നാസ്വിറുദ്ദീന്‍ അല്‍ബാനി (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ) ആധുനിക ഹദീസ്‌പണ്ഡിതരില്‍ ഏറ്റവും പ്രസിദ്ധനായിരുന്നു. ഹദീസുകളിലെ പ്രബലമായവയെയും ബലഹീനങ്ങളെയും വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വിജ്ഞാനദാഹികള്‍ക്ക് മാര്‍ഗദര്‍ശകങ്ങളാണ്. അവയുടെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണിക്കാന്‍ കഴിയില്ല. എങ്കിലും മനുഷ്യസഹജമായ പിഴവുകളും അപാകതകളും അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്. മുസ്ലിം ലോകത്തെ ഒട്ടേറെ പണ്ഡിതര്‍ വിമര്‍ശിച്ച ചില ഹദീസുകള്‍ അദ്ദേഹത്തിന്റെ പ്രബല ഹദീസുകളുടെ സമാഹാരത്തില്‍ (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ) കടന്നുകൂടിയിട്ടുണ്ട്: ``ഒരു ഹദീസ് ദുര്‍ബലങ്ങളായ ഏതാനും പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടതാണെങ്കില്‍ അത് സ്വഹീഹിന്റെ ഗണത്തില്‍ വരുമെ''ന്ന അദ്ദേഹത്തിന്റെ നിഗമനത്തിലൂടെയാവാം ഇത് സംഭവിച്ചത്. അതിനു പുറമെ പ്രബലമായ ചില ഹദീസുകള്‍ക്ക് അദ്ദേഹം നല്‍കിയ വിശദീകരണത്തിലും അപാകതകള്‍ ദര്‍ശിക്കാവുന്നതാണ്.
നബി(സ)യുടെ കാലത്ത് സ്‌ത്രീകള്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ഫജ്ര്‍ നമസ്‌കാരത്തിനു പോലും ധാരാളം സ്‌ത്രീകള്‍ പള്ളിയിലെത്തിയിരുന്നതായി ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ് സമാഹാരങ്ങളില്‍ നിന്ന് വ്യക്തമാണ്. "സ്‌ത്രീകളെ പള്ളിയില്‍ വരുന്നതില്‍ നിന്ന് തടയരുത്'' എന്ന നബിവചനം വളരെ പ്രബലമായി ഉദ്ധരിക്കപ്പെട്ടതാണ്. മുജാഹിദ് പ്രസ്ഥാനം ഈ രംഗത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ധാരാളം സ്‌ത്രീകള്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കുന്നു. സ്‌ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാമാണെന്ന് വാദിച്ച സമസ്‌തക്കാരും ഉത്തമമല്ലെന്ന് വാദിച്ച സമസ്‌താനക്കാരും മുജാഹിദുകള്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു.
സ്‌ത്രീകളുടെ പള്ളിപ്രവേശത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം അല്‍ബാനിയുടെ വീക്ഷണത്തില്‍ നിരര്‍ഥകങ്ങളാണ്. കാരണം സ്‌ത്രീകള്‍ പള്ളിയില്‍ പോകല്‍ ഉത്തമമല്ല എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. ഇവിടെ `സമസ്‌താന' സുന്നികളുടെ പാതയിലാണ് അദ്ദേഹം ചരിക്കുന്നത്. അവര്‍ തങ്ങളുടെ വാദങ്ങള്‍ തെളിയിക്കാന്‍ എഴുന്നള്ളിക്കാറുള്ള ഏതാണ്ടെല്ലാ വാറോലകളെയും അദ്ദേഹം സ്വീകരിച്ചതായികാണാം. ഒരു ഉദാഹരണം നോക്കുക: “ഒരു സ്‌ത്രീക്ക് തന്റെ വീടിന്റെ ഉള്ളറയില്‍ നമസ്‌കരിക്കുന്നതാണ് തന്റെ മുറിയില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ഉത്തമം. അവളുടെ സ്വന്തം മുറിയിലുള്ള നമസ്‌കാരമാണ് വീട്ടിലെ നമസ്‌കാരത്തെക്കാള്‍ നല്ലത്. അവളുടെ വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതാണ് പള്ളിയിലെ നമസ്‌കാരത്തേക്കാള്‍ അവള്‍ക്ക് ഉത്തമം.'' (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ, വാള്യം 5, ഹദീസ് നമ്പര്‍ 2142, പേജ് 174)
യഹ്‌യബിനു ജഅ്‌ഫര്‍, സൈദ്‌ബിനു മുഹാജിര്‍ തുടങ്ങിയ ദുര്‍ബലനിവേദകര്‍ ഈ ഹദീസിന്റെ വിവിധ പരമ്പരയിലുണ്ട്. അല്‍ബാനി തന്നെ അത് സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും അദ്ദേഹം ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി! വളരെ പ്രബലമായ അനേകം ഹദീസുകള്‍ക്കെതിരെ വരുന്ന നിവേദനം ബലഹീനമാണെന്നാണ് മുസ്ലിംപണ്ഡിത വീക്ഷണം. ഈ ഹദീസ്(?) ആകട്ടെ സ്വയമേ ദുര്‍ബലവും പ്രബലങ്ങളായ അനേകം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. പിന്നീട് അതെങ്ങനെ സ്വഹീഹാവും!
ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവ് സമസ്‌തക്കാര്‍ക്ക് പുണ്യദിനവും ആഘോഷദിവസവുമാണ്. ചിലര്‍ അന്ന് നമസ്‌കാരം, നോമ്പ് തുടങ്ങിയ വിവിധതരം ആരാധനകളില്‍ മുഴുകുന്നു. മറ്റു ചിലരാകട്ടെ മധുര പലഹാരങ്ങളുടെ നിര്‍മാണത്തിലും `കഴിക്കലി'ലും വ്യാപൃതരാവുന്നു.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിക്ക് ഈ വിഷയത്തിലും സൂക്ഷ്‌മതക്കുറവ് സംഭവിച്ചിട്ടുണ്ട്. ഏതാനും ബലഹീനമായ ഹദീസുകള്‍ ഒത്തുചേര്‍ന്നാല്‍ സ്വഹീഹായ ഹദീസ് ആയിത്തീരുമെന്ന തന്റെ സിദ്ധാന്തം അദ്ദേഹം ഇവിടെയും ആവര്‍ത്തിക്കുന്നു. അദ്ദേഹം തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയില്‍ 1144-ാം നമ്പറായി ചേര്‍ത്ത ഹദീസ്(?) ശ്രദ്ധിക്കുക: ``ശഅ്‌ബാന്‍ മാസത്തിന്റെ പകുതിയിലുള്ള രാവില്‍ അല്ലാഹു തന്റെ ദാസന്മാരെ എത്തിനോക്കുന്നതാണ്. ബഹുദൈവവിശ്വാസിയോ ശത്രുതയുമായി കഴിയുന്നവനോ ഒഴികെയുള്ളവര്‍ക്കെല്ലാം അല്ലാഹു അന്ന് പൊറുത്തുകൊടുക്കുന്നതാണ്.'' (3:135)
ശഅ്‌ബാന്‍ പതിനഞ്ചാം രാവിനെക്കുറിച്ചുള്ള മറ്റു നിവേദനങ്ങളും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ചര്‍ച്ചയുടെ അവസാനത്തില്‍ തന്റെ വീക്ഷണം അദ്ദേഹം പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്: ``ചുരുക്കിപ്പറഞ്ഞാല്‍ വിവിധ പരമ്പരകളിലൂടെ വന്ന ഈ ഹദീസ് പ്രബലമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. കഠിനമായ ബലഹീനതയില്ലെങ്കില്‍ ഇതിനെക്കാള്‍ കുറഞ്ഞ എണ്ണമാണെങ്കില്‍ പോലും ഹദീസിന്റെ പ്രാബല്യം (സ്വിഹത്ത്) സ്ഥിരപ്പെടുന്നതാണ്.'' (3:138) അല്‍ബാനി ഭക്തര്‍ ബറാത്ത് ദിനം ആചരിക്കാനാഹ്വാനം ചെയ്യുന്ന നാള്‍ വിദൂരമല്ല.
ലോകാവസാനത്തിന് മുമ്പ് മഹ്‌ദീ ഇമാം വരികയും അദ്ദേഹം ലോകത്ത് നീതി നടപ്പാക്കുകയും ചെയ്യുമെന്ന വിശ്വാസം ശീഅകളാണ് മുസ്‌ലിംലോകത്ത് ആദ്യം പ്രചരിപ്പിച്ചത്. ഇപ്രകാരം വരുന്ന മഹ്‌ദിയുടെ പേര് നബിയുടെ നാമമായിരിക്കുമെന്നും അദ്ദേഹം നബികുടുംബത്തില്‍ പെട്ടവനായിരിക്കുമെന്നും അവര്‍ വാദിച്ചു. അതിനുവേണ്ടി ഒട്ടേറെ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. സയ്യിദ് റശീദ് റിദാ(റ) ഈ ഹദീസുകളെയെല്ലാം പഠനവിധേയമാക്കിയ ശേഷം അവയൊക്കെ ദുര്‍ബലങ്ങളാണെന്ന് വിധിച്ചു. മഹ്‌ദിയുടെ ആഗമനത്തെ സ്വപ്‌നം കാണുന്നവരോട് അദ്ദേഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുന്നത് കാണാവുന്നതാണ്. അന്ധവിശ്വാസങ്ങളോട് സന്ധിയില്ലാസമരം നടത്തുന്ന മുജാഹിദ് പ്രസ്ഥാനം ഈ ദൃഢവിശ്വാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: ``അവസാനകാലം ഒരു മഹ്‌ദി വരും, അയാള്‍ ഫാത്വിമിയായിരിക്കും. അയാള്‍ ഇസ്‌ലാമിനെ പുനസ്ഥാപിക്കും, നീതിനിഷ്‌ഠവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെ പറ്റിയുള്ള അടിസ്ഥാനരേഖകള്‍ അതീവ ദുര്‍ബലങ്ങളാണ്.'' (പുസ്‌തകം 41, ലക്കം 2)
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സമീപനം ഇതിനു വിരുദ്ധമാണ്. അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ച് സുവിശേഷമറിയിച്ചിരുന്നു. തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയിലും ബലഹീനമായവയുടെ പരമ്പരയിലും അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനതകളില്ലാത്ത ഒരു നിവേദനവും ഈ വിഷയത്തിലില്ല. ശൈഖ് റശീദ് റിദാ തന്റെ ഖുര്‍ആന്‍ വിവരണത്തില്‍ മഹ്‌ദിയെക്കുറിച്ച് വന്ന മുഴുവന്‍ നിവേദനങ്ങളെയും വിശകലനം ചെയ്യുകയും അവയിലുള്ള ബലഹീനത ചൂണ്ടിക്കാണിക്കുകയും ചെയ്‌തിട്ടുണ്ട്. ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി അവയില്‍ ചിലതിനെ ബാലിശമായ ന്യായീകരണങ്ങളിലൂടെ പ്രബലങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹയിലെ 2293-ാം നമ്പര്‍ ഹദീസ് ഒരു ഉദാഹരണമാണ്: ``നമ്മുടെ കൂട്ടത്തില്‍ ഒരാളുണ്ട്. അയാളുടെ പിന്നില്‍ മര്‍യമിന്റെ മകന്‍ ഈസ നമസ്‌കരിക്കുന്നതാണ്.'' (5:371) ബലഹീനമായ ഈ നിവേദനം അല്‍ബാനി സ്വഹീഹ് എന്ന് വിധിക്കുന്നു. അതിന് അദ്ദേഹം നല്‌കുന്ന കാരണം നോക്കുക:
“സുയൂത്വി തന്റെ അല്‍ജാമിഅ് എന്ന ഗ്രന്ഥത്തില്‍ അബൂനഈമിലേക്ക് ഈ നിവേദനത്തെ ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്. കിതാബുല്‍ മഹ്‌ദി എന്ന കൃതിയില്‍ അദ്ദേഹം അബൂസഈദില്‍ നിന്ന് ഇതിനെ ഉദ്ധരിച്ചതായി പറയുന്നു. ഈ ഹദീസിനെക്കുറിച്ച് അല്‍മനാവി `ദുര്‍ബലം (ദ്വഈഫ്) എന്ന് പറഞ്ഞിട്ടുണ്ട്. ഈ ഹദീസിന്റെ സനദ് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും ഈ ഹദീസ് എന്റെയടുക്കല്‍ സ്വഹീഹാണ്. കാരണം ഇത് മറ്റു ഹദീസുകളില്‍ ശകലങ്ങളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 5:371)
നോക്കൂ, സനദ് കാണുക പോലും ചെയ്യാതെ ശൈഖ് അല്‍ബാനി ഹദീസ് പ്രബലമാണെന്ന് വിധിക്കുന്നു! സനദ് പരിശോധിച്ച ശേഷം അത് ബലഹീനമാണെന്ന് എഴുതിയ പ്രമുഖനായ ഹദീസ് പണ്ഡിതന്റെ വാക്ക് അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നു! മഹ്‌ദിയെക്കുറിച്ചുള്ള ഹദീസുകളെല്ലാം ഇപ്രകാരം ദുര്‍ബലങ്ങളാണ്. അതിനാല്‍ നാം അവയെ തള്ളിക്കളയുന്നു. എന്നാല്‍ വിഘടിതരുടെ അഭിനവ മുജ്‌തഹിദ് ഉറക്കവുമൊഴിച്ച് മഹ്‌ദിയുടെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. അതിനിടെ `മഹ്‌ദി വരില്ലെന്ന്' അദ്ദേഹത്തോട് പറയുന്ന കേരള സലഫികളെയും റശീദ് റിദായെയും മറ്റുമെല്ലാം അദ്ദേഹം അധിക്ഷേപിക്കുന്നു.
നോക്കൂ, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ അബദ്ധവീക്ഷണങ്ങളെ അനുകരിക്കാന്‍ വേണ്ടി മുജാഹിദ് പ്രസ്ഥാനത്തെ തന്നെ തള്ളിക്കളയുന്നു. മുജാഹിദുകളെല്ലാം റശീദ് രിദായെ തെളിവ് നോക്കാതെ പിന്തുടരുന്നവര്‍ (മുഖല്ലിദുകള്‍) ആണെന്ന് വാദിക്കുന്നു. മാത്രമല്ല, മുജാഹിദുകള്‍ തങ്ങളുടെ വിശ്വാസകാര്യങ്ങളില്‍ പോലും ജമാഅത്തുകാരുടെ കൃതികളെ അനുഗമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അല്‍ബാനീപ്രേമം ഇവരെ എങ്ങോട്ടാണ് നയിക്കുന്നത്?
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമേ മുസ്‌ലിംകള്‍ യുദ്ധംചെയ്യേണ്ടതുള്ളൂ. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്ന ശത്രുക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നതിന് ഖുര്‍ആനും പ്രവാചകചര്യയും സാക്ഷ്യംവഹിക്കുന്നു. ഇത് വിശദീകരിക്കുന്ന അനേകം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാല്‍ ഈ എഴുത്തുകാരെ അല്‍ബാനി വിമര്‍ശിക്കുന്നു. ഇസ്‌ലാമിക പ്രചരണാര്‍ഥം യുദ്ധം നിര്‍ബന്ധമാണെന്ന് വാദിക്കുകയും ചെയ്യുന്നു. യുദ്ധത്തിലേര്‍പ്പെട്ട അനുചരന്മാര്‍ക്ക് നബി(സ) നല്‌കിയ ചില ആജ്ഞകളെ തന്റെ വാദത്തിന് തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. അവയില്‍ ചിലത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ``ഈ ഹദീസുകളെല്ലാം ഇസ്‌ലാമിക പ്രചാരണത്തിന് യുദ്ധം നിര്‍ബന്ധമാണെന്ന് വ്യക്തമായും കുറിക്കുന്നു. ആധുനികരായ ചില എഴുത്തുകാരുടെ വീക്ഷണത്തിന് ഇവ എതിരാണ്.'' (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 1:770)
അല്‍ബാനിയുടെ ഭക്തര്‍ തങ്ങളുടെ ഇമാമിന്റെ ഈ ചിന്ത നടപ്പിലാക്കാന്‍ തുനിയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ കൃതികളില്‍ നമുക്ക് അപരിചിതമായ വാദമുഖങ്ങള്‍ ധാരാളം വേറെയുമുണ്ട്. ദിനേന മുടിചീകുന്നത് പ്രവാചകന്‍ വിരോധിച്ചു, സ്‌ത്രീകളുടെ ചേലാകര്‍മം സുന്നത്താണ്, സ്‌ത്രീകള്‍ക്ക് സ്വര്‍ണവളകളും മാലകളും നിഷിദ്ധമാണ്, ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഖലീഫ ഖുറൈശി ഗോത്രക്കാരനായിരിക്കല്‍ നിര്‍ബന്ധമാണ് എന്നു തുടങ്ങി അവ ധാരാളമാണ്.
srfajman@gmail.com
2 comments:
who is albani ?... whats the relevance of this topic in the blog... why you guys dragging your religious internal problems in common platforn. Dont you have any other useful things to share with outer world ?
ശൈഖ് അല്ബാനിയും ഹദീസ് നിഷേധികളും
ഇക്കഴിഞ്ഞ ലക്കത്തിലെ ശബാബില്‍ എം ഐ മുഹമ്മദ് അലി സുല്ലമി എന്ന ആള്‍ പേര് വെച്ച് എഴുതിയ ലേഖനത്തില്‍ ശൈഖ് അല്ബാനിയെ ക്കുറിച്ച് മോശമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.
ശൈഖ് അല്‍ബാനി തെറ്റ് സംഭവിക്കാത്ത ആളാണെന്നോ അദ്ദേഹം പറഞ്ഞ, എഴുതിയ കാര്യങ്ങള്‍ മുഴുവന്‍ പിന്പറ്റണമെന്നോ ഇവിടെ ആര്‍കും വാദമില്ല. ഇവിടെയുള്ള വിഷയം അതല്ല താനും.
മറിച്ച്, അഹ്ലുസ്സുന്നതിന്ടെ പണ്ഡിതന്മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാണിക്കാത്ത പ്രസ്തുത ലേഖനം ഒരിക്കലും നന്മ വിതക്കുന്നതോ കൊയ്യുന്നതോ അല്ല.
'"അദ്ദേഹം സമസ്ഥാന സുന്നികളുടെ പാതയിലാണ് ചരിക്കുന്നത്, അവര്‍ തങ്ങളുടെ വാതങ്ങള്‍ തെളിയിക്കാന്‍ എഴുന്നുള്ളിക്കാറുള്ള ഏതാണ്ടെല്ലാ വാറോലകളെയും അദ്ദേഹം സ്വീകരിച്ചതായി കാണാം.." സുല്ലമി ശൈഖ് അല്ബാനിയെക്കുരിച്ച് പറഞ്ഞ ഒരു പതപ്രയൊഗമാണ് ഇത്.
പ്രശംസാ വാചകമാണോ ഇത്? സംഘടനാ ഭ്രമം തലയ്ക്കു പിടിച്ച ആളുകളല്ലാതെ ഇത് പുകഴ്തലാണെന്നു പറയില്ല. ഏറ്റവും ലളിതമായി ഇല്മിനെയും ഉലമാക്കളെയും എങ്ങിനെ സമീപിക്കണമെന്ന് പോലും അറിയാത്ത ആളാണ് ഇത് എഴുതിയത് എന്ന് വ്യക്തം.
വിഴുപ്പലക്കി മാത്രം പരിചയമുള്ള ആളുകള്‍, ദീനും, ഇല്മും പഠിപ്പിക്കുന്ന ആളുകളെ പരാമര്‍ശിക്കുമ്പോള്‍ സംഭവിച്ച അപചയാമാണിത്.
സുല്ലമിയുടെ ലേഖനം വായിക്കാന്‍ ഇട വന്ന ഏതൊരു മാന്യനും അതിലടങ്ങിയ പരിഹാസവും പുച്ഛവും നിറഞ്ഞ വരികള്‍ മനം പിരട്ടല്‍ ഉണ്ടാക്കും എന്ന കാര്യം തീര്‍ച്ച.
പണ്ടിതന്മാര്‍ക്കു അബദ്ധം സംഭവിക്കാം. അത് പൊതുജന മധ്യത്തില്‍ എല്ലാ നാലാം കിട ആളുകളും ചര്‍ച്ച ചെയ്യുകയും വിഴുപ്പലക്കുകയും ചെയ്യാന്‍ പാടില്ല. ഇത് പൊതുവായ തത്വമാണ്.
ഇനി ശൈഖ് അല്‍ബാനിയുടെ കാര്യത്തിലേക്ക് വരാം. അഹ്ലുസ്സുന്നതിന്ടെ പ്രമുഖ പണ്ടിതന്മാരില്‍ വളരെ പ്രശസ്തനാണ് അദ്ദേഹം. സുല്ലമി പറഞ്ഞ തരത്തിലുള്ള അബദ്ധങ്ങള്‍ ശൈഖ് അല്ബാനിക്ക് സംഭവിച്ചു എന്ന് ഇന്ന് ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ഒരു പണ്ഡിതന്‍ പോലും പറഞ്ഞതായ് ചൂണ്ടിക്കാട്ടുക അസാധ്യം.
ഹദീസുകളുടെ صحة ഉം ضعف ഉം നിശ്ചയിക്കുന്നതിന് ഉലമാക്കള്‍ക്ക് അംഗീകൃതവും വ്യവസ്ഥാപിതവുമായ നിയമമുണ്ട്. ഈ നിയമം തെറ്റിക്കാത്ത കാലത്തോളം , ഏതൊരു ഹദീസിന്‍റെ കാര്യത്തിലും പറയപ്പെടുന്ന വിധിയും, മാനിക്കപ്പെടുകയും, ആ വിധി പറഞ്ഞ പണ്ഡിതന്‍ ആദരിക്കപ്പെടുകയും ചെയ്യണം. ഇത്, അപ്രമാതിത്വം കല്പിക്കലല്ല, മറിച്ച് ഉലമാക്കളോട് കന്നിക്കേണ്ട അദബ് ആണ്.
ഇവിടെ സുല്ലമി, ശൈഖ് അല്‍ബാനിയുടെ മേല്‍ കുതിര കയറാന്‍ ഉപയോഗിച്ച ഏതെങ്കിലും ഹദീസില്‍, പ്രസ്തുത നിയമം തെറ്റിയതായി കാണിക്കണം. അത് കാണിക്കേണ്ടത്, തതുല്യനായ ആളായിരിക്കണം. ശൈഖ് അല്ബാനിയില്‍ സമശീര്‍ഷരായ ആര്‍കും കാണാന്‍ കഴിയാത്ത ന്യുനതകള്‍ , ഒരു നിലക്കും "തൂക്കം ഒപ്പിക്കാന്‍" കഴിയാത്ത സുല്ലമിക്ക് മാത്രം എങ്ങിനെ കാണാന്‍ കഴിഞ്ഞു? ഇല്മിന്‍റെ ആധിക്യം കൊണ്ടാണെന്ന് ഏതായാലും സുല്ലമിയെ അറിയുന്നവരാരും പറയില്ലല്ലോ .
ഖുറാനും സുന്നതുമാണ് പ്രമാണമെന്നു പറയുമെങ്കിലും, തങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരായി ആര് പറഞ്ഞാലും, അത് ഖുരാനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലായാലും ഖണ്ഡിക്കുകയയും എരപ്പാക്കുകയും ചെയ്യുകയെന്ന 'സംഘടന സൈകോളജി' മാത്രമാണ് സുല്ലമിയുടെ ലേഖനത്തിന്‍റെ ആധാരം.
ഹദീസ് വിജ്ഞാനത്തില്‍ കര്‍ക്കശവും അതി സുക്ഷ്മവുമായ ഉസൂലുകള്‍ അവലംബിച്ച പണ്ടിതന്മാരില്‍ ഒരാളായിരുന്നു ശൈഖ് അല്‍ബാനി രഹ്മതുല്ലഹി അലൈഹി എന്ന് അദ്ധേഹത്തെ അറിയുന്നവര്കറിയാം.
സുല്ലമി ധരിച്ചു വശായത് പോലെ തന്നിഷ്ടപ്രകാരം ഏതെങ്കിലും ഒരു ഹദീസ് ശൈഖ് അല്‍ബാനി ضعيف ആക്കിയതോ صحيح ആകിയതോ ആയി ഇല്ല.
മഹ്ദിയുടെ ഹദീസില്‍, അതിന്‍റെ സനദ് പോലും കാണാതെ ശൈഖ് അല്‍ബാനി 'സഹീഹ്' എന്ന് വിധിയെഴുതി എന്ന് പറഞ്ഞു പരിതപിക്കുന്ന സുല്ലമി, മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നിലപാട് എന്തെന്ന് പറയുന്നതിന് മുമ്പ്, പ്രസ്തുത വിഷയത്തില്‍ അഹ്ലുസ്സുന്നതിന്ടെ ഉലമാക്കളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുമോ?
ചുരുക്കത്തില്‍, എന്ത് ചവറും എഴുതി വിടാന്‍ പാകത്തിലുള്ള ഒരു വാരികയും, എന്ത് പറഞ്ഞാലും ആടാന്‍ തക്ക അണികളുമുള്ള സുല്ലമിയെപ്പോലുള്ള ആളുകള്‍ക്ക് എന്തും എഴുതാം. പക്ഷെ, അത് സലഫിയ്യതിന്‍റെ പേരിലാകരുതെന്നു മാത്രം. !
Post a Comment
നിങ്ങളുടെ പ്രതികരണം അറിയിക്കുക....