ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് /
“അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമാക്കുകതന്നെ ചെയ്യും; സത്യനിഷേധികള്‍ക്ക് അനിഷ്‌ടകരമായാലും” (വി.ഖു 61:8). “അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക് അനിഷ്‌ടകരമായാലും.” (വി.ഖു 9:32)
അല്ലാഹുവിന്റെ പ്രകാശം പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്നതാണ്. ജ്വലിക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന് മാത്രമല്ല, ജ്വാലകളുയരാത്ത ഗ്രഹോപഗ്രഹങ്ങളില്‍ നിന്നും പ്രകാശം പ്രസരിക്കുന്നു. വേദഗ്രന്ഥങ്ങളിലൂടെ, പ്രവാചകന്മാരിലൂടെ അല്ലാഹു ലോകര്‍ക്കെത്തിച്ച സത്യസന്മാര്‍ഗവും സദാ പ്രകാശം പ്രസരിപ്പിക്കുന്നതാണ്. ദിവ്യദീപ്‌തിക്കെതിരെ മനസ്സ് കൊട്ടിയടച്ചവര്‍ പോലും ചിലപ്പോള്‍ അവിചാരിതമായി സന്മാര്‍ഗത്തിന്റെ ചൈതന്യത്തിലേക്ക് ആകൃഷ്‌ടരായിട്ടുണ്ട്. പലതരം ഇരുട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ പോലും ദൈവികമാര്‍ഗദര്‍ശനത്താല്‍ പ്രകാശപൂരിതമായ ജീവിതത്തിന്നുടമകളായിത്തീരും. സത്യവേദത്തെപ്പറ്റി അന്തിമപ്രവാചകനോട് അല്ലാഹു പറയുന്നു:
“മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്.” (വി.ഖു 14:2)
ഇവിടെ ഇരുട്ടുകള്‍ എന്ന് ബഹുവചനമായും വെളിച്ചം എന്ന് ഏകവചനമായും പ്രയോഗിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. യഥാര്‍ഥ വെളിച്ചം ഒന്നേയുള്ളൂ. ഏകനായ ലോകരക്ഷിതാവിനെ മാത്രം ദൈവമായി, ആരാധ്യനായി സ്വീകരിക്കുന്ന ആദര്‍ശമാണത്. പ്രപഞ്ചത്തെയാകെ പ്രദീപ്‌തമാക്കുന്ന ദിവ്യവെളിച്ചംകൊണ്ട് മനുഷ്യന്‍ സ്വന്തം മനസ്സിനെ പ്രകാശിതമാക്കുന്ന മാര്‍ഗം. അതല്ലാത്ത മര്‍ഗങ്ങളൊക്കെ ഇരുളടഞ്ഞതാണ്. ഒന്നായ മൂന്ന്, മൂന്നായ ഒന്ന്, ഒന്നായ ബഹുത്വം, ബഹുത്വമായ ഏകത്വം എന്നൊക്കെപ്പറയുന്നത് ഇരുട്ടുകളെ വെള്ളപൂശാനുള്ള ശ്രമം മാത്രമാണ്. ഏതൊക്കെ ദേവീദേവന്മാരോടും പുണ്യാത്മാക്കളോടും പ്രാര്‍ഥിച്ചാലും അതൊക്കെ സാക്ഷാല്‍ ലോകരക്ഷിതാവിനോടുള്ള പ്രാര്‍ഥന തന്നെയാണെന്ന വാദം വെളിച്ചത്തിലേക്ക് തിരിയുന്ന മനുഷ്യരെ കൂരിരുട്ടിലേക്ക് തന്നെ തള്ളാനുള്ള കുതന്ത്രമാണ്.
അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനുള്ള ശ്രമം സത്യനിഷേധികള്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ച ശത്രുക്കള്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ കപടന്മാരും ഗുണകാംക്ഷിവേഷക്കാരുമെല്ലാം സാക്ഷാല്‍ സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. മദീനയില്‍ ദൈവികവെളിച്ചം തെളിഞ്ഞുനിന്നപ്പോള്‍ തന്നെ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ നേതൃത്വത്തിലുള്ള കപടന്മാര്‍ അത് ഊതിക്കെടുത്തുവാന്‍ കിണഞ്ഞുശ്രമിച്ചിട്ടുണ്ട്. തങ്ങളാണ് പ്രതാപികളെന്നും വിശ്വാസികള്‍ നിസ്സാരന്മാരാണെന്നും സമര്‍ഥിച്ചുകൊണ്ട് ഇരുട്ടിന്റെ വഴിയിലേക്ക് ആളെക്കൂട്ടാനായിരുന്നു അവരുടെ ശ്രമം. പിന്നെ വ്യാജപ്രവാചകന്‍ മുസൈലിമ രംഗത്തുവന്നു. പതിനായിരങ്ങളെ അണിനിരത്തിയ ആ ദുഷ്‌ടന്‍ ഇസ്‌ലാമിന്റെ വെളിച്ചം എന്നെന്നേക്കുമായി ഊതിക്കെടുത്താമെന്ന വ്യാമോഹത്തിലായിരുന്നു. രണ്ടാം ഖലീഫ ഉമറി(റ)നെയും മൂന്നാം ഖലീഫ ഉസ്‌മാനെ(റ)യും വധിക്കുകയും പ്രവാചകശിഷ്യന്മാരെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്‌ത കുതന്ത്രക്കാരും കൊതിച്ചത് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്നായിരുന്നു.
കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം സമൂഹത്തിനുള്ളിലും പുറത്തുമുള്ള ഇരുട്ടിന്റെ ശക്തികള്‍ സത്യസന്മാര്‍ഗത്തിന്റെ പ്രകാശം ഊതിക്കെടുത്തിക്കളയാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. ഗ്രീക്ക് ദര്‍ശനത്തിന്റെ മൂശയില്‍ ഇസ്‌ലാമിനെ വാര്‍ത്തെടുത്താലേ അതിന്റെ ഭാവി ശോഭനമാകൂ എന്നായിരുന്നു ഗുണകാംക്ഷികളായി ചമഞ്ഞ ചിലരുടെ പ്രചാരണം. തീവ്രഭക്തിയുടെയും അദദ്വൈതത്തിന്റെയും വഴിയിലൂടെ മാത്രമേ ആത്മസാക്ഷാത്‌കാരം സാധ്യമാകൂ എന്നായിരുന്നു സ്വൂഫികളുടെ ഉപദേശം. യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും മറ്റും താല്‍പര്യങ്ങള്‍ക്കൊത്ത് ഇസ്‌ലാമിക പ്രമാണങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും പലകാലങ്ങളില്‍ നടന്നിട്ടുണ്ട്. ക്രൈസ്‌തവര്‍, യഹൂദര്‍, പാഴ്‌സികള്‍, ഹിന്ദുത്വവാദികള്‍, സര്‍വമതസത്യവാദികള്‍ എന്നിങ്ങനെ പല തല്‍പരകക്ഷികള്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ പലപ്പോഴും യുവാക്കളെയും അഭ്യസ്‌തവിദ്യരെയും രാഷ്‌ട്രീയ ഭരണരംഗങ്ങളിലെ ഉന്നതരെയും സ്വാധീനിച്ചിട്ടുമുണ്ട്. മുസ്‌ലിം സമൂഹത്തില്‍ നിന്നുതന്നെ കുറേപേര്‍ ഇസ്‌ലാമില്‍ മായം ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍ ആകൃഷ്‌ടരായിട്ടുണ്ട്. തൗഹീദ് ഖുര്‍ആനിന് വിരുദ്ധമാണെന്ന് സമര്‍ഥിച്ചുകൊണ്ട് ഒരു മുസ്‌ലിം നാമധാരി ഇയ്യിടെ ലേഖനമെഴുതുകയുണ്ടായി.
സത്യപ്രകാശം ലോകത്ത് തികഞ്ഞ ശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നത് തടയാന്‍ നിരന്തര ശ്രമങ്ങളുണ്ടായിട്ടും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള അവക്രമായ ആദര്‍ശം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്‌തു. സാക്ഷാല്‍ ഇസ്‌ലാമല്ലാത്ത യാതൊന്നും ദീനായി അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കില്ല എന്ന യാഥാര്‍ഥ്യം (വി.ഖു 3:85) തിരിച്ചറിഞ്ഞ സത്യപ്രബോധകരാണ് എക്കാലത്തും അല്ലാഹുവിന്റെ പ്രകാശം പൂര്‍ണതയോടെ നിലനിര്‍ത്തുന്നതിനുവേണ്ടി സേവനമനുഷ്‌ഠിച്ചത്. മറ്റു സമൂഹങ്ങളിലെ പലതരം ചിന്താഗതിക്കാരും മുസ്‌ലിം സമൂഹത്തിലെതന്നെ വ്യതിചലിച്ച വിഭാഗങ്ങളും ഇസ്‌ലാമിന്റെ സാക്ഷാല്‍ വെളിച്ചം കെടുത്തിക്കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അസത്യവുമായി ഒട്ടും രാജിയാകാതെ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലി(സ)ല്‍ നിന്ന് സ്ഥിരപ്പെട്ട ചര്യയും പ്രമാണമാക്കി ദീന്‍ പഠിപ്പിക്കുന്നവരുടെ സേവനം അതുല്യമത്രെ.
ഓരോ കാലഘട്ടത്തിലും ആനുകാലിക ചിന്താഗതികളുടെയും പ്രവണതകളുടെയും പേരില്‍ ഇസ്‌ലാമിന്റെ കാലിക പ്രസക്തി തള്ളിപ്പറയാന്‍ മുസ്‌ലിംകളില്‍ തന്നെ പലരും ധൃഷ്‌ടരായിട്ടുണ്ട്. തങ്ങള്‍ കാലത്തിനും ലോകത്തിനുമൊപ്പമാണ് നില്‍ക്കുന്നതെന്നും മറ്റുള്ളവര്‍ കാലഹരണപ്പെട്ട ആശയങ്ങള്‍ മുറുകെപ്പിടിച്ച് ജീര്‍ണതയിലേക്ക് നീങ്ങുകയാണെന്നുമാണ് അവര്‍ പുതുതലമുറകളോട് പറഞ്ഞത്. മുഹമ്മദ് നബി പണ്ട് പ്രബോധനം ചെയ്‌ത അതേ രൂപത്തില്‍ ഇക്കാലത്ത് ഈ ലോകത്തോട് ഇസ്‌ലാമിനെ സംബന്ധിച്ച് സംസാരിച്ചാല്‍ അത് വിലപ്പോവില്ല എന്ന് ചില ബുദ്ധിജീവികള്‍ക്ക് തോന്നുകയുണ്ടായി. ചിലര്‍ വിമര്‍ശകരായി. ചിലര്‍ ക്ഷമാപണസ്വരക്കാരായി. അഥവാ കാലാനുസൃത വായനയുടെ വക്താക്കളായി മാറി. പലരും വ്യതിയാനത്തിന്റെയും പിന്മാറ്റത്തിന്റെയും നിലപാടിലേക്ക് നീങ്ങിയപ്പോഴും ഇളക്കമില്ലാതെ സത്യദീനില്‍ ഉറച്ചുനിന്ന് പ്രകാശം പരത്തിക്കൊണ്ടിരുന്നവരാണ് സാക്ഷാല്‍ ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വം തെളിയിച്ചത്. അല്ലാഹുവിന്റെ അനുഗൃഹീത ദാസന്മാര്‍ എക്കാലത്തും ഈ ദൗത്യം നിര്‍വഹിച്ചുപോന്നിട്ടുണ്ട്. അവരെ സംബന്ധിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്‌ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരും. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (വി.ഖു 5:54)
ഖുര്‍ആനിലുള്ളത് അതേപടി ജനങ്ങളോട് പറഞ്ഞാല്‍ അവര്‍ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്യുമെന്ന ഭയത്താല്‍ കാലത്തിനിണങ്ങുന്നതോ ജനങ്ങള്‍ക്ക് ഇഷ്‌ടപ്പെടുന്നതോ ആയ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെക്കുക എന്ന നയം സ്വീകരിച്ചവര്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പിന്നിട്ടതോടെ അത്തരം വ്യാഖ്യാനങ്ങളില്‍ മിക്കതും കാലഹരണപ്പെടുകയും ഖുര്‍ആന്‍ ഒളിമങ്ങാതെ നിലനില്‍ക്കുകയുമാണ് ചെയ്‌തത്. പ്രബലമായ ഹദീസുകളുടെ കാര്യവും ഇതില്‍ നിന്ന് ഏറെ വ്യത്യസ്‌തമല്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് ഇസ്‌ലാമിനെക്കുറിച്ച വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശങ്കാകുലരാവുകയും വിമര്‍ശകരെയും സമാനമനസ്‌കരെയും തൃപ്‌തിപ്പെടുത്താന്‍ പര്യാപ്‌തമാകുമെന്ന് തോന്നുന്ന ഒഴികഴിവുകള്‍ തേടുകയും ചെയ്യുന്നത്. അല്ലാഹു ഇഷ്‌ടപ്പെടുമെങ്കില്‍ മറ്റാര്‍ക്കെല്ലാം അനിഷ്‌ടമുണ്ടായാലും പ്രശ്‌നമില്ല എന്ന ധീരമായ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ ദിവ്യപ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.
© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com
2 comments:
“അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമാക്കുകതന്നെ ചെയ്യും; സത്യനിഷേധികള്‍ക്ക് അനിഷ്‌ടകരമായാലും” (വി.ഖു 61:8). “അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക് അനിഷ്‌ടകരമായാലും.” (വി.ഖു 9:32)
ദൈവം എല്ലാവരോടും പൊറുക്കട്ടെ..
എല്ലാവരെയും രക്ഷിക്കട്ടെ !!
Post a Comment
നിങ്ങളുടെ പ്രതികരണം അറിയിക്കുക....