Monday, February 23, 2009

തിന്മകളുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പും കുഴഞ്ഞുമറിയുന്ന മൂല്യബോധവും


ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌


പുകവലി എന്ന ദുശ്ശീലത്തിന്‌ അടിമപ്പെട്ടവരുടെ സംഖ്യ ലോകത്താകെ
ശതകോടിക്കണക്കിലുണ്ടാകും. സിഗരറ്റ്‌, ചുരുട്ട്‌, ബീഡി എന്നിവയുടെ നികുതി വകയില്‍
ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ സഹസ്രകോടിക്കണക്കില്‍ വരുമാനമുണ്ടാകും. അവയുടെ ഉത്‌പാദനവും
വിതരണവും കോടിക്കണക്കിലാളുകളുടെ ഉപജീവനമാര്‍ഗമാണ്‌. എന്നാലും ലോകരാഷ്‌ട്രങ്ങളൊന്നും
പുകവിലയുടെയും പുകയില ഉപഭോഗത്തിന്റെയും പ്രചാരണത്തെ അനുകൂലിക്കുന്നില്ല. പല
രാഷ്‌ട്രങ്ങളും പൊതുസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിച്ചുകഴിഞ്ഞു. നിരോധം
ലംഘിക്കുന്നവര്‍ക്ക്‌ ലക്ഷണക്കണക്കില്‍ പിഴയിടാന്‍ ചില രാഷ്‌ട്രങ്ങള്‍ നിയമം
നിര്‍മിച്ചിരിക്കയാണ്‌. ഇക്കാര്യത്തില്‍ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ലോക
ആരോഗ്യസംഘടന രാഷ്‌ട്രങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്‌. മയക്കുമരുന്ന്‌
ഉല്‌പാദിപ്പിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ചില രാഷ്‌ട്രങ്ങള്‍
വധശിക്ഷ നല്‌കാന്‍ തുടങ്ങിയിട്ട്‌ കുറെ കാലമായി. അത്യന്തം ഗുരുതരമായ രോഗങ്ങള്‍ക്കും
മോചനമില്ലാത്ത ആസക്തിക്കും നിമിത്തമാകുന്നു എന്നതുകൊണ്ടാണ്‌ ലോകസമൂഹവും
ഭരണകൂടങ്ങളും പുകയിലയുടെയും മയക്കുമരുന്നുകളുടെയും കാര്യത്തില്‍
നീക്കുപോക്കില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നത്‌.


മനുഷ്യര്‍ക്ക്‌ മൗലികമായ ദോഷം വരുത്തുന്ന കാര്യങ്ങള്‍ തടയുക എന്ന സദുദ്ദേശ്യമാണ്‌ ഇത്തരം നിരോധങ്ങള്‍ക്കും ശിക്ഷാനടപടികള്‍ക്കും പ്രേരകം. സിഗരറ്റ്‌ വ്യവസായികളുടെയും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും മയക്കുമരുന്ന്‌ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും മറ്റും സ്വാതന്ത്ര്യമോ അവകാശങ്ങളോ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ട വിഷയങ്ങളായി ഭരണകൂടങ്ങള്‍ കരുതുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തെ അപചയത്തിലേക്കും ദുരന്തങ്ങളിലേക്കും നയിക്കുന്ന മറ്റു ചില കാര്യങ്ങളുടെ നേര്‍ക്ക്‌ ആധുനിക ഭരണകൂടങ്ങള്‍ നിസ്സംഗത പുലര്‍ത്തുകയോ ഉദാരമായ സമീപനം സ്വീകരിക്കുകയോ ആണ്‌ ചെയ്യുന്നത്‌. പാശ്ചാത്യ സമൂഹങ്ങളും അവരെ അന്ധമായി അനുകരിക്കുന്നവരും ആ കാര്യങ്ങളില്‍ ഭ്രമിച്ചുപോയിരിക്കുന്നു എന്നതാകാം അതിനുള്ള കാരണം. പക്ഷെ, അത്തരം കാര്യങ്ങള്‍ നിരോധിക്കാതിരിക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ പറയാറുള്ളത്‌ നിരോധംകൊണ്ട്‌ ആളുകളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വിലക്കപ്പെട്ട കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ ചിലര്‍ക്ക്‌ ആകാംക്ഷ കൂടുമെന്നും മറ്റുമാണ്‌. ആദിമാതാപിതാക്കള്‍ വിലക്കപ്പെട്ട കനി ഭുജിക്കാനുള്ള പ്രലോഭനത്തിന്‌ വശംവദരായി എന്നതുകൊണ്ട്‌ ഭരണാധികാരികളാരും കുറ്റകൃത്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താതിരുന്നിട്ടില്ലല്ലോ.


മയക്കുമരുന്നുകള്‍ പോലെയോ അവയേക്കാള്‍ ഉപരിയായോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌
നിമിത്തമാകുന്ന മദ്യങ്ങളുണ്ട്‌. സല്‌ക്കാരങ്ങളിലോ മറ്റോ മദ്യപാനം ശീലിച്ചവര്‍
എന്നെന്നേക്കുമായി അതിന്‌ അടിമപ്പെടുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക്‌ അത്‌
കിട്ടാതിരുന്നാല്‍ ഗുരുതരമായ അസ്വാസ്ഥ്യമുണ്ടാകുന്നു. കുടുംബനാഥന്റെ മദ്യപാനം
കുടുംബാംഗങ്ങള്‍ക്കാകെ കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുന്നു. മദ്യപന്മാരുടെ
ഭാര്യമാരും കൊച്ചുകുട്ടികളും അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ
പ്രയാസങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍
വരുത്തിവെക്കുന്ന അപകടങ്ങള്‍ വിലപ്പെട്ട എത്രയോ ജീവന്‍ അപഹരിക്കുന്നു. അനേകം പേരെ
ജീവച്ഛവങ്ങളാക്കി മാറ്റുന്ന മദ്യത്തിന്റെ തീരുവയായി ഭരണകൂടങ്ങള്‍ക്ക്‌
ലഭിക്കുന്നതിലേറെ പണം മദ്യജന്യ രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ ചെലവഴിക്കേണ്ടിവരുന്നു.
മദ്യാസക്തിയില്‍ നിന്ന്‌ മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകട്ടെ ഡീഅഡിക്ഷന്‍
ചികിത്സയ്‌ക്കുവേണ്ടി ഭീമമായ തുക ചെലവിടേണ്ടി വരുന്നു. മദ്യം കൊണ്ട്‌ മാനവരാശിക്ക്‌
മൗലികമായ എന്തെങ്കിലും ഗുണമുണ്ടാകുന്നതായി ആരും തെളിയിച്ചിട്ടില്ല. എന്നാലും
ഇസ്ലാമികേതര രാഷ്‌ട്രങ്ങളിലെല്ലാം മദ്യവ്യവസായവും വ്യാപാരവും നിര്‍ബാധം നടക്കുന്നു.
പല നാടുകളിലും ഭരണകര്‍ത്താക്കളും രാഷ്‌ട്രീയക്കാരും മദ്യസദ്യയെ മാന്യതയുടെ
പ്രതീകമായി ഗണിക്കുന്നു. ഇന്ത്യയില്‍ മദ്യത്തിന്റെ കാര്യത്തില്‍ ചില
നിയന്ത്രണങ്ങളുണ്ടെങ്കിലും അതൊക്കെ ഏറെ ലോലമാണ്‌. ഇഷ്‌ടപാനീയം കഴിക്കാനുള്ള
സ്വാതന്ത്ര്യത്തിനും അത്‌ കഴിക്കുന്നവരുടെ മനുഷ്യാവകാശത്തിനും വേണ്ടി
വാദിക്കുന്നവര്‍ എവിടെയും ധാരാളമുണ്ടാകും. എന്നാല്‍ ആധുനികതയുടെ പേരില്‍
അഭിമാനിക്കുന്ന രാഷ്‌ട്രങ്ങളില്‍ മദ്യം നിമിത്തവും മദ്യപന്മാര്‍ മുഖേനയും
കഷ്‌ടനഷ്‌ടങ്ങള്‍ നേരിടുന്ന മനുഷ്യരുടെ മൗലികാവകാശങ്ങളെക്കുറിച്ച്‌
ശബ്‌ദമുയര്‍ത്താന്‍ മുന്നോട്ട്‌ വരുന്നവര്‍ വളരെ വിരളമാണ്‌.മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളുമധികം കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും അപമാനവീകരണത്തിന്‌ ആക്കം കൂട്ടുന്നതുമാണ്‌ ലൈംഗിക അരാജകത്വം. വ്യഭിചാരവും സ്വവര്‍ഗരതിയും ഉള്‍പ്പെടെയുള്ള അവിഹിത വേഴ്‌ചകള്‍ മനുഷ്യ ബന്ധങ്ങളുടെ പവിത്രത തകര്‍ക്കുക മാത്രമല്ല, ബന്ധപ്പെട്ട കക്ഷികളുടെ സുരക്ഷപോലും അപകടത്തിലാക്കുന്നു. ലൈംഗികരോഗങ്ങളുടെ വ്യാപനമാകട്ടെ സമൂഹങ്ങള്‍ക്കും രാഷ്‌ട്രങ്ങള്‍ക്കുമെല്ലാം ദുരിതം വരുത്തിവെക്കുകയും ചെയ്യുന്നു. സദാചാരത്തോടുള്ള പ്രതിബദ്ധത നഷ്‌ടപ്പെടുന്നതോടെ അമ്മാവന്മാര്‍, സഹോദരന്മാര്‍, പിതാക്കന്മാര്‍, പിതാമഹന്മാര്‍ എന്നീ ഉറ്റബന്ധുക്കളില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ക്ക്‌ ലൈംഗിക പീഡനമേല്‌ക്കുന്ന ദുരവസ്ഥ സംജാതമാകുന്നു. ചെറുപ്പക്കാരെല്ലാം സര്‍വതന്ത്ര സ്വതന്ത്രരതിയുടെ വഴിതേടി പോകുമ്പോള്‍ ശൈശവം അരക്ഷിതാവസ്ഥയിലാകുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കുടുംബാന്തരീക്ഷത്തില്‍ നടക്കേണ്ട കുട്ടികളുടെ വ്യക്തിത്വ വികസനം അവതാളത്തിലാകുന്നു. വാര്‍ധക്യത്തിനും താങ്ങും തണലും നഷ്‌ടപ്പെടുന്നു.


മനുഷ്യനന്മയിലും സമൂഹത്തിന്റെ സുസ്ഥിതിയിലും താത്‌പര്യമുള്ള ഏത്‌ ഭരണകൂടവും ലൈംഗിക
അരാജകത്വത്തിനെതിരില്‍ ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയാണ്‌
വേണ്ടത്‌. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും സാമൂഹിക ചിന്തകരുമെല്ലാം
കുടംബമെന്ന മഹാസംവിധാനത്തിന്റെ ഭദ്രതയ്‌ക്കുവേണ്ടിയാണ്‌ നിലകൊള്ളേണ്ടത്‌. പക്ഷെ,
പാശ്ചാത്യസമൂഹവും അവരുടെ പിന്നാലെ നീങ്ങന്നവരും ലൈംഗിക സ്വാതന്ത്ര്യമെന്ന തെറ്റായ
മുദ്രാവാക്യമുയര്‍ത്തി സദാചാര ലംഘനത്തിന്‌ പുരോഗമനത്തിന്റെ കപടവേഷമണിയിക്കുന്ന
ദു:ഖകരമായ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ബൗദ്ധികമായ ഔന്നത്യമവകാശപ്പെടുന്ന ചില
പ്രസിദ്ധീകരണങ്ങളില്‍ വിവാഹം അറുപഴഞ്ചനും പ്രതിലോമപരവുമാണെന്ന്‌ സമര്‍ഥിക്കുന്ന
ലേഖനങ്ങള്‍ ഇടക്കിടെ അച്ചടിച്ചുവരുന്നു. സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ലൈംഗിക
സാഫല്യത്തിനുള്ള സാധ്യതകള്‍ നഷ്‌ടപ്പെടുത്തുന്ന ഒരു ബന്ധനമായിട്ടാണ്‌ അത്തരം
ലേഖനങ്ങളുടെ കര്‍ത്താക്കള്‍ വിവാഹത്തെ വിലയിരുത്തുന്നത്‌. ഇവരുടെ ഉത്‌ബോധനം
ചെറുപ്പക്കാര്‍ മുഴുവന്‍ സ്വീകരിച്ചാല്‍ അടുത്ത തലമുറയ്‌ക്ക്‌ `തന്തയില്ലായ്‌മ'
എന്ന `ഔന്നത്യ'മായിരിക്കും കൈവരുന്നത്‌. അതിന്റെ അനന്തരഫലം സാഫല്യമായിരിക്കുമോ
അതല്ല നിത്യനൈരാശ്യമായിരിക്കുമോ എന്ന്‌ കാലം തെളിയിക്കും.


ബഹുഭാര്യാത്വത്തിന്റെയും വിവാഹമോചനത്തിന്റെയും പേരില്‍ ഇസ്ലാമിനെ ഇകഴ്‌ത്താന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത പുരോഗമന വാദികള്‍ പാശ്ചാത്യ നാഗരികതയ്‌ക്ക്‌ മൂല്യബോധത്തില്‍ സംഭവിച്ചിട്ടുള്ള കുഴമറിച്ചില്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ചെയ്യുന്നത്‌. ദുഷിച്ചതെല്ലാം വിലക്കുകയും നല്ലതെല്ലാം അനുവദിക്കുകയും മനുഷ്യത്വത്തെ മഹോന്നത ഗുണനിലവാരത്തിലേക്ക്‌ ആനയിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ മൗലികത അവരെ ബോധ്യപ്പെടുത്തേണ്ടത്‌ സത്യപ്രബോധകരുടെ ബാധ്യതയാകുന്നു. ഇസ്ലാമിക ദര്‍ശനത്തോട്‌ കിടപിടിക്കാവുന്ന യാതൊന്നും ഇതര ദര്‍ശനങ്ങളില്‍ ഇല്ല എന്ന അനിഷേധ്യ സത്യം ഇസ്ലാമിന്റെ സന്ദേശവാഹകര്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ പര്യാപ്‌തമാകുന്നു.
© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.