാധ്യസ്ഥമായ ആധുനികസമൂഹം അവര്‍ക്ക്‌ `ഇതാ നിങ്ങള്‍ക്ക്‌ ദയാവധമാണ്‌ ഉത്തമം' എന്ന്‌ നിര്‍ദേശിക്കുന്നതിലെ മനുഷ്യത്വമില്ലായ്‌മ എത്ര വലുതാണ്‌!

സാധരണനിലയില്‍ മരണം ആഗ്രഹിക്കുക ജീവിതത്തില്‍ വേദന തിന്നുന്നവരാണ്‌. നബിതിരുമേനി ഒരിക്കല്‍ കടുത്ത ശാരീരികപീഡനം അനുഭവിക്കുന്നവരെക്കുറിച്ച്‌ പറഞ്ഞു: നിങ്ങള്‍ മരിച്ചുകിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കരുത്‌. നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍, ``അല്ലാഹുവേ, എനിക്ക്‌ മരണമാണ്‌ നല്ലതെങ്കില്‍ നീയെന്നെ മരിപ്പിക്കുകയും എനിക്ക്‌ ജീവിതമാണ്‌ നല്ലതെങ്കില്‍ നീയെനിക്ക്‌ തുടര്‍ന്ന്‌ ജീവിക്കാന്‍ അവസരം നല്‌കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ഥിക്കണം.'' ഇതൊരു ജീവിതവീക്ഷണത്തിന്റെ പ്രതിഫലനമാണ്‌. ജീവനും മരണവും ദൈവദത്തമാണ്‌. ജനിച്ച ഏതൊരാളും മരിക്കും. എപ്പോള്‍, എങ്ങനെ എന്ന്‌ ഒരാള്‍ക്കും അറിയില്ല. ആധുനികസമൂഹത്തില്‍ ഒരാള്‍ക്കും ഈയറിവ്‌ അവകാശപ്പെടാനും കഴിയില്ല. മരണം ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ മരണത്തിനു മുമ്പുള്ള ജീവിതത്തെയും മരണാനന്തരമുള്ള ജീവിതത്തെയും അപകടപ്പെടുത്തുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വര്‍ത്തമാനകാല സമൂഹത്തിന്റെ കാഴ്‌ചപ്പാടുകളുടെ മാറ്റമാണ്‌ ഇവിടെയെല്ലാം പ്രകടമാകുന്നത്‌. നമ്മുടെ സാമൂഹികബന്ധങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ആഗോളവത്‌കരണം വ്യക്തി-കുടുംബ ബന്ധങ്ങളെ വല്ലാതെ തകര്‍ത്തിരിക്കുന്നു. ഈ തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ആധുനികസമൂഹത്തിലെ മനുഷ്യജീവികളോട്‌ നിങ്ങളുടെ രക്ഷയ്‌ക്കു വേണ്ടിയാണ്‌ ദയാവധം എന്ന്‌ പറയുന്നത്‌ തന്നെ ഒട്ടും ദയയില്ലാത്ത അതിക്രൂരമായ ഒരു മാനസികാവസ്ഥയാണ്‌. അങ്ങനെ വരുമ്പോള്‍ കര്‍ശനനിബന്ധനകളോടെയുള്ള ദയാവധം മനുഷ്യാവകാശമല്ല, കടുത്ത മനുഷ്യാവകാശ നിഷേധമായിത്തീരുന്നു. മരണബോധത്തോടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനുമുള്ള കരുത്തോടെ മനുഷ്യരെ സന്നദ്ധമാക്കുകയാണ്‌ ഗവണ്‍മെന്റുകളുടെയും ഭിഷഗ്വരന്മാരുടെയും കമ്മിറ്റികളുടെയും ധര്‍മം. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ മരണത്തിന്‌ എറിഞ്ഞുകൊടുക്കുകയല്ല, അവരോട്‌ അലിവും ആര്‍ദ്രതയും കാണിച്ച്‌ ജീവിതത്തിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുവരലാണ്‌ ജീവിച്ചിരിക്കുന്ന ആരോഗ്യമുള്ള സമൂഹാംഗങ്ങളുടെ ഉത്തരവാദിത്തം.

ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന്‌ സുപ്രീംകോടതി കുറച്ച്‌ മുമ്പ്‌ അഭിപ്രായപ്പെട്ടു. ജീവിതത്തോടും മരണത്തോടുമുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌മാറ്റം നീതിപീഠങ്ങളെപ്പോലും സ്വാധീനിച്ചുതുടങ്ങിയെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. കോടതികള്‍ ആത്മഹത്യകള്‍ക്ക്‌ പച്ചക്കൊടി വീശരുത്‌. മരണം വേദനാനിര്‍ഭരമാണ്‌. പ്രസിദ്ധമായ ഒരു നബിവചനമുണ്ട്‌: `മരണവേള മുളങ്കാടുകളില്‍ നിന്ന്‌ പട്ടുവസ്‌ത്രം വലിച്ചെടുക്കുന്നതു പോലെ ദുഷ്‌കരവും വേദനാജനകവുമാണ്‌.' മനുഷ്യരിലൊരാള്‍ക്കും ഇതില്ലാതാക്കാന്‍ സാധിക്കില്ലെന്നര്‍ഥം. നാം ചെയ്യേണ്ടത്‌, മരണവും മരണാനന്തരവും എന്ത്‌ എന്ന ബോധം ജനങ്ങളില്‍ ദൃഢീകരിക്കുകയാണ്‌. മരണത്തോടെ എല്ലാം അവസാനിക്കുകയല്ല, ഒരു പുതിയ ഘട്ടം തുടങ്ങുകയാണ്‌. അതിനാല്‍ നാമാരും നമുക്കാര്‍ക്കും ഇഷ്‌ടപ്പെടാത്ത, ആഗ്രഹിക്കാത്ത ദയാവധം ദയവായി മറ്റൊരാള്‍ക്ക്‌ നിര്‍ദേശിക്കരുതേ!


അബൂബക്കര്‍ കാരക്കുന്ന്‌
karakkunnu@gmail.com© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

1 comments:

മുജാഹിദ് said...

ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ നിയമപരിഷ്‌കാര കമ്മിറ്റി ദയാവധം നിയമവിധേയമാക്കണമെന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ദയാവധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ച വരുംനാളുകളില്‍ നമ്മുടെ നാട്ടില്‍ സജീവമാകും. കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാറിന്‌ സമര്‍പ്പിക്കാനുണ്ടായ പശ്ചാത്തലവും കാരണങ്ങളും വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനു മുമ്പ്‌ പൊതുസമൂഹത്തില്‍ ചര്‍ച്ചയും അതേതുടര്‍ന്ന്‌ അഭിപ്രായ രൂപവത്‌കരണവും നടക്കാന്‍ വേണ്ടിയാവും റിപ്പോര്‍ട്ട്‌ നല്‌കിയ വിവരം പരസ്യപ്പെടുത്തിയിട്ടുള്ളത്‌. ഒരു മതസമൂഹത്തിന്‌ ദയാവധത്തെ അപ്പടി അനുകൂലിക്കാന്‍ സാധിക്കുകയില്ല. മതനിരാസം ആദര്‍ശമായി സ്വീകരിച്ച മതനിരപേക്ഷ സമൂഹത്തിനു പോലും ദയാവധത്തെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. നമ്മുടേത്‌ പോലുള്ള മതനിഷ്‌പക്ഷ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു ബിന്ദുവിലേക്ക്‌ ഈ വിവാദത്തെ കൊണ്ടെത്തിക്കാനാവുകയില്ല.

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.