Saturday, October 10, 2009

വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ



ബി കല്യാണി അമ്മ   /

കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ പുരുഷനായ സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയെ ദിവാന്‍ ഭരണകൂടം നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സംസ്ഥാനത്തുടനീളം ആഘോഷിക്കപ്പെടുകയാണ്‌. ഭരണകര്‍ത്താക്കളുടെ അഴിമതിയെയും ജനദ്രോഹത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌, ജനകീയ പത്രപ്രവര്‍ത്തനത്തിന്‌ നാന്ദികുറിച്ച സ്വദേശാഭിമാനി പത്രം മലയാള മനസ്സില്‍ മായാതെ കിടക്കും; അതിന്റെ പത്രാധിപരും. എന്നാല്‍ ആ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിക്ക്‌ നമ്മുടെ ചരിത്രം അര്‍ഹമായ സ്ഥാനം നല്‌കിയിട്ടുണ്ടോ? രാമകൃഷ്‌ണപ്പിള്ളയ്‌ക്ക്‌ കരുത്തും പിന്തുണയും നിര്‍ലോഭമായ സ്വാതന്ത്ര്യവും നല്‌കിയ, കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പി വക്കം മൗലവി ഇല്ലായിരുന്നുവെങ്കില്‍ സ്വദേശാഭിമാനി പത്രമുണ്ടാകുമായിരുന്നോ, ആ ധീരനായ പത്രാധിപരും?

വക്കം മൗലവിയുടെ ആദര്‍ശധീരതയും, സ്വദേശാഭിമാനി പത്രത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പത്രാധിപര്‍ക്ക്‌ ഊര്‍ജം നല്‌കുന്നതിലും മഹാനായ വക്കം മൗലവി നിര്‍വഹിച്ച നിര്‍ണായക പങ്ക്‌ അനാവരണം ചെയ്‌തുകൊണ്ട്‌ രാമകൃഷ്‌ണപ്പിള്ളയുടെ പത്‌നിയും മകളും ലേഖനമെഴുതിയിരുന്നു. സമകാലിക പ്രസക്തി പരിഗണിച്ച്‌ ആ ലേഖനങ്ങള്‍ പൂര്‍ണമായി പുനപ്രസിദ്ധീകരിക്കുന്നു.

***

സ്വദേശാഭിമാനിപ്പത്രത്തിന്റെയും അച്ചുക്കൂടത്തിന്റെയും ഉടമസ്ഥനായിരുന്ന ആള്‍ -1905 മുതല്‍ 1910 സപ്‌തംബര്‍ അവസാനം വരെ ഒരേനിലയില്‍ സ്ഥിരചിത്തനായി വര്‍ത്തിച്ചിരുന്ന പുരുഷകേസരിയാണ്‌ വക്കത്തെ അബ്‌ദുല്‍ഖാദര്‍ മൗലവി. ഇദ്ദേഹത്തെ അനുസ്‌മരിക്കുന്ന ഒരു ലേഖനം കൂടാതെ സ്വദേശാഭിമാനി സ്‌മാരകഗ്രന്ഥം അപൂര്‍ണവും അതൃപ്‌തികരവുമായിരിക്കും. എന്നാല്‍, ഞാന്‍ അദ്ദേഹത്തെപ്പറ്റി എന്താണ്‌ എഴുതേണ്ടതെന്ന്‌ അറിയുന്നില്ല. എനിക്ക്‌ അദ്ദേഹവുമായുള്ള പരിചയം ഏറ്റവും പരിമിതവും, വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ അനുമാനിച്ചിട്ടുള്ളതുമാണ്‌. എന്റെ വീക്ഷണവീഥിയില്‍പ്പെട്ടതും ഭര്‍ത്താവില്‍ നിന്ന്‌ കേട്ടിട്ടുള്ളതുമായ കാര്യങ്ങളെ ഇവിടെ രേഖപ്പെടുത്തി ഞാന്‍ കൃതകൃത്യയാകട്ടെ.

1906ലെ ആദ്യകാലത്താണ്‌ എന്റെ ഭര്‍ത്താവ്‌ സ്വദേശാഭിമാനിയുമായി ബന്ധപ്പെട്ടത്‌. മൗലവി തന്നെയാണ്‌ തിരുവനന്തപുരത്ത്‌ ഞങ്ങളുടെ വസതിയില്‍ വന്ന്‌, അദ്ദേഹത്തെ ക്ഷണിച്ച്‌ പത്രാധിപത്യം ഭരമേല്‌പിച്ചതും, താമസത്തിന്നായി വക്കത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതും. ആ അവസരത്തില്‍ ഞാനും അദ്ദേഹത്തെ അനുഗമിച്ചു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങേണ്ടതായി വന്നു. മൗലവി ഞങ്ങളുടെ വസതിയില്‍ വന്നപ്പോഴും ഏതാനും നാള്‍ ഞാന്‍ വക്കത്ത്‌ താമസിച്ചിരുന്നപ്പോഴും ദൂരത്തുനിന്ന്‌ അദ്ദേഹത്തെ കാണുകയേ ഉണ്ടായിട്ടുള്ളൂ. വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ ബഹുമാനിക്കേണ്ട ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെയാണ്‌ ഞാന്‍ അദ്ദേഹത്തെ ആദ്യാവസാനം കണ്ടിരുന്നത്‌.

1906ല്‍ തന്നെ ഞാന്‍ രണ്ടാമതും വക്കത്തു പോയി രണ്ട്‌ മാസം പാര്‍ത്തു. മൗലവിയുടെ കുടുംബഗൃഹ വളപ്പില്‍തന്നെയുള്ള പുതിയൊരു കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ പാര്‍ത്തിരുന്നത്‌. പല സായാഹ്നങ്ങളിലും പത്രാധിപര്‍ ആഫീസില്‍ (അതും സമീപത്തു തന്നെയായിരുന്നു) നിന്ന്‌ മടങ്ങിയെത്തിയ ശേഷം മൗലവി ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്ന്‌, പുറമെയുള്ള വരാന്തയിലിരുന്ന്‌ അദ്ദേഹവുമായി സംഭാഷണം ചെയ്‌തിരുന്നു. ഞങ്ങളുടെ സുഖസൗകര്യങ്ങളെപ്പറ്റി അദ്ദേഹം പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഞാന്‍ അകത്തു നിന്നാണ്‌ സംഭാഷണം ശ്രവിച്ചിരുന്നത്‌. മൗലവിയുടെ ശബ്‌ദം താണതും സംഭാഷണം മിതവുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വ്യക്തമായി കേട്ടിട്ടില്ല. അദ്ദേഹം ശുഭ്രവസ്‌ത്രങ്ങള്‍ ധരിച്ച്‌, ഏകനായിട്ടാണെങ്കില്‍ നിലത്ത്‌ ദത്തദൃഷ്‌ടിയായും, കൂട്ടുകാരുണ്ടെങ്കില്‍ അവരുമായി സംസാരിച്ച്‌ മന്ദസ്‌മിതനായും കടന്നുപോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അന്ന്‌ ഹിന്ദു-മുസ്‌ലിം മൈത്രിയെപ്പറ്റി യാതൊരു ശങ്കയ്‌ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, പത്രാധിപരും അദ്ദേഹവുമായുണ്ടായിരുന്ന ബന്ധം കേവലം സൗഹാര്‍ദബന്ധമായിരുന്നില്ല, പൂര്‍ണ സൗഭ്രാത്രത്തിന്റെ ഉന്നത മാതൃകയായിരുന്നുവെന്ന്‌ സംശയലേശം കൂടാതെ പറയാന്‍ സാധിക്കും.

മൗലവിയുടെ മാതാവും സഹോദരിമാരുമായി ഇക്കുറി എനിക്ക്‌ പരിചയപ്പെടാനിടയായി. അവര്‍ പര്‍ദാസമ്പ്രദായം അനുഷ്‌ഠിച്ചിരുന്നതിനാല്‍ ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്നില്ല. പലപ്പോഴും ആളയച്ച്‌ എന്നെ അവരുടെ ഗൃഹത്തില്‍ കൂട്ടിക്കൊണ്ടുപോവുകയും അവരുടെ സല്‍ക്കാരങ്ങളെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ഗര്‍ഭാലസ്യം കൊണ്ട്‌ അവശയായിരുന്ന എന്നില്‍ മൗലവിയുടെ മാതാവ്‌ മാതൃനിര്‍വിശേഷമായ സ്‌നേഹവും ഔദാര്യവും ചൊരിഞ്ഞിരുന്നു. അവരുടെ കരുണയ്‌ക്ക്‌ ഇന്നും ഞാന്‍ കൈകൂപ്പുന്നു.

1907 ജൂലൈ മാസത്തില്‍ അച്ചുക്കൂടവും പത്രമാഫീസും വക്കുത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി. മൗലവി തന്നെയാണ്‌ അന്നും ഉടമസ്ഥന്‍. പക്ഷേ, ഉടമസ്ഥത നാമമാത്രമായിരുന്നു. പത്രാധിപര്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിലും അച്ചുക്കൂടം നടത്തിപ്പിലും ഒരു സ്വതന്ത്രഹസ്‌തമാണ്‌ മൗലവി നല്‍കിയിരുന്നത്‌. അവര്‍ തമ്മില്‍ നിയമസംബന്ധമായോ ധനസംബന്ധമായോ യാതൊരു കരാറുകളും ഉണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. പത്രവും അച്ചുക്കൂടവും സ്ഥലംമാറ്റം ചെയ്യുന്നതിനും പ്രാരംഭച്ചെലവുകള്‍ക്കും വേണ്ട തുക വക്കത്തു നിന്നു തന്നെ വന്നു. അത്‌ ഒരു കടമായിട്ടാണ്‌ പത്രാധിപര്‍ കരുതിയത്‌. പക്ഷേ, ആ കടംവീട്ടാന്‍ ഇടയായിട്ടില്ല. ഋണബാധിതനായിത്തന്നെ അദ്ദേഹം ജീവിച്ചുവെന്ന്‌ പറയാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മൗലവി തിരുവനന്തപുരത്തു വന്ന്‌ പത്രാധിപരെ കണ്ടിരുന്നു. എന്നാല്‍, പലപ്പോഴും പണിത്തിരക്കില്‍ കഴിഞ്ഞുകൂടിയിരുന്ന പത്രാധിപര്‍, ‘അധികസമയം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചില്ല’ എന്ന്‌ പരിതപിച്ചുപറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

1910 ആദ്യം മുതല്‍ക്കു തന്നെ തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ നിയമദൃഷ്‌ടി സ്വദേശാഭിമാനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. എന്നാല്‍, അത്‌ പതിപ്പിക്കാനുള്ള അവസരം അനായാസേന ലഭിച്ചില്ല. ചരിത്രപ്രസിദ്ധമായ ‘കന്നിപത്തി’ലെ രാജകീയ വിളംബരത്തോടെ ഗവര്‍മെന്റ്‌ നടത്തിയ പരിഷ്‌കാര ബഹിഷ്‌കാരത്തെപ്പറ്റി ഞാന്‍ ഇവിടെ കൂടുതല്‍ എഴുതേണ്ടതായിട്ടില്ല. ഇതോടൊപ്പം മൗലവിക്ക്‌ പത്രവും അച്ചുക്കൂടവും നഷ്‌ടപ്പെട്ടു. എന്നാല്‍, അത്‌ ഒരു ധനനഷ്‌ടമായി അദ്ദേഹം ഗണിച്ചില്ല. തന്റെ ഭ്രാതാവുമായുണ്ടായ വേര്‍പാട്‌ മാത്രം അദ്ദേഹത്തെ വ്യാകുലചിത്തനാക്കിത്തീര്‍ത്തു.

ഞാന്‍ ഭര്‍ത്താവോടൊപ്പം നാടുവിട്ടശേഷം 1925ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങി, റീജന്‍സി ഭരണം നടന്നിരുന്ന കാലത്താണ്‌ ആദ്യമായി നാട്ടില്‍വന്നത്‌. അന്നാണ്‌ എനിക്ക്‌ മൗലവിയെ നേരിട്ടുകാണാനും അഭിമുഖസംഭാഷണം ചെയ്‌വാനും ഭാഗ്യം ലഭിച്ചത്‌. ഒരിക്കല്‍ ഞാന്‍ കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്യവേ, ചിറയിന്‍കീഴ്‌ റെയില്‍വേസ്റ്റേഷനില്‍ ചില സുഹൃത്തുക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്റ്റേഷനതിര്‍ത്തിയിലെ മുള്‍വേലിയില്‍ ചാരി കൈകൂപ്പി നിന്നിരുന്ന ഒരാളെ എന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ‘ആ നില്‌ക്കുന്ന ആളെ അറിയുമോ? ഓര്‍മയുണ്ടോ?’ എന്ന്‌ ചോദിച്ചു. പൂജ്യപൂമാനായ മൗലവിയെ ഞാന്‍ മനസ്സിലാക്കുകയും ദൂരത്തു നിന്നെങ്കിലും എന്റെ പ്രണാമം ഞാന്‍ അദ്ദേഹത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഞാന്‍ ഏതാനും നാള്‍ക്കുള്ളില്‍ കൊല്ലത്തേക്ക്‌ മടങ്ങുമെന്നും എനിക്ക്‌ അദ്ദേഹത്തെ നേരിട്ടുകാണ്‍മാന്‍ ആഗ്രഹമുണ്ടെന്നും സുഹൃത്ത്‌ മുഖേന അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു.

അദ്ദേഹം കരുണാപൂര്‍വം എന്റെ ആഗ്രഹം സാധിച്ചുതന്നു. കൊല്ലത്തെ, എന്റെ പുത്രിയുടെ വസതിയില്‍ അദ്ദേഹം എന്നെ സന്ദര്‍ശിച്ചു. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ച്‌ ഇരുന്നു. സഹോദരസഹോദരിമാരെപ്പോലെ, ആദരപൂര്‍വമായ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സംഭാഷണം നടത്തി. പത്രാധിപരെയും കുടുംബത്തെയും പറ്റി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ ബാഷ്‌പകലുഷിതങ്ങളാകയും ചെയ്‌തു. ഈ സ്ഥിതി അധികനേരം തുടരുവാന്‍ ഇരുവര്‍ക്കും സാധ്യമായില്ല. അദ്ദേഹം യാത്രപറവാനൊരുങ്ങി. പിരിയുന്നതിനു മുമ്പായി, ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയതു മുതല്‍ അച്ചുക്കൂടം മടക്കിക്കിട്ടുവാന്‍ ഒരു അവകാശഹര്‍ജി കൊടുക്കണമെന്ന്‌ അദ്ദേഹത്തെ ബന്ധുമിത്രങ്ങള്‍ ഒന്നുപോലെ പ്രേരിപ്പിക്കുന്നുവെന്നും, എന്നാല്‍ അദ്ദേഹം അതിന്‌ തയ്യാറില്ലെന്നും പറയുകയുണ്ടായി. `എന്റെ പത്രാധിപരെക്കൂടാതെ എനിക്ക്‌ പത്രമെന്തിന്‌? അച്ചുക്കൂടമെന്തിന്‌? എന്ന്‌ നിരുദ്ധകണ്‌ഠത്തോടുകൂടി പറഞ്ഞുകൊണ്ട്‌ അദ്ദേഹം എന്നെ പിരിഞ്ഞുപോയി. ഞാന്‍ ശോകമൂകയായി അദ്ദേഹത്തിന്‌ എന്റെ നമസ്‌കാരം അര്‍പ്പിച്ചതേയുള്ളൂ.

സ്വദേശാഭിമാനിയുടെ ജംഗമവസ്‌തുക്കള്‍ തിരുവിതാംകൂറിലെ ഇന്നത്തെ ഗവര്‍മെന്റ്‌ ന്യായമായ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുവാന്‍ തീര്‍ച്ചയാക്കിയതായി അറിഞ്ഞു. അച്ചുക്കൂടവും സാമഗ്രികളും അടങ്ങിയ ആ ജംഗമവസ്‌തുക്കളുടെ ന്യായമായ അവകാശി അവിടെ സമീപത്തു തന്നെയുണ്ട്‌. മൗലവിയുടെ പുത്രന്‍ ശ്രീ. വക്കം അബ്‌ദുല്‍ഖാദര്‍. അച്ഛനു പറ്റിയ നഷ്‌ടം മകനു മടക്കിക്കൊടുത്ത്‌ പരിഹാരം നേടുവാന്‍ ഗവര്‍മെന്റ്‌ കാലതാമസം വരുത്തുകയില്ലെന്ന്‌ വിശ്വസിക്കുന്നു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും കൂടിയായ ശ്രീ. അബ്‌ദുല്‍ഖാദര്‍ക്ക്‌ ഒരച്ചുക്കൂടം ഉപകാരപ്രദമായിരിക്കും.

സംസ്‌കൃതനും കുലീനനും വിദ്വാനും ശാന്തശീലനും ധീരോദാത്തനും സര്‍വോപരി സ്‌നേഹപൂര്‍ണവും ആത്മാര്‍ഥവുമായ ഒരു ഹൃദയമുള്ള പുരുഷനും ആയ പൂജ്യനായ മൗലവിക്ക്‌ എന്റെ വിനീത പ്രണാമങ്ങള്‍!

**      **     **      **       **
രാമകൃഷ്‌ണപ്പിള്ളയുടെ സഹധര്‍മിണിയായ ലേഖിക 1948ല്‍ സ്വദേശാഭിമാനി സ്‌മരണികയ്‌ക്കു വേണ്ടി എഴുതിയതാണ്‌ ഈ ലേഖനം. 1959 ഒക്‌ടോബര്‍ 7ന്‌ കല്യാണിയമ്മ നിര്യാതയായി.


© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.