Wednesday, February 25, 2009

ഇസ്‌ലാം: മിതം, സമതുലിതം

സി മുഹമ്മദ്‌സലീം സുല്ലമി

സമതുലിതവും സമഗ്രവുമായൊരു കാഴ്‌ചപ്പാട്‌ ഏത്‌ വിഷയത്തെക്കുറിച്ചായാലും ആകര്‍ഷകമാണ്‌. ഒരു വിഷയത്തില്‍ ഓരോന്നിനും അതര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവും നല്‌കി കൃത്യമായ വിധത്തില്‍ സമന്വയിപ്പിക്കുമ്പോള്‍ അത്‌ ഏറെ ആകര്‍ഷകവും അത്യധികം ഗുണപരവുമായി മാറുന്നു. അമിതത്വവും അതിമിതത്വവും ഏതൊരു കാര്യത്തിന്റെയും ഭംഗി കുറയ്‌ക്കുകയും ഗുണമേന്മ നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു. ഒന്നിന്റെ വിവിധ ഭാഗങ്ങളും ഘടകങ്ങളും പരസ്‌പരം ഇണങ്ങിയും സമന്വയിച്ചും അനുപൂരകമായും നിലനില്‌ക്കുമ്പോള്‍ അത്‌ സമതുലിതമായ ഒന്നായി മാറുന്നു. ഇസ്‌ലാമിനെ സംബന്ധിച്ച്‌ ഈ കാര്യം പൂര്‍ണമായും അര്‍ഥവത്താണ്‌. ഇസ്‌ലാം എല്ലാ അര്‍ഥത്തിലും സമതുലിതമായ ഒരു മതമാണ്‌. മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയുമെല്ലാം ലോകത്ത്‌ ഇസ്‌ലാം ഈ നിലയില്‍ വ്യതിരിക്തമാകുന്നു. മനുഷ്യന്റെ ഭൗതികവും ജീവഗന്ധിയുമായ പ്രശ്‌നങ്ങളെ അവഗണിച്ച്‌ ഭക്തിയിലും ആരാധനയിലും അമിതമായ ശ്രദ്ധയും താല്‌പര്യവും പ്രകടിപ്പിച്ച ശിഷ്യനെ പ്രവാചകന്‍ തിരുത്തുന്നത്‌ ഇസ്‌ലാമിന്റെ സവിശേഷമായ ഈ കാഴ്‌ചപ്പാട്‌ പഠിപ്പിച്ചു കൊടുത്തുകൊണ്ടാണ്‌. മുഴച്ചോ കുഴിഞ്ഞോ നില്‌ക്കുന്ന അസന്തുലിത ഭാവം നിലനിര്‍ത്തിക്കൊണ്ടു പോകാനാകില്ല എന്നാണ്‌ ഇവിടെ പ്രവാചക തിരുമേനി പഠിപ്പിക്കുന്നത്‌.

അവിടുന്നു പറഞ്ഞു: “നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌, നിന്റെ ഇണയോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. നിന്റെ സന്ദര്‍ശകരോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. അതിനാല്‍ ഓരോന്നിനും അതതിന്റെ അവകാശങ്ങള്‍ നല്‌കുക''(ബുഖാരി). എത്ര സുന്ദരമായൊരു കാഴ്‌ചപ്പാടാണിത്‌.

പ്രപഞ്ച സ്രഷ്‌ടാവായ ദൈവം അവതരിപ്പിച്ച മതമെന്ന നിലയ്‌ക്ക്‌ ഇസ്‌ലാമിന്‌ ഈ സവിശേഷത സ്വാഭാവികമായുമുണ്ടാകും. മനുഷ്യനേയും പ്രപഞ്ചത്തേയും സൃഷ്‌ടിച്ച അല്ലാഹു മനുഷ്യ പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ച്‌ ഏറ്റവും നന്നായറിയുന്നവനാണ്‌. അതിനാല്‍, അവന്‍ അവതരിപ്പിച്ച മതത്തിനു മാത്രമേ ഈ സമതുലിതാവസ്ഥ അവകാശപ്പെടാനാവുകയുള്ളൂ. മനുഷ്യ മസ്‌തിഷ്‌കങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും എത്ര ശ്രമിച്ചാലും ന്യൂനതകളും പരിമിതികളുമുണ്ടാകും. മനുഷ്യബുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പരിമിതിയാണ്‌ ഇതിനു കാരണം. മനുഷ്യനെ സ്വാധീനിക്കുന്ന ഒട്ടനവധി ഘടകങ്ങളുടെ പങ്കും ഇതില്‍ നിര്‍ണായകമാണ്‌. മനുഷ്യചരിത്രത്തില്‍ കടന്നുവന്നുപോയ ഭൗതിക-ആത്മീയ ചിന്തകളും ദര്‍ശനങ്ങളും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. അവയൊക്കെയും മാനവ സമൂഹത്തിനേല്‌പിച്ച പരിക്കുകളും കേടുകളും ഇന്നും ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. തികച്ചും സമതുലിതമായ ഒരു കാഴ്‌ചപ്പാടിനു മാത്രമേ കാലത്തേയും ലോകത്തേയും അതിജീവിച്ചു മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാം ഇവിടെ സാധിക്കുന്നതും ഇതുതന്നെ.

ഇസ്‌ലാമിക നിയമങ്ങളുടെ സമഗ്രത

വ്യക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും ഇസ്‌ലാമിക നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വാസം, ആരാധന, സ്വഭാവം, സാമൂഹികനിയമങ്ങള്‍, ഭരണനിയമങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ഇസ്‌ലാമിക നിയമസംഹിതയുടെ പരിധിയില്‍നിന്ന്‌ പുറത്തുപോകുന്നില്ല. വ്യക്തി എന്ന നിലക്ക്‌ അവന്റെ ശാരീരികമായ കാര്യങ്ങളില്‍ ഇസ്‌ലാം ഇടപെടുന്നു. ആഹരിക്കുമ്പോള്‍ അമിതമായി പോകരുതെന്നത്‌ ഇതില്‍ പെട്ട ഒന്നാണ്‌ (7:31). ശരീരത്തോടുള്ള ബാധ്യത നിര്‍വഹിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു (ബുഖാരി). അവന്റെ ബുദ്ധിപരമായ ആവശ്യമെന്ന നിലയ്‌ക്ക്‌ ചിന്തിക്കാനും പഠിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ധാരാളമായി നല്‍കുന്നു. ആകാശഭൂമികളിലെ ദൃഷ്‌ടാന്തങ്ങള്‍ ചിന്തിക്കാന്‍ പ്രത്യേകം നിര്‍ദേശിക്കുന്നു (10:101). ആത്മീയ സംസ്‌കരണം വ്യക്തിയില്‍ അനിവാര്യമെന്ന നിലക്ക്‌ അത്‌ പ്രത്യേകം ഊന്നിപ്പറയുന്നു (91:9,10). കുടുംബവുമായി ബന്ധപ്പെട്ട്‌ ധാരാളം പാഠങ്ങള്‍ ഖുര്‍ആനും ഹദീസും മുന്നില്‍വെക്കുന്നു. എക്കാലത്തും പ്രസക്തമായ നിയമങ്ങളാണ്‌ അവയത്രയും. ദമ്പതികള്‍ക്കിടയില്‍ നല്ലനിലയിലുള്ള വര്‍ത്തനം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത, അടുത്തബന്ധുക്കളുമായുള്ള ഇടപഴകല്‍, മറ്റുവീടുകളില്‍ കടന്നുചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങള്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്‌പരം നിലനിര്‍ത്തേണ്ട വിശ്വാസ്യത തുടങ്ങി അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുന്നു.
സാമൂഹികനിയമങ്ങളുടെ മേഖല അതീവ വിപുലമാണ്‌. സാമൂഹിക ജീവിതത്തില്‍ പരസ്‌പരം പാലിക്കേണ്ട മര്യാദകള്‍, ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍, കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍, ജീവിതത്തില്‍ അനിവാര്യമായ സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ഈ വിഷയകമായി കാണാവുന്നതാണ്‌.

ഭരണകൂടവും പ്രജകളുമായി ബന്ധപ്പെട്ട കാര്യങ്ങളും രാജ്യാന്തര വിഷയങ്ങളും ഇസ്‌ലാമിക നിയമങ്ങളില്‍ കടന്നുവരുന്നു. പ്രകൃതിയും പരിസ്ഥിതിയും പരിരക്ഷിക്കേണ്ട ബാധ്യത ഉണര്‍ത്തുന്നതോടുകൂടിത്തന്നെ മിണ്ടാപ്രാണികളായ പക്ഷികളും മൃഗങ്ങളും ഇസ്‌ലാമിക നിയമപരിധിയില്‍ വരുന്നു. അവരും മനുഷ്യരെപ്പോലെ മറ്റൊരു ഉമ്മത്ത്‌ അഥവാ സമുദായമാണെന്ന കാഴ്‌ചപ്പാട്‌ തന്നെ ഈ വിഷയകമായി ധാരാളം മതി. ഇങ്ങനെ, ഇസ്‌ലാം ഇതര മതങ്ങളില്‍ നിന്നും വ്യത്യസ്‌തമായി, ദര്‍ശനങ്ങളില്‍ നിന്നും ഭൗതിക പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും വിഭിന്നമായി സമഗ്രവും സമ്പൂര്‍ണവും സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു നിയമസംഹിതയാണ്‌. ദൈവികമായ ഒരു മതത്തിന്‌ ഇത്‌ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും.

പ്രാപഞ്ചിക രഹസ്യം

സ്രഷ്‌ടാവായ അല്ലാഹു സൃഷ്‌ടിച്ചതൊക്കെയും ഏറ്റവും നന്നായി സൃഷ്‌ടിച്ചവനാണ്‌ (32:7). ഓരോന്നിനും അതിന്റെ തോതും ക്രമവും നിര്‍ണയിച്ചതും അവന്‍ തന്നെ. അത്‌, അവയുടെ ഏറ്റവും നല്ല ഘടനയുമാണ്‌. സമമിതിയോടെയുള്ള സൃഷ്‌ടിപ്പ്‌ പ്രപഞ്ചത്തിലെല്ലാം അവന്‍ ഒരുക്കിയിരിക്കുന്നു. ഈ പ്രകൃതിയിലെ, പ്രപഞ്ചത്തിലെ ഏതൊരു കാര്യമാണ്‌ അസന്തുലിതഭാവം വെച്ചുപുലര്‍ത്തുന്നത്‌? എല്ലാം കൃത്യമായ സമ്മിതിയോടെ ഒരുക്കിയിരിക്കുന്നു. ഒരു പ്രാപഞ്ചികരഹസ്യം എന്ന നിലക്ക്‌ ഇത്‌ എല്ലായിടത്തും തെളിഞ്ഞുകാണാവുന്നതാണ്‌. വിശാലമായ വിണ്ണിന്റെ വിഹായസ്സില്‍ നീന്തിത്തുടിക്കുന്ന സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളും സൗരയൂഥങ്ങളും ക്ലസ്റ്ററുകളും മില്‍ക്കിവേകളുമടങ്ങുന്ന പരകോടി നക്ഷത്ര-ഗോള സമൂഹത്തില്‍ എവിടെയും ഒരു സംഘട്ടനമോ അസന്തുലിതത്വമോ ഇല്ലാതെ വിന്യസിച്ചിരിക്കുന്നുവെന്നുള്ളത്‌ പ്രപഞ്ചസ്രഷ്‌ടാവിന്റെ അതുല്യമായ കഴിവുകൂടിയാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌. പ്രപഞ്ച സ്രഷ്‌ടാവിന്റെ ഈ പ്രസ്‌താവന എത്ര ശ്രദ്ധേയമാണ്‌. “സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു''(36:40). വീണ്ടും പറയുന്നു: “തീര്‍ച്ചയായും ഏതു വസ്‌തുവിനെയും നാം സൃഷ്‌ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥ പ്രകാരമാകുന്നു'' (54:49). ഏതൊരു തരത്തിലുള്ള അസന്തുലിതത്വമോ അപൂര്‍ണതയോ എവിടെയും ദര്‍ശിക്കാനാവുകയില്ലെന്ന പ്രസ്‌താവം ശ്രദ്ധിക്കുക. “പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല'' (67:3). പ്രപഞ്ച സൃഷ്‌ടിപ്പിലെ സന്തുലിതാവസ്ഥയെയും സമീകരണത്തേയും പ്രത്യേകം പരാമര്‍ശിക്കുന്നത്‌ നോക്കുക. “സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌). ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും `തുലാസ്‌' അവന്‍ സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു'' (55:5-7). തുലാസ്‌ അഥവാ ബാലന്‍സ്‌ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതൊരു വസ്‌തുവിലും അതിന്റെ ഘടകങ്ങളും ഭാഗങ്ങളും കൃത്യമായ അളവിലും തൂക്കത്തിലും സമന്വയിപ്പിച്ച്‌ സ്ഥാപിക്കുന്നതിനാണ്‌ ഭാഷയില്‍ ഇങ്ങനെ പ്രയോഗിക്കുന്നത്‌.

ഉപരിലോകമെന്നല്ല ഭൗമലോകവും അളവും തൂക്കവും നിര്‍ണയിക്കപ്പെട്ട വിധം സംവിധാനിച്ചതാണ്‌. ഭൂമിയില്‍ അധിവസിക്കുന്നവര്‍ക്കെല്ലാം അനുഗുണമായ വിധത്തില്‍ വിഭവങ്ങള്‍ വിന്യസിക്കുകയും ഓരോന്നും ആവശ്യമായ അനുപാതത്തില്‍ വ്യവസ്ഥചെയ്യുകയും ചെയ്‌തിരിക്കുന്നു. എണ്ണത്തിലും വ്യാപ്‌തിയിലും മാത്രമല്ല, വസ്‌തുതകളോരോന്നും ഉള്‍ക്കൊള്ളുന്ന ഘടകങ്ങളിലും ഗുണങ്ങളിലും ഈ സന്തുലിതത്വം പാലിച്ചിരിക്കുന്നു. എല്ലാറ്റിന്റെയും സന്തുലിതാവസ്ഥയിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ അല്ലാഹു പറയുന്നത്‌ കാണുക: “ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‌ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും സന്തുലിതമായ വിധം എല്ലാ വസ്‌തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്‌തിരിക്കുന്നു.'' (15:19). അന്നു മുതല്‍ ഈ പ്രപഞ്ചത്തിലെ സകല കാര്യങ്ങളും കൃത്യമായ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ചലിച്ചുകൊണ്ടിരിക്കുന്നു. അവയ്‌ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളലുകളോ വീഴ്‌ചകളോ സംഭവിക്കുന്നില്ല. താളപ്പൊരുത്തവും ഐക്യവും അവ കാത്തുസൂക്ഷിക്കുന്നു. ഇതിന്റെ അഭാവത്തില്‍ പ്രപഞ്ചത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകിടം മറിയുകയും തകരുകയും ചെയ്യുന്നു.

ഇസ്‌ലാമിന്റെ മിതമായ നിലപാട്‌

ഇസ്‌ലാം, അതിന്റെ വിശ്വാസകാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും തുടങ്ങി സാമൂഹിക മേഖലകളിലെ നിയമങ്ങളില്‍ വരെ തികച്ചും മിതവും സന്തുലിതവുമായ നിലപാടാണ്‌ വെച്ചുപുലര്‍ത്തുന്നത്‌. ഏതെങ്കിലും പക്ഷത്തേക്ക്‌ ചായുകയോ എവിടെയെങ്കിലും ഏറ്റക്കുറവുകള്‍ സംഭവിക്കുകയോ ആത്മീയതയെ പരിഗണിക്കുന്നതുകൊണ്ട്‌ ഭൗതികതയെ അവഗണിക്കുകയോ മറിച്ചോ സംഭവിക്കുന്നില്ല. അവക്രമായ മാര്‍ഗത്തിലൂടെ മുന്നോട്ടുള്ള ഗമനം. വിശ്വാസികളുടെ പ്രാര്‍ഥനകളില്‍ ഇത്‌ പ്രകടമായി കാണാം. അഞ്ചു നേരത്തെ നമസ്‌കാരത്തില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്‌ വഴിപിഴച്ചതല്ലാത്ത, കോപിക്കപ്പെട്ടവരുടേതല്ലാത്ത സ്വച്ഛവും ശുദ്ധവുമായ നേര്‍വഴിയില്‍ നടത്തണേ എന്നാണ്‌. (1:6,7) ഈ മാര്‍ഗം പ്രകൃതിയോടിണങ്ങുന്നതും ലളിതവുമാണ്‌. അതുകൊണ്ടാണ്‌ ഏറ്റവും ലളിതമായി ഇസ്‌ലാം പഠിപ്പിച്ചുകൊടുക്കാനാവശ്യപ്പെട്ടുകൊണ്ട്‌ കടന്നുവന്ന വ്യക്തിയോട്‌ പ്രവാചക തിരുമേനി പറഞ്ഞത്‌. ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചുവെന്ന്‌ നീ പ്രഖ്യാപിക്കുക, തുടര്‍ന്ന്‌ നേരെ ചൊവ്വെ ജീവിക്കുക (മുസ്‌ലിം). ഏത്‌ വിഷയത്തിലും നീതിയോടുകൂടിയ നിലപാടും മിതവും സന്തുലിതവുമായതു തന്നെയാണ്‌ ഇസ്‌ലാമിക തത്വങ്ങള്‍. അവ ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുന്ന സമൂഹം സ്വാഭാവികമായും മിതമായ നിലപാടു സ്വീകരിക്കുന്നവരും ഏതെങ്കിലും പക്ഷത്തേക്ക്‌ ചാഞ്ഞുകൊണ്ടുള്ള തീവ്ര നിലപാടുകളില്‍ നിന്ന്‌ മുക്തരുമായിരിക്കും. അല്ലാഹു മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച പദം, ഉമ്മത്തുന്‍ വസ്വത്വ്‌ അഥവാ മിതമായ നിലപാട്‌ സ്വീകരിക്കുന്ന ഉത്തമ സമൂഹം എന്നാണ്‌ (2:143). എല്ലാ കാര്യത്തിലും ഇത്‌ കാണാം. പ്രായശ്ചിത്തമായി ഭക്ഷണം നല്‌കണം എന്നു പറഞ്ഞേടത്തുപോലും ഇതു കാണാം. അല്ലാഹു പറയുന്നത്‌: “നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‌കാറുള്ള മധ്യ നിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ നല്‌കുക.”(5:89)

വിശ്വാസാരാധനാ രംഗങ്ങളില്‍

വിശ്വാസം മതത്തിന്റെ പരമപ്രധാനമായ വശമാണ്‌. അദൃശ്യവും അഭൗതികവുമായതില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ മാത്രമേ മതമംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസം എന്ന കാര്യം പ്രസക്തമാകുന്നതുപോലും അഭൗതികമാകുമ്പോള്‍ മാത്രമാണ്‌. അതിനാല്‍, അഭൗതികതയിലുള്ള വിശ്വാസത്തിന്റെ അഭാവത്തില്‍ മതത്തിന്‌ പ്രസക്തിയില്ലാതാകുന്നു. എന്നാല്‍, എന്താണ്‌ വിശ്വസിക്കേണ്ടത്‌? എങ്ങനെയാണ്‌ വിശ്വസിക്കേണ്ടത്‌? ഒരതിരുമില്ലാതെ വിശ്വാസത്തിന്റെ മേഖല തുറന്നുകിടക്കുകയാണോ? അല്ല, തീര്‍ച്ചയായും അല്ല. ഇസ്‌ലാം വിശ്വാസത്തിന്‌ ഒരടിത്തറ പണിയുന്നുണ്ട്‌. ദൈവീകമായ യഥാര്‍ഥ സ്രോതസ്സില്‍ നിന്ന്‌ ലഭിക്കുന്ന അഭൗതിക ജ്ഞാനങ്ങളില്‍ മാത്രമേ വിശ്വസിക്കേണ്ടതുള്ളൂ. ദിവ്യവെളിപാട്‌ ലഭിക്കുന്ന പ്രവാചകന്മാര്‍ മുഖേന ലഭിക്കുന്ന അറിവുകളും ഈ ഗണത്തില്‍ തന്നെ. ഇതിനപ്പുറം കടന്നുവരുന്ന വിശ്വാസങ്ങള്‍ക്ക്‌ യാതൊരു പ്രാമാണികതയുമില്ല. കേവല ഊഹങ്ങളോ സങ്കല്‌പങ്ങളോ മാത്രമാണവ. അതുകൊണ്ട്‌ കേവല അന്ധവിശ്വാസങ്ങള്‍ എന്ന നിലയില്‍ അവ വിലയിരുത്തപ്പെടുന്നു. പ്രമാണ നിബദ്ധമായി ലഭിക്കുന്ന വിശ്വാസങ്ങള്‍ മാത്രം സ്വീകരിക്കുമ്പോള്‍ അത്‌ അന്ധവിശ്വാസങ്ങള്‍ക്കും തീരെ വിശ്വാസം അംഗീകരിക്കാത്ത, മനുഷ്യപ്രകൃതിയുടെ സ്വാഭാവിക താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ നിഷേധത്തിനും മധ്യേ ശരിയായ നിലപാടായി മാറുന്നു. ഇസ്‌ലാം ഈ ശരിയുടെ പക്ഷത്താണുള്ളത്‌. ഭൗതിക വാദം, പദാര്‍ഥ ലോകത്തിനപ്പുറമുള്ളതൊന്നും അംഗീകരിക്കുകയില്ല എന്ന ദുശ്ശാഠ്യം വെച്ചുപുലര്‍ത്തുന്നതാണ്‌. ഇത്‌ മനുഷ്യപ്രകൃതി അംഗീകരിക്കുന്ന കാര്യമേയല്ല.

ദൈവവിശ്വാസമാണ്‌ മതത്തിന്റെ വിശ്വാസങ്ങളില്‍ പ്രധാനം. ഇതിലും ശരിയും ന്യായവുമായ വിശ്വാസമേ ഇസ്‌ലാം മനുഷ്യനോട്‌ ആവശ്യപ്പെടുന്നുള്ളൂ. കണക്കറ്റ ദൈവങ്ങളും ദൈവാംശങ്ങളടങ്ങിയ മനുഷ്യരും കല്ലിലും കരടിലും കുടിയിരിക്കുന്ന ദൈവസത്തയും വിശ്വാസമായി മാറുമ്പോള്‍ ആരാധിക്കപ്പെടാത്തതായി ഒന്നുമില്ലാതാകുന്നു. ഫലത്തില്‍, ദൈവം ആരാധിക്കപ്പെടുന്നതില്‍ നിന്ന്‌ പുറത്തുപോവുകയും പകരം അവന്റെ സൃഷ്‌ടികളായ സകല വസ്‌തുക്കളും ആരാധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുന്നു. ഇങ്ങനെയുള്ള അവസ്ഥ യില്‍ ആരാധ്യവസ്‌തുക്കളെ തെരഞ്ഞെടുക്കുന്നതിന്‌ യാതൊരു അതിരുമില്ല. കല്ലും മരവും പക്ഷികളും കാടും കടലും തുടങ്ങി മനുഷ്യന്റെ ലിംഗവും യോനിയും വരെ ആരാധ്യവസ്‌തുക്കളായി മാറുന്നു. ശുദ്ധ ഏകദൈവ വിശ്വാസം മാത്രമേ ഇതില്‍ നിന്ന്‌ മുക്തിനേടാനുള്ള പരിഹാരമായുള്ളൂ. ഇത്തരം യുക്തിഹീനമായ വിശ്വാസങ്ങളെ എതിര്‍ക്കുന്നുവെന്ന പേരില്‍ ദൈവത്തെ തന്നെ നിരസിക്കുകയാണ്‌ ഭൗതികവാദം ചെയ്യുന്നത്‌. എന്നാല്‍ ഇസ്‌ലാം ഇത്‌ രണ്ടിനും മധ്യേ ശരിയായ നിലപാട്‌ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌.

പരലോകവിശ്വാസവും ജീവിതവും മനുഷ്യജീവിതത്തിന്‌ അര്‍ഥവും ലക്ഷ്യവും നല്‌കുന്ന കാര്യമായി ഇസ്‌ലാം പരിചയപ്പെടുത്തുമ്പോള്‍ മരണാനന്തര ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌ ജീവിതത്തിന്റെ അര്‍ഥം തന്നെ നിഷേധിക്കുകയാണ്‌ ഭൗതികവാദ കാഴ്‌ചപ്പാട്‌ ചെയ്യുന്നത്‌. മരണാനന്തര ജീവിതത്തില്‍ മനുഷ്യന്റെ ഐഹിക ജീവിതത്തെ വിചാരണ ചെയ്‌ത്‌ രക്ഷാശിക്ഷകള്‍ നല്‌കുന്ന ന്യായമായ വിശ്വാസം ഇസ്‌ലാം അവതരിപ്പിക്കുമ്പോള്‍ പുനര്‍ജന്മമെന്ന യുക്തിഹീനമായ അന്ധവിശ്വാസമാണ്‌ ചില മതങ്ങള്‍ പരിചയപ്പെടുത്തുന്നത്‌. ഇവിടെയും ഇസ്‌ലാമിന്റെ നിലപാട്‌ മിതവും സന്തുലിതവും തന്നെ. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിശ്വാസ കാര്യങ്ങള്‍ ബുദ്ധിപരമായ ഏതൊരു വിലയിരുത്തലിലും പ്രസക്തമായിത്തന്നെ വരികയുള്ളൂ. വിശ്വാസങ്ങള്‍ക്കും ബുദ്ധിപരമായ തെളിവുകളുടെ പിന്‍ബലം നല്‌കുകയാണ്‌ ഇസ്‌ലാം ഇവിടെ ചെയ്യുന്നത്‌.

ആരാധനാകര്‍മങ്ങളാണ്‌ മതത്തിന്റെ മറ്റൊരു പ്രധാന അടിത്തറ. ആരാധനാകര്‍മങ്ങളോടുള്ള സമീപനത്തിലും ഇസ്‌ലാം മിതവും സന്തുലിതവുമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഭൗതിക ചിന്തയില്‍ നിന്നും പൂര്‍ണ വിരക്തനായി ആരാധനാ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന മതചിന്തകളില്‍ നിന്നും ആരാധനകളെ ഗൗരവമായെടുക്കാത്ത ഭൗതിക ചിന്തകളില്‍ നിന്നും ഭിന്നമായി രണ്ടിനേയും സമന്വയിപ്പിക്കുന്ന വിധമാണ്‌ ഇസ്‌ ലാമിക സമീപനം. ക്ലിപ്‌ത സമയങ്ങളില്‍ നിര്‍ണിതമായ രൂപത്തിലാണ്‌ ഇസ്‌ലാമിലെ ആരാധനാ ക ര്‍മങ്ങളുള്ളത്‌. അതിനപ്പുറമുള്ള സ മയങ്ങളില്‍ ഭൗതിക ജീവിതത്തിന്റെ ആവശ്യങ്ങളും താല്‌പര്യങ്ങളുമായി കഴിയാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍, ആരാധനാകര്‍മങ്ങളിലൂടെ കൈവരിച്ച ഭക്തിയും വെളിച്ചവും ഇവിടെയും അയാളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്‌. ജീവിതത്തിലുടനീളം വിശുദ്ധി പാലിക്കുകയെന്നതാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ദിനേനയുള്ള അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ക്കു പുറമെ ആഴ്‌ചയിലൊരിക്കല്‍ സംഘമായുള്ള പ്രാര്‍ഥനയും വര്‍ഷത്തിലൊരിക്കല്‍ വ്രതവും ആയുസ്സിലൊരിക്കല്‍ ഹജ്ജും സമ്പന്നനാണെങ്കില്‍ സകാത്തും ഇസ്‌ലാമിലെ പ്രധാന ആരാധനാകര്‍മങ്ങളാണ്‌. ഈ ആരാധനാകര്‍മങ്ങളിലൊക്കെയും ആത്മീയതയോടൊപ്പം ഭൗതിക കാര്യങ്ങള്‍ക്കും പരിഗണന നല്‌കിയിട്ടുണ്ട്‌. ഭൗതിക ജീവിതത്തെ ആരാധനയുമായി ചേര്‍ത്താണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളെ, വെള്ളിയാഴ്‌ച നമസ്‌കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്‌മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരാണെങ്കില്‍. അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (62: 9,10). സുപ്രധാന ആരാധനയായ ഹജ്ജ്‌ വേളയിലും ഭൗതിക വിഭവങ്ങള്‍ തേടുന്നത്‌ ഇസ്‌ലാം അനുവദിക്കുന്നു. (2:198)

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.