Saturday, October 10, 2009

അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി

കെ ഗോമതി അമ്മ   /


സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മശതാബ്‌ദി കേരളത്തില്‍ അദ്ദേഹത്തിന്റെ ജനന-മരണ-പ്രവര്‍ത്തന രംഗങ്ങളിലെല്ലാം സംഘടിപ്പിച്ച്‌ ആഘോഷിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍ ആ വ്യക്തിയോടൊപ്പം തന്നെ സവിശേഷം സ്‌മരിച്ചാദരിക്കേണ്ടതുണ്ട്‌, മറ്റൊരു വ്യക്തിയെ -വക്കം മൗലവി സാഹിബിനെ. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ അനശ്വര യശസ്സ്‌ നേടിക്കൊടുത്ത സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സ്ഥാപകനും ആയിരുന്ന മൗലവിയെ മുമ്പേ സ്‌മരിച്ചിട്ടേ പത്രാധിപരെ സ്‌മരിക്കാവു എന്നുകൂടി പറയട്ടെ. രാമകൃഷ്‌ണപിള്ള മൂന്നുനാല്‌ പത്രങ്ങളുടെ ആധിപത്യം മുറയ്‌ക്ക്‌ ഉപേക്ഷിക്കാനിടയായി- പത്രമുടമകള്‍ പത്രാധിപരുടെ സ്വാതന്ത്ര്യം തടഞ്ഞതായിരുന്നു കാരണം.

പത്രാധിപരും പത്രമുടമയും തമ്മില്‍ ആദര്‍ശങ്ങളിലും നയങ്ങളിലും നടത്തിപ്പിലും ആരോഗ്യപരമായ പൊരുത്തവും പ്രായോഗികമായ ബന്ധവും ഉണ്ടാവേണ്ടത്‌ പരമാവശ്യമാണ്‌. അങ്ങനെയൊരു ബന്ധമാകട്ടെ, അപൂര്‍വമായ ഒരു ഭാഗ്യസിദ്ധിയാണുതാനും. സ്വദേശാഭിമാനി പത്രാധിപര്‍ക്കും ഉടമയ്‌ക്കും തമ്മില്‍ അഭേദ്യമായ, അനിതരസാധാരണമായ സൗഹാര്‍ദ്ദവും സൗഭ്രാത്രവും ആണുണ്ടായിരുന്നത്‌. ആദ്യാവസാനം പത്രമുടമയ്‌ക്ക്‌ ലാഭേച്ഛയേയില്ലായിരുന്നു; പത്രപ്രവര്‍ത്തനം ഒരു വ്യവസായമായി കരുതീട്ടേയില്ലായിരുന്നു. പത്രം നന്നായി നടക്കണം. കൃത്യമായി നടക്കണം, നല്ല കാര്യങ്ങള്‍ പ്രകാശിപ്പിക്കണം, പൊതുജനവിഹിതം അനുവര്‍ത്തിക്കണം, സമുദായനന്മയ്‌ക്ക്‌ മാര്‍ഗനിര്‍ദേശം ചെയ്യണം, സത്യധര്‍മങ്ങളും നീതിയും നിലനിര്‍ത്തുമാറ്‌ അനുശാസിക്കണം -ഈ മഹദാദര്‍ശങ്ങളായിരുന്നു മൗലവിയുടെ ലക്ഷ്യം. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ വേണ്ട പശ്ചാത്തലം അതിലടങ്ങി, അതിലൊതുങ്ങി. പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധത്തിലും പത്രമുടമ കൈകടത്തിയില്ല. മുടങ്ങാതെ പത്രമിറങ്ങാന്‍ നിര്‍ലോഭം പണവുമിറക്കി വന്നു. പത്രപംക്തികളില്‍ നാട്ടില്‍ അന്ന്‌ നടമാടിയിരുന്ന അഴിമതികളുടെ ചുരുള്‍ വിടരുംതോറും ഉദ്യോഗസ്ഥവൃന്ദവും കൊട്ടാരസേവകരും ദിവാനും അപമാനിതരായി, പൊതുജന നിന്ദയ്‌ക്ക്‌ പാത്രമായി; അവര്‍ അരിശംപൂണ്ടു. പത്രത്തിന്റെ നേര്‍ക്കും പത്രാധിപരുടെ നേര്‍ക്കും പത്രമുടമയുടെ നേര്‍ക്കും ഭീഷണികളുയര്‍ന്നു; താക്കീതുകള്‍ നിരന്നു; ശിക്ഷാനടപടികള്‍ രൂപംകൊണ്ടു. രണ്ടാള്‍ക്കും ജീവാപായം തലയ്‌ക്കുമീതെ. ഇത്രയും അപകടനിലയിലെത്തിയപ്പോള്‍ മൗലവിക്ക്‌ വേണമെങ്കില്‍ പത്രാധിപരെ ഉപദേശിക്കാമായിരുന്നു, നിയന്ത്രിക്കാമായിരുന്നു, താക്കീത്‌ ചെയ്യാമായിരുന്നു; അനുസരിച്ചില്ലെങ്കില്‍ തള്ളിക്കളയാമായിരുന്നു. അതൊന്നുമല്ല നടന്നത്‌. മൗലവി അദമ്യനായി, അചഞ്ചലനായി, അക്ഷോഭ്യനായി നിലകൊണ്ടു. പത്രാധിപരുടെ തൂലികയുടെ ധാര്‍മികരോഷത്തില്‍, സത്യസന്ധതയില്‍, നീതിനിഷ്‌ഠയില്‍ തികഞ്ഞ അഭിമാനം, നിറഞ്ഞ തൃപ്‌തി, ഉറച്ച പിന്‍ബലം -അതായിരുന്നു ആ പത്രമുടമയുടെ പ്രതികരണം. ഇത്ര ആത്മൈക്യം ആ യുഗം പത്രപ്രവര്‍ത്തനരംഗത്ത്‌ കണ്ടിട്ടില്ല; ഇന്നത്തെ യുഗവും കണ്ടിട്ടില്ല. ഉദാഹരണങ്ങള്‍ പൊതുജനങ്ങള്‍ക്കറിയാവുന്നതാണല്ലോ. ധനം, മാനം, പദവി, സ്വാധീനം, അധികാരം, അംഗീകാരം- ഇവ ആശിക്കാത്ത പത്രമുടമകള്‍ ഉണ്ടോ? ഒരു പത്രപ്രവര്‍ത്തകന്‌ ഇത്രമാത്രം സ്വച്ഛന്ദവിഹാരം അനുവദിച്ച പത്രമുടമകള്‍ വിരലിലെണ്ണാനും കൂടി കാണുമോ?

രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ താങ്ങും തണലുമേകി, ഏതൊരു ധര്‍മ നിര്‍വഹണത്തിന്നായി ആ ജന്മം എടുത്തുവോ അത്‌ തികച്ചും നിറവേറ്റാന്‍ വേണ്ട സാഹചര്യവും സന്ദര്‍ഭവും നല്‍കി, സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേരില്‍തന്നെ പില്‍ക്കാലത്ത്‌ പത്രാധിപര്‍ അറിയപ്പെടാനും, ഇടയാക്കിയ കന്നി 10-ാനുലെ ചരിത്രസംഭവത്തെക്കുറിച്ച്‌ പഠിക്കാനുദ്ദേശിക്കുന്നവര്‍ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം മൗലവി മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സാഹിബിന്റെ ചരിത്രപരമായ നിലപാട്‌ അനുസ്‌മരിച്ചേ തീരൂ. തന്റെ പ്രസ്സും, പത്രവും, പണവും ആ പത്രാധിപരുടെ തൂലികാചലനത്തിനു വിട്ടുകൊടുത്ത ആ ഉത്തമസുഹൃത്തിനെ- മഹാമനസ്‌കനായ വക്കം മൗലവിയെ- ‘പൊന്നുതിരുമേനി’യുടെ കന്നി 10-നുലെ വിളംബരവും അനന്തര നടപടികളും ഏതെല്ലാം വിധത്തിലുള്ള ആപത്തിലേക്കും നഷ്‌ടത്തിലേക്കും ആണ്‌ ചെന്നു ചാടിച്ചതെന്ന തീവ്ര മനോവിചാരം ഒന്നു മാത്രമാണ്‌ എന്റെ അച്ഛന്റെ മനസ്സില്‍, അന്ന്‌ ആ അര്‍ധരാത്രിയില്‍, ആരുവാമൊഴി കടക്കുമ്പോഴും പിന്നീടും നിറഞ്ഞു നിന്നിരിക്കുക- തീര്‍ച്ചയായും തന്റെ കുടുംബത്തെപ്പറ്റിയല്ല. വക്കം മൗലവിക്ക്‌ തന്റെ പത്രാധിപരുടെ കുടുംബത്തെപ്പറ്റി ഉല്‍ക്കണ്‌ഠ, പത്രാധിപര്‍ക്ക്‌ മൗലവിയുടെ പത്രസ്ഥാപനത്തെപ്പറ്റി, മൗലവിയുടെ നേര്‍ക്ക്‌ ബന്ധുജനങ്ങളില്‍ നിന്നുയരുന്ന എതിര്‍പ്പിനെപ്പറ്റി ആശങ്ക. തമ്മില്‍ നേരെ ഒന്നു യാത്രപറയാന്‍ കൂടി അവസരമുണ്ടായോ എന്നെനിക്കറിയില്ല. രണ്ട്‌ കൊല്ലങ്ങള്‍ കഴിഞ്ഞാണ്‌ ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സന്ദര്‍ഭമുണ്ടായതെന്ന്‌ അറിഞ്ഞിട്ടുണ്ട്‌. തികച്ചും വികാരനിര്‍ഭരമായ ആ പുനര്‍മിലനത്തെ ഞാന്‍ വിഭാവനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്റെ അച്ഛന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ്‌ സ്‌നേഹാദരംകൊണ്ടും നന്ദികൊണ്ടും മൗലവിയുടെ ആ സൗമ്യസ്‌നിഗ്‌ധമായ ചിരസൗഹൃദത്തിനു മുമ്പില്‍ നമിച്ചില്ലേ? എന്തൊരു നിര്‍വൃതി!

നാടുകടത്തല്‍ കഴിഞ്ഞ്‌ 68 കൊല്ലങ്ങളുടെ അജ്ഞാതവാസം തീര്‍ത്ത്‌ എന്റെ കയ്യില്‍ എത്തിച്ചേര്‍ന്ന ഒരു പഴയപെട്ടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ പഴയ കത്തുകളുടെ കൂട്ടത്തില്‍ വക്കം മൗലവിയുടെ മൂന്നു കത്തുകള്‍ ഒരമൂല്യനിധിയെന്നവണ്ണം സുരക്ഷിതമായിരിക്കുന്നത്‌ ആശ്ചര്യമെന്നല്ലേ പറയേണ്ടത്‌? മറ്റു പല കത്തുകളും നടുകീറിയും പൊടിഞ്ഞും മഷിമാഞ്ഞും വായിക്കാന്‍ പറ്റാതെയുണ്ട്‌. ഈ മൂന്നു കത്തുകള്‍ക്ക്‌ യാതൊരു കേടുപാടുമില്ല. ഞാനാദ്യമായിട്ടാണ്‌ മൗലവിയുടെ കയ്യക്ഷരം കാണുന്നത്‌.

5-2-15ല്‍ അച്ഛന്റെ പേര്‍ക്ക്‌ എഴുതിയ കത്തില്‍ പ്രസ്സിനെ സംബന്ധിച്ച്‌ ഗവര്‍മെണ്ടിലേക്ക്‌ ഹരജി കൊടുക്കാനിടയായതിനെപ്പറ്റിയും, അതിനുള്ള മറുപടിയെപ്പറ്റിയും കൊട്ടാരത്തിലേക്ക്‌ ഹരജി അയച്ചതിനെപ്പറ്റിയും അതിന്റെ ഫലമറിവായിട്ടില്ലെന്നും പ്രസ്‌താവിച്ചശേഷം ഇങ്ങനെയൊരപേക്ഷയാണ്‌: “അല്‌പം മുമ്പ്‌ ഇംഗ്ലണ്ടില്‍ ലാര്‍ഡ്‌ ഹെഡ്‌ലി എന്നൊരു യൂറോപ്യന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കേട്ടിരിക്കുമല്ലോ. അദ്ദേഹം എഴുതിയിട്ടുള്ള A Western Awakening to Islam എന്ന പുസ്‌തകം ഞാന്‍ ഇതിനിടെ വരുത്തിനോക്കിയതില്‍ അത്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിച്ചാല്‍ കൊള്ളാമെന്ന്‌ വിചാരിക്കുന്നു. തര്‍ജമ അവിടുത്തേതായിരുന്നാല്‍ കൊള്ളാമെന്നാണാഗ്രഹം. അതിലേക്ക്‌ അല്‌പം മുഷിയുന്നതിന്‌ ഇപ്പോഴത്തെ ശരീരസ്ഥിതി അനുകൂലിക്കുമോ എന്നറിയുന്നില്ല. വിവരം അറിവാനാഗ്രഹിക്കുന്നു. മറുപടി പോലെ പുസ്‌തകം അങ്ങോട്ടയച്ചുകൊള്ളാം.

മുസ്‌ലിം ഇയ്യിടെ ഞാന്‍ സുഖക്കേട്‌ പിടിച്ചു കിടന്നുപോക നിമിത്തം ചില ലക്കങ്ങള്‍ മടങ്ങിപ്പോകേണ്ടിവന്നു. കന്നി, തുലാം ലക്കങ്ങള്‍ ഇപ്പോള്‍ അച്ചടിച്ചു തീരാറായിരിക്കുന്നു. ഉടനെ പുറപ്പെടും. സുഖവിവരത്തിനും മറ്റു കാര്യങ്ങള്‍ക്കും ഉടനെ മറുപടി അയച്ചുതരുന്നതിനപേക്ഷ.

M. Mohamad Abdul Kader

16-3-15ലെ ഒരു ചെറിയ കത്താണ്‌ ഇനിയൊന്ന്‌. അതില്‍ “മുന്‍കത്തില്‍ പറഞ്ഞിരുന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇന്ന്‌ അങ്ങോട്ടയച്ചിരിക്കുന്നു. സൗകര്യംപോലെ തര്‍ജമ ചെയ്‌താല്‍ മതി. ബാലാകലേശക്കാരന്റെ ലേഖനത്തിനു മറുപടി കാണ്മാനായി പലരും നോക്കിയിരിക്കുന്നു.” ഇത്രമാത്രം.

മൗലവി സാഹിബിന്‌ തന്റെ പത്രാധിപരുടെ പേരിലുള്ള സ്ഥായിയായ താല്‌പര്യവും കഴിവുകളെപ്പറ്റിയുള്ള സ്ഥിരം മതിപ്പും, സമകാല സാഹിത്യത്തിലെ വാദവിവാദ ചര്‍ച്ചയിലുള്ള ഉത്സാഹവും എത്ര പ്രകടമായിരിക്കുന്നു! അച്ഛന്‍ കണ്ണൂരിലെത്തി ആരോഗ്യം തെളിഞ്ഞ കാലത്തായിരിക്കണം മൗലവിയുടെ ആ അപേക്ഷ അറിയിച്ചതെന്ന്‌ കത്തുകളിലെ കൊല്ലവും തീയതിയും കൊണ്ട്‌ ഊഹിക്കാം.

ഇനിയത്തെ കത്ത്‌ എന്റെ അമ്മയ്‌ക്കുള്ളതാണ്‌. ഏ മുഹമ്മദ്‌ കുഞ്ഞ്‌ എന്ന ആളെക്കൊണ്ടെഴുതിച്ച ആ കത്ത്‌ മൗലവിയുടേതാണെന്ന്‌ വ്യക്തം. അമ്മയ്‌ക്ക്‌ വക്കത്ത്‌ പരിചയം മൗലവിയെയും അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിമാരെയും മാത്രമായിരുന്നു. എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ടാണ്‌ കത്ത്‌.

“ഞങ്ങള്‍ ആകപ്പാടെ വ്യസന സാഗരത്തില്‍ മുങ്ങിത്തുടിക്കുന്നു. ഞങ്ങളുടെ സഹതാപത്തെ എഴുതിക്കാണിപ്പാന്‍ ഞാന്‍ അശക്തനായും തീര്‍ന്നിരിക്കുന്നു. എത്ര കഠിനമായ ആപത്തുകളിലും ക്ഷമകേട്‌ കാണിക്കരുത്‌. നന്മയും തിന്മയും ദൈവത്തിങ്കല്‍ നിന്നുതന്നെയാണ്‌. അതിനാല്‍ ക്ഷമയോടിരിക്കുക. ദൈവം ക്ഷമാവാന്മാരോടു കൂടിയാണ്‌ -ഇങ്ങനെയുള്ള ഇസ്‌ലാം മതത്തിന്റെ വിശിഷ്‌ടോപദേശങ്ങളെ അല്‌പമെങ്കിലും അനുസരിക്കുന്നതിനുള്ള ദൈവകാരുണ്യം എനിക്ക്‌ സിദ്ധിച്ചില്ലായിരുന്നു എങ്കില്‍ ഈ ഘോരമായ വിപത്തിനു കാരണമായ ദുര്‍വിധിയെ ശപിച്ച്‌ തന്മൂലം ഞാന്‍ ദൈവാനുസരണമില്ലാത്തവന്മാരുടെ ഗണത്തില്‍ മുമ്പനായിപ്പോകുമായിരുന്നു. എന്റെ മനസ്സിനുണ്ടായിരിക്കുന്ന വ്യസനം ഒന്നുകൊണ്ടും ആറ്റിയാല്‍ ആറുമെന്നും തോന്നുന്നില്ല. അത്‌ ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്ന ആപ്‌തവാക്യത്തെ തന്റെ പ്രവൃത്തികൊണ്ട്‌ കേരളീയര്‍ക്ക്‌ ഉദാഹരിച്ചുകാണിച്ചിട്ടുള്ള ആ മഹാപുരുഷന്‌ എല്ലാ വിധത്തിലും അനുരൂപയായിരുന്നിട്ടുള്ള ധൈര്യവതിയും ക്ഷമാനിധിയുമായ അവിടുത്തെ അവസ്ഥ വന്നുകണ്ടറിയുന്നതുവരെയും ഏറിക്കൊണ്ടു തന്നെയിരിക്കുമെങ്കിലും അവിടുന്നുമായുള്ള സന്ദര്‍ശനസംഭാഷണങ്ങള്‍ അതിനു ഒട്ടധികം പരിഹാരകമായിത്തീരുമെന്ന്‌ ഞാന്‍ കരുതുന്നു.

ഈ അവസരത്തില്‍ അവിടുത്തെ ദര്‍ശനം ആര്‍ക്കും വ്യസനഹേതുകമായിട്ടല്ലേയിരിക്കൂ? ലോകസ്വഭാവം അങ്ങനെയാണല്ലോ. ഇല്ല, ഒരിക്കലുമില്ല. ഈ സംഗതിയില്‍ ലോകത്തിനു അസാധാരണവും ഉല്‍ക്കൃഷ്‌ടവുമായ ഒരു പാഠം അവിടുന്നില്‍ നിന്ന്‌ അഭ്യസിക്കാന്‍ തക്ക ഒരു വിശിഷ്‌ട സ്ഥാനത്താണ്‌ അവിടുന്ന്‌ സ്ഥിതിചെയ്യുന്നതെന്ന്‌ എനിക്ക്‌ നല്ല ഉറപ്പുണ്ട്‌.

ഇങ്ങനെയെല്ലാം ഞാന്‍ വിചാരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സത്യവും സ്വാതന്ത്ര്യവും നിസ്സഹായകളായിപ്പോയതുപോലെ തന്നെ നമ്മുടെ സാഹിത്യവും അനാഥയായിപ്പോയിരിക്കുന്നുവല്ലോ എന്ന ഖേദത്തിന്‌ പരിഹാരകമായി ഞാന്‍ യാതൊന്നും കാണുന്നില്ല. ഇവിടെവെച്ച്‌ എന്റെ ഗല്‍ഗദശബ്‌ദത്തെ അവിടുത്തെ ശ്രോത്രത്തിനു അവിഷയകുമാക്കിക്കൊള്ളുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

എന്ന്‌,

ദു:ഖിതന്‍

A M Kunju.

വക്കം മൗലവി തന്റെ ഭാര്യാസഹോദരനായിരുന്ന ഏ മുഹമ്മദ്‌ കുഞ്ഞുവിനെക്കൊണ്ടെഴുതിച്ച ഈ കത്തില്‍ തന്റെ പത്രാധിപരുടെ വിയോഗത്തില്‍ ഉണ്ടായ അഗാധമായ വ്യസനവും, പത്രാധിപരെപ്പറ്റിയുള്ള ഹൃദയംഗമായ പ്രശംസയും നിരാധാരമായ ഒരു കുടുംബത്തിന്റെ സ്ഥിതിയില്‍ ഉല്‍ക്കണ്‌ഠയും നിറഞ്ഞുകവിയുന്നു; എന്നാല്‍ അതേ സമയത്ത്‌ എന്റെ അമ്മയ്‌ക്ക്‌ ആശ്വാസമരുളുന്നു; വ്യസനം താങ്ങാന്‍ സഹനശക്തിയും ക്ഷമയും പകര്‍ന്നുകൊടുക്കുന്നു; അതിലുമുപരി അമ്മയുടെ വിപദിധൈര്യത്തെ ഉണര്‍ത്തുന്നു, ഉത്തേജിപ്പിക്കുന്നു. മൗലവിയുടെ അസാമാന്യമായ മനുഷ്യത്വത്തിനു മുമ്പില്‍ ഈ മകളുടെ കൂപ്പൂകൈ!

ഞാനദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയശേഷം -നാടുകടത്തല്‍ കഴിഞ്ഞ്‌ 14 കൊല്ലത്തിനുശേഷം -എന്റെ അമ്മ തിരുവിതാംകൂറില്‍ വരാനിടയായി. വിവാഹിതയായ ഈ മകളുടെ ആവശ്യാര്‍ഥം. അക്കാലത്ത്‌ മൗലവി സാഹിബ്‌ കൊല്ലത്ത്‌ ആശ്രാമത്ത്‌ എ കെ പിള്ളയുടെ വീടും ‘സ്വരാട്‌’ പത്രമാപ്പീസും ചേര്‍ന്ന സ്ഥലത്ത്‌ ഞങ്ങളെ കാണാന്‍ വരികയുണ്ടായി. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുകഴിഞ്ഞ എന്നെ അദ്ദേഹം ആശീര്‍വദിച്ചു. മൃദുവായ സ്വരത്തില്‍, സൗമ്യമായ രീതിയില്‍ സംഭാഷണം, നിലത്തേക്ക്‌ ദൃഷ്‌ടിയുറപ്പിച്ച ഇരുത്തം, അനാര്‍ഭാടമായ വേഷം, സര്‍വോപരി വിനയം -ആ വിനീതഭാവത്തിനു പിന്നില്‍ ഉറച്ച വിശ്വാസങ്ങളും, ഉയര്‍ന്ന ആദര്‍ശങ്ങളും, നിശ്ചയദാര്‍ഢ്യവും, തികഞ്ഞ ആത്മവിശ്വാസവും, നിറഞ്ഞ ധൈര്യവും കുടികൊണ്ടിരുന്നെന്നാരു പറയും? ഞാന്‍ കണ്ട മൗലവി സാഹിബ്‌ അതാണ്‌. ഞാന്‍ കണ്ടറിഞ്ഞ വിശിഷ്‌ടവ്യക്തിത്വം അതാണ്‌. അങ്ങനെയൊരു മഹാമനുഷ്യനെ സഹൃദയനായ സുഹൃത്തായും സഹായിയായും സഹപ്രവര്‍ത്തകനായും സര്‍വോപരി അനുഭാവിയായ പത്രമുടമയായും പ്രസ്സുടമയായും ലഭിച്ച എന്റെ അച്ഛന്‍ ഭാഗ്യശാലിയായിരുന്നു.

അരനൂറ്റാണ്ടിനുശേഷം ‘ജയില്‍വിമുക്ത’മായ സ്വദേശാഭിമാനി പ്രസ്സ്‌ (മൗലവിയുടെ പ്രസ്‌ സര്‍ക്കാര്‍ കണ്ടുകെട്ടിയശേഷം തലസ്ഥാനനഗരിയില്‍ പൂജപ്പുര ജയിലില്‍ കൊണ്ടിട്ട്‌ ജയില്‍പ്പുള്ളികളെക്കൊണ്ട്‌ പ്രവൃത്തി നടത്തിക്കയായിരുന്നത്രെ) ഇ എം എസ്‌ ഗവര്‍മെന്റ്‌ അതിന്റെ യഥാര്‍ഥ ഉടമയുടെ അവകാശികള്‍ക്ക്‌ മടക്കിക്കൊടുത്തുവെന്നും കേടുവന്നതിനുപകരം നല്ല ടൈപ്പുകള്‍ കൊടുത്തുവെന്നും അറിയാനിടയായി. മൗലവിയുടെ മകനായ പരേതനായ വക്കം അബ്‌ദുല്‍ഖാദറും പത്രാധിപരുടെ മകളായ ഞാനും തുല്യദു:ഖിതരും തുല്യസന്തുഷ്‌ടരുമായി. രണ്ട്‌ പരേതാത്മാക്കള്‍ തുല്യശാന്തിയടഞ്ഞുവെന്നു വിശ്വസിക്കാം. നിയതിയുടെ നീതിനിര്‍വഹണം!

്യൂഞാന്‍ വീണ്ടും വീണ്ടും സ്‌മരിക്കട്ടെ. സ്‌മരിക്കാന്‍ ഉദ്‌ബോധിപ്പിക്കട്ടെ-രാമകൃഷ്‌ണപിള്ളയെ ‘സ്വദേശാഭിമാനി’യാക്കിത്തീര്‍ത്ത വക്കം മൗലവി സാഹിബിനെ-അനശ്വരയശസ്സിനു തുല്യപങ്കാളിത്വമുള്ള ആ വന്ദ്യപുരുഷനെ-ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ആ വിശിഷ്‌ടവ്യക്തിയെ.

***  ***   ***
രാമകൃഷ്‌ണപ്പിള്ളയുടെ മൂത്ത മകളായ ലേഖിക അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി ആഘോഷിച്ച വേളയില്‍ (1978 ജൂണ്‍) എഴുതിയതാണ്‌ ഈ ലേഖനം.




© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

0 comments:

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.