Tuesday, September 08, 2009

അണ്‍‌റിയാലിറ്റിയിലെ റിയല്‍ ദുരന്തങ്ങള്‍


കെ ഹുബൈബ്‌




വൈകുന്നേരങ്ങളില്‍ വീടുകളെ കണ്ണുനീര്‍ കുളമാക്കിയ കുടുംബ സീരിയലുകള്‍ക്കു മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ട്‌ റിയാലിറ്റി ഷോകള്‍ രംഗത്തുവന്നപ്പോള്‍ ആശ്വസിച്ചവരാണ്‌ മലയാളികള്‍. ലഹരിയെന്നോണം കുടുംബങ്ങളെ മയക്കിയിരുന്ന സീരിയലുകളില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിച്ചുകൊണ്ടു വന്ന റിയാലിറ്റി ഷോകള്‍ അതിനേക്കാള്‍ മാരകമായ വില്ലനാവുകയാണ്‌ ഇന്ന്‌.


വസ്‌ത്രങ്ങളോടുള്ള അലര്‍ജി മാറാവ്യാധിയായി തുടരുന്ന രാഖിസാവന്തെന്ന നടിയായിരുന്നു ഒരു ദേശീയ ചാനലിലൂടെ പ്രേക്ഷകരെ കബളിപ്പിച്ചുകൊണ്ടുള്ള വിവാഹ നാടകത്തിന്‌ അരങ്ങൊരുക്കിയത്‌. മസങ്ങള്‍ നീണ്ടുനിന്ന രാഖി കാ സ്വയംവര്‍ എന്ന അണ്‍`റിയല്‍' പ്രകടനത്തിനൊടുവിലായിരുന്നു ഇവര്‍ കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ ഇലേഷ്‌ പര്‍ജുന്‍വാലയുടെ കഴുത്തില്‍ വരണമാല്യമണിയിച്ചത്‌. സ്വയംവരത്തിനു പിന്നാലെ ഇതിലെ ധാര്‍മികതയെയും സാംസ്‌കാരികതയെയും കുറിച്ച്‌ ചര്‍ച്ചയായെങ്കിലും കാര്യമൊന്നുമില്ല. പത്തുദിവസത്തിനകം ഇലേഷിനെ വിശ്വാസമില്ലെന്ന്‌ രാഖി തുറന്നടിച്ചതോടെ റിയാലിറ്റി അണ്‍ റിയാലിറ്റിയായി മാറി.

ഇതേസമയം തന്നെയായിരുന്നു സ്റ്റാര്‍ചാനലില്‍ സംപ്രേഷണം ചെയ്യുന്ന `സച്‌കാ സാമ്‌ന' എന്ന തട്ടിപ്പ്‌ ഷോ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയായത്‌. കുടംബ ബന്ധങ്ങളെ തകര്‍ത്തുകൊണ്ട്‌ മുന്നേറിയ ഷോക്ക്‌ തടയിടാന്‍ ഇവിടത്തെ പാര്‍ലമെന്റിനു പോലും കഴിഞ്ഞില്ല. ഭാര്യയും മക്കളുമടങ്ങുന്ന കടുംബത്തിനു മുന്നില്‍ ജീവിതത്തിലെ `വീരകൃത്യങ്ങള്‍' കുമ്പസരിച്ചുകൊണ്ട്‌ മത്സരാര്‍ഥി മനസ്സു തുറക്കുമ്പോള്‍ തകര്‍ന്നുവീണത്‌ ബന്ധങ്ങളായിരുന്നു. മകളുടെ പ്രായമുള്ള സ്‌ത്രീയുമായി ബന്ധം സ്ഥാപിച്ചതു മുതല്‍ സ്വകാര്യ ജീവിതം മുഴുവന്‍ അങ്ങാടിപ്പാട്ടാക്കുന്ന ധീരന്മാരെ പ്രേക്ഷകര്‍ക്കു മുന്നില്‍ നായകന്മാരാക്കുകയായിരുന്നു ഇവര്‍. ഇന്ത്യയിലെ റിയല്‍ ദുരന്തങ്ങള്‍ ഇങ്ങനെയായിരുന്നു. വിദേശത്തെ ചിലതിലേക്ക്‌ പോകാം.

അമേരിക്കന്‍ ചാനലായ വി എച്ച്‌ വണ്‍ സംപ്രേഷണം ചെയ്യുന്ന `മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍' എന്ന റിയാലിറ്റി ഷോയാണ്‌ പുതിയ വിവാദങ്ങളിലേക്ക്‌ വഴിതുറന്നത്‌. അമേരിക്കന്‍ മോഡലും നടിയുമായ മേഗന്‍ ഹോസര്‍മാനായിരുന്നു ഇതിലെ നായിക. സ്വയംവര മാതൃകയില്‍ കമിതാവിനെ തെരഞ്ഞെടുക്കാന്‍ താല്‌പര്യമുണ്ടെന്നതിനെ തുടര്‍ന്നായിരുന്നു ഷോ സംഘടിപ്പിച്ചത്‌. 17 പേരായിരുന്നു മേഗന്റെ പ്രണയം തേടിയെത്തിയത്‌. പത്ത്‌ ലക്ഷം ഡോളര്‍ ആസ്‌തിയായിരുന്നു അപേക്ഷകരുടെ മാനദണ്ഡം. ഷോ മുന്നേറുന്നതിനിടെ നടിയെ വിവാഹം ചെയ്യാനെത്തിയ ഒരു മത്സരാര്‍ഥി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതാണ്‌ പരിപാടി വിവാദമായത്‌. റിയാലിറ്റി ഷോ ജേതാവു കൂടിയായ റയാന്‍ അലക്‌സാണ്ടറായിരുന്നു ഭാര്യ ജസ്‌മിനെ കൊലപ്പെടുത്തിയ നായകന്‍. അറുത്ത്‌ മുറിച്ച്‌ സ്യൂട്ട്‌ കേസിലാക്കിയ നിലയിലായിരുന്നു ജസ്‌മിന്റെ മൃതദേഹം ചവറ്റുകൂനയില്‍ കണ്ടെത്തിയത്‌. റിയാലിറ്റി താരത്തെ തേടി അമേരിക്കന്‍-കാനഡ പൊലീസ്‌ തെരച്ചിലാരംഭിച്ചതിനു പിന്നാലെ റയാനെ ആത്മഹത്യ ചെയ്‌ത നിലയിലും കണ്ടെത്തി. നേരത്തെ ക്രിമിനല്‍ പശ്ചാത്തലവും ജയില്‍ ശിക്ഷയുമനുഭവിച്ച ആളുകളെ പിടിച്ച്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ മത്സരാര്‍ഥികളാക്കുന്ന നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍ പരിപാടിയും നിര്‍ത്തി വെച്ചിരിക്കയാണ്‌.

ബ്രസീലില്‍ നിന്നാണ്‌ മറ്റൊരു റിയാലിറ്റി ദുരന്തം. രാജ്യത്തെ വന്‍ ജനപ്രീതിയുള്ള ടെലിവിഷന്‍ ഷോയായ കാനല്‍ ലിവറിന്റെ പ്രചാരണം കൂട്ടാന്‍ അവതാരകന്‍ കാണിക്കുന്ന ക്രൂര വിനോദങ്ങളാണ്‌ ഷോയെ രാജ്യാന്തര പ്രശസ്‌തിയിലെത്തിച്ചത്‌. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റാന്വേഷണങ്ങളെ കുറിച്ചുള്ള പരിപാടിയാണ്‌ കാനല്‍ ലിവര്‍. നിയമസഭാംഗം കൂടിയായ വാലസ്‌ സൂസയാണ്‌ പരിപാടിയുടെ അവതാരകന്‍. പൊലീസിനോ മറ്റ്‌ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ പോലും ചുരുളഴിക്കാനാവത്ത കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ടെലിവിഷന്‍ ഷോയിലൂടെ പുറംലോകത്തു വരുന്നതോടെ പരിപാടി വന്‍ ഹിറ്റാവുകയും വാലസ്‌ നായകനാവുകയുമായിരുന്നു. എന്നാല്‍ നായക സ്ഥാനത്തു നിന്നും വില്ലനായി മാറുകയാണ്‌ വാലസ്‌ എന്ന അവതാരകനിപ്പോള്‍. കാനല്‍ ലിവറിലൂടെ പുറത്തുവന്ന പല കൊലപാതകങ്ങള്‍ക്കു പിന്നിലും അവതാരകന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഷോയുടെ റേറ്റിംഗ്‌ കൂട്ടുന്നതിനായാണ്‌ വാലസ്‌ ഇത്രയും സൂക്ഷ്‌മതയോടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നാണ്‌ പൊലീസ്‌ ആരോപണം. കൊലാപതക സ്ഥലത്ത്‌ പൊലീസ്‌ എത്തും മുമ്പ്‌ തന്നെ വാലസ്‌ സൂസയും സംഘവും സര്‍വസജ്ജീകരണങ്ങളുമായി എത്തുന്നു. പല മരണങ്ങളും ഇവരുടെ ഷൂട്ടിംഗ്‌ കഴിഞ്ഞാണ്‌ പൊലീസ്‌ പോലും അറിയുന്നത്‌ തന്നെ.

എന്നാല്‍ ഒരു നിയമസഭാഗംത്തെ അറസ്റ്റ്‌ ചെയ്യാന്‍ മാത്രം ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യിലില്ലെന്നതാണ്‌ ബ്രസീലിയന്‍ പൊലീസിനെ കുഴക്കുന്നത്‌. ആമസോണ്‍ മേഖലയിലെ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയില്‍ പെട്ടയാളാണ്‌ വാലസ്‌ എന്നാണ്‌ ആരോപണം. അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ശത്രുക്കളെ വകവരുത്താനും റിയാലിറ്റി ഷോ വഴി നല്ലപിള്ള ചമയാനും വാലസിനു കഴിയുന്നുണ്ട്‌. എന്നാല്‍ മയക്കുമരുന്ന്‌ കൊലപാതക കേസുകളില്‍ വാലസിന്റെ മകന്‍ റഫേലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു കഴിഞ്ഞു. ആടുന്നവരെയും പാടുന്നവരെയും മുതല്‍ കല്യാണം തേടുന്നവര്‍ പോലും റിയാലിറ്റി ഷോ ആയി. ഇനി വാലസിനെ പോലുള്ള ക്രിമിനലുകള്‍ കൊലപാതകത്തിനും റിയാലിറ്റി മാര്‍ഗമാക്കിക്കഴിഞ്ഞതോടെ വരുംനാളുകളില്‍ എന്തെല്ലാം റിയാലിറ്റികള്‍ നമ്മെ കാത്തിരിക്കുന്നു.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com


0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.