"സ്‌ത്രീകളുടെ മൗലികാവകാശങ്ങളുടെ ശരിയായ സംരക്ഷകനാണ് ഇസ്‌ലാം. സ്‌ത്രീകള്‍ക്ക് ന്യായമായ അവകാശമാണ് ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നത്. തുല്യാവകാശമല്ല; മൗലികതയാണ് വാഗ്‌ദാനം ചെയ്യുന്നത് " -ബ്രിട്ടനിലെ ലിവര്‍പൂള്‍ ജഡ്‌ജ് മരിലിന്‍ മോറിംഗ്‌ടണിന്റേതാണ് ഈ വാക്കുകള്‍. ലോക നീതിന്യായ സംവിധാനങ്ങളുടെ മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ബ്രിട്ടീഷ് നീതിപീഠത്തിലെ നിര്‍ണായക പദവി വഹിക്കുന്ന മരിലിന്‍ മോറിംഗ്‌ടണ്‍ ഇന്ന് ലോകമറിയുന്ന ഇസ്‌ലാമിക പ്രഭാഷകകൂടിയാണ്. പരാതികള്‍ കേട്ടും അപരാധികളെ ശിക്ഷിച്ചും നിരപരാധികള്‍ക്ക് നിയമ സംരക്ഷണം ഉറപ്പു നല്‌കിയും നീതിയുടെ കാവലാളാവുന്ന ഈ വനിതയുടെ പുതിയ ദൗത്യം മുസ്‌ലിം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ്. ഈ ദൗത്യവുമായി ലോകം താണ്ടുകയാണ് മോറിംഗ്‌ടണ്‍.
ചെറുപ്രായത്തില്‍ തന്നെ രാജ്യം ആദരിച്ച അഭിഭാഷകയായും പിന്നെ ന്യായാധിപയായും പേരെടുത്ത മോറിംഗ്‌ടണ്‍ ഓരേസമയം രാജ്യാന്തര പ്രശസ്‌തിയാര്‍ജിച്ച പ്രഭാഷകയും എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമെന്ന നിലയില്‍ ബഹുമുഖ പ്രതിഭ തെളിയിച്ചു കഴിഞ്ഞതാണ്. വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക ചര്യയിലെയും നീതിയുടെ സാരമാണ് മോറിംഗ്‌ടണെ ഇസ്‌ലാമിന്റെ മോക്ഷമാര്‍ഗത്തോടടുപ്പിക്കുന്നത്. ഇസ്‌ലാം ആശ്ലേഷിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ ദൗത്യം തുടരുകയാണ്.
1976ല്‍ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി പുറത്തിറങ്ങിയ അതേ വര്‍ഷം തന്നെ അഭിഭാഷകയായും പ്രവര്‍ത്തനം തുടങ്ങി. കുടുംബ നിയമത്തില്‍ സ്‌പെഷ്യലൈസ് ചെയ്‌തായിരുന്നു ലിവര്‍പൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 18 വര്‍ഷത്തെ അഭിഭാഷക വൃത്തിക്കു ശേഷം ലിവര്‍പൂളിലെ ബിര്‍കെന്‍ഹെഡ് ജില്ലാ ജഡ്‌ജായി പുതിയ ഉത്തരവാദിത്വം. 40ാം വയസ്സില്‍ പുതിയ വേഷമണിയുമ്പോള്‍ ഈ പ്രായത്തില്‍ ഒരു ജഡ്‌ജിയാവുന്ന ആദ്യ വ്യക്തിയായി മാറുകയായിരുന്നു മോറിംഗ്‌ടണ്‍.
ന്യായത്തിനും നീതിക്കും മുന്നിലെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം ഇവര്‍ക്ക് മറ്റ് ഒട്ടേറെ അംഗീകാരങ്ങളും ഉത്തരവാദിത്വങ്ങളുമായിരുന്നു സമ്മാനിച്ചത്. കുടുംബ പ്രശ്‌നങ്ങളിലെ മാതൃകാപരമായ നിലപാടുകള്‍ക്കുള്ള അംഗീകാരമെന്നോണമായിരുന്നു വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് അംഗത്വം.
ഇതിനു പുറമെ നോര്‍തേണ്‍ സെര്‍ക്യൂട്ട് ഡൊമെസ്റ്റിക് വയലന്‍സ് ഗ്രൂപ്പ്, ലോഡ് ചാന്‍സലേഴ്‌സ് അഡഡ്വൈസറി ഗ്രൂപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളിലും സഭകളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി മോറിംഗ്‌ടണ്‍. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങളെ ചെറുക്കുന്ന സംഘടനകളിലും ഇവരുടെ സാന്നിധ്യം സജീവമായിരുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടെയായിരുന്നു നിമിത്തം പോലെ ഇസ്‌ലാമിനെ അടുത്തറിയാന്‍ ആരംഭിക്കുന്നത്.
പിന്നെ ഇസ്‌ലാമിന്റെ സംരക്ഷണയില്‍ സ്‌ത്രീത്വവും നീതിയും സുരക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് അധികം ദൈര്‍ഘ്യമില്ലായിരുന്നു. ഇതോടെ മുസ്‌ലിംസ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കുകയെന്ന റോളിലും മോറിംഗ്‌ടണ്‍ ലോകം ചുറ്റാന്‍ ആരംഭിച്ചു. മികവിനുള്ള അംഗീകാരമായി 2008ലെ മുസ്‌ലിം എക്‌സലന്‍സ് അവാര്‍ഡും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഫ്രണ്ട്‌സ് ഓഫ് ഇസ്‌ലാമുമടക്കം തേടിയെത്തിയ അവാര്‍ഡുകളുടെ എണ്ണവും നിരവധിയാണ്. സ്‌ത്രീവിരുദ്ധമെന്ന് വിമര്‍ശകര്‍ പരിചയപ്പെടുത്തുമ്പോഴും പ്രവാചക പത്‌നിമാരുടെ മാതൃകകളിലും വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പിന്‍ബലത്തിലും ഇസ്‌ലാമിലെ സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ മനോഹാരിത വര്‍ണിക്കുകയാണ് മോറിംഗ്‌ടണ്‍.
1 comments:
"സ്‌ത്രീകളുടെ മൗലികാവകാശങ്ങളുടെ ശരിയായ സംരക്ഷകനാണ് ഇസ്‌ലാം. സ്‌ത്രീകള്‍ക്ക് ന്യായമായ അവകാശമാണ് ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നത്. തുല്യാവകാശമല്ല; മൗലികതയാണ് വാഗ്‌ദാനം ചെയ്യുന്നത് "
Post a Comment
നിങ്ങളുടെ പ്രതികരണം അറിയിക്കുക....