കൊലചെയ്തും ദയ കാട്ടാം! -2

കേരളത്തില്‍ നിയമ പരിഷ്‌കരണ കമ്മീഷന്‍ ദയാവധം അനുവദിക്കണമെന്ന നിര്‍ദേശം ഉന്നയിച്ചതോടെ ഈ വിഷയം നിയമ-ആരോഗ്യ-ശരീഅത്ത് വൃത്തങ്ങളില്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലാന്റ്, ബല്‍ജിയം, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ ദയാവധം നിബന്ധനകളോടെ നിയമ വിധേയമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ദാരിഗോത്ത് എന്ന സംസ്ഥാനത്ത് മാത്രമാണ് ഇപ്പോള്‍ ദയാവധം നടപ്പാക്കുന്നത്. അവിടെ ഇതിന് നിയമ സാധുത നല്‌കിയതു മുതല്‍ നൂറ്റി അന്‍പതില്‍ അധികം രോഗികള്‍ നിയമത്തിന് വിധേയമായി ജീവിതം അവസാനിപ്പിച്ചു എന്നാണ് കണക്ക്. പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയാവധത്തിനുവേണ്ടി ചില സന്നദ്ധ സംഘടനകള്‍ വാദിക്കുക പോലും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അനുകൂലിക്കുന്നവരുടെ കണക്ക് താഴെ പറയും പ്രകാരമാണ്: അമേരിക്ക 50 ശതമാനം, ആസ്‌ത്രേലിയ 81 ശതമാനം, കാനഡ 76 ശതമാനം, ഇംഗ്ലണ്ട് 80 ശതമാനം, നെതര്‍ലാന്റ് 92 ശതമാനം, അമേരിക്കയില്‍ വാഷിംഗ്‌ടണ്‍ 46 ശതമാനം, കാലിഫോര്‍ണിയ 46 ശതമാനം, ഓരിയോണ്‍ 60 ശതമാനം.
എന്താണ് ദയാവധം? ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗങ്ങള്‍ മൂലം കടുത്ത
വേദനയനുഭവിക്കുന്ന രോഗികളെ അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം എന്ന് അതിനെ പൊതുവില്‍ നിര്‍വചിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഇതിന് പല വകഭേദങ്ങളുമുള്ളതായി കാണാം. ചികിത്സ എടുക്കാതിരിക്കുക, വെന്റിലേറ്റര്‍, ഡ്രിപ്പ് എന്നിവ നിര്‍ത്തിവെക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അങ്ങനെ രോഗിയെ മരിക്കാന്‍ അനുവദിക്കുക, മോര്‍ഫിന്‍ എന്ന വേദന സംഹാരി കൂടിയതോതില്‍ കൊടുത്ത് രോഗിക്ക് ശ്വാസതടസ്സം സൃഷ്‌ടിക്കുക തുടങ്ങിയവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ സഹിക്കാനാവാത്ത വേദനയില്‍ നിന്ന് കരകയറാനാവാത്ത രോഗിയുടെ ആവശ്യപ്രകാരം മറ്റൊരാള്‍ രോഗിയെ വധിക്കുന്ന രീതിയുമുണ്ട്. രോഗിക്ക് മരിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‌കുകയും ജീവിതം അവസാനിപ്പിക്കാനുള്ള ഒത്താശകള്‍ ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന മറ്റൊരു രീതിയുമുണ്ട്. ഉറക്ക ഗുളികകള്‍ എഴുതിക്കൊടുക്കുക മുതല്‍ ഗ്യാസ് മാസ്‌കുകള്‍ എത്തിച്ചുകൊടുക്കുന്നത് ഉള്‍പ്പെടെ ഇതില്‍പ്പെടും. രോഗി തന്നെ മുന്‍കൈ എടുത്ത് മരണം വരിക്കുന്നതാണ് ഇവിടെ കാണുന്നത്. സുബോധം നശിച്ച് ജീവച്ഛവമായി കിടക്കുന്ന രോഗിയെ അയാളുടെ സമ്മതമില്ലാതെ തന്നെ ചിലപ്പോള്‍ വധിക്കാറുണ്ട്. രക്ഷപ്പെടുകയില്ല എന്ന് ഉറപ്പുള്ള രോഗികളുടെ കാര്യത്തിലും തലച്ചോറിന് മരണം സംഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരികയില്ല എന്ന് ബോധ്യമുള്ള രോഗികളുടെ കാര്യത്തിലും മാത്രമേ ഇത് പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

വൈദ്യശാസ്‌ത്ര നൈതികതയില്‍ ദയാവധം സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. രോഗിക്ക് രോഗപീഡയും വേദനയുമില്ലാതാക്കുകയും ജീവന്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഒരാള്‍ വൈദ്യവൃത്തിയിലേക്ക് ഔപചാരികമായി പ്രവേശിക്കുന്നതുതന്നെ. അപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ലാതെ അതിനെ അപഹരിക്കാന്‍ കൂട്ടു നില്‌ക്കുന്നതിന് ഒരു വൈദ്യശാസ്‌ത്ര വിദഗ്‌ധന് നിവൃത്തിയില്ലാത്തതാണ്. ജീവന് മഹത്തായ സ്ഥാനം കൊടുക്കുന്ന മതങ്ങളൊന്നുംതന്നെ ദയാവധത്തെ അനുകൂലിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം. ഇന്ത്യയില്‍ നിയമപരിഷ്‌കരണ വേദികളില്‍ ദയാവധം ചര്‍ച്ചചെയ്യപ്പെടുകയല്ലാതെ ഇതിന് അനുകൂലമായി നിയമം നിര്‍മിക്കുകയോ, കോടതികള്‍ ഇതേവരെ അതിനെ അനുകൂലിച്ച് വിധികള്‍ പ്രസ്‌താവിക്കുകയോ ചെയ്‌തിട്ടില്ല. ഇത് സംബന്ധിച്ച് വന്ന കേസുകള്‍ പാറ്റ്‌ന ഹൈക്കോടതിയും കേരള ഹൈക്കോടതിയും തള്ളുകയാണുണ്ടായത്.
എങ്കിലും ലോകത്താകമാനം ഈ വിഷയത്തില്‍ ഒരു പുനരാലോചന നടന്നുകൊണ്ടിരിക്കുന്നു. ഒരു രോഗി അനുഭവിക്കുന്ന വേദന ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്ന് ഡോക്‌ടര്‍ക്ക് ബോധ്യമായാല്‍ വേദനയില്‍ നിന്ന് രോഗിയെ പൂര്‍ണമായും മുക്തമാക്കുന്നതല്ലേ ധാര്‍മികമായ ചുമതല എന്ന ചിന്ത വൈദ്യശാസ്‌ത്ര രംഗത്ത് ശക്തിപ്പെടുകയാണ്. മരണത്തിലൂടെ മാത്രമേ ഒരു രോഗിക്ക് രോഗ വിമുക്തി നേടാന്‍ കഴിയുകയുള്ളൂവെങ്കില്‍ മരണത്തെ ഒരു വേദന സംഹാരിയായി കണക്കാക്കേണ്ടതല്ലേ എന്നാണ് അവരുടെ ചിന്ത. അതിനാല്‍ വേദനയില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ മാര്‍ഗമെന്ന നിലക്ക് മരണം ഇച്ഛിക്കുന്ന രോഗിയെ അതിന് സഹായിക്കുക എന്നത് ഡോക്‌ടറുടെ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഈ വാദത്തിന്റെ അനുകൂലിയായ ഡോ. ജാര്‍ക്ക് കവോര്‍ക്കിയന്‍ മാരകരോഗത്തിനടിപ്പെട്ട നൂറ്റി ഇരുപത്തഞ്ചോളം രോഗികളെ ദയാവധത്തിനിരയാക്കി.
ലോകത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ ഒരു വിഷയത്തിലുള്ള ഇസ്‌ലാമിന്റെ ധാര്‍മികവും
നിയമപരവുമായ കാഴ്‌ചപ്പാട് വിശകലനം ചെയ്യപ്പെടുന്നത് ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്. ഇതുവരെ ഏതെങ്കിലും ഒരു മുസ്‌ലിം രാജ്യം ഇത് അനുവദിക്കുന്ന നിയമം പാസ്സാക്കിയിട്ടില്ല. മുസ്‌ലിം പണ്ഡിതന്മാര്‍ ആരും തന്നെ ഇത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടിട്ടുമില്ല. വധം ഏതും ഇസ്‌ലാമില്‍ വന്‍ പാപമാണ്. ജീവന്‍ വളരെ പരിപാവനമാണ്. അതിന്റെ യഥാര്‍ഥ ഉടമ മനുഷ്യനല്ല, അല്ലാഹുവാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നിര്‍ദേശാനുസൃതമല്ലാതെ മനുഷ്യന് സ്വന്തം ഇഷ്‌ടമനുസരിച്ച് അതിനെ നശിപ്പിക്കാനുള്ള അവകാശമില്ല. ``അല്ലാഹു പരിപാവനമാക്കിയ മനുഷ്യജീവനെ നിങ്ങള്‍ ന്യായ പ്രകാരമല്ലാതെ വധിക്കരുത് ''(6:151). പകരത്തിനു പകരമുള്ള കൊല മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഒരു മനുഷ്യന്‍ സ്വത്വത്തെ വധിക്കുന്നതാണ് ആത്മഹത്യ. ഇതിനെ മതം കര്‍ശനമായി നിരോധിക്കുന്നു. ``നിങ്ങള്‍ നിങ്ങളെതന്നെ വധിക്കരുത്.''(4:29)

ഈ ജീവിതത്തില്‍ മനുഷ്യന്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയനായിത്തീരും. ഇവയില്‍പ്പെട്ട ഏറ്റവും ക്ലേശകരമായ പരീക്ഷണമത്രെ രോഗം. ചികിത്സാരംഗത്ത് വൈദ്യശാസ്‌ത്രം വളരെയധികം പുരോഗതി നേടിയെങ്കിലും ഇന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാറാരോഗങ്ങള്‍ പലതും തുടരുന്നു. ചലനശേഷി നഷ്‌ടപ്പെട്ടും ആഹാരം കഴിക്കാന്‍ കഴിയാതെയും കൊടും വേദന സഹിച്ചും കഷ്‌ടപ്പെടുന്ന എത്രയോ രോഗികളുണ്ട്. വാര്‍ധക്യവും അതിനോടനുബന്ധിച്ച അവശതകളും വൈദ്യശാസ്‌ത്രത്തിന് ഒതുങ്ങാത്ത പ്രകൃതി പ്രതിഭാസങ്ങളാണ്. പക്ഷെ, എത്ര വിഷമങ്ങളുണ്ടായാലും മരിച്ചുകിട്ടിയെങ്കില്‍ എന്ന് കൊതിക്കാന്‍ മനുഷ്യന് നിവൃത്തിയില്ല. നബി പറയുന്നു: ``നിങ്ങളില്‍ ആരും ഒരു വിഷമം ബാധിച്ച കാരണം മരണം ആഗ്രഹിക്കരുത്. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ലെങ്കില്‍ ഇങ്ങനെ പറയട്ടെ: പടച്ചവനേ, ജീവിക്കുന്നത് എനിക്ക് ഗുണപ്രദമാകുന്നേടത്തോളം കാലം നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ.'' ജീവിതപ്രയാസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വത്വത്തെ വധിക്കുന്നവന്‍ മരണശേഷം കൂടുതല്‍ വലിയ പ്രയാസത്തിലേക്കാണ് എത്തിപ്പെടുക എന്ന വീക്ഷണമാണ് ഇസ്‌ലാം വ്യക്തിയില്‍ വളര്‍ത്തുന്നത്. 

മറിച്ച് ജീവിതാന്ത്യം വരെ വേദനകളും പ്രയാസങ്ങളും സഹിച്ച് ക്ഷമയുടെ പുണ്യം ആര്‍ജിക്കുകയാണ് വേണ്ടത്. ക്ഷമിക്കുന്നവര്‍ക്ക് സന്തോഷപ്രദമായ ഒരവസ്ഥ ഖുര്‍ആന്‍ (2:15) വാഗ്‌ദാനം ചെയ്യുന്നു. നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന ദൈവവിധിയിലുള്ള വിശ്വാസം മനസ്സിന് സമാധാനവും സമാശ്വാസവും പ്രദാനം ചെയ്യും. ക്ഷമിക്കാനുള്ള കരുത്തേകും. നിങ്ങള്‍ക്ക് എന്ത് മുസീബത്ത് ബാധിച്ചാലും അത് അല്ലാഹുവിന്റെ അനുവാദ പ്രകാരമാണ്. ``വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഗുണം ലഭിച്ചാലും ദോഷം സംഭവിച്ചാലും രണ്ട് അവസ്ഥയിലും അവന് പുണ്യം ലഭിക്കും. ഗുണം ലഭിക്കുമ്പോള്‍ അവന്‍ നന്ദി കാണിച്ച് പുണ്യം നേടും. ദോഷം സംഭവിക്കുമ്പോള്‍ ക്ഷമിച്ച് അവന്‍ പുണ്യം കരസ്ഥമാക്കും'' (മുസ്‌ലിം). ``മഹാ പരീക്ഷണത്തോടൊപ്പമാണ് മഹത്തായ പ്രതിഫലം. അല്ലാഹു ആരെയെങ്കിലും ഇഷ്‌ടപ്പെട്ടാല്‍ അവനെ പരീക്ഷണത്തിന് വിധേയമാക്കും. തൃപ്‌തിയോടെ അത് സ്വീകരിച്ചാല്‍ അവന് ദൈവപ്രീതിയും നേടാം. പരീക്ഷണത്തെ വെറുത്താല്‍ ദൈവത്തിന്റെ വെറുപ്പും'' (തിര്‍മിദി). അതിനാല്‍ ഇസ്‌ലാമില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആരും തന്നെ ആത്മഹത്യയെയോ ദയാവധത്തെയോ പറ്റി ചിന്തിക്കുന്നതേയല്ല.
അതേ അവസരം രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലാഹു ഇറക്കിയ എല്ലാ രോഗത്തിനും അവന്‍ ശമനവും ഇറക്കിയിട്ടുണ്ടെന്ന് നബി പ്രസ്‌താവിക്കുന്നു. ചികിത്സ നടത്താതെ ദൈവവിധിയെ ദുര്‍വ്യാഖ്യാനം ചെയ്‌ത് സ്വത്വത്തെ നാശത്തിലേക്ക് നയിക്കാന്‍ ഒരു വിശ്വാസിക്ക് നിവൃത്തിയില്ല. പല രോഗങ്ങളുടെയും മരുന്ന് ഇനിയും മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല എന്ന സത്യം വേറെ; വൈദ്യശാസ്‌ത്രം അനുദിനം പുരോഗമിച്ചിട്ടും.
രോഗം കൊണ്ടോ മറ്റു ജീവിതപ്രയാസം കൊണ്ടോ ദുരിതമനുഭവിക്കുന്നവനെ ദയാവധത്തിന് വിധേയമാക്കി വേഗം കയ്യൊഴിക്കുന്ന ഒരു മാര്‍ഗത്തെപ്പറ്റി മുസ്‌ലിമിന് ചിന്തിക്കാന്‍ നിവൃത്തിയില്ല. മറിച്ച് അവനെ സഹായിക്കുകയും ശുശ്രൂഷിക്കുകയും അവന് ആശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ട ബാധ്യതയെപ്പറ്റി അവന്‍ പൂര്‍ണ
ബോധവാനായിരിക്കണം. രോഗിയെ സന്ദര്‍ശിക്കലും അവന് ആശ്വാസം പകര്‍ന്ന് കൊടുക്കലും ഒരു സാമൂഹ്യ ബാധ്യതയും പുണ്യകര്‍മവുമാണ്. സ്വസഹോദരനെ സഹായിക്കുന്നവനെ അല്ലാഹുവും സഹായിക്കും. ദുന്‍യാവില്‍ ഒരാളുടെ ദുരിതം തീര്‍ത്തുകൊടുക്കുന്നവന്റെ പരലോകത്തെ ദുരിതം അല്ലാഹുവും തീര്‍ത്തുകൊടുക്കും. വാര്‍ധക്യത്തിന്റെ അവശതയില്‍ വിഷമിച്ചുകഴിയുന്ന മാതാപിതാക്കളെ സംരക്ഷിക്കുകയും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറക് താഴ്‌ത്തിക്കൊടുക്കുകയും ചെയ്യേണ്ട ബാധ്യത ഇസ്‌ലാം മക്കളില്‍ അര്‍പ്പിക്കുകയാണ്. ജീവിതസായാഹ്നത്തില്‍ മക്കളുടെയും പേരമക്കളുടെയും സ്‌നേഹത്തിന്റെ ശീതളച്ഛായയില്‍ സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബാന്തരീക്ഷമാണ് ഇസ്‌ലാം വിഭാവനം ചെയ്‌തിട്ടുള്ളത്.

പി മുഹമ്മദ് കുട്ടശ്ശേരി
© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com
srfajman@gmail.com
1 comments:
എന്താണ് ദയാവധം? ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗങ്ങള്‍ മൂലം കടുത്ത വേദനയനുഭവിക്കുന്ന രോഗികളെ അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം എന്ന് അതിനെ പൊതുവില്‍ നിര്‍വചിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഇതിന് പല വകഭേദങ്ങളുമുള്ളതായി കാണാം. ചികിത്സ എടുക്കാതിരിക്കുക, വെന്റിലേറ്റര്‍, ഡ്രിപ്പ് എന്നിവ നിര്‍ത്തിവെക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അങ്ങനെ രോഗിയെ മരിക്കാന്‍ അനുവദിക്കുക, മോര്‍ഫിന്‍ എന്ന വേദന സംഹാരി കൂടിയതോതില്‍ കൊടുത്ത് രോഗിക്ക് ശ്വാസതടസ്സം സൃഷ്‌ടിക്കുക തുടങ്ങിയവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ സഹിക്കാനാവാത്ത വേദനയില്‍ നിന്ന് കരകയറാനാവാത്ത രോഗിയുടെ ആവശ്യപ്രകാരം മറ്റൊരാള്‍ രോഗിയെ വധിക്കുന്ന രീതിയുമുണ്ട്.
Post a Comment
നിങ്ങളുടെ പ്രതികരണം അറിയിക്കുക....