Saturday, October 17, 2009

ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?




ഖാദര്‍ പി   

കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.


അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക്‌ ഇരുവരും കോടതിയില്‍ നിന്ന്‌ നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ്‌ എസ്സിലും പെട്ട സുഹൃദ്‌ വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി. പൊട്ടുതൊട്ട്‌ നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത്‌ കണ്ട്‌ മുസ്‌ലിംകളുടെ നാവിറങ്ങിപ്പോയി. കണ്ണുകള്‍ മാറിനടന്നു. മകളെ നേര്‍വഴിക്ക്‌ നടത്താത്തതിന്‌ മഹല്ല്‌ ആ കുടുംബത്തോട്‌ അകലംപാലിച്ചു. മകളും ഭര്‍ത്താവും തൊട്ടുമുന്നിലൂടെ വിഹരിക്കുന്നത്‌ കാണാനാവാതെ ആ കുടുംബം മറ്റൊരു നാട്ടിലേക്ക്‌ താമസം മാറ്റി. ഈ സംഭവം നാട്ടിലെ മുസ്‌ലിംജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നുവെച്ചാല്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളിനപ്പുറം പറഞ്ഞയക്കുന്നത്‌ അപകടമാണെന്ന സന്ദേശം വിദ്യാഭ്യാസ തല്‌പരരായ കുടുംബങ്ങളെപ്പോലും സ്വാധീനിച്ചു. ഉന്നതവിദ്യാഭ്യാസം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.


നാടുവിട്ടുപോയ ആ കുടുംബം പിന്നീട്‌ തിരിച്ചെത്തി. ഇന്നിപ്പോള്‍ ഇരുവീട്ടുകാരും നാട്ടിലൂടെ കണ്ടാല്‍ മിണ്ടാതെ ജീവിച്ചുപോരുന്നു. എന്നാല്‍ ഡ്രൈവറായ യുവാവിന്‌ നാട്ടിലെ മുസ്‌ലിം ബസ്സുടമകള്‍ നാട്ടിലെ ബസ്സില്‍ തന്നെ ജോലി കൊടുത്തു. സാധാരണ ബന്ധം, സാധാരണ സൗഹൃദം. ഇപ്പോഴയാള്‍ ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും ചെയ്‌തു. അടുത്തകാലത്തായി നാട്ടിലെ മുസ്‌ലിംകുടുംബത്തില്‍ പിറന്ന രണ്ട്‌ പെണ്‍കുട്ടികള്‍ ഹിന്ദുയുവാക്കള്‍ക്കൊപ്പം പോയി. ഒരു പെണ്‍കുട്ടി പൂര്‍ണഹിന്ദുവായി. സി പി എം കുടുംബത്തില്‍ പെട്ട യുവാവിന്‌ പെണ്‍കുട്ടിയെ ഒളിപ്പിക്കാനും മറ്റും പൂര്‍ണ സംരക്ഷണം നല്‌കിയത്‌ ആര്‍ എസ്‌ എസ്സായിരുന്നു. മറ്റേ പെണ്‍കുട്ടി രണ്ടുംകെട്ട നിലയില്‍ ജീവിച്ചുപോരുന്നു. ഇതിനിടയില്‍ ഒരു മുസ്‌ലിം യുവാവ്‌ രണ്ടു കുട്ടികളുള്ള നായര്‍ യുവതിയെ വിവാഹം ചെയ്‌തു. അവന്‍ മുസ്‌ലിമും അവള്‍ നായരുമായി ജീവിച്ചുപോരുന്നു.

1980കളുടെ ആദ്യപാതിയില്‍ നിന്ന്‌ ഇരുപതു വര്‍ഷത്തിലധികം പിന്നിട്ടതുകൊണ്ടാവാം പില്‌ക്കാല പ്രണയവിവാഹങ്ങള്‍ ഗ്രാമത്തിലെ ആദ്യവിവാഹങ്ങള്‍ പോലെ മുസ്‌ലിംസമൂഹത്തിന്റെ ഉറക്കമില്ലാത്ത ഉല്‍ക്കണ്‌ഠയായി മാറിയില്ല. സമുദായത്തില്‍ നിന്ന്‌ മൂന്ന്‌ പെണ്‍കുട്ടികള്‍ പോയിട്ടും ഇതിന്‌ പിന്നില്‍ ഏതെങ്കിലും ഹിന്ദുസംഘടനയുടെ ആസൂത്രിത നീക്കമുണ്ടെന്ന ചിന്ത മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല.



വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ മതക്കാരുടെ ഇടകലരല്‍ മുന്‍കാലത്തെക്കാള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചതോടെ വ്യത്യസ്‌ത ജാതിക്കാര്‍ക്കും മതക്കാര്‍ക്കുമിടയിലുള്ള വിവാഹം കൂടിക്കൂടി വരികയാണ്‌. അതിന്റെ എണ്ണം ഇന്നത്തെക്കാള്‍ കൂടുകയും ചെയ്യും. എസ്‌ എസ്‌ എല്‍ എസിക്ക്‌ ഒന്നാംറാങ്ക്‌ നേടിയ ഒരു മുസ്‌ലിംപെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? അഭിമാനഭാരത്താല്‍ നാട്ടിലെ മുസ്‌ലിംസംഘടനകള്‍ അവള്‍ക്ക്‌ കൊടുത്ത സ്വീകരണങ്ങള്‍ക്കും സ്വര്‍ണപ്പതക്കങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്‌ ശേഷം അവള്‍ ഒരു ക്രിസ്‌ത്യന്‍ യുവാവിനൊപ്പം പോയി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവര്‍ത്തകന്റെ ബന്ധുവായ ഡോ. സത്യനാഥന്‍ മുസ്‌ലിമായി. ഇപ്പോള്‍ ആണ്ടുനേര്‍ച്ചാവിവാദത്തില്‍പ്പെട്ട പ്രഭാഷകന്റെ പ്രസംഗം കേട്ട്‌ മറ്റൊരു യുവ ലേഡീഡോക്‌ടറും ഈയിടെ മുസ്‌ലിമായി. ഇങ്ങനെ പല പ്രമുഖരുടെ പേരുകളും നമുക്ക്‌ ഓര്‍മിച്ചെടുക്കാനാവും.


മതംമാറ്റം തീര്‍ച്ചയായും അവരവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേദനാജനകമായ അനുഭവമാണ്‌. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന മക്കള്‍ ഒരുനാള്‍ സ്വന്തം സംസ്‌കാരവും ജീവിതരീതിയും വിട്ട്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊന്നിലേക്ക്‌ കയറിപ്പോവുന്നത്‌ നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ എത്രയെത്ര. കുടുംബത്തില്‍ ഇത്തരമൊരു സംഭവം നടക്കുന്നതോടെ മറ്റ്‌ കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍, കെട്ടിച്ചയച്ച പെണ്‍മക്കള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നിന്നുള്ള മാനസികപീഡനം, കെട്ടിക്കാനും കെട്ടാനുമുള്ളവര്‍ക്ക്‌ ഇക്കാരണത്താല്‍ മുടങ്ങുന്ന വിവാഹാലോചനകള്‍, സാമൂഹ്യബഹിഷ്‌കരണം അങ്ങനെ പലതും.

എന്നാല്‍ മതംമാറ്റത്തെ കൂസലേതുമില്ലാതെ സ്വീകരിക്കുന്നവരുമുണ്ട്‌ സമൂഹത്തില്‍. തീര്‍ച്ചയായും അവരുടെ എണ്ണം നന്നേ ചെറുതാണ്‌. നാലപ്പാട്ട്‌ കുടുംബമാണ്‌ ഇവയില്‍ ഇന്നേറ്റവും പ്രശസ്‌തമായത്‌. മാധവിക്കുട്ടി, കമലാസുരയ്യ ആയപ്പോള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ സി പി എമ്മില്‍ ചേരുന്ന ലാഘവത്തോടെയാണ്‌ ആ കുടുംബം അതിനെ സ്വീകരിച്ചത്‌. എന്നാല്‍ ഈ കുടുംബത്തിനില്ലാത്ത വേദനയായിരുന്നു പുറത്തുള്ളവര്‍ക്ക്‌. സാംസ്‌കാരിക നായകര്‍ പോലും അവരോട്‌ അകലംപാലിച്ചു. മുസ്‌ലിമാവുന്നതിനുമുമ്പ്‌ ആഴ്‌ചയില്‍ ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ പിന്നീടത്‌ മുസ്‌ലിം സംഘടനകളുടെ മൂന്നോ നാലോ പരിപാടിയായി ചുരുങ്ങിയെന്ന്‌ മകന്‍ എം ഡി നാലപ്പാട്ട്‌ തന്നെ അനുസ്‌മരിക്കുകയുണ്ടായി. അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ഭാര്യ വിജയലക്ഷ്‌മിക്കും സംഘ്‌പരിവാരത്തിന്റെ ഭീഷണിയുണ്ടായി. അവഹേളനം അസഹ്യമായപ്പോള്‍ കമലാസുരയ്യക്ക്‌ കേരളംതന്നെ വിട്ടുപോകേണ്ടിവന്നു. ഈ വര്‍ഷം ജൂലൈ 31ന്‌ അവര്‍ പൂനെയിലെ വസതിയില്‍ വെച്ച്‌ മരണപ്പെട്ടപ്പോള്‍ പോലും പലരും അവരോടുള്ള പക വാക്കുകളിലും എഴുത്തിലും ഒളിച്ചും തെളിച്ചും വെച്ചു. ഡോ. സുകുമാര്‍ അഴീക്കോടില്‍ നിന്നു പോലും പ്രതീക്ഷിക്കാത്തത്‌ കേട്ടു. ലീലാ മേനോനെപ്പോലുള്ളവര്‍ മരണശേഷവും അവരെ പുലഭ്യം പറഞ്ഞു. ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഹോബി നിലവിളക്കിന്റെയും നിറപറയുടെയും പശ്ചാത്തലത്തിലുള്ള അവരുടെ ചിത്രം ആവര്‍ത്തിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു.

ഒരാള്‍ ഒരു മതംവിട്ട്‌ മറ്റൊന്ന്‌ സ്വീകരിക്കുമ്പോള്‍ ആശ്ലേഷിക്കപ്പെടുന്ന മതത്തിന്റെയാളുകള്‍ക്ക്‌ ആത്മീയാനുഭൂതിയും ഉല്‍ക്കര്‍ഷബോധവുമുണ്ടാവുക സ്വാഭാവികമാണ്‌. ഒരാള്‍ പാര്‍ട്ടി മാറുമ്പോള്‍ പുതുതായി ചേരുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുണ്ടാകാവുന്ന സന്തോഷത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്‌.


മതംമാറ്റത്തിന്റെ ഈ സ്വാഭാവിക സുഖവും ദു:ഖവും വര്‍ഷങ്ങളായി അനുഭവിച്ചുവന്നിരുന്ന കേരളത്തിന്റെ ഹൃദയം പക്ഷേ ഈ അടുത്ത കാലത്തായി കൂടുതല്‍ ഇടുങ്ങിവരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജില്‍ എം ബി എക്ക്‌ പഠിക്കുന്ന പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല, കൊട്ടരക്കരയിലെ ബിനോ ജേക്കബ്‌ എന്നീ വിദ്യാര്‍ഥിനികള്‍ പ്രണയത്തെ തുടര്‍ന്ന്‌ ഇസ്‌ലാം സ്വീകരിച്ചത്‌ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കയാണ്‌. തീവ്രവാദത്തിന്റെ ചൂരടിപോലും അലര്‍ജിയായ മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം എസ്‌ എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷഹന്‍ഷായാണ്‌ കഥയിലെ നായകന്‍. എം ബി എക്ക്‌ പഠിക്കുന്ന സുന്ദരക്കുട്ടപ്പന്‍. കോളെജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ നിരന്തരം സമരം ചെയ്‌തയാള്‍. ഒടുവില്‍ മാനേജ്‌മെന്റ്‌ ഷഹന്‍ഷായെ പുറത്താക്കുന്നു. തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ്‌ അനുസരിക്കുന്നില്ല. ഒടുവിലയാള്‍ കോളെജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാനാടകം കളിക്കുന്നു. എസ്‌ എഫ്‌ ഐക്കു പോലും പിന്തുണയ്‌ക്കേണ്ടി വന്ന സമരത്തിനൊടുവില്‍ ഷാ കോളെജില്‍ തിരിച്ചുകയറുന്നു.

കോളെജ്‌ കാമ്പസ്‌ അനുഭവമുള്ള ആര്‍ക്കുമറിയാം; ഇത്തരമൊരു താരപരിവേഷമുള്ളയാള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെപോലും ഹീറോ ആയി മാറും. ഇപ്പോഴത്തെ വിവാദപ്രണയം പോലും ഈ രണ്ട്‌ പെണ്‍കുട്ടികള്‍ മത്സരബുദ്ധിയോടെ അങ്ങോട്ട്‌ തുടങ്ങിവെച്ചതാണെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നുണ്ട്‌. ഇവര്‍ മാത്രമല്ല, പലരും ഷഹന്‍ഷാക്ക്‌ വേണ്ടി കൊതിച്ചിരുന്നുവത്രെ.


പെണ്‍കുട്ടികള്‍ നിരന്തരം മിസ്‌ഡ്‌ കോള്‍ വഴി തുടക്കമിട്ടതാണെങ്കിലും ഈ പ്രണയത്തിന്‌ ആഗോള ബന്ധമുണ്ടെന്നാണ്‌ സംഘ്‌പരിവാരവും അവരുടെ മനസ്സുപേറുന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദിയാണ്‌ (ഒക്‌ടോബര്‍ 11) അറുവഷളന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ലൗജിഹാദിനെയും റോമിയോ ജിഹാദിനെയും കുറിച്ചുള്ള ഗംഭീര സാധനം വരുന്നുണ്ടെന്ന്‌ അവര്‍ ആദ്യമേ ടി വിയില്‍ പരസ്യം ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ന്യൂസ്‌സ്റ്റാന്റുകളില്‍ വന്നതോടെ സാധനം തീര്‍ന്നുപോയി. ലൗജിഹാദിനെക്കുറിച്ച്‌ വാരികയില്‍ എഴുതിയവരുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തുവെന്നതാണ്‌ ഈ സംഘ്‌മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു തമാശ. ഇങ്ങനെ നമ്പര്‍ കൊടുത്തതുകൊണ്ട്‌ അവര്‍ ലക്ഷ്യമിട്ടത്‌ അടുത്ത ആഴ്‌ചകളിലെ സ്റ്റോറികള്‍ക്കുള്ള കോളാണ്‌. ഇനിയിപ്പോള്‍ ഈ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏതെങ്കിലും ആളെ ഏര്‍പ്പാട്‌ ചെയ്‌ത്‌ പബ്ലിക്‌ ബൂത്തുകളില്‍ കയറി വിളിപ്പിക്കുകയേ വേണ്ടൂ. “നിന്നെ തട്ടിക്കളയും. മാപ്പിളയോട്‌ കളിച്ചാല്‍ നീ മാത്രമല്ല, നിന്റെ തള്ളയും തന്തയും ഭൂമുഖത്തുണ്ടാവില്ല. നിന്റെ ഭാര്യയെ ഞങ്ങള്‍ തട്ടമിടീക്കും. 10,000 കോടി രൂപയാണ്‌ ഞങ്ങള്‍ മതംമാറ്റാന്‍ ഇറക്കാന്‍ പോവുന്നത്‌. കേരളം മുസ്‌ലിംകളെക്കൊണ്ട്‌ നിറയ്‌ക്കാന്‍ പൊവുകയാണ്‌. ഞങ്ങളെ എതിര്‍ത്താല്‍ അവന്റെ തറവാട്‌ വരെ ബോംബിട്ട്‌ തകര്‍ക്കും. ഇസ്‌ലാം വന്നിട്ട്‌ മതി ഇവിടത്തെ ട്രെയിനും പാലവുമെല്ലാം.”


കലാകൗമുദിയുടെ അടുത്ത ലക്കത്തില്‍ ലേഖകരുടെ ഈ നമ്പറുകളിലേക്ക്‌ വിളിക്കുന്ന തീവ്രവാദികള്‍ നടത്താനിടയുള്ള ഭീഷണികളില്‍ ഈ ലേഖകനറിയാവുന്ന നന്നേ കുറഞ്ഞ തെറികളിലൊന്നാണ്‌ മുകളിലെഴുതിയത്‌. മുഖ്യധാരാ സാംസ്‌കാരിക വാരികകളുടെ സ്ഥാനത്തുനിന്ന്‌ പുറംതള്ളപ്പെട്ടുപോയ കലാകൗമുദിക്ക്‌ തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളിലൊന്നാവാം ഈ നെറികെട്ട മാധ്യമപ്രവര്‍ത്തനം. എന്നാല്‍ സര്‍ക്കുലേഷന്‍ തന്ത്രത്തിന്‌ എന്തിന്‌ പീഡിതരായ സമൂഹത്തിന്റെ മേക്കിട്ട്‌ കയറണം.

കഥ മെനയുമ്പോള്‍ എല്ലാം കൂട്ടിയോജിപ്പിച്ച്‌ കുറ്റമറ്റതാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഷഹന്‍ഷാ മുസ്‌ലിംലീഗ്‌ നേതാക്കളോട്‌ സഹായാഭ്യാര്‍ഥന നടത്തിയപ്പോള്‍ അവരതിന്‌ തയ്യാറായില്ലെന്നും അപ്പോള്‍ സഹായിക്കുന്നവര്‍ വേറെയുണ്ടോയെന്ന്‌ നോക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോപ്പുലര്‍ ഫ്രണ്ടുകാരെ സമീപിച്ചുവെന്നുമാണ്‌ കലാകൗമുദി കഥയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത്‌ പറയുന്നത്‌ ഷഹന്‍ഷായും സുഹൃത്ത്‌ ഷാജിയും ഭാര്യയും നവമുസ്‌ലിമുമായ ഷബാനയും മതംമാറ്റ റാക്കറ്റിലെ കണ്ണികളാണെന്നുമാണ്‌. വന്‍ മതംമാറ്റ റാക്കറ്റിലെ കണ്ണികള്‍ക്കെന്തിന്‌ മുസ്‌ലിംലീഗ്‌ നേതാക്കളുടെ സഹായം? ആദ്യമേ ഇവര്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കില്‍ നേരെ അവരുടെ സഹായമല്ലേ അഭ്യര്‍ഥിക്കുക?

ആ ചാരുകസേര ഇന്‍വെസ്റ്റിഗേഷന്റെ ചില സാമ്പിളുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്‌:

1). സംസ്ഥാനത്തെ 14 ജില്ലകളില്‍ ലൗജിഹാദ്‌ അഥവാ റോമിയോ ജിഹാദ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പിന്‌ സോണല്‍ ഓഫീസുകളുണ്ട്‌. ഓരോ ജില്ലയിലും സോണല്‍ ചെയര്‍മാന്മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കോളെജ്‌ കാമ്പസുകളാണ്‌ ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. പ്രവേശന സമയത്ത്‌ കുട്ടികളുടെ സമുദായം തിരിച്ചുള്ള കണക്കെടുക്കും. പിന്നെ പ്രവൃത്തി ആരംഭിക്കുകയായി. പ്രണയത്തിലെത്തിയാല്‍ ആറ്‌ മാസത്തിനകം വിവാഹത്തിലെത്തിക്കുക. പിന്നെ ഒരു വര്‍ഷത്തിനകം ആദ്യത്തെ കുട്ടി. കുറഞ്ഞത്‌ നാല്‌ കുട്ടികളെങ്കിലും വേണം. (ഈ പൊട്ടന്‍ ലേഖകന്‍ തന്നെ മറ്റൊരിടത്ത്‌ എഴുതിയത്‌ ഷഹന്‍ഷാ ഒരിക്കല്‍ പെണ്‍കുട്ടികളെ കോണ്ടം കാണിച്ച്‌ പ്രലോഭിപ്പിച്ചെന്നും മലപ്പുറത്തും മറ്റും ദിവസങ്ങളോളം കറങ്ങിയിട്ടും ഷഹന്‍ഷാ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ്‌.)


2). അമുസ്‌ലിംകളുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി സമുദായാംഗങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനുമാവുമെന്ന്‌ ഈ സംഘം കരുതുന്നു. (കുട്ടികളെ എണ്ണം കൂട്ടാനായിരിക്കുമോ കൊട്ടാരക്കരക്കാരി പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌? മണ്ടശിരോമണീ ആരു പഠിപ്പിച്ചു നിന്നെയീ പണി?)

3). സംസ്ഥാനത്ത്‌ അടുത്തിടെ ‘ഒരു പെണ്‍കുട്ടിയെങ്കിലും സ്‌നേഹിക്കുക, ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുക’ എന്ന എസ്‌ എം എസ്‌ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു (നാല്‌ കുട്ടികളെ ജനിപ്പിക്കുന്നുണ്ട്‌ സഖാവേ, അപ്പോള്‍ തന്നെ ചുരുങ്ങിയത്‌ പത്ത്‌ കൊല്ലമെടുക്കും. പിന്നെ എങ്ങനെയാണ്‌ നശിപ്പിക്കുന്നത്‌. സോറി, മംഗലാപുരം മുതല്‍ കശ്‌മീര്‍ വരെ ആത്മഹത്യാ സ്‌ക്വാഡുകളെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലേഖനത്തില്‍ നിങ്ങള്‍ പിന്നീട്‌ എഴുതിയത്‌ ഈ സ്‌ത്രീകളെ ഉദ്ദേശിച്ചായിരിക്കും).

4). സ്‌മാര്‍ട്ട്‌ ഫ്രണ്ട്‌സ്‌ അഥവാ എസ്‌ എഫ്‌ എന്ന ലൗജിഹാദ്‌ സംഘം എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലെ അംഗങ്ങള്‍ക്ക്‌ പ്രേമബത്തയായി ദിവസം 200 രൂപ നല്‌കും. കൂടാതെ മൊബൈല്‍ ഫോണ്‍, മോട്ടോര്‍ബൈക്ക്‌, ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ എന്നിവയും നല്‌കും. എസ്‌ എഫിനെ സഹായിക്കാന്‍ തസ്‌റാന്‍ മിലിയത്ത്‌ ഷഹീന്‍ ഫോഴ്‌സസ്‌ എന്ന വനിതാ സംഘടനയുമുണ്ട്‌. ലൗജിഹാദ്‌ സംഘം പ്രേമിച്ചിട്ടും വലയില്‍ വീഴാത്തവരെ ഈ വനിതാസംഘം കൈകാര്യം ചെയ്യും. ഇങ്ങനെ കൂട്ടിക്കൊടുപ്പിന്‌ സഹായിക്കുന്ന വനിതകള്‍ക്ക്‌ ലൗബോംബ്‌ എന്നും കോഡ്‌ നാമമുണ്ട്‌. (എന്തൊരു സുഖം. പ്രേമിക്കുകയും ചെയ്യാം, പണവും കിട്ടും. പിന്നെ ഒരു സംശയം. വനിതാസംഘത്തിന്‌ ഫോഴ്‌സസ്‌ എന്നതിന്‌ മാത്രം അറബിപദം കിട്ടാതിരുന്നതെന്തേ? മറ്റൊരു സംശയം. ഒരു സംഘത്തിലെ എല്ലാവര്‍ക്കും ഒരേ കോഡ്‌ നെയിം നല്‌കുമോ? എഴുതിയാല്‍ പോര, ബുദ്ധി വേണം)

5). മേല്‍പറഞ്ഞ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ്‌. എന്നാല്‍ വിവരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്‌. (അടച്ചുപൂട്ടിയ ഫയലിലെ ഒരു തരിമ്പായിരിക്കും താങ്കള്‍ക്ക്‌ കിട്ടിയത്‌. ബാക്കിയുള്ളത്‌ ഓരോ ലക്കത്തിലും ഖണ്ഡശ നല്‌കുമല്ലോ).

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത്‌ 500ഉം രാജ്യത്താകെ 4000വും മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നുവെന്ന ലേഖകന്റെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്‌. പ്രണയംമൂലവും ഇസ്‌ലാമിനെ പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഉള്‍ക്കൊണ്ടും ഇപ്പറഞ്ഞതില്‍ കൂടുതലാളുകള്‍ മതംമാറിയിട്ടുണ്ടാവണം. ലോകമാകെ ഇതാണ്‌ സ്ഥിതി. സപ്‌തംബര്‍ 11ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം അമേരിക്കയില്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്‌. അവിടത്തെ ബെസ്റ്റ്‌ സെല്ലറുകളില്‍ ഖുര്‍ആനും മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരിക്കയാണെന്ന കാര്യം ഇന്നൊരു രഹസ്യമല്ല. മതംമാറുന്നവരില്‍ നാലില്‍ മൂന്ന്‌ പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്‌. ഈയിടെ പുറത്തുവന്ന മറ്റൊരു കണക്കില്‍ ലോകജനസംഖ്യയുടെ 23 ശതമാനവും മുസ്‌ലിംകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌ പാരമ്പര്യ മുസ്‌ലിംകളില്‍ ജനനനിരക്ക്‌ കൂടുന്നതാണ്‌ ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം. മുസ്‌ലിം ജനസംഖ്യയില്‍ പരിവര്‍ത്തിത മുസ്‌ലിംകളുടെ സംഭാവന നന്നേ വിരളമാണെന്ന്‌ കേരള ജനസംഖ്യ അവലോകനം ചെയ്‌താല്‍ പോലും മനസ്സിലാവും.

അപ്പോള്‍ പിന്നെ എന്തിന്‌ കോടികള്‍ ചെലവാക്കി മതംമാറ്റത്തിലൂടെ എണ്ണംകൂട്ടണം? ഇപ്പോള്‍ വിവാദമായ മതംമാറ്റകേസില്‍ ആഗസ്‌ത്‌ 21ന്‌ കോടതിയില്‍ ഹാജരാക്കിയ യുവതികള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും യുവാക്കളോടൊപ്പം പോവണമെന്നും കോടതിയില്‍ പറഞ്ഞെങ്കിലും പതിവിന്‌ വിപരീതമായി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിച്ചത്‌ കോടതിയുടെ നിക്ഷ്‌പക്ഷതയില്‍ സംശയമുയര്‍ത്തിയ സംഭവമാണ്‌. മുസ്‌ലിം യുവതികള്‍ കാമുകിമാരായ സമാന കേസുകളില്‍ ഇങ്ങനെയുണ്ടായില്ല എന്നത്‌ നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ജസ്റ്റിസുമാരായ ആര്‍ ബസന്തും എം സി ഹരിറാണിയുമാണ്‌ ഈ ഉത്തരവ്‌ നല്‌കിയതെങ്കില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേരള ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ലൗജിഹാദ്‌ എന്ന ഊഹാപോഹ പ്രസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‌കാന്‍ ഡി ജി പിയോടാവശ്യപ്പെട്ടത്‌ മറ്റൊരു കൗതുകമായി. പ്രണയത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌, അതിന്‌ കള്ളനോട്ട്‌ കടത്ത്‌, മയക്കുമരുന്ന്‌, തീവ്രവാദം എന്നിവയുമായുള്ള ബന്ധം എന്നിവയൊക്കെയാണത്രെ അന്വേഷിക്കേണ്ടത്‌.

സംസ്ഥാനത്തെ സാമൂഹ്യബന്ധങ്ങളെ തീര്‍ത്തും ഏകപക്ഷീയമായി വിലയിരുത്തുന്ന ഈ കോടതി നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്നുറപ്പാണ്‌. ഹിന്ദുമതത്തിലേക്ക്‌ മാറാനായി സര്‍ക്കാര്‍ അംഗീകാരമുള്ള നാല്‌ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തെ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍, രാംദാസ്‌ മിഷന്‍, അയ്യപ്പ സേവാസംഘം എന്നിവയും 1922 മുതല്‍ കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ആര്യസമാജവും. കോഴിക്കോട്‌ മാത്രം 75000 പേര്‍ ഹിന്ദുക്കളായി എന്നവര്‍ അവകാശപ്പെടുന്നു. മാതാ അമൃതാനന്ദമയിക്ക്‌ കിട്ടുന്ന കോടികള്‍ എവിടെനിന്ന്‌, എത്ര എന്ന്‌ ചോദിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പോലും മടികാണിക്കുന്നു. മതംമാറ്റാന്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കുള്ളത്ര സ്ഥാപനങ്ങള്‍ മറ്റാര്‍ക്കുമില്ല. അവര്‍ക്കും കിട്ടുന്നു വിദേശപണം. കെ പി യോഹന്നാന്റെ ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക്‌ മാത്രം 1995നും 2008നും ഇടയില്‍ 213.94 ദശലക്ഷം ഡോളര്‍ കിട്ടിയെന്ന്‌ സര്‍ക്കാറിന്റെ മാത്രം കണക്കില്‍ പറയുന്നു.

നിര്‍ബന്ധ മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ല. പ്രണയം പോലും മതപരിവര്‍ത്തനത്തിന്‌ കാരണമാക്കുന്നത്‌ ആശാസ്യമല്ല. എന്നുവെച്ച്‌ പ്രണയം നടക്കാതിരിക്കുമോ? കണ്ണും കാതുമില്ലാത്ത പ്രണയം മതംമാറ്റത്തിലും വിവാഹത്തിലും എത്തുക സ്വാഭാവികം. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രണയം മാത്രം തീവ്രവാദത്തിന്റെയും വിദേശഫണ്ടിന്റെയും പുകമറ സൃഷ്‌ടിച്ച്‌ നിരീക്ഷിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?

കാമ്പസുകളിലും ഓഫീസുകളിലും ഇപ്പോള്‍ തന്നെ റഹ്മാനും മുഹമ്മദും ബഷീറുമുണ്ടാക്കുന്ന സൗഹൃദം വര്‍ഗീയതയാണ്‌. എന്നാല്‍ രാമനും ബാലനും പ്രകാശും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇത്തരം പരാതികളില്ല. ശുദ്ധ പശുമാര്‍ക്ക്‌ സെക്യുലര്‍ കൂട്ടുകെട്ട്‌. ഇനിയിപ്പോള്‍ പ്രകാശന്‌ ആമിനയെയും റോബര്‍ട്ടിന്‌ സമീറയെയും പ്രേമിക്കാം. തികച്ചും രാജ്യസ്‌നേഹപരമായ പ്രണയം. ബഷീറിന്‌ രാധയെയോ മേരിയെയോ പ്രണയിച്ചുകൂടാ. അത്‌ ആഗോള ഗൂഢാലോചനയുടെ ഫലമായി തീവ്രവാദികള്‍ ഒരുക്കുന്ന ലൗജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഭാഗം. രാജനോടൊപ്പം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഖദീജ പറഞ്ഞാല്‍ കോടതി അവളെ അവനോടൊപ്പം വിടുന്നു. അക്‌ബറിനോടൊപ്പം ജീവിക്കാനാണ്‌ എനിക്കിഷ്‌ടമെന്ന്‌ രേഷ്‌മ പറഞ്ഞാല്‍ അവളെ രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്നു. ഈ അനീതി പക്ഷേ സഹിച്ചും പൊറുത്തും അധികനാള്‍ വാഴില്ല. നീതിനിഷേധത്തെക്കാള്‍ ഭയാനകമാണ്‌ വിവേചനപരമായ നീതി.

സ്റ്റോപ്പ്‌പ്രസ്സ്‌: 2009 ജൂലൈ 18ന്‌ രാത്രി രണ്ടേമുക്കാലിന്‌ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നിന്ന്‌ മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 18ന്‌ വെളുപ്പിന്‌ നാലരക്കാണ്‌ പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്‌. ഈ സൂപ്പര്‍സോണിക്‌ കാര്‍ വാങ്ങിക്കൊടുത്തത്‌ പോപ്പുലര്‍ഫ്രണ്ടോ ഷഹന്‍ഷയോ? ആരുമല്ല. നമ്മുടെ കലാകൗമുദി റിപ്പോര്‍ട്ടര്‍ മി. മരമണ്ടൂസന്‍ തന്നെ. (കലാകൗമുദി, പേജ്‌ 21, ഒക്‌ടോ. 11)



© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

Saturday, October 10, 2009

പ്രകാശം പരത്തുന്നവരും ഊതിക്കെടുത്തുന്നവരും

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌    /  

“അവര്‍ അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമാക്കുകതന്നെ ചെയ്യും; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും” (വി.ഖു 61:8). “അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും.” (വി.ഖു 9:32)


അല്ലാഹുവിന്റെ പ്രകാശം പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്നതാണ്‌. ജ്വലിക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ മാത്രമല്ല, ജ്വാലകളുയരാത്ത ഗ്രഹോപഗ്രഹങ്ങളില്‍ നിന്നും പ്രകാശം പ്രസരിക്കുന്നു. വേദഗ്രന്ഥങ്ങളിലൂടെ, പ്രവാചകന്മാരിലൂടെ അല്ലാഹു ലോകര്‍ക്കെത്തിച്ച സത്യസന്മാര്‍ഗവും സദാ പ്രകാശം പ്രസരിപ്പിക്കുന്നതാണ്‌. ദിവ്യദീപ്‌തിക്കെതിരെ മനസ്സ്‌ കൊട്ടിയടച്ചവര്‍ പോലും ചിലപ്പോള്‍ അവിചാരിതമായി സന്മാര്‍ഗത്തിന്റെ ചൈതന്യത്തിലേക്ക്‌ ആകൃഷ്‌ടരായിട്ടുണ്ട്‌. പലതരം ഇരുട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ പോലും ദൈവികമാര്‍ഗദര്‍ശനത്താല്‍ പ്രകാശപൂരിതമായ ജീവിതത്തിന്നുടമകളായിത്തീരും. സത്യവേദത്തെപ്പറ്റി അന്തിമപ്രവാചകനോട്‌ അല്ലാഹു പറയുന്നു:
“മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌.” (വി.ഖു 14:2)


ഇവിടെ ഇരുട്ടുകള്‍ എന്ന്‌ ബഹുവചനമായും വെളിച്ചം എന്ന്‌ ഏകവചനമായും പ്രയോഗിച്ചത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. യഥാര്‍ഥ വെളിച്ചം ഒന്നേയുള്ളൂ. ഏകനായ ലോകരക്ഷിതാവിനെ മാത്രം ദൈവമായി, ആരാധ്യനായി സ്വീകരിക്കുന്ന ആദര്‍ശമാണത്‌. പ്രപഞ്ചത്തെയാകെ പ്രദീപ്‌തമാക്കുന്ന ദിവ്യവെളിച്ചംകൊണ്ട്‌ മനുഷ്യന്‍ സ്വന്തം മനസ്സിനെ പ്രകാശിതമാക്കുന്ന മാര്‍ഗം. അതല്ലാത്ത മര്‍ഗങ്ങളൊക്കെ ഇരുളടഞ്ഞതാണ്‌. ഒന്നായ മൂന്ന്‌, മൂന്നായ ഒന്ന്‌, ഒന്നായ ബഹുത്വം, ബഹുത്വമായ ഏകത്വം എന്നൊക്കെപ്പറയുന്നത്‌ ഇരുട്ടുകളെ വെള്ളപൂശാനുള്ള ശ്രമം മാത്രമാണ്‌. ഏതൊക്കെ ദേവീദേവന്മാരോടും പുണ്യാത്മാക്കളോടും പ്രാര്‍ഥിച്ചാലും അതൊക്കെ സാക്ഷാല്‍ ലോകരക്ഷിതാവിനോടുള്ള പ്രാര്‍ഥന തന്നെയാണെന്ന വാദം വെളിച്ചത്തിലേക്ക്‌ തിരിയുന്ന മനുഷ്യരെ കൂരിരുട്ടിലേക്ക്‌ തന്നെ തള്ളാനുള്ള കുതന്ത്രമാണ്‌.

അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനുള്ള ശ്രമം സത്യനിഷേധികള്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മുസ്‌ലിംകളോട്‌ യുദ്ധം പ്രഖ്യാപിച്ച ശത്രുക്കള്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ കപടന്മാരും ഗുണകാംക്ഷിവേഷക്കാരുമെല്ലാം സാക്ഷാല്‍ സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്‌. മദീനയില്‍ ദൈവികവെളിച്ചം തെളിഞ്ഞുനിന്നപ്പോള്‍ തന്നെ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ നേതൃത്വത്തിലുള്ള കപടന്മാര്‍ അത്‌ ഊതിക്കെടുത്തുവാന്‍ കിണഞ്ഞുശ്രമിച്ചിട്ടുണ്ട്‌. തങ്ങളാണ്‌ പ്രതാപികളെന്നും വിശ്വാസികള്‍ നിസ്സാരന്മാരാണെന്നും സമര്‍ഥിച്ചുകൊണ്ട്‌ ഇരുട്ടിന്റെ വഴിയിലേക്ക്‌ ആളെക്കൂട്ടാനായിരുന്നു അവരുടെ ശ്രമം. പിന്നെ വ്യാജപ്രവാചകന്‍ മുസൈലിമ രംഗത്തുവന്നു. പതിനായിരങ്ങളെ അണിനിരത്തിയ ആ ദുഷ്‌ടന്‍ ഇസ്‌ലാമിന്റെ വെളിച്ചം എന്നെന്നേക്കുമായി ഊതിക്കെടുത്താമെന്ന വ്യാമോഹത്തിലായിരുന്നു. രണ്ടാം ഖലീഫ ഉമറി(റ)നെയും മൂന്നാം ഖലീഫ ഉസ്‌മാനെ(റ)യും വധിക്കുകയും പ്രവാചകശിഷ്യന്മാരെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നയിക്കുകയും ചെയ്‌ത കുതന്ത്രക്കാരും കൊതിച്ചത്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്നായിരുന്നു.

കഴിഞ്ഞ പതിനാല്‌ നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം സമൂഹത്തിനുള്ളിലും പുറത്തുമുള്ള ഇരുട്ടിന്റെ ശക്തികള്‍ സത്യസന്മാര്‍ഗത്തിന്റെ പ്രകാശം ഊതിക്കെടുത്തിക്കളയാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്‌. ഗ്രീക്ക്‌ ദര്‍ശനത്തിന്റെ മൂശയില്‍ ഇസ്‌ലാമിനെ വാര്‍ത്തെടുത്താലേ അതിന്റെ ഭാവി ശോഭനമാകൂ എന്നായിരുന്നു ഗുണകാംക്ഷികളായി ചമഞ്ഞ ചിലരുടെ പ്രചാരണം. തീവ്രഭക്തിയുടെയും അദദ്വൈതത്തിന്റെയും വഴിയിലൂടെ മാത്രമേ ആത്മസാക്ഷാത്‌കാരം സാധ്യമാകൂ എന്നായിരുന്നു സ്വൂഫികളുടെ ഉപദേശം. യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും മറ്റും താല്‍പര്യങ്ങള്‍ക്കൊത്ത്‌ ഇസ്‌ലാമിക പ്രമാണങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും പലകാലങ്ങളില്‍ നടന്നിട്ടുണ്ട്‌. ക്രൈസ്‌തവര്‍, യഹൂദര്‍, പാഴ്‌സികള്‍, ഹിന്ദുത്വവാദികള്‍, സര്‍വമതസത്യവാദികള്‍ എന്നിങ്ങനെ പല തല്‍പരകക്ഷികള്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. അത്തരം ശ്രമങ്ങള്‍ പലപ്പോഴും യുവാക്കളെയും അഭ്യസ്‌തവിദ്യരെയും രാഷ്‌ട്രീയ ഭരണരംഗങ്ങളിലെ ഉന്നതരെയും സ്വാധീനിച്ചിട്ടുമുണ്ട്‌. മുസ്‌ലിം സമൂഹത്തില്‍ നിന്നുതന്നെ കുറേപേര്‍ ഇസ്‌ലാമില്‍ മായം ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍ ആകൃഷ്‌ടരായിട്ടുണ്ട്‌. തൗഹീദ്‌ ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഒരു മുസ്‌ലിം നാമധാരി ഇയ്യിടെ ലേഖനമെഴുതുകയുണ്ടായി.

സത്യപ്രകാശം ലോകത്ത്‌ തികഞ്ഞ ശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നത്‌ തടയാന്‍ നിരന്തര ശ്രമങ്ങളുണ്ടായിട്ടും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള അവക്രമായ ആദര്‍ശം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്‌തു. സാക്ഷാല്‍ ഇസ്‌ലാമല്ലാത്ത യാതൊന്നും ദീനായി അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കില്ല എന്ന യാഥാര്‍ഥ്യം (വി.ഖു 3:85) തിരിച്ചറിഞ്ഞ സത്യപ്രബോധകരാണ്‌ എക്കാലത്തും അല്ലാഹുവിന്റെ പ്രകാശം പൂര്‍ണതയോടെ നിലനിര്‍ത്തുന്നതിനുവേണ്ടി സേവനമനുഷ്‌ഠിച്ചത്‌. മറ്റു സമൂഹങ്ങളിലെ പലതരം ചിന്താഗതിക്കാരും മുസ്‌ലിം സമൂഹത്തിലെതന്നെ വ്യതിചലിച്ച വിഭാഗങ്ങളും ഇസ്‌ലാമിന്റെ സാക്ഷാല്‍ വെളിച്ചം കെടുത്തിക്കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അസത്യവുമായി ഒട്ടും രാജിയാകാതെ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലി(സ)ല്‍ നിന്ന്‌ സ്ഥിരപ്പെട്ട ചര്യയും പ്രമാണമാക്കി ദീന്‍ പഠിപ്പിക്കുന്നവരുടെ സേവനം അതുല്യമത്രെ.

ഓരോ കാലഘട്ടത്തിലും ആനുകാലിക ചിന്താഗതികളുടെയും പ്രവണതകളുടെയും പേരില്‍ ഇസ്‌ലാമിന്റെ കാലിക പ്രസക്തി തള്ളിപ്പറയാന്‍ മുസ്‌ലിംകളില്‍ തന്നെ പലരും ധൃഷ്‌ടരായിട്ടുണ്ട്‌. തങ്ങള്‍ കാലത്തിനും ലോകത്തിനുമൊപ്പമാണ്‌ നില്‍ക്കുന്നതെന്നും മറ്റുള്ളവര്‍ കാലഹരണപ്പെട്ട ആശയങ്ങള്‍ മുറുകെപ്പിടിച്ച്‌ ജീര്‍ണതയിലേക്ക്‌ നീങ്ങുകയാണെന്നുമാണ്‌ അവര്‍ പുതുതലമുറകളോട്‌ പറഞ്ഞത്‌. മുഹമ്മദ്‌ നബി പണ്ട്‌ പ്രബോധനം ചെയ്‌ത അതേ രൂപത്തില്‍ ഇക്കാലത്ത്‌ ഈ ലോകത്തോട്‌ ഇസ്‌ലാമിനെ സംബന്ധിച്ച്‌ സംസാരിച്ചാല്‍ അത്‌ വിലപ്പോവില്ല എന്ന്‌ ചില ബുദ്ധിജീവികള്‍ക്ക്‌ തോന്നുകയുണ്ടായി. ചിലര്‍ വിമര്‍ശകരായി. ചിലര്‍ ക്ഷമാപണസ്വരക്കാരായി. അഥവാ കാലാനുസൃത വായനയുടെ വക്താക്കളായി മാറി. പലരും വ്യതിയാനത്തിന്റെയും പിന്മാറ്റത്തിന്റെയും നിലപാടിലേക്ക്‌ നീങ്ങിയപ്പോഴും ഇളക്കമില്ലാതെ സത്യദീനില്‍ ഉറച്ചുനിന്ന്‌ പ്രകാശം പരത്തിക്കൊണ്ടിരുന്നവരാണ്‌ സാക്ഷാല്‍ ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വം തെളിയിച്ചത്‌. അല്ലാഹുവിന്റെ അനുഗൃഹീത ദാസന്മാര്‍ എക്കാലത്തും ഈ ദൗത്യം നിര്‍വഹിച്ചുപോന്നിട്ടുണ്ട്‌. അവരെ സംബന്ധിച്ച്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്‌ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരും. അവര്‍ വിശ്വാസികളോട്‌ വിനയം കാണിക്കുന്നവരും സത്യനിഷേധികളോട്‌ പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത്‌ അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (വി.ഖു 5:54)

ഖുര്‍ആനിലുള്ളത്‌ അതേപടി ജനങ്ങളോട്‌ പറഞ്ഞാല്‍ അവര്‍ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്യുമെന്ന ഭയത്താല്‍ കാലത്തിനിണങ്ങുന്നതോ ജനങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെടുന്നതോ ആയ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെക്കുക എന്ന നയം സ്വീകരിച്ചവര്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പിന്നിട്ടതോടെ അത്തരം വ്യാഖ്യാനങ്ങളില്‍ മിക്കതും കാലഹരണപ്പെടുകയും ഖുര്‍ആന്‍ ഒളിമങ്ങാതെ നിലനില്‍ക്കുകയുമാണ്‌ ചെയ്‌തത്‌. പ്രബലമായ ഹദീസുകളുടെ കാര്യവും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ്‌ ഇസ്‌ലാമിനെക്കുറിച്ച വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശങ്കാകുലരാവുകയും വിമര്‍ശകരെയും സമാനമനസ്‌കരെയും തൃപ്‌തിപ്പെടുത്താന്‍ പര്യാപ്‌തമാകുമെന്ന്‌ തോന്നുന്ന ഒഴികഴിവുകള്‍ തേടുകയും ചെയ്യുന്നത്‌. അല്ലാഹു ഇഷ്‌ടപ്പെടുമെങ്കില്‍ മറ്റാര്‍ക്കെല്ലാം അനിഷ്‌ടമുണ്ടായാലും പ്രശ്‌നമില്ല എന്ന ധീരമായ നിലപാട്‌ സ്വീകരിക്കുന്നവര്‍ക്ക്‌ മാത്രമേ ദിവ്യപ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.


© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും

ഡോ. എന്‍ എ കരീം   /


കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ്‌ പരിഷ്‌കരണത്തിന്റെ ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്‌. മറ്റു മതങ്ങളിലും പിന്നീട്‌ ആ ത്വര വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു ഉള്ളടക്കമുണ്ടായിരുന്നില്ല.

ഈ കാലഘട്ടത്തിലാണ്‌ വക്കം മൗലവി 1905ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌. നല്ല തയ്യാറെടുപ്പോടെയാണ്‌ അദ്ദേഹം സ്വദേശാഭിമാനി ആരംഭിച്ചത്‌. ഇംഗ്ലണ്ടില്‍ നിന്ന്‌ അന്ന്‌ കിട്ടാവുന്ന ഒരു ആധുനിക മോഡല്‍ അച്ചടിയന്ത്രം ഇറക്കുമതി ചെയ്‌തു. ഒരു ബ്രിട്ടീഷ്‌ വ്യാപാര കേന്ദ്രമായ അഞ്ചുതെങ്ങില്‍ നിന്നാണ്‌ പത്രം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്‌. രാഷ്‌ട്രീയമായി തന്ത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ബ്രിട്ടീഷ്‌ പത്രത്തിന്‍ കീഴിലുള്ള അഞ്ചുതെങ്ങ്‌ തെരഞ്ഞെടുത്തത്‌.

തന്റെ പത്രത്തിനു അദ്ദേഹം തെരഞ്ഞെടുത്ത പേര്‌ തന്നെ ശ്രദ്ധേയമായിരുന്നു. അന്ന്‌ കേരളത്തിലെ പത്ര പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ കേരളമിത്രം, കേരള വിപഞ്ചിക, മലയാള രാജ്യം, മലയാള മനോരമ എന്നെല്ലാമായിരുന്നു. രാഷ്‌ട്രീയ നിരപേക്ഷമായ അത്തരം പതിവുപേരുകള്‍ക്കു പകരം സ്വദേശാഭിമാനി എന്ന പേര്‌ തെരഞ്ഞെടുത്തതിന്റെ പിന്നീല്‍ രാഷ്‌ട്രീയമായ ഒരു വെല്ലുവിളി തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ നാട്ടുരാജ്യങ്ങളിലെ കേവലം പ്രജകള്‍ക്കു സ്വദേശാഭിമാനവും സ്വരാജ്യസ്‌നേഹവും എല്ലാം വിലക്കപ്പെട്ട വികാരങ്ങളായിരുന്നു. ഇരട്ട പാരതന്ത്ര്യമാണ്‌ അവര്‍ പേറിയിരുന്നത്‌. ബ്രിട്ടീഷ്‌ അധീശശക്തിയുടെയും നാട്ടുരാജ്യത്തിലെ ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തിന്റെയും നുകങ്ങള്‍ കഴുത്തില്‍ ഒരേസമയം ഉണ്ടായിരുന്നു.

ഇങ്ങനെയുള്ള തിരുവിതാംകൂറിലെ അന്നത്തെ സാഹചര്യത്തിലാണ്‌ വക്കം മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സ്വദേശാഭിമാനി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്‌. മധ്യ പൗരസ്‌ത്യ ദേശത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെപ്പറ്റി അവിടെ നിന്നുവന്നിരുന്ന പത്രമാസികകളിലും പുസ്‌തകങ്ങളിലും കൂടി നല്ല അറിവു സമ്പാദിച്ചിരുന്ന അദ്ദേഹത്തില്‍ വളര്‍ന്നുവന്ന വീക്ഷണത്തിന്റെയും അദ്ദേഹം രൂപപ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയുടെയും വ്യക്തമായ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനു ഗണ്യമായ മൂലധനനിക്ഷേപം നടത്തിയത്‌.

അന്നത്തെ മുസ്‌ലിംലോകത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇതിനു സമാനമായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ അധിനിവേശത്തിനു കീഴില്‍ അവരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമായി വാഴിച്ചു നിലനിര്‍ത്തിയിരുന്ന ഫ്യൂഡല്‍ ഭരണാധികാരികളുടെ കീഴില്‍ അവരും ഇരട്ട അടിമത്തം അനുഭവിക്കുകയായിരുന്നു. അതുകൊണ്ടു അവിടത്തെപ്പോലെ ഇവിടെയും ഈ രണ്ടു സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഒരു ദ്വിമുഖ സമരമാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം കണ്ടു. രാഷ്‌ട്രീയ സ്വേച്ഛാധിപത്യത്തിന്‍ കാഴില്‍ അര്‍ഥപൂര്‍ണമായ സാമൂഹ്യപരിവര്‍ത്തനം സാധ്യമല്ലെന്നു അദ്ദേഹം മനസ്സിലാക്കി.

പത്രത്തിന്റെ പ്രഥമ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖക്കുറിപ്പിലെ, പത്രത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച വാക്യങ്ങളില്‍ നിന്ന്‌ അത്‌ വ്യക്തമാകുന്നതാണ്‌. പൊതുജന നന്മയെ ലാക്കാക്കിയാണ്‌ സ്വദേശാഭിമാനി ആരംഭിക്കുന്നതെന്നും ജനക്ഷേമത്തെ സംബന്ധിക്കുന്ന ഒരു സത്യവും മറച്ചുവെക്കുന്നതല്ലെന്നും അതുകൊണ്ടു വരാവുന്ന എല്ലാ ഭവിഷ്യത്തുകളെയും നിശ്ചയമായും നേരിടുക തന്നെ ചെയ്യുമെന്നുമുള്ള അസന്നിഗ്‌ധമായ പ്രസ്‌താവന അന്നത്തെ പത്രപ്രവര്‍ത്തനാന്തരീക്ഷത്തില്‍ തികച്ചും അസാധാരണമായിരുന്നു. വരാന്‍പോകുന്ന വിപത്തിനെപ്പറ്റി മൗലവിക്കു ഒരു നിശ്ചയം ഉണ്ടായിരുന്നതുപോലെ തോന്നും ഇപ്പോള്‍ ആ വാചകങ്ങള്‍ വായിച്ചാല്‍.

ഒരു ഗോവിന്ദപ്പിള്ളയായിരുന്നു സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴില്‍ സ്വദേശാഭിമാനി പത്രം തന്റെ സങ്കല്‌പങ്ങള്‍ക്കനുസരിച്ചല്ല മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കിയ മൗലവി മറ്റൊരു പ്രഗത്ഭനായ പത്രാധിപരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൗലവിയാകട്ടെ, അതിനകം തന്റെ സമുദായപരിഷ്‌കരണ സംരംഭങ്ങളില്‍ ആമഗ്നനായി കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ സ്വദേശാഭിമാനിയുടെ കാര്യങ്ങളില്‍ വേണ്ടത്രെ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞിരുന്നതുമില്ല. സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ക്ലേശകരമാണെന്നു അദ്ദേഹത്തിനു ക്രമേണ മനസ്സിലായി. സമുദായത്തിലെ യാഥാസ്ഥിതികരുടെ സംഘടിതമായ എതിര്‍പ്പ്‌ അത്രയധികം ശക്തമായിരുന്നു.

ഈ സന്ദര്‍ഭത്തിലാണ്‌ തന്റെ സ്വന്തം അമ്മാവന്റേതടക്കമുള്ള രണ്ടു പത്രങ്ങളില്‍ നിന്നു അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട്‌ ഭഗ്നാശയനായി തിരുവനന്തപുരത്ത്‌ താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയും ബി എ ബിരുദധാരിയുമായ രാമകൃഷ്‌ണപ്പിള്ളയെപ്പറ്റി മൗലവി അറിയാനിടയായത്‌. താമസിയാതെ മൗലവി അദ്ദേഹത്തെ ചെന്നുകണ്ട്‌ തന്റെ സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ചു. രാമകൃഷ്‌ണപിള്ള ആദ്യം അല്‌പം സംശയാലുവായിരുന്നു. തന്റെ മുന്‍കാല അനുഭവമായിരിക്കുമോ ഇവിടെയും എന്ന സംശയമാണ്‌ ആദ്യം അദ്ദേഹത്തിനുണ്ടായിരുന്നത്‌. ഏതായാലും പരീക്ഷിച്ചു നോക്കാമെന്നു കരുതി അദ്ദേഹം പത്രാധിപരാകാന്‍ സമ്മതിച്ചു. മൗലവി അന്ന്‌ ഉറപ്പുനല്‌കിയ പത്രാധിപസ്വാതന്ത്ര്യം അവസാന നിമിഷം വരെ രാമകൃഷ്‌ണപ്പിള്ളക്കുണ്ടായിരുന്നു.

പത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യം വക്കത്തേക്കും പിന്നീട്‌ പത്രാധിപരുടെ സൗകര്യം പരിഗണിച്ച്‌ തിരുവനന്തപുരത്തേക്കും മാറ്റി. രാമകൃഷ്‌ണപ്പിള്ള അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ രാജഗോപാലാചാരിയുടെ ഭരണത്തില്‍ നടമാടിയിരുന്ന അനീതിയെയും അഴിമതികളെയും സ്വജന പക്ഷപാതത്തെയും വിമര്‍ശിച്ചുകൊണ്ട്‌ മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി.

അന്നത്തെ ശക്തമായ ഫ്യൂഡല്‍ ഭരണമേധാവിത്വത്തിനു സഹിക്കാന്‍ കഴിയുന്നതിലും നിശിതമായ രീതിയിലാണ്‌ രാമകൃഷ്‌ണപ്പിള്ള അനീതിയെ വിമര്‍ശിച്ചിരുന്നത്‌. ഭരണകൂടത്തിന്റെ ദൂതന്മാര്‍ വക്കത്തേക്കോടി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. മൗലവി തന്റെ പത്രാധിപര്‍ക്കു പൂര്‍ണ പിന്തുണ നല്‌കി ഉറച്ചുനിന്നു. വലിയ ഭവിഷ്യത്ത്‌ അനിവാര്യമാണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണ്‌ തികഞ്ഞ ത്യാഗസന്നദ്ധതയോടു കൂടി മൗലവി തന്റെ ധീരമായ നിലപാട്‌ സ്വീകരിച്ചത്‌. ജനങ്ങളും പത്രഉടമയും പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു. പത്രം നിരോധിച്ചു. പ്രസ്സ്‌ കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്‌ണപ്പിള്ളയെ താന്‍ ജനിച്ചുവളര്‍ന്ന തിരുവിതാംകൂറിന്റെ മണ്ണില്‍ നിന്ന്‌ നാടുകടത്തുകയും ചെയ്‌തു. അതിന്റെ നൂറാംവാര്‍ഷികമാണ്‌ ഇപ്പോള്‍ സംസ്ഥാനവ്യാപകമായി ആചരിക്കപ്പെടന്നത്‌.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ഈ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടകരായ സംസ്ഥാന ഗവണ്‍മെന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും വക്കം മൗലവി ഫൗണ്ടേഷനും വിഭാവനംചെയ്‌തിട്ടുള്ളത്‌. സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍, രാമകൃഷ്‌ണപ്പിള്ളയുടെ എന്റെ നാടുകടത്തല്‍ എന്നീ പുസ്‌തകങ്ങള്‍ തിരുവനന്തപുരത്തെ ഉദ്‌ഘാടനച്ചടങ്ങില്‍ വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. തിരുവനന്തപുരം ഏജീസ്‌ ഓഫീസ്‌ വളപ്പില്‍ സ്ഥാപിച്ചിരുന്ന സ്വദേശാഭിമാനിയുടെ അര്‍ധകായ പ്രതിമ പാളയം രക്തസാക്ഷി മണ്ഡപത്തിന്നടുത്തു പുനസ്ഥാപിക്കുന്നതോടൊപ്പം മൗലവിയുടെ ഓര്‍മയ്‌ക്കായി ഒരു സ്‌മാരകഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്‌.

ഈ ശതാബ്‌ദി ആഘോഷാവസരം ഇന്നത്തെ മിഥ്യയായ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും മൗലവിയും രാമകൃഷ്‌ണപ്പിള്ളയുമായി നിലനിന്നിരുന്ന സുദൃഢവും ആദര്‍ശഐക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധത്തിന്റെ മൗലികമായ അടിത്തറയെക്കുറിച്ചും അവരിരുവരുടെയും സാമൂഹ്യ, രാഷ്‌ട്രീയ വീക്ഷണങ്ങളെക്കുറിച്ചും പുനര്‍ചിന്തയ്‌ക്കു അവസരമൊരുക്കുന്നതാണ്‌. മൗലവിയുടെയും രാമകൃഷ്‌ണപ്പിള്ളയുടെയും രാഷ്‌ട്രീയ വീക്ഷണങ്ങള്‍ക്ക്‌ ചില വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും മൗലികമായി അവ ഒന്നു തന്നെയായിരുന്നുവെന്ന വസ്‌തുതയാണ്‌ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനചരിത്രം വെളിപ്പെടുത്തുന്നത്‌. എങ്കിലും സാമൂഹ്യ വീക്ഷണങ്ങളില്‍ അവരിരുവരും ഭിന്നമായ നിലപാടുകളാണ്‌ പുലര്‍ത്തിയിരുന്നതെന്നു കാണാം. ഏതായാലും സ്വദേശാഭിമാനികളും രാജ്യസ്‌നേഹികളുമായ ഈ രണ്ടു പ്രഗത്ഭമതികളുടെ പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വസംഗമം കേരള പത്രപ്രവര്‍ത്തന രംഗത്തു നൂറ്റാണ്ടുശേഷവും പുളകോദ്‌മകാരിയായ ഒരു വിരേതിഹാസം സൃഷ്‌ടിക്കുകയുണ്ടായി.

ഇരുവരും അവരുടെ കാലത്തിനു മുമ്പേ നടന്നവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു. എങ്കിലും അവര്‍ പിന്‍തലമുറകളുടെ വഴികാട്ടികളായിത്തീര്‍ന്നു. യൂറോപ്പിന്റെ ചരിത്രത്തില്‍ നിന്നു വ്യത്യസ്‌തമായി കേരളത്തില്‍ നവീകരണ പ്രസ്ഥാനമാണ്‌ ആദ്യമായി നടന്നത്‌. അതിനു ശേഷമാണ്‌ നവോത്ഥാനമുണ്ടാകുന്നത്‌. സഹസ്രാബ്‌ദങ്ങളായി ഉണങ്ങി വരണ്ടു കട്ടിപിടിച്ചു കിടന്നിരുന്ന കേരളത്തിന്റെ സാമൂഹ്യ മണ്ണ്‌ ഉഴുതുമറിച്ചതു ശ്രീനാരായണ ഗുരു, വി ടി ഭട്ടതിരിപ്പാട്‌, വക്കം മൗലവി, അയ്യങ്കാളി എന്നിവരുടെ ഒരു നീണ്ട നിര സമദായ പരിഷ്‌കര്‍ത്താക്കളാണ്‌. ആ മണ്ണിലാണ്‌ പിന്നീട്‌ രാഷട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ വിത്തുവീണത്‌. അതുകൊണ്ടു തന്നെ അതിവേഗം കിളിര്‍ക്കുകയും തഴച്ചുവളരുകയും ചെയ്‌തു. അതിന്റെ രണ്ടിന്റെയും ആദ്യ ബീജാവാപകരായിരുന്നു വക്കം മൗലവിയും രാമകൃഷ്‌ണപ്പിള്ളയും എന്നു നിസ്സംശയം പറയാം.

-----------


© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി

കെ ഗോമതി അമ്മ   /


സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മശതാബ്‌ദി കേരളത്തില്‍ അദ്ദേഹത്തിന്റെ ജനന-മരണ-പ്രവര്‍ത്തന രംഗങ്ങളിലെല്ലാം സംഘടിപ്പിച്ച്‌ ആഘോഷിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍ ആ വ്യക്തിയോടൊപ്പം തന്നെ സവിശേഷം സ്‌മരിച്ചാദരിക്കേണ്ടതുണ്ട്‌, മറ്റൊരു വ്യക്തിയെ -വക്കം മൗലവി സാഹിബിനെ. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ അനശ്വര യശസ്സ്‌ നേടിക്കൊടുത്ത സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സ്ഥാപകനും ആയിരുന്ന മൗലവിയെ മുമ്പേ സ്‌മരിച്ചിട്ടേ പത്രാധിപരെ സ്‌മരിക്കാവു എന്നുകൂടി പറയട്ടെ. രാമകൃഷ്‌ണപിള്ള മൂന്നുനാല്‌ പത്രങ്ങളുടെ ആധിപത്യം മുറയ്‌ക്ക്‌ ഉപേക്ഷിക്കാനിടയായി- പത്രമുടമകള്‍ പത്രാധിപരുടെ സ്വാതന്ത്ര്യം തടഞ്ഞതായിരുന്നു കാരണം.

പത്രാധിപരും പത്രമുടമയും തമ്മില്‍ ആദര്‍ശങ്ങളിലും നയങ്ങളിലും നടത്തിപ്പിലും ആരോഗ്യപരമായ പൊരുത്തവും പ്രായോഗികമായ ബന്ധവും ഉണ്ടാവേണ്ടത്‌ പരമാവശ്യമാണ്‌. അങ്ങനെയൊരു ബന്ധമാകട്ടെ, അപൂര്‍വമായ ഒരു ഭാഗ്യസിദ്ധിയാണുതാനും. സ്വദേശാഭിമാനി പത്രാധിപര്‍ക്കും ഉടമയ്‌ക്കും തമ്മില്‍ അഭേദ്യമായ, അനിതരസാധാരണമായ സൗഹാര്‍ദ്ദവും സൗഭ്രാത്രവും ആണുണ്ടായിരുന്നത്‌. ആദ്യാവസാനം പത്രമുടമയ്‌ക്ക്‌ ലാഭേച്ഛയേയില്ലായിരുന്നു; പത്രപ്രവര്‍ത്തനം ഒരു വ്യവസായമായി കരുതീട്ടേയില്ലായിരുന്നു. പത്രം നന്നായി നടക്കണം. കൃത്യമായി നടക്കണം, നല്ല കാര്യങ്ങള്‍ പ്രകാശിപ്പിക്കണം, പൊതുജനവിഹിതം അനുവര്‍ത്തിക്കണം, സമുദായനന്മയ്‌ക്ക്‌ മാര്‍ഗനിര്‍ദേശം ചെയ്യണം, സത്യധര്‍മങ്ങളും നീതിയും നിലനിര്‍ത്തുമാറ്‌ അനുശാസിക്കണം -ഈ മഹദാദര്‍ശങ്ങളായിരുന്നു മൗലവിയുടെ ലക്ഷ്യം. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ വേണ്ട പശ്ചാത്തലം അതിലടങ്ങി, അതിലൊതുങ്ങി. പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധത്തിലും പത്രമുടമ കൈകടത്തിയില്ല. മുടങ്ങാതെ പത്രമിറങ്ങാന്‍ നിര്‍ലോഭം പണവുമിറക്കി വന്നു. പത്രപംക്തികളില്‍ നാട്ടില്‍ അന്ന്‌ നടമാടിയിരുന്ന അഴിമതികളുടെ ചുരുള്‍ വിടരുംതോറും ഉദ്യോഗസ്ഥവൃന്ദവും കൊട്ടാരസേവകരും ദിവാനും അപമാനിതരായി, പൊതുജന നിന്ദയ്‌ക്ക്‌ പാത്രമായി; അവര്‍ അരിശംപൂണ്ടു. പത്രത്തിന്റെ നേര്‍ക്കും പത്രാധിപരുടെ നേര്‍ക്കും പത്രമുടമയുടെ നേര്‍ക്കും ഭീഷണികളുയര്‍ന്നു; താക്കീതുകള്‍ നിരന്നു; ശിക്ഷാനടപടികള്‍ രൂപംകൊണ്ടു. രണ്ടാള്‍ക്കും ജീവാപായം തലയ്‌ക്കുമീതെ. ഇത്രയും അപകടനിലയിലെത്തിയപ്പോള്‍ മൗലവിക്ക്‌ വേണമെങ്കില്‍ പത്രാധിപരെ ഉപദേശിക്കാമായിരുന്നു, നിയന്ത്രിക്കാമായിരുന്നു, താക്കീത്‌ ചെയ്യാമായിരുന്നു; അനുസരിച്ചില്ലെങ്കില്‍ തള്ളിക്കളയാമായിരുന്നു. അതൊന്നുമല്ല നടന്നത്‌. മൗലവി അദമ്യനായി, അചഞ്ചലനായി, അക്ഷോഭ്യനായി നിലകൊണ്ടു. പത്രാധിപരുടെ തൂലികയുടെ ധാര്‍മികരോഷത്തില്‍, സത്യസന്ധതയില്‍, നീതിനിഷ്‌ഠയില്‍ തികഞ്ഞ അഭിമാനം, നിറഞ്ഞ തൃപ്‌തി, ഉറച്ച പിന്‍ബലം -അതായിരുന്നു ആ പത്രമുടമയുടെ പ്രതികരണം. ഇത്ര ആത്മൈക്യം ആ യുഗം പത്രപ്രവര്‍ത്തനരംഗത്ത്‌ കണ്ടിട്ടില്ല; ഇന്നത്തെ യുഗവും കണ്ടിട്ടില്ല. ഉദാഹരണങ്ങള്‍ പൊതുജനങ്ങള്‍ക്കറിയാവുന്നതാണല്ലോ. ധനം, മാനം, പദവി, സ്വാധീനം, അധികാരം, അംഗീകാരം- ഇവ ആശിക്കാത്ത പത്രമുടമകള്‍ ഉണ്ടോ? ഒരു പത്രപ്രവര്‍ത്തകന്‌ ഇത്രമാത്രം സ്വച്ഛന്ദവിഹാരം അനുവദിച്ച പത്രമുടമകള്‍ വിരലിലെണ്ണാനും കൂടി കാണുമോ?

രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ താങ്ങും തണലുമേകി, ഏതൊരു ധര്‍മ നിര്‍വഹണത്തിന്നായി ആ ജന്മം എടുത്തുവോ അത്‌ തികച്ചും നിറവേറ്റാന്‍ വേണ്ട സാഹചര്യവും സന്ദര്‍ഭവും നല്‍കി, സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേരില്‍തന്നെ പില്‍ക്കാലത്ത്‌ പത്രാധിപര്‍ അറിയപ്പെടാനും, ഇടയാക്കിയ കന്നി 10-ാനുലെ ചരിത്രസംഭവത്തെക്കുറിച്ച്‌ പഠിക്കാനുദ്ദേശിക്കുന്നവര്‍ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം മൗലവി മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സാഹിബിന്റെ ചരിത്രപരമായ നിലപാട്‌ അനുസ്‌മരിച്ചേ തീരൂ. തന്റെ പ്രസ്സും, പത്രവും, പണവും ആ പത്രാധിപരുടെ തൂലികാചലനത്തിനു വിട്ടുകൊടുത്ത ആ ഉത്തമസുഹൃത്തിനെ- മഹാമനസ്‌കനായ വക്കം മൗലവിയെ- ‘പൊന്നുതിരുമേനി’യുടെ കന്നി 10-നുലെ വിളംബരവും അനന്തര നടപടികളും ഏതെല്ലാം വിധത്തിലുള്ള ആപത്തിലേക്കും നഷ്‌ടത്തിലേക്കും ആണ്‌ ചെന്നു ചാടിച്ചതെന്ന തീവ്ര മനോവിചാരം ഒന്നു മാത്രമാണ്‌ എന്റെ അച്ഛന്റെ മനസ്സില്‍, അന്ന്‌ ആ അര്‍ധരാത്രിയില്‍, ആരുവാമൊഴി കടക്കുമ്പോഴും പിന്നീടും നിറഞ്ഞു നിന്നിരിക്കുക- തീര്‍ച്ചയായും തന്റെ കുടുംബത്തെപ്പറ്റിയല്ല. വക്കം മൗലവിക്ക്‌ തന്റെ പത്രാധിപരുടെ കുടുംബത്തെപ്പറ്റി ഉല്‍ക്കണ്‌ഠ, പത്രാധിപര്‍ക്ക്‌ മൗലവിയുടെ പത്രസ്ഥാപനത്തെപ്പറ്റി, മൗലവിയുടെ നേര്‍ക്ക്‌ ബന്ധുജനങ്ങളില്‍ നിന്നുയരുന്ന എതിര്‍പ്പിനെപ്പറ്റി ആശങ്ക. തമ്മില്‍ നേരെ ഒന്നു യാത്രപറയാന്‍ കൂടി അവസരമുണ്ടായോ എന്നെനിക്കറിയില്ല. രണ്ട്‌ കൊല്ലങ്ങള്‍ കഴിഞ്ഞാണ്‌ ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സന്ദര്‍ഭമുണ്ടായതെന്ന്‌ അറിഞ്ഞിട്ടുണ്ട്‌. തികച്ചും വികാരനിര്‍ഭരമായ ആ പുനര്‍മിലനത്തെ ഞാന്‍ വിഭാവനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്റെ അച്ഛന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ്‌ സ്‌നേഹാദരംകൊണ്ടും നന്ദികൊണ്ടും മൗലവിയുടെ ആ സൗമ്യസ്‌നിഗ്‌ധമായ ചിരസൗഹൃദത്തിനു മുമ്പില്‍ നമിച്ചില്ലേ? എന്തൊരു നിര്‍വൃതി!

നാടുകടത്തല്‍ കഴിഞ്ഞ്‌ 68 കൊല്ലങ്ങളുടെ അജ്ഞാതവാസം തീര്‍ത്ത്‌ എന്റെ കയ്യില്‍ എത്തിച്ചേര്‍ന്ന ഒരു പഴയപെട്ടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ പഴയ കത്തുകളുടെ കൂട്ടത്തില്‍ വക്കം മൗലവിയുടെ മൂന്നു കത്തുകള്‍ ഒരമൂല്യനിധിയെന്നവണ്ണം സുരക്ഷിതമായിരിക്കുന്നത്‌ ആശ്ചര്യമെന്നല്ലേ പറയേണ്ടത്‌? മറ്റു പല കത്തുകളും നടുകീറിയും പൊടിഞ്ഞും മഷിമാഞ്ഞും വായിക്കാന്‍ പറ്റാതെയുണ്ട്‌. ഈ മൂന്നു കത്തുകള്‍ക്ക്‌ യാതൊരു കേടുപാടുമില്ല. ഞാനാദ്യമായിട്ടാണ്‌ മൗലവിയുടെ കയ്യക്ഷരം കാണുന്നത്‌.

5-2-15ല്‍ അച്ഛന്റെ പേര്‍ക്ക്‌ എഴുതിയ കത്തില്‍ പ്രസ്സിനെ സംബന്ധിച്ച്‌ ഗവര്‍മെണ്ടിലേക്ക്‌ ഹരജി കൊടുക്കാനിടയായതിനെപ്പറ്റിയും, അതിനുള്ള മറുപടിയെപ്പറ്റിയും കൊട്ടാരത്തിലേക്ക്‌ ഹരജി അയച്ചതിനെപ്പറ്റിയും അതിന്റെ ഫലമറിവായിട്ടില്ലെന്നും പ്രസ്‌താവിച്ചശേഷം ഇങ്ങനെയൊരപേക്ഷയാണ്‌: “അല്‌പം മുമ്പ്‌ ഇംഗ്ലണ്ടില്‍ ലാര്‍ഡ്‌ ഹെഡ്‌ലി എന്നൊരു യൂറോപ്യന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കേട്ടിരിക്കുമല്ലോ. അദ്ദേഹം എഴുതിയിട്ടുള്ള A Western Awakening to Islam എന്ന പുസ്‌തകം ഞാന്‍ ഇതിനിടെ വരുത്തിനോക്കിയതില്‍ അത്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിച്ചാല്‍ കൊള്ളാമെന്ന്‌ വിചാരിക്കുന്നു. തര്‍ജമ അവിടുത്തേതായിരുന്നാല്‍ കൊള്ളാമെന്നാണാഗ്രഹം. അതിലേക്ക്‌ അല്‌പം മുഷിയുന്നതിന്‌ ഇപ്പോഴത്തെ ശരീരസ്ഥിതി അനുകൂലിക്കുമോ എന്നറിയുന്നില്ല. വിവരം അറിവാനാഗ്രഹിക്കുന്നു. മറുപടി പോലെ പുസ്‌തകം അങ്ങോട്ടയച്ചുകൊള്ളാം.

മുസ്‌ലിം ഇയ്യിടെ ഞാന്‍ സുഖക്കേട്‌ പിടിച്ചു കിടന്നുപോക നിമിത്തം ചില ലക്കങ്ങള്‍ മടങ്ങിപ്പോകേണ്ടിവന്നു. കന്നി, തുലാം ലക്കങ്ങള്‍ ഇപ്പോള്‍ അച്ചടിച്ചു തീരാറായിരിക്കുന്നു. ഉടനെ പുറപ്പെടും. സുഖവിവരത്തിനും മറ്റു കാര്യങ്ങള്‍ക്കും ഉടനെ മറുപടി അയച്ചുതരുന്നതിനപേക്ഷ.

M. Mohamad Abdul Kader

16-3-15ലെ ഒരു ചെറിയ കത്താണ്‌ ഇനിയൊന്ന്‌. അതില്‍ “മുന്‍കത്തില്‍ പറഞ്ഞിരുന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇന്ന്‌ അങ്ങോട്ടയച്ചിരിക്കുന്നു. സൗകര്യംപോലെ തര്‍ജമ ചെയ്‌താല്‍ മതി. ബാലാകലേശക്കാരന്റെ ലേഖനത്തിനു മറുപടി കാണ്മാനായി പലരും നോക്കിയിരിക്കുന്നു.” ഇത്രമാത്രം.

മൗലവി സാഹിബിന്‌ തന്റെ പത്രാധിപരുടെ പേരിലുള്ള സ്ഥായിയായ താല്‌പര്യവും കഴിവുകളെപ്പറ്റിയുള്ള സ്ഥിരം മതിപ്പും, സമകാല സാഹിത്യത്തിലെ വാദവിവാദ ചര്‍ച്ചയിലുള്ള ഉത്സാഹവും എത്ര പ്രകടമായിരിക്കുന്നു! അച്ഛന്‍ കണ്ണൂരിലെത്തി ആരോഗ്യം തെളിഞ്ഞ കാലത്തായിരിക്കണം മൗലവിയുടെ ആ അപേക്ഷ അറിയിച്ചതെന്ന്‌ കത്തുകളിലെ കൊല്ലവും തീയതിയും കൊണ്ട്‌ ഊഹിക്കാം.

ഇനിയത്തെ കത്ത്‌ എന്റെ അമ്മയ്‌ക്കുള്ളതാണ്‌. ഏ മുഹമ്മദ്‌ കുഞ്ഞ്‌ എന്ന ആളെക്കൊണ്ടെഴുതിച്ച ആ കത്ത്‌ മൗലവിയുടേതാണെന്ന്‌ വ്യക്തം. അമ്മയ്‌ക്ക്‌ വക്കത്ത്‌ പരിചയം മൗലവിയെയും അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിമാരെയും മാത്രമായിരുന്നു. എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ടാണ്‌ കത്ത്‌.

“ഞങ്ങള്‍ ആകപ്പാടെ വ്യസന സാഗരത്തില്‍ മുങ്ങിത്തുടിക്കുന്നു. ഞങ്ങളുടെ സഹതാപത്തെ എഴുതിക്കാണിപ്പാന്‍ ഞാന്‍ അശക്തനായും തീര്‍ന്നിരിക്കുന്നു. എത്ര കഠിനമായ ആപത്തുകളിലും ക്ഷമകേട്‌ കാണിക്കരുത്‌. നന്മയും തിന്മയും ദൈവത്തിങ്കല്‍ നിന്നുതന്നെയാണ്‌. അതിനാല്‍ ക്ഷമയോടിരിക്കുക. ദൈവം ക്ഷമാവാന്മാരോടു കൂടിയാണ്‌ -ഇങ്ങനെയുള്ള ഇസ്‌ലാം മതത്തിന്റെ വിശിഷ്‌ടോപദേശങ്ങളെ അല്‌പമെങ്കിലും അനുസരിക്കുന്നതിനുള്ള ദൈവകാരുണ്യം എനിക്ക്‌ സിദ്ധിച്ചില്ലായിരുന്നു എങ്കില്‍ ഈ ഘോരമായ വിപത്തിനു കാരണമായ ദുര്‍വിധിയെ ശപിച്ച്‌ തന്മൂലം ഞാന്‍ ദൈവാനുസരണമില്ലാത്തവന്മാരുടെ ഗണത്തില്‍ മുമ്പനായിപ്പോകുമായിരുന്നു. എന്റെ മനസ്സിനുണ്ടായിരിക്കുന്ന വ്യസനം ഒന്നുകൊണ്ടും ആറ്റിയാല്‍ ആറുമെന്നും തോന്നുന്നില്ല. അത്‌ ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്ന ആപ്‌തവാക്യത്തെ തന്റെ പ്രവൃത്തികൊണ്ട്‌ കേരളീയര്‍ക്ക്‌ ഉദാഹരിച്ചുകാണിച്ചിട്ടുള്ള ആ മഹാപുരുഷന്‌ എല്ലാ വിധത്തിലും അനുരൂപയായിരുന്നിട്ടുള്ള ധൈര്യവതിയും ക്ഷമാനിധിയുമായ അവിടുത്തെ അവസ്ഥ വന്നുകണ്ടറിയുന്നതുവരെയും ഏറിക്കൊണ്ടു തന്നെയിരിക്കുമെങ്കിലും അവിടുന്നുമായുള്ള സന്ദര്‍ശനസംഭാഷണങ്ങള്‍ അതിനു ഒട്ടധികം പരിഹാരകമായിത്തീരുമെന്ന്‌ ഞാന്‍ കരുതുന്നു.

ഈ അവസരത്തില്‍ അവിടുത്തെ ദര്‍ശനം ആര്‍ക്കും വ്യസനഹേതുകമായിട്ടല്ലേയിരിക്കൂ? ലോകസ്വഭാവം അങ്ങനെയാണല്ലോ. ഇല്ല, ഒരിക്കലുമില്ല. ഈ സംഗതിയില്‍ ലോകത്തിനു അസാധാരണവും ഉല്‍ക്കൃഷ്‌ടവുമായ ഒരു പാഠം അവിടുന്നില്‍ നിന്ന്‌ അഭ്യസിക്കാന്‍ തക്ക ഒരു വിശിഷ്‌ട സ്ഥാനത്താണ്‌ അവിടുന്ന്‌ സ്ഥിതിചെയ്യുന്നതെന്ന്‌ എനിക്ക്‌ നല്ല ഉറപ്പുണ്ട്‌.

ഇങ്ങനെയെല്ലാം ഞാന്‍ വിചാരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സത്യവും സ്വാതന്ത്ര്യവും നിസ്സഹായകളായിപ്പോയതുപോലെ തന്നെ നമ്മുടെ സാഹിത്യവും അനാഥയായിപ്പോയിരിക്കുന്നുവല്ലോ എന്ന ഖേദത്തിന്‌ പരിഹാരകമായി ഞാന്‍ യാതൊന്നും കാണുന്നില്ല. ഇവിടെവെച്ച്‌ എന്റെ ഗല്‍ഗദശബ്‌ദത്തെ അവിടുത്തെ ശ്രോത്രത്തിനു അവിഷയകുമാക്കിക്കൊള്ളുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

എന്ന്‌,

ദു:ഖിതന്‍

A M Kunju.

വക്കം മൗലവി തന്റെ ഭാര്യാസഹോദരനായിരുന്ന ഏ മുഹമ്മദ്‌ കുഞ്ഞുവിനെക്കൊണ്ടെഴുതിച്ച ഈ കത്തില്‍ തന്റെ പത്രാധിപരുടെ വിയോഗത്തില്‍ ഉണ്ടായ അഗാധമായ വ്യസനവും, പത്രാധിപരെപ്പറ്റിയുള്ള ഹൃദയംഗമായ പ്രശംസയും നിരാധാരമായ ഒരു കുടുംബത്തിന്റെ സ്ഥിതിയില്‍ ഉല്‍ക്കണ്‌ഠയും നിറഞ്ഞുകവിയുന്നു; എന്നാല്‍ അതേ സമയത്ത്‌ എന്റെ അമ്മയ്‌ക്ക്‌ ആശ്വാസമരുളുന്നു; വ്യസനം താങ്ങാന്‍ സഹനശക്തിയും ക്ഷമയും പകര്‍ന്നുകൊടുക്കുന്നു; അതിലുമുപരി അമ്മയുടെ വിപദിധൈര്യത്തെ ഉണര്‍ത്തുന്നു, ഉത്തേജിപ്പിക്കുന്നു. മൗലവിയുടെ അസാമാന്യമായ മനുഷ്യത്വത്തിനു മുമ്പില്‍ ഈ മകളുടെ കൂപ്പൂകൈ!

ഞാനദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയശേഷം -നാടുകടത്തല്‍ കഴിഞ്ഞ്‌ 14 കൊല്ലത്തിനുശേഷം -എന്റെ അമ്മ തിരുവിതാംകൂറില്‍ വരാനിടയായി. വിവാഹിതയായ ഈ മകളുടെ ആവശ്യാര്‍ഥം. അക്കാലത്ത്‌ മൗലവി സാഹിബ്‌ കൊല്ലത്ത്‌ ആശ്രാമത്ത്‌ എ കെ പിള്ളയുടെ വീടും ‘സ്വരാട്‌’ പത്രമാപ്പീസും ചേര്‍ന്ന സ്ഥലത്ത്‌ ഞങ്ങളെ കാണാന്‍ വരികയുണ്ടായി. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുകഴിഞ്ഞ എന്നെ അദ്ദേഹം ആശീര്‍വദിച്ചു. മൃദുവായ സ്വരത്തില്‍, സൗമ്യമായ രീതിയില്‍ സംഭാഷണം, നിലത്തേക്ക്‌ ദൃഷ്‌ടിയുറപ്പിച്ച ഇരുത്തം, അനാര്‍ഭാടമായ വേഷം, സര്‍വോപരി വിനയം -ആ വിനീതഭാവത്തിനു പിന്നില്‍ ഉറച്ച വിശ്വാസങ്ങളും, ഉയര്‍ന്ന ആദര്‍ശങ്ങളും, നിശ്ചയദാര്‍ഢ്യവും, തികഞ്ഞ ആത്മവിശ്വാസവും, നിറഞ്ഞ ധൈര്യവും കുടികൊണ്ടിരുന്നെന്നാരു പറയും? ഞാന്‍ കണ്ട മൗലവി സാഹിബ്‌ അതാണ്‌. ഞാന്‍ കണ്ടറിഞ്ഞ വിശിഷ്‌ടവ്യക്തിത്വം അതാണ്‌. അങ്ങനെയൊരു മഹാമനുഷ്യനെ സഹൃദയനായ സുഹൃത്തായും സഹായിയായും സഹപ്രവര്‍ത്തകനായും സര്‍വോപരി അനുഭാവിയായ പത്രമുടമയായും പ്രസ്സുടമയായും ലഭിച്ച എന്റെ അച്ഛന്‍ ഭാഗ്യശാലിയായിരുന്നു.

അരനൂറ്റാണ്ടിനുശേഷം ‘ജയില്‍വിമുക്ത’മായ സ്വദേശാഭിമാനി പ്രസ്സ്‌ (മൗലവിയുടെ പ്രസ്‌ സര്‍ക്കാര്‍ കണ്ടുകെട്ടിയശേഷം തലസ്ഥാനനഗരിയില്‍ പൂജപ്പുര ജയിലില്‍ കൊണ്ടിട്ട്‌ ജയില്‍പ്പുള്ളികളെക്കൊണ്ട്‌ പ്രവൃത്തി നടത്തിക്കയായിരുന്നത്രെ) ഇ എം എസ്‌ ഗവര്‍മെന്റ്‌ അതിന്റെ യഥാര്‍ഥ ഉടമയുടെ അവകാശികള്‍ക്ക്‌ മടക്കിക്കൊടുത്തുവെന്നും കേടുവന്നതിനുപകരം നല്ല ടൈപ്പുകള്‍ കൊടുത്തുവെന്നും അറിയാനിടയായി. മൗലവിയുടെ മകനായ പരേതനായ വക്കം അബ്‌ദുല്‍ഖാദറും പത്രാധിപരുടെ മകളായ ഞാനും തുല്യദു:ഖിതരും തുല്യസന്തുഷ്‌ടരുമായി. രണ്ട്‌ പരേതാത്മാക്കള്‍ തുല്യശാന്തിയടഞ്ഞുവെന്നു വിശ്വസിക്കാം. നിയതിയുടെ നീതിനിര്‍വഹണം!

്യൂഞാന്‍ വീണ്ടും വീണ്ടും സ്‌മരിക്കട്ടെ. സ്‌മരിക്കാന്‍ ഉദ്‌ബോധിപ്പിക്കട്ടെ-രാമകൃഷ്‌ണപിള്ളയെ ‘സ്വദേശാഭിമാനി’യാക്കിത്തീര്‍ത്ത വക്കം മൗലവി സാഹിബിനെ-അനശ്വരയശസ്സിനു തുല്യപങ്കാളിത്വമുള്ള ആ വന്ദ്യപുരുഷനെ-ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ആ വിശിഷ്‌ടവ്യക്തിയെ.

***  ***   ***
രാമകൃഷ്‌ണപ്പിള്ളയുടെ മൂത്ത മകളായ ലേഖിക അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി ആഘോഷിച്ച വേളയില്‍ (1978 ജൂണ്‍) എഴുതിയതാണ്‌ ഈ ലേഖനം.




© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ



ബി കല്യാണി അമ്മ   /

കേരള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ പുരുഷനായ സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയെ ദിവാന്‍ ഭരണകൂടം നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സംസ്ഥാനത്തുടനീളം ആഘോഷിക്കപ്പെടുകയാണ്‌. ഭരണകര്‍ത്താക്കളുടെ അഴിമതിയെയും ജനദ്രോഹത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌, ജനകീയ പത്രപ്രവര്‍ത്തനത്തിന്‌ നാന്ദികുറിച്ച സ്വദേശാഭിമാനി പത്രം മലയാള മനസ്സില്‍ മായാതെ കിടക്കും; അതിന്റെ പത്രാധിപരും. എന്നാല്‍ ആ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിക്ക്‌ നമ്മുടെ ചരിത്രം അര്‍ഹമായ സ്ഥാനം നല്‌കിയിട്ടുണ്ടോ? രാമകൃഷ്‌ണപ്പിള്ളയ്‌ക്ക്‌ കരുത്തും പിന്തുണയും നിര്‍ലോഭമായ സ്വാതന്ത്ര്യവും നല്‌കിയ, കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പി വക്കം മൗലവി ഇല്ലായിരുന്നുവെങ്കില്‍ സ്വദേശാഭിമാനി പത്രമുണ്ടാകുമായിരുന്നോ, ആ ധീരനായ പത്രാധിപരും?

വക്കം മൗലവിയുടെ ആദര്‍ശധീരതയും, സ്വദേശാഭിമാനി പത്രത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പത്രാധിപര്‍ക്ക്‌ ഊര്‍ജം നല്‌കുന്നതിലും മഹാനായ വക്കം മൗലവി നിര്‍വഹിച്ച നിര്‍ണായക പങ്ക്‌ അനാവരണം ചെയ്‌തുകൊണ്ട്‌ രാമകൃഷ്‌ണപ്പിള്ളയുടെ പത്‌നിയും മകളും ലേഖനമെഴുതിയിരുന്നു. സമകാലിക പ്രസക്തി പരിഗണിച്ച്‌ ആ ലേഖനങ്ങള്‍ പൂര്‍ണമായി പുനപ്രസിദ്ധീകരിക്കുന്നു.

***

സ്വദേശാഭിമാനിപ്പത്രത്തിന്റെയും അച്ചുക്കൂടത്തിന്റെയും ഉടമസ്ഥനായിരുന്ന ആള്‍ -1905 മുതല്‍ 1910 സപ്‌തംബര്‍ അവസാനം വരെ ഒരേനിലയില്‍ സ്ഥിരചിത്തനായി വര്‍ത്തിച്ചിരുന്ന പുരുഷകേസരിയാണ്‌ വക്കത്തെ അബ്‌ദുല്‍ഖാദര്‍ മൗലവി. ഇദ്ദേഹത്തെ അനുസ്‌മരിക്കുന്ന ഒരു ലേഖനം കൂടാതെ സ്വദേശാഭിമാനി സ്‌മാരകഗ്രന്ഥം അപൂര്‍ണവും അതൃപ്‌തികരവുമായിരിക്കും. എന്നാല്‍, ഞാന്‍ അദ്ദേഹത്തെപ്പറ്റി എന്താണ്‌ എഴുതേണ്ടതെന്ന്‌ അറിയുന്നില്ല. എനിക്ക്‌ അദ്ദേഹവുമായുള്ള പരിചയം ഏറ്റവും പരിമിതവും, വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ അനുമാനിച്ചിട്ടുള്ളതുമാണ്‌. എന്റെ വീക്ഷണവീഥിയില്‍പ്പെട്ടതും ഭര്‍ത്താവില്‍ നിന്ന്‌ കേട്ടിട്ടുള്ളതുമായ കാര്യങ്ങളെ ഇവിടെ രേഖപ്പെടുത്തി ഞാന്‍ കൃതകൃത്യയാകട്ടെ.

1906ലെ ആദ്യകാലത്താണ്‌ എന്റെ ഭര്‍ത്താവ്‌ സ്വദേശാഭിമാനിയുമായി ബന്ധപ്പെട്ടത്‌. മൗലവി തന്നെയാണ്‌ തിരുവനന്തപുരത്ത്‌ ഞങ്ങളുടെ വസതിയില്‍ വന്ന്‌, അദ്ദേഹത്തെ ക്ഷണിച്ച്‌ പത്രാധിപത്യം ഭരമേല്‌പിച്ചതും, താമസത്തിന്നായി വക്കത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതും. ആ അവസരത്തില്‍ ഞാനും അദ്ദേഹത്തെ അനുഗമിച്ചു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങേണ്ടതായി വന്നു. മൗലവി ഞങ്ങളുടെ വസതിയില്‍ വന്നപ്പോഴും ഏതാനും നാള്‍ ഞാന്‍ വക്കത്ത്‌ താമസിച്ചിരുന്നപ്പോഴും ദൂരത്തുനിന്ന്‌ അദ്ദേഹത്തെ കാണുകയേ ഉണ്ടായിട്ടുള്ളൂ. വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ ബഹുമാനിക്കേണ്ട ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെയാണ്‌ ഞാന്‍ അദ്ദേഹത്തെ ആദ്യാവസാനം കണ്ടിരുന്നത്‌.

1906ല്‍ തന്നെ ഞാന്‍ രണ്ടാമതും വക്കത്തു പോയി രണ്ട്‌ മാസം പാര്‍ത്തു. മൗലവിയുടെ കുടുംബഗൃഹ വളപ്പില്‍തന്നെയുള്ള പുതിയൊരു കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ പാര്‍ത്തിരുന്നത്‌. പല സായാഹ്നങ്ങളിലും പത്രാധിപര്‍ ആഫീസില്‍ (അതും സമീപത്തു തന്നെയായിരുന്നു) നിന്ന്‌ മടങ്ങിയെത്തിയ ശേഷം മൗലവി ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്ന്‌, പുറമെയുള്ള വരാന്തയിലിരുന്ന്‌ അദ്ദേഹവുമായി സംഭാഷണം ചെയ്‌തിരുന്നു. ഞങ്ങളുടെ സുഖസൗകര്യങ്ങളെപ്പറ്റി അദ്ദേഹം പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഞാന്‍ അകത്തു നിന്നാണ്‌ സംഭാഷണം ശ്രവിച്ചിരുന്നത്‌. മൗലവിയുടെ ശബ്‌ദം താണതും സംഭാഷണം മിതവുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വ്യക്തമായി കേട്ടിട്ടില്ല. അദ്ദേഹം ശുഭ്രവസ്‌ത്രങ്ങള്‍ ധരിച്ച്‌, ഏകനായിട്ടാണെങ്കില്‍ നിലത്ത്‌ ദത്തദൃഷ്‌ടിയായും, കൂട്ടുകാരുണ്ടെങ്കില്‍ അവരുമായി സംസാരിച്ച്‌ മന്ദസ്‌മിതനായും കടന്നുപോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അന്ന്‌ ഹിന്ദു-മുസ്‌ലിം മൈത്രിയെപ്പറ്റി യാതൊരു ശങ്കയ്‌ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, പത്രാധിപരും അദ്ദേഹവുമായുണ്ടായിരുന്ന ബന്ധം കേവലം സൗഹാര്‍ദബന്ധമായിരുന്നില്ല, പൂര്‍ണ സൗഭ്രാത്രത്തിന്റെ ഉന്നത മാതൃകയായിരുന്നുവെന്ന്‌ സംശയലേശം കൂടാതെ പറയാന്‍ സാധിക്കും.

മൗലവിയുടെ മാതാവും സഹോദരിമാരുമായി ഇക്കുറി എനിക്ക്‌ പരിചയപ്പെടാനിടയായി. അവര്‍ പര്‍ദാസമ്പ്രദായം അനുഷ്‌ഠിച്ചിരുന്നതിനാല്‍ ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്നില്ല. പലപ്പോഴും ആളയച്ച്‌ എന്നെ അവരുടെ ഗൃഹത്തില്‍ കൂട്ടിക്കൊണ്ടുപോവുകയും അവരുടെ സല്‍ക്കാരങ്ങളെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ഗര്‍ഭാലസ്യം കൊണ്ട്‌ അവശയായിരുന്ന എന്നില്‍ മൗലവിയുടെ മാതാവ്‌ മാതൃനിര്‍വിശേഷമായ സ്‌നേഹവും ഔദാര്യവും ചൊരിഞ്ഞിരുന്നു. അവരുടെ കരുണയ്‌ക്ക്‌ ഇന്നും ഞാന്‍ കൈകൂപ്പുന്നു.

1907 ജൂലൈ മാസത്തില്‍ അച്ചുക്കൂടവും പത്രമാഫീസും വക്കുത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി. മൗലവി തന്നെയാണ്‌ അന്നും ഉടമസ്ഥന്‍. പക്ഷേ, ഉടമസ്ഥത നാമമാത്രമായിരുന്നു. പത്രാധിപര്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിലും അച്ചുക്കൂടം നടത്തിപ്പിലും ഒരു സ്വതന്ത്രഹസ്‌തമാണ്‌ മൗലവി നല്‍കിയിരുന്നത്‌. അവര്‍ തമ്മില്‍ നിയമസംബന്ധമായോ ധനസംബന്ധമായോ യാതൊരു കരാറുകളും ഉണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. പത്രവും അച്ചുക്കൂടവും സ്ഥലംമാറ്റം ചെയ്യുന്നതിനും പ്രാരംഭച്ചെലവുകള്‍ക്കും വേണ്ട തുക വക്കത്തു നിന്നു തന്നെ വന്നു. അത്‌ ഒരു കടമായിട്ടാണ്‌ പത്രാധിപര്‍ കരുതിയത്‌. പക്ഷേ, ആ കടംവീട്ടാന്‍ ഇടയായിട്ടില്ല. ഋണബാധിതനായിത്തന്നെ അദ്ദേഹം ജീവിച്ചുവെന്ന്‌ പറയാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മൗലവി തിരുവനന്തപുരത്തു വന്ന്‌ പത്രാധിപരെ കണ്ടിരുന്നു. എന്നാല്‍, പലപ്പോഴും പണിത്തിരക്കില്‍ കഴിഞ്ഞുകൂടിയിരുന്ന പത്രാധിപര്‍, ‘അധികസമയം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചില്ല’ എന്ന്‌ പരിതപിച്ചുപറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

1910 ആദ്യം മുതല്‍ക്കു തന്നെ തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ നിയമദൃഷ്‌ടി സ്വദേശാഭിമാനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. എന്നാല്‍, അത്‌ പതിപ്പിക്കാനുള്ള അവസരം അനായാസേന ലഭിച്ചില്ല. ചരിത്രപ്രസിദ്ധമായ ‘കന്നിപത്തി’ലെ രാജകീയ വിളംബരത്തോടെ ഗവര്‍മെന്റ്‌ നടത്തിയ പരിഷ്‌കാര ബഹിഷ്‌കാരത്തെപ്പറ്റി ഞാന്‍ ഇവിടെ കൂടുതല്‍ എഴുതേണ്ടതായിട്ടില്ല. ഇതോടൊപ്പം മൗലവിക്ക്‌ പത്രവും അച്ചുക്കൂടവും നഷ്‌ടപ്പെട്ടു. എന്നാല്‍, അത്‌ ഒരു ധനനഷ്‌ടമായി അദ്ദേഹം ഗണിച്ചില്ല. തന്റെ ഭ്രാതാവുമായുണ്ടായ വേര്‍പാട്‌ മാത്രം അദ്ദേഹത്തെ വ്യാകുലചിത്തനാക്കിത്തീര്‍ത്തു.

ഞാന്‍ ഭര്‍ത്താവോടൊപ്പം നാടുവിട്ടശേഷം 1925ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങി, റീജന്‍സി ഭരണം നടന്നിരുന്ന കാലത്താണ്‌ ആദ്യമായി നാട്ടില്‍വന്നത്‌. അന്നാണ്‌ എനിക്ക്‌ മൗലവിയെ നേരിട്ടുകാണാനും അഭിമുഖസംഭാഷണം ചെയ്‌വാനും ഭാഗ്യം ലഭിച്ചത്‌. ഒരിക്കല്‍ ഞാന്‍ കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്യവേ, ചിറയിന്‍കീഴ്‌ റെയില്‍വേസ്റ്റേഷനില്‍ ചില സുഹൃത്തുക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്റ്റേഷനതിര്‍ത്തിയിലെ മുള്‍വേലിയില്‍ ചാരി കൈകൂപ്പി നിന്നിരുന്ന ഒരാളെ എന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ‘ആ നില്‌ക്കുന്ന ആളെ അറിയുമോ? ഓര്‍മയുണ്ടോ?’ എന്ന്‌ ചോദിച്ചു. പൂജ്യപൂമാനായ മൗലവിയെ ഞാന്‍ മനസ്സിലാക്കുകയും ദൂരത്തു നിന്നെങ്കിലും എന്റെ പ്രണാമം ഞാന്‍ അദ്ദേഹത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഞാന്‍ ഏതാനും നാള്‍ക്കുള്ളില്‍ കൊല്ലത്തേക്ക്‌ മടങ്ങുമെന്നും എനിക്ക്‌ അദ്ദേഹത്തെ നേരിട്ടുകാണ്‍മാന്‍ ആഗ്രഹമുണ്ടെന്നും സുഹൃത്ത്‌ മുഖേന അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു.

അദ്ദേഹം കരുണാപൂര്‍വം എന്റെ ആഗ്രഹം സാധിച്ചുതന്നു. കൊല്ലത്തെ, എന്റെ പുത്രിയുടെ വസതിയില്‍ അദ്ദേഹം എന്നെ സന്ദര്‍ശിച്ചു. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ച്‌ ഇരുന്നു. സഹോദരസഹോദരിമാരെപ്പോലെ, ആദരപൂര്‍വമായ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സംഭാഷണം നടത്തി. പത്രാധിപരെയും കുടുംബത്തെയും പറ്റി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ ബാഷ്‌പകലുഷിതങ്ങളാകയും ചെയ്‌തു. ഈ സ്ഥിതി അധികനേരം തുടരുവാന്‍ ഇരുവര്‍ക്കും സാധ്യമായില്ല. അദ്ദേഹം യാത്രപറവാനൊരുങ്ങി. പിരിയുന്നതിനു മുമ്പായി, ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയതു മുതല്‍ അച്ചുക്കൂടം മടക്കിക്കിട്ടുവാന്‍ ഒരു അവകാശഹര്‍ജി കൊടുക്കണമെന്ന്‌ അദ്ദേഹത്തെ ബന്ധുമിത്രങ്ങള്‍ ഒന്നുപോലെ പ്രേരിപ്പിക്കുന്നുവെന്നും, എന്നാല്‍ അദ്ദേഹം അതിന്‌ തയ്യാറില്ലെന്നും പറയുകയുണ്ടായി. `എന്റെ പത്രാധിപരെക്കൂടാതെ എനിക്ക്‌ പത്രമെന്തിന്‌? അച്ചുക്കൂടമെന്തിന്‌? എന്ന്‌ നിരുദ്ധകണ്‌ഠത്തോടുകൂടി പറഞ്ഞുകൊണ്ട്‌ അദ്ദേഹം എന്നെ പിരിഞ്ഞുപോയി. ഞാന്‍ ശോകമൂകയായി അദ്ദേഹത്തിന്‌ എന്റെ നമസ്‌കാരം അര്‍പ്പിച്ചതേയുള്ളൂ.

സ്വദേശാഭിമാനിയുടെ ജംഗമവസ്‌തുക്കള്‍ തിരുവിതാംകൂറിലെ ഇന്നത്തെ ഗവര്‍മെന്റ്‌ ന്യായമായ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുവാന്‍ തീര്‍ച്ചയാക്കിയതായി അറിഞ്ഞു. അച്ചുക്കൂടവും സാമഗ്രികളും അടങ്ങിയ ആ ജംഗമവസ്‌തുക്കളുടെ ന്യായമായ അവകാശി അവിടെ സമീപത്തു തന്നെയുണ്ട്‌. മൗലവിയുടെ പുത്രന്‍ ശ്രീ. വക്കം അബ്‌ദുല്‍ഖാദര്‍. അച്ഛനു പറ്റിയ നഷ്‌ടം മകനു മടക്കിക്കൊടുത്ത്‌ പരിഹാരം നേടുവാന്‍ ഗവര്‍മെന്റ്‌ കാലതാമസം വരുത്തുകയില്ലെന്ന്‌ വിശ്വസിക്കുന്നു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും കൂടിയായ ശ്രീ. അബ്‌ദുല്‍ഖാദര്‍ക്ക്‌ ഒരച്ചുക്കൂടം ഉപകാരപ്രദമായിരിക്കും.

സംസ്‌കൃതനും കുലീനനും വിദ്വാനും ശാന്തശീലനും ധീരോദാത്തനും സര്‍വോപരി സ്‌നേഹപൂര്‍ണവും ആത്മാര്‍ഥവുമായ ഒരു ഹൃദയമുള്ള പുരുഷനും ആയ പൂജ്യനായ മൗലവിക്ക്‌ എന്റെ വിനീത പ്രണാമങ്ങള്‍!

**      **     **      **       **
രാമകൃഷ്‌ണപ്പിള്ളയുടെ സഹധര്‍മിണിയായ ലേഖിക 1948ല്‍ സ്വദേശാഭിമാനി സ്‌മരണികയ്‌ക്കു വേണ്ടി എഴുതിയതാണ്‌ ഈ ലേഖനം. 1959 ഒക്‌ടോബര്‍ 7ന്‌ കല്യാണിയമ്മ നിര്യാതയായി.


© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

Tuesday, September 08, 2009

അണ്‍‌റിയാലിറ്റിയിലെ റിയല്‍ ദുരന്തങ്ങള്‍


കെ ഹുബൈബ്‌




വൈകുന്നേരങ്ങളില്‍ വീടുകളെ കണ്ണുനീര്‍ കുളമാക്കിയ കുടുംബ സീരിയലുകള്‍ക്കു മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ട്‌ റിയാലിറ്റി ഷോകള്‍ രംഗത്തുവന്നപ്പോള്‍ ആശ്വസിച്ചവരാണ്‌ മലയാളികള്‍. ലഹരിയെന്നോണം കുടുംബങ്ങളെ മയക്കിയിരുന്ന സീരിയലുകളില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിച്ചുകൊണ്ടു വന്ന റിയാലിറ്റി ഷോകള്‍ അതിനേക്കാള്‍ മാരകമായ വില്ലനാവുകയാണ്‌ ഇന്ന്‌.


വസ്‌ത്രങ്ങളോടുള്ള അലര്‍ജി മാറാവ്യാധിയായി തുടരുന്ന രാഖിസാവന്തെന്ന നടിയായിരുന്നു ഒരു ദേശീയ ചാനലിലൂടെ പ്രേക്ഷകരെ കബളിപ്പിച്ചുകൊണ്ടുള്ള വിവാഹ നാടകത്തിന്‌ അരങ്ങൊരുക്കിയത്‌. മസങ്ങള്‍ നീണ്ടുനിന്ന രാഖി കാ സ്വയംവര്‍ എന്ന അണ്‍`റിയല്‍' പ്രകടനത്തിനൊടുവിലായിരുന്നു ഇവര്‍ കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ ഇലേഷ്‌ പര്‍ജുന്‍വാലയുടെ കഴുത്തില്‍ വരണമാല്യമണിയിച്ചത്‌. സ്വയംവരത്തിനു പിന്നാലെ ഇതിലെ ധാര്‍മികതയെയും സാംസ്‌കാരികതയെയും കുറിച്ച്‌ ചര്‍ച്ചയായെങ്കിലും കാര്യമൊന്നുമില്ല. പത്തുദിവസത്തിനകം ഇലേഷിനെ വിശ്വാസമില്ലെന്ന്‌ രാഖി തുറന്നടിച്ചതോടെ റിയാലിറ്റി അണ്‍ റിയാലിറ്റിയായി മാറി.

ഇതേസമയം തന്നെയായിരുന്നു സ്റ്റാര്‍ചാനലില്‍ സംപ്രേഷണം ചെയ്യുന്ന `സച്‌കാ സാമ്‌ന' എന്ന തട്ടിപ്പ്‌ ഷോ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയായത്‌. കുടംബ ബന്ധങ്ങളെ തകര്‍ത്തുകൊണ്ട്‌ മുന്നേറിയ ഷോക്ക്‌ തടയിടാന്‍ ഇവിടത്തെ പാര്‍ലമെന്റിനു പോലും കഴിഞ്ഞില്ല. ഭാര്യയും മക്കളുമടങ്ങുന്ന കടുംബത്തിനു മുന്നില്‍ ജീവിതത്തിലെ `വീരകൃത്യങ്ങള്‍' കുമ്പസരിച്ചുകൊണ്ട്‌ മത്സരാര്‍ഥി മനസ്സു തുറക്കുമ്പോള്‍ തകര്‍ന്നുവീണത്‌ ബന്ധങ്ങളായിരുന്നു. മകളുടെ പ്രായമുള്ള സ്‌ത്രീയുമായി ബന്ധം സ്ഥാപിച്ചതു മുതല്‍ സ്വകാര്യ ജീവിതം മുഴുവന്‍ അങ്ങാടിപ്പാട്ടാക്കുന്ന ധീരന്മാരെ പ്രേക്ഷകര്‍ക്കു മുന്നില്‍ നായകന്മാരാക്കുകയായിരുന്നു ഇവര്‍. ഇന്ത്യയിലെ റിയല്‍ ദുരന്തങ്ങള്‍ ഇങ്ങനെയായിരുന്നു. വിദേശത്തെ ചിലതിലേക്ക്‌ പോകാം.

അമേരിക്കന്‍ ചാനലായ വി എച്ച്‌ വണ്‍ സംപ്രേഷണം ചെയ്യുന്ന `മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍' എന്ന റിയാലിറ്റി ഷോയാണ്‌ പുതിയ വിവാദങ്ങളിലേക്ക്‌ വഴിതുറന്നത്‌. അമേരിക്കന്‍ മോഡലും നടിയുമായ മേഗന്‍ ഹോസര്‍മാനായിരുന്നു ഇതിലെ നായിക. സ്വയംവര മാതൃകയില്‍ കമിതാവിനെ തെരഞ്ഞെടുക്കാന്‍ താല്‌പര്യമുണ്ടെന്നതിനെ തുടര്‍ന്നായിരുന്നു ഷോ സംഘടിപ്പിച്ചത്‌. 17 പേരായിരുന്നു മേഗന്റെ പ്രണയം തേടിയെത്തിയത്‌. പത്ത്‌ ലക്ഷം ഡോളര്‍ ആസ്‌തിയായിരുന്നു അപേക്ഷകരുടെ മാനദണ്ഡം. ഷോ മുന്നേറുന്നതിനിടെ നടിയെ വിവാഹം ചെയ്യാനെത്തിയ ഒരു മത്സരാര്‍ഥി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതാണ്‌ പരിപാടി വിവാദമായത്‌. റിയാലിറ്റി ഷോ ജേതാവു കൂടിയായ റയാന്‍ അലക്‌സാണ്ടറായിരുന്നു ഭാര്യ ജസ്‌മിനെ കൊലപ്പെടുത്തിയ നായകന്‍. അറുത്ത്‌ മുറിച്ച്‌ സ്യൂട്ട്‌ കേസിലാക്കിയ നിലയിലായിരുന്നു ജസ്‌മിന്റെ മൃതദേഹം ചവറ്റുകൂനയില്‍ കണ്ടെത്തിയത്‌. റിയാലിറ്റി താരത്തെ തേടി അമേരിക്കന്‍-കാനഡ പൊലീസ്‌ തെരച്ചിലാരംഭിച്ചതിനു പിന്നാലെ റയാനെ ആത്മഹത്യ ചെയ്‌ത നിലയിലും കണ്ടെത്തി. നേരത്തെ ക്രിമിനല്‍ പശ്ചാത്തലവും ജയില്‍ ശിക്ഷയുമനുഭവിച്ച ആളുകളെ പിടിച്ച്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ മത്സരാര്‍ഥികളാക്കുന്ന നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍ പരിപാടിയും നിര്‍ത്തി വെച്ചിരിക്കയാണ്‌.

ബ്രസീലില്‍ നിന്നാണ്‌ മറ്റൊരു റിയാലിറ്റി ദുരന്തം. രാജ്യത്തെ വന്‍ ജനപ്രീതിയുള്ള ടെലിവിഷന്‍ ഷോയായ കാനല്‍ ലിവറിന്റെ പ്രചാരണം കൂട്ടാന്‍ അവതാരകന്‍ കാണിക്കുന്ന ക്രൂര വിനോദങ്ങളാണ്‌ ഷോയെ രാജ്യാന്തര പ്രശസ്‌തിയിലെത്തിച്ചത്‌. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റാന്വേഷണങ്ങളെ കുറിച്ചുള്ള പരിപാടിയാണ്‌ കാനല്‍ ലിവര്‍. നിയമസഭാംഗം കൂടിയായ വാലസ്‌ സൂസയാണ്‌ പരിപാടിയുടെ അവതാരകന്‍. പൊലീസിനോ മറ്റ്‌ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ പോലും ചുരുളഴിക്കാനാവത്ത കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ടെലിവിഷന്‍ ഷോയിലൂടെ പുറംലോകത്തു വരുന്നതോടെ പരിപാടി വന്‍ ഹിറ്റാവുകയും വാലസ്‌ നായകനാവുകയുമായിരുന്നു. എന്നാല്‍ നായക സ്ഥാനത്തു നിന്നും വില്ലനായി മാറുകയാണ്‌ വാലസ്‌ എന്ന അവതാരകനിപ്പോള്‍. കാനല്‍ ലിവറിലൂടെ പുറത്തുവന്ന പല കൊലപാതകങ്ങള്‍ക്കു പിന്നിലും അവതാരകന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഷോയുടെ റേറ്റിംഗ്‌ കൂട്ടുന്നതിനായാണ്‌ വാലസ്‌ ഇത്രയും സൂക്ഷ്‌മതയോടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നാണ്‌ പൊലീസ്‌ ആരോപണം. കൊലാപതക സ്ഥലത്ത്‌ പൊലീസ്‌ എത്തും മുമ്പ്‌ തന്നെ വാലസ്‌ സൂസയും സംഘവും സര്‍വസജ്ജീകരണങ്ങളുമായി എത്തുന്നു. പല മരണങ്ങളും ഇവരുടെ ഷൂട്ടിംഗ്‌ കഴിഞ്ഞാണ്‌ പൊലീസ്‌ പോലും അറിയുന്നത്‌ തന്നെ.

എന്നാല്‍ ഒരു നിയമസഭാഗംത്തെ അറസ്റ്റ്‌ ചെയ്യാന്‍ മാത്രം ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യിലില്ലെന്നതാണ്‌ ബ്രസീലിയന്‍ പൊലീസിനെ കുഴക്കുന്നത്‌. ആമസോണ്‍ മേഖലയിലെ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയില്‍ പെട്ടയാളാണ്‌ വാലസ്‌ എന്നാണ്‌ ആരോപണം. അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ശത്രുക്കളെ വകവരുത്താനും റിയാലിറ്റി ഷോ വഴി നല്ലപിള്ള ചമയാനും വാലസിനു കഴിയുന്നുണ്ട്‌. എന്നാല്‍ മയക്കുമരുന്ന്‌ കൊലപാതക കേസുകളില്‍ വാലസിന്റെ മകന്‍ റഫേലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു കഴിഞ്ഞു. ആടുന്നവരെയും പാടുന്നവരെയും മുതല്‍ കല്യാണം തേടുന്നവര്‍ പോലും റിയാലിറ്റി ഷോ ആയി. ഇനി വാലസിനെ പോലുള്ള ക്രിമിനലുകള്‍ കൊലപാതകത്തിനും റിയാലിറ്റി മാര്‍ഗമാക്കിക്കഴിഞ്ഞതോടെ വരുംനാളുകളില്‍ എന്തെല്ലാം റിയാലിറ്റികള്‍ നമ്മെ കാത്തിരിക്കുന്നു.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com


Monday, September 07, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

യുദ്ധം: നിലപാടുകള്‍

യുദ്ധത്തെപ്പറ്റി വായിക്കുകയോ കേള്‍ക്കുകയോ മാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യുകയോ ചെയ്യാത്ത ദിവസങ്ങളില്ല. യുദ്ധം കൊതിക്കുകയും വിതക്കുകയും അതിലൂടെ വിളവെടുക്കുകയും അതോടൊപ്പം അതിന്നിരയായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന വൈചിത്ര്യവും വൈരുധ്യവും നിറഞ്ഞ ലോകത്താണ്‌ നാം. കരയുദ്ധവും കടല്‍യുദ്ധവും ന്യൂക്ലിയര്‍ യുദ്ധവുമായി യുദ്ധമുറകളുടെ നീണ്ട പരമ്പരകള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. ലോകമഹായുദ്ധങ്ങള്‍, നാഗസാക്കി, ഹിരോഷിമ തുടങ്ങി ഇറാന്‍, ഇറാഖ്‌, അഫ്‌ഗാന്‍, കാര്‍ഗില്‍ അങ്ങനെ നിത്യവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന യുദ്ധസംഭവങ്ങള്‍... അടങ്ങാത്ത യുദ്ധക്കൊതിയുടെ പ്രതീകങ്ങളായി അറിയപ്പെടുന്ന ഭരണാധിപന്മാര്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും നിറഞ്ഞുനില്‍ക്കുന്നു. ആറ്റംബോംബുകളും ന്യൂക്ലിയര്‍ ബോംബുകളും തുടങ്ങി രാസായുധങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന യുദ്ധചര്‍ച്ചകള്‍. ഇതോടൊപ്പം യുദ്ധമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കുന്നവരെന്ന പേരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ഇവര്‍ ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്യുന്നു. എല്ലാംകൊണ്ടും ലോകമൊന്നാകെ ഒരു യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നു.

മനുഷ്യചരിത്രത്തിലുടനീളം യുദ്ധസംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. രാഷ്‌ട്രങ്ങളുടെയും മതങ്ങളുടെയും വര്‍ഗങ്ങളുടെയും പേരിലെല്ലാം യുദ്ധങ്ങള്‍ കാണാം. മഹാഭാരതവും ഹൈന്ദവപുരാണങ്ങളും യുദ്ധക്കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌. ക്രൈസ്‌തവ വേദഗ്രന്ഥങ്ങളില്‍ ``സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നു'' (മത്തായി 5:9) എന്ന്‌ പ്രസ്‌താവിക്കുമ്പോള്‍ തന്നെ യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്നു: ``ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്താന്‍ വന്നു എന്ന്‌ നിരൂപിക്കരുത്‌. സമാധാനം അല്ല, വാള്‍ വരുത്തുവാനത്രെ ഞാന്‍ വന്നത്‌'' (മത്തായി 10:34). മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന ഇങ്ങനെയാണ്‌: ``മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അവ്വണ്ണം തന്നെ പൊക്കമുള്ളവനും. ഇല്ലാത്തവനോ തന്റെ വസ്‌ത്രം വിറ്റ്‌ വാള്‍കൊള്ളട്ടെ'' (ലൂക്കോസ്‌ 22:38). ഇന്ന്‌ ലോകത്താകെ സമാധാനസന്ദേശവും സമാധാനസേനയും ഒന്നിച്ചലയുന്ന ക്രൈസ്‌തവ മത-രാഷ്‌ട്രത്തിന്റെ യുദ്ധസമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.

ഇസ്‌ലാമിക സമീപനം

ഇസ്‌ലാം അടിസ്ഥാനപരമായിത്തന്നെ സമാധാനസന്ദേശമാണ്‌. ഇസ്‌ലാം എന്ന നാമകരണത്തില്‍ തുടങ്ങി അതിന്റെ ആദര്‍ശവും ആരാധനകളും അനുഷ്‌ഠാനങ്ങളും സാമൂഹിക ഇടപാടുകളും പെരുമാറ്റനിയമങ്ങളുമെല്ലാം സമാധാനത്തില്‍ ഊന്നിയുള്ളതാണ്‌. സമാധാനഭംഗവും സ്‌പര്‍ധയും അതൊരിക്കലും ഇഷ്‌ടപ്പെടുന്നില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഏതറ്റംവരെയും ഇസ്‌ലാം പോകാന്‍ തയ്യാറാണ്‌. ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തില്‍ മുസ്‌ലിമല്ലാത്ത അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്റെ വീട്ടില്‍ വെച്ച്‌ നടന്ന സമാധാന സന്ധി പോലുള്ള ഒന്നിന്‌ ഇന്ന്‌ ആര്‌ മുന്നോട്ടുവന്നാലും അവിടെ ഒന്നാമതായി എത്തുന്നത്‌ താനായിരിക്കുമെന്ന തിരുദൂതരുടെ പ്രസ്‌താവന ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത-ജാതി-ഭാഷാ വ്യത്യാസമില്ലാതെ സമാധാനത്തിന്നായി ഒത്തുചേരുന്ന ആരുമായും സന്ധിയാവാമെന്നാണ്‌ ഈ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നത്‌.

എന്നാല്‍, സാഹചര്യവും സന്ദര്‍ഭവും ഒരു യുദ്ധം അനിവാര്യമാക്കുന്ന ഘട്ടത്തില്‍ ഇസ്‌ലാം യുദ്ധത്തെ അംഗീകരിക്കുന്നു. അതിജീവിക്കാനും നിലനില്‍ക്കാനും ആഗ്രഹിക്കുന്ന ഏതൊരാദര്‍ശത്തിനും ഇത്‌ സമ്മതിച്ചേ മതിയാകൂ. മനുഷ്യരാശിയുടെ ഇഹപര വിജയത്തിന്‌ നിദാനമായ ദൈവികസന്ദേശം ന്യായമായ രീതിയില്‍ അവര്‍ക്കെത്തിച്ചുകൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും നിഷ്‌കാസനം ചെയ്യാനും ആയുധമേന്തുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. അനിവാര്യവും അനുപേക്ഷ്യവുമായ പ്രതിരോധമുറകളെല്ലാം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‌കുന്നുണ്ട്‌. ഇതൊരു യുദ്ധംവരെയും എത്തിനില്‍ക്കുന്നു.

യുദ്ധ കാരണങ്ങള്‍

മദീനയില്‍ നിന്ന്‌ ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ്‌ ബദ്രര്‍. ഇവിടെവെച്ച്‌ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഹിജ്‌റാബ്‌ദം രണ്ടാം വര്‍ഷം നടന്ന സായുധയുദ്ധമാണ്‌ ബദ്രര്‍യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്‌. സമാധാനപരമായി മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുഹമ്മദ്‌ നബി(സ)യെ ശത്രുക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‌പനയനുസരിച്ച്‌ അദ്ദേഹവും അനുയായികളും മദീനയിലേക്ക്‌ നാടുവിടുകയായിരുന്നു. സുരക്ഷിത മേഖലയെന്ന നിലക്ക്‌ മദീനയില്‍ കഴിയുന്ന പ്രവാചകനെയും ശിഷ്യന്മാരെയും വെറുതെവിടാന്‍ ശത്രുക്കള്‍ തയ്യാറില്ലായിരുന്നു. ഖുറൈശികളുടെ മുഖ്യ ഉപജീവനമാര്‍ഗമായ കച്ചവട യാത്ര നയിച്ചിരുന്നത്‌ സിറിയയിലേക്കും ഫലസ്‌തീനിലേക്കുമായിരുന്നു. ഈ യാത്രാസംഘങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ്‌ മദീന സ്ഥിതിചെയ്യുന്നത്‌. ഇവിടെ മുസ്‌ലിംകള്‍ സമാധാനത്തോടെ കഴിയുന്നതും അല്‌പാല്‌പമായി ശക്തിപ്രാപിക്കുന്നതും തങ്ങള്‍ക്കു ഭീഷണിയായിരിക്കുമെന്ന്‌ ഖുറൈശികള്‍ കരുതി. അതിനാല്‍ എങ്ങനെയും പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയെന്നത്‌ ഖുറൈശികളുടെ ഉറച്ച തീരുമാനമായി മാറി. ഇതിന്നായി ഖുറൈശികള്‍ കണ്ട മാര്‍ഗം മദീനയിലെ മുഖ്യ ഗോത്രങ്ങളായ ഔസ്‌-ഖസ്‌റജ്‌ എന്നിവയുടെ പൊതുനേതാവായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂലിനെ വരുതിയില്‍ വരുത്തി പ്രവാചകനെതിരില്‍ പോരാടുകയാണ്‌. അതിന്നായി അവര്‍ അദ്ദേഹത്തിന്‌ ഇങ്ങനെ എഴുതി: ``ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന്‌ ബഹിഷ്‌കരിക്കാത്ത പക്ഷം ഒരു വന്‍സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്‌. നിങ്ങളുടെ സ്‌ത്രീകളെ ഞങ്ങള്‍ ബന്ദികളായി പിടിക്കുന്നതുമാണ്‌'' (അബൂദാവൂദ്‌).

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ പ്രവാചകനുമായി യുദ്ധത്തിനൊരുങ്ങി. പ്രവാചകന്റെ മദീന ആഗമനത്തോടെ നേതൃത്വം നഷ്‌ടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‌ ഇതൊരു അവസരമായി. എന്നാല്‍, ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഖുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ്‌ അത്‌. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിനൊരുങ്ങുന്നത്‌?'' ഇത്‌ കേട്ടതോടെ അവര്‍ തല്‍ക്കാലം യുദ്ധസഹകരണത്തില്‍ നിന്ന്‌ വിരമിച്ചു (അബൂദാവൂദ്‌). എന്നാല്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കണ്ട്‌ ഒഴിവായ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന്‌ ഈ ആശയം ഒഴിവായിരുന്നില്ല.

ഇതിനു പുറമെ ഒരു യുദ്ധാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. മക്കയിലെ ബഹുദൈവാരാധകര്‍ മദീനയിലെ മുസ്‌ലിംകളെ എന്നും ശത്രുക്കളായി കാണുകയും യുദ്ധത്തിലൂടെ തുരത്തേണ്ട ശക്തിയായി കാണുകയും ചെയ്‌തിരുന്നു. ഇത്‌ തെളിയിക്കുന്ന ഒരു സംഭവം നോക്കുക: സഅദുബ്‌നു മുആദ്‌ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയില്‍ ഉബയ്യിബ്‌നു ഖലഫിന്റെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനായി കഅ്‌ബയുടെ സമീപത്തേക്ക്‌ നീങ്ങുമ്പോള്‍ വഴിയില്‍ അബൂജഹലിനെ കണ്ടുമുട്ടി. ഇതു കണ്ട അബൂജഹല്‍ അട്ടഹസിച്ചു. നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു അല്ലേ? അല്ലാഹുവാണേ, അബൂസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീയെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക്‌ മടങ്ങുമായിരുന്നില്ല. ഇതിനു സഅദ്‌ ഇങ്ങനെ ഉച്ചത്തില്‍ പ്രതികരിച്ചു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും (ബുഖാരി). സഅദിന്റെ ഈ പ്രസ്‌താവന മുസ്‌ലിംകളുടെ മുമ്പിലുള്ള പോംവഴി എന്താണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. യുദ്ധഭീഷണി മുഴക്കുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല തന്ത്രമായി അവരുടെ കച്ചവടയാത്രയുടെ വഴിമുടക്കുകയെന്നത്‌ ഒരു മാര്‍ഗമായിരുന്നു. ഈ യുദ്ധതന്ത്രം തന്നെയാണ്‌ മുസ്‌ലിംകള്‍ പിന്നീട്‌ പയറ്റുന്നത്‌. മാത്രമല്ല, ഇത്രയും കാലം മുസ്‌ലിംകള്‍ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചിട്ടില്ലായെന്നും സഅദിന്റെ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നുണ്ട്‌. ഒരു യുദ്ധശത്രുവായി മുസ്‌ലിംകളെ കണ്ടപ്പോള്‍ മാത്രമാണ്‌ മുസ്‌ലിംകളും അതേവഴിക്ക്‌ തന്നെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ അബൂജഹല്‍ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു ബദ്‌ര്‍ യുദ്ധത്തിന്റെ കാരണങ്ങളിലൊന്ന്‌.

ശത്രുവിഭാഗത്തിന്റെ നീക്കങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും ശത്രുവിന്റെ മനസ്സില്‍ ഭയം നിക്ഷേപിക്കാനുമായി റസൂല്‍(സ) ഇതിനിടയില്‍ ചെറു സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. ഇത്‌ ശത്രുവിഭാഗത്തിനിടയില്‍ ഭയവും ആശങ്കയും ജനിപ്പിക്കുകയുണ്ടായി. മുസ്‌ലിംകള്‍ തങ്ങളെ നേരിടാന്‍ സജ്ജരാണെന്ന ധാരണ അവര്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി. ഇതിനിടയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റജബ്‌ മാസത്തില്‍ അബ്‌ദുല്ലാഹിബ്‌നു ജഹശിന്റെ നേതൃത്വത്തില്‍ നഖ്‌ലയിലേക്ക്‌ നടത്തിയ ഒരു സൈനികനീക്കം ഒരു സംഘട്ടനത്തില്‍ കലാശിക്കുകയും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരാള്‍ വധിക്കപ്പെടാനും ചിലരെ ബന്ദികളാക്കാനും ഇടയാവുകയും ചെയ്‌തു. ഇവരുടെ പക്കല്‍ നിന്ന്‌ ഏതാനും ഒട്ടകങ്ങളെ മദീനയിലേക്ക്‌ തെളിച്ചുകൊണ്ടുവരികയും ചെയ്‌തു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടന്ന ഈ സംഭവത്തില്‍ റസൂല്‍(സ) വിയോജിപ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍, ബഹുദൈവാരാധകരായ ശത്രുക്കള്‍ ഇത്‌ നന്നായി മുതലെടുക്കുകയും മുസ്‌ലിംകള്‍ക്കെതിരില്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്‌തു. ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട്‌ പിന്നീട്‌ അല്ലാഹു ആയത്ത്‌ അവതരിപ്പിക്കുകയുണ്ടായി (2:217). ഇതില്‍ വിശ്വാസികളുടെ ഭാഗത്ത്‌ വന്ന വീഴ്‌ച ചൂണ്ടിക്കാണിച്ചുകൊണ്ട്‌ തന്നെ സത്യനിഷേധികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ഇതും ബദ്‌റിന്റെ കാരണങ്ങളില്‍ ഒന്നുതന്നെയാണെങ്കിലും ശത്രുക്കള്‍, ഇതില്ലെങ്കിലും ഒരു യുദ്ധത്തിനുള്ള എല്ലാ കോപ്പും കൂട്ടിക്കഴിഞ്ഞിരുന്നു.

ഖുറൈശികള്‍ അബൂസ്വുഫ്‌യാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്‌ അയച്ചിരുന്ന ഒരു വമ്പിച്ച കച്ചവടസംഘം വന്‍ ലാഭംനേടി മദീന വഴി തിരിച്ചുവരികയായിരുന്നു. മടക്കവഴിയില്‍ മുസ്‌ലിംകള്‍ കടന്നാക്രമിക്കുമോ എന്ന ഭയം അബൂസ്വുഫ്യാനുണ്ടായി. ഇങ്ങനെ ചിന്തിക്കുന്നതിന്‌ ന്യായമുണ്ടായിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍ വിട്ടേച്ചുപോന്ന സ്വത്തെല്ലാം ശേഖരിച്ചാണ്‌ കച്ചവടത്തിന്‌ മുതലിറക്കിയത്‌. ഇതിന്റെ ലാഭമെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ ഉപയോഗപ്പെടുത്താനാണ്‌ അവരുടെ പദ്ധതിയും. ഇതറിയാവുന്ന മുസ്‌ലിംകളില്‍ നിന്ന്‌ ഒരാക്രമണം അബൂസുഫ്യാന്‍ പ്രതീക്ഷിക്കുക സ്വാഭാവികമാണ്‌. അബൂസുഫ്യാന്‍ പെട്ടെന്ന്‌ മക്കയില്‍ വിവരമറിയിച്ച്‌ സൈന്യസജ്ജീകരണം നടത്തി. മുഹമ്മദും കൂട്ടരും തങ്ങളുടെ സ്വത്തുക്കള്‍ കയ്യടക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന അബൂസുഫ്യാന്റെ അറിയിപ്പ്‌ മക്കക്കാരെ പ്രകോപിതരാക്കി. അങ്ങനെ അബൂജഹലിന്റെ നേതൃത്വത്തില്‍ ഒരു വന്‍സൈന്യം മദീനയിലേക്ക്‌ പുറപ്പെട്ടു. ഇതില്‍ ഏതിനെയാണ്‌ മുസ്‌ലിംകള്‍ നേരിടേണ്ടത്‌? കൂടുതല്‍ ആശ്വാസവും സൗകര്യവും സിറിയയില്‍ നിന്ന്‌ വരുന്ന കച്ചവടസംഘത്തെ നേരിടലാണ്‌. അതാണ്‌ ലാഭകരവും. ശത്രുക്കളുടെ സാമ്പത്തികശക്തിയുടെ മുതുകൊടിക്കാനും നല്ലത്‌ അതുതന്നെ. പ്രവാചകന്‍ അതിനു തീരുമാനമെടുത്തപ്പോള്‍ അല്ലാഹുവിന്റെ കല്‌പന മറ്റൊന്നായിരുന്നു. വിശുദ്ധ ഖുര്‍ആനിങ്ങനെ പറയുന്നു: “രണ്ട്‌ സംഘങ്ങളിലൊന്ന്‌ നിങ്ങള്‍ക്കധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ആയുധങ്ങളില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്റെ കല്‌പനകള്‍ മുഖേന സത്യം പുലര്‍ത്തി കാണിക്കാനും സത്യനിഷേധികളുടെ മുരടു മുറിച്ചുകളയാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്‌ടന്മാര്‍ക്ക്‌ അതെത്ര അനിഷ്‌ടകരമായിരുന്നാലും ശരി” (8:7,8). ഇങ്ങനെ രണ്ടു സൈന്യങ്ങളും തമ്മില്‍ റമദാന്‍ 17ന്‌ ബദ്‌റില്‍ വെച്ച്‌ ഏറ്റുമുട്ടി.

വിമര്‍ശകരുടെ ജല്‌പനങ്ങള്‍

പ്രവാചകന്‍ യുദ്ധക്കൊതിയനും കയ്യേറ്റക്കാരനും വാള്‍കൊണ്ട്‌ മതം പ്രചരിപ്പിച്ചവനുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും മതനിഷേധികളും ഒരുപോലെ ബദ്രര്‍യുദ്ധത്തെ കൂട്ടുപിടിക്കാറുണ്ട്‌. ഒരു കാരണവുമില്ലാതെ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ കൊള്ളയടിക്കുകയായിരുന്നു മുഹമ്മദ്‌ എന്നാണ്‌ അവരുടെ വിമര്‍ശം. അങ്ങനെ, ആയുധശക്തിയുപയോഗിച്ചും ബലംപ്രയോഗിച്ചുമാണ്‌ മുസ്‌ലിംകളുടെ എണ്ണം മുഹമ്മദ്‌ വര്‍ധിപ്പിച്ചത്‌. ഈ വാദങ്ങളത്രയും അടിസ്ഥാനരഹിതവും ചരിത്രവസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും ഇസ്‌ലാമിന്റെ പ്രമാണങ്ങളുമായി ഒത്തുപോകാത്തതുമാണെന്ന്‌ ഇസ്‌ലാമികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്‌. ബദ്രര്‍യുദ്ധത്തിലേക്ക്‌ മുസ്‌ലിംകളെ എത്തിച്ചത്‌ ഏത്‌ വിധത്തിലുള്ള സാഹചര്യമായിരുന്നുവെന്ന്‌ മേല്‍വിവരിച്ചതില്‍ നിന്ന്‌ വ്യക്തമാണ്‌. മാത്രമല്ല, താരതമ്യേന പ്രയാസം കുറഞ്ഞ കച്ചവടസംഘത്തെ നേരിടുകയെന്ന മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഒരു യുദ്ധത്തിനുള്ള പരിപൂര്‍ണ തയ്യാറെടുപ്പിലായിരുന്നില്ലയെന്ന്‌ വ്യക്തം. ഏതുസമയത്തും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരു കടന്നാക്രമണം സംഭവിക്കാവുന്ന സാഹചര്യം അവിടെ നിലനിന്നിരുന്നതുകൊണ്ട്‌ വിശ്വാസികള്‍ സദാ ജാഗരൂകരായിരുന്നുവെന്ന്‌ മാത്രം. മദീനയില്‍ എത്തിയ പ്രവാചകന്‍ ഒരു രാത്രി ഉറങ്ങുക പോലും ചെയ്യാതെ ജാഗ്രത പുലര്‍ത്തിയതായി പത്‌നി ആഇശ(റ) പറയുന്നു. തുടര്‍ന്ന്‌ പ്രവാചകശിഷ്യന്‍ സഅദ്‌ബിന്‍ അബീവഖാസ്‌ അവിടുത്തേക്ക്‌ പാറാവുനില്‍ക്കുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ സംഭവിച്ചത്‌, സത്യവും അസത്യവും തമ്മിലുള്ള ഒരു സംഘട്ടനത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുകയും അത്‌ സത്യത്തിന്റെ പക്ഷക്കാരായ മുസ്‌ലിംകളെന്ന ന്യൂനപക്ഷത്തിന്റെ നിര്‍ണായകയമായ വിജയത്തില്‍ കലാശിക്കുകയും ചെയ്‌തുവെന്ന്‌ മാത്രം.

ജിഹാദ്‌വിളിയും ബദ്‌രീങ്ങളും

തികച്ചും സമാധാനപരമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുസ്‌ലിംകളെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ബഹുദൈവാരാധകരുടെ ധാര്‍ഷ്‌ട്യത്തിന്റെ ഫലമായിരുന്നു ബദ്രര്‍യുദ്ധമെന്ന്‌ മനസ്സിലായി. എന്നാല്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ അനുകൂലമായ നിയമവ്യവസ്ഥയും ഭരണഘടനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിം സമൂഹത്തെ ശത്രുക്കളായി കണ്ട്‌ അവരോട്‌ യുദ്ധപ്രഖ്യാപനം നടത്തുന്നതിന്‌ ബദ്രര്‍യുദ്ധത്തെയും മറ്റു യുദ്ധങ്ങളെയും വ്യാഖ്യാനിച്ചൊപ്പിക്കുന്നത്‌ ശരിയായ നിലപാടല്ല. ഇസ്‌ലാമികാദര്‍ശവും സംസ്‌കാരവും എന്താണെന്ന്‌ ശരിയാംവിധം പഠിക്കാത്ത മുസ്‌ലിം ഭൂരിപക്ഷം തന്നെ നിലനില്‍ക്കുന്ന രാജ്യത്ത്‌ ഇസ്‌ലാമിന്റെ പേരില്‍ സംഘട്ടനവും സംഘര്‍ഷവും സൃഷ്‌ടിക്കുന്നത്‌ ഇസ്‌ലാമിന്‌ ഗുണകരമായിരിക്കില്ല. ശാന്തമായ സന്ദേശപ്രബോധനത്തിന്‌ ഇന്ത്യാരാജ്യത്ത്‌ ഇന്നും അനുവാദം നിഷേധിക്കപ്പെട്ടിട്ടില്ല. അമുസ്‌ലിംകള്‍ ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ അവര്‍ വധിക്കപ്പെടുക, മൂന്നാമതൊരു മാര്‍ഗം അവരുടെ മുന്നിലില്ല എന്ന നിലപാട്‌ ഇസ്‌ലാമിക സന്ദേശവുമായി പൊരുത്തപ്പെടുന്നില്ല. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിന്‌ പാടെ വിരുദ്ധവുമാണത്‌.

ബഹുമതസമൂഹത്തില്‍ കൊണ്ടുംകൊടുത്തും പരമാവധി അന്യോന്യം സഹകരിച്ചുപോകണമെന്ന സന്ദേശമാണ്‌ ബദ്രര്‍യുദ്ധം പോലും നല്‌കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബദ്രര്‍യുദ്ധത്തില്‍ ബന്ദികളായി ശത്രുപക്ഷത്തു നിന്ന്‌ പിടികൂടിയവരില്‍ മോചനദ്രവ്യം നല്‌കി മോചിപ്പിക്കാന്‍ ആളില്ലാത്തവരോട്‌ പ്രവാചകതിരുമേനി സ്വീകരിച്ച നിലപാട്‌ സാക്ഷരരായ തടവുകാര്‍ നിരക്ഷരരായ മുസ്‌ലിംകളില്‍ പത്തുപേരെ വീതം എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ, മുസ്‌ലിംകളെ സാക്ഷരരാക്കിക്കൊണ്ട്‌ അവര്‍ മോചനം നേടി. യുദ്ധത്തടവുകാരായിരുന്നിട്ടു പോലും അവരില്‍ നിന്ന്‌ സ്വീകരിക്കാവുന്ന നന്മ തന്റെ സമൂഹത്തിന്‌ നേടിക്കൊടുക്കുക എന്ന വിശാലമായ കാഴ്‌ചപ്പാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചത്‌. നന്മയുടെ കാര്യത്തില്‍ പരസ്‌പരം സഹകരിക്കുക എന്ന ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ പുലരുകയായിരുന്നു ഇവിടെ.

ബദ്‌റില്‍ രക്തസാക്ഷികളായവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീരചരമമാണ്‌ വരിച്ചത്‌. അല്ലാഹു മാത്രമാണ്‌ ആരാധ്യനെന്ന സര്‍വ പ്രധാനമായ ആദര്‍ശത്തിനു വേണ്ടിയായിരുന്നു ഈ സംഘട്ടനം. യുദ്ധമെന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഖിതാല്‍ പ്രയോഗിച്ചതിന്റെ കൂടെയെല്ലാം ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന്‌ ചേര്‍ത്തുപറയുന്നത്‌ ശരിയായ ആദര്‍ശത്തിനു വേണ്ടിയുള്ള സംഘട്ടനമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. ബദ്രര്‍ യുദ്ധം ഏകദൈവവിശ്വാസത്തിന്റെ സംരക്ഷണത്തിന്‌ വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ബദ്രര്‍യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രവാചകതിരുമേനി അല്ലാഹുവോട്‌ നടത്തിയ പ്രാര്‍ഥന ഇത്‌ വ്യക്തമാക്കുന്നുണ്ട്‌: “അല്ലാഹുവേ, ഈ കൊച്ചുസംഘം ഈ യുദ്ധത്തില്‍ പരാജയമടയുകയാണെങ്കില്‍ നിന്നെ മാത്രം ആരാധിക്കുന്ന വിഭാഗം ഭൂമിയില്‍ അവശേഷിക്കില്ല. അതിനാല്‍ സത്യത്തിന്റെ കക്ഷിയായ ഞങ്ങളെ നീ വിജയിപ്പിക്കേണമേ.”

എന്നാല്‍, ഈ ബദ്‌രീങ്ങളോട്‌ പ്രാര്‍ഥിക്കുകയും അവരുടെ ആണ്ട്‌ കഴിക്കുകയും ചെയ്‌തുകൊണ്ട്‌ ബദ്‌രീങ്ങളോടും അല്ലാഹുവിനോടും ഒരുമിച്ച്‌ നന്ദികേട്‌ കാണിക്കുകയാണ്‌ മുസ്ലിം സമൂഹത്തില്‍ ഒരുവിഭാഗം ചെയ്യുന്നത്‌. റമദാന്‍ 17ന്‌ വിഭവസമൃദ്ധമായ സദ്യയൊരുക്കി ബദ്‌രീങ്ങളുടെ ആണ്ട്‌ കൊഴുപ്പിക്കുന്നു! അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുക എന്ന ആദര്‍ശത്തിനു വേണ്ടി പടപൊരുതി മരിച്ച ബദ്രര്‍ ശുഹദാക്കളോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ ഇവര്‍ ഇസ്ലാമികാദര്‍ശത്തില്‍ നിന്ന്‌ തന്നെ പുറത്തുപോകുന്നു. ബദ്‌രീങ്ങളെ അനുസ്‌മരിക്കുമ്പോള്‍ ആദര്‍ശകാര്യത്തില്‍ തരിമ്പും വിട്ടുവീഴ്‌ച കാണിക്കാത്ത ബദ്‌രീങ്ങളുടെ ധീരമായ നിലപാടും പ്രബോധിതസമൂഹത്തോടുള്ള വിശാലമനസ്‌കതയും ഒരുമിച്ച്‌ ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശ്രമിക്കേണ്ടത്‌.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

Saturday, July 18, 2009

സ്വവര്‍ഗ ലൈംഗികതയ്‌ക്ക്‌ നിയമപരിരക്ഷ നല്‌കാന്‍ നീക്കം; സദാചാര രാഹിത്യത്തിന്‌ നിയമത്തിന്റെ മറക്കുടയോ?

കടപ്പാട്:
എഴുതിയ മുര്‍ശിദ്‌ പാലത്ത്‌ , പ്രസിദ്ധീകരിച്ച ശബാബ് വാരിക.

സ്വാതന്ത്ര്യത്തിന്റെ പരിധി എത്രയാണ്‌? ഈ ചോദ്യത്തിന്‌ ഒരു നാടന്‍ മറുപടിയുണ്ട്‌. നിങ്ങള്‍ക്ക്‌ കൈവീശാം, പക്ഷേ അത്‌ അന്യന്റെ മൂക്കില്‍ സ്‌പര്‍ശിക്കരുത്‌. അക്ഷരംപോലുമറിയാത്ത സാധാരണക്കാരന്റെ അറിവാണിത്‌. എന്നാല്‍ പത്തുകൊല്ലം സ്‌കൂളിലും പിന്നെ അഞ്ചുകൊല്ലം കോളെജിലും തുടര്‍ ന്ന്‌ നിയമക്കോളെജിലും പഠിച്ചിറങ്ങി പതിറ്റാണ്ടുകള്‍ അഭിഭാഷകനായും പിന്നെ വര്‍ഷങ്ങളോളം ജഡ്‌ജായും പരിചയിച്ചവര്‍ക്ക്‌ ഇത്‌ തിരിയാതെ പോകുന്നത്‌ അക്കാദമിക പഠനത്തിന്റെ തിരക്കിനിടക്ക്‌ നാട്ടിന്‍പുറത്തെ ചായക്കടയിലെങ്കിലും ഒന്നു കയറിനോക്കാന്‍ നേരമില്ലാതെ പോയതുകൊണ്ടാകാം. ഇന്ത്യന്‍ ഭരണഘടനയിലെ 14,15,21 അനുഛേദങ്ങ ളുടെ ലംഘനമെന്ന നിലയില്‍ സ്വവ ര്‍ഗലൈംഗിതക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ റദ്ദാക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ വിധികേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചുപോയത്‌.
സ്വവര്‍ഗ ലൈംഗികത ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ മത്വത്തിനെതിരാണെന്നാണ്‌ കോടതിയുടെ ഒരു നിരീക്ഷണം. ശരിയായിരിക്കാം. പക്ഷേ, ഇതിലേറെ പ്രാധാന്യമര്‍ഹിക്കുന്ന പല വിവേചനങ്ങളും ഭരണഘടനയിലുണ്ടെന്ന്‌ ആര്‍ക്ക്‌ അറിയില്ലെങ്കിലും നിയമജ്ഞര്‍ക്ക്‌ അജ്ഞാതമാകരുതല്ലോ. കുഷ്‌ഠരോഗികളെപ്പോലും ഭരണഘടനാപരമായി മാറ്റിനിര്‍ത്തുന്നവരാണ്‌ നമ്മള്‍ ഇന്ത്യക്കാരെന്നത്‌ ഈ പുതിയ കാലത്തും അഭിമാനിക്കാവുന്നതാണ്‌! സത്യത്തില്‍ വിവേചനരഹിത ഇന്ത്യയെ പുനസൃഷ്‌ടിക്കാനാണ്‌ കോടതികള്‍ വിധിപുറപ്പെടുവിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ള, മനുഷ്യത്വവും അറിവുമുള്ള ആരും സമ്മതിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയല്ലേ അവര്‍ ഇടപെടേണ്ടത്‌.

എന്നാല്‍ ഇവിടെ മനുഷ്യത്വമോ സ്വാതന്ത്ര്യമോ സമഭാവനയോ ഒന്നുമല്ല പ്രശ്‌നം. പണവും സുഖവുമാണ്‌ നമുക്കുവേണ്ടത്‌. അത്‌ ഭരണകൂടത്തിനായാലും നീതിപീഠത്തിനായാലും അനിവാര്യമാണ്‌. മദ്യനിരോധവും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കാനുള്ള നിര്‍ദേശവും ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ പൊടിപിടിച്ചു കിടക്കുമ്പോള്‍ ഏകസിവില്‍കോഡെന്ന നിര്‍ദേശകതത്വത്തിനായി മാത്രം നിയമനിര്‍മാണത്തിന്‌ ശഠിക്കുന്ന ഒരുതരം രോഗവും ഇവിടെ ചിലര്‍ക്കുണ്ടല്ലോ. ഇത്തരം വൈരുധ്യങ്ങളെയെല്ലാം ഏകോപിപ്പിക്കാവുന്ന ഉത്തരമാണ്‌ മേല്‍പറഞ്ഞ പണ-സുഖന്യായം. കള്ളോ കാമമോ വിറ്റാലും രാജ്യത്തിന്‌ പണംകിട്ടണം. പണം കിട്ടാനുള്ള എളുപ്പമാര്‍ഗം വിനോദസഞ്ചാരമാണെന്ന്‌ ചില പാശ്ചാത്യകങ്കാണിമാര്‍ കുറച്ചുകാലമായി നമ്മളെ ഇമ്പോസിഷനെഴുതിച്ച്‌ പഠിപ്പിക്കുകയാണ്‌. അപ്പോള്‍ വിനോദസഞ്ചാരി വരണമെങ്കില്‍ അനുഭൂതികളുടെ മായികലോകം തീര്‍ക്കണം. അതിനുള്ള അധികം പണച്ചെലവില്ലാത്ത എളുപ്പവഴി കള്ളും ലൈംഗികതയുമാണ്‌. അതിനു വേണ്ടിയാണ്‌ അവര്‍ ഭരണഘടനയും ശിക്ഷാനിയമവുമെല്ലാം തപ്പിയത്‌. എളുപ്പത്തില്‍ തടയുന്നത്‌ ഭരണഘടനയില്‍ ഏക സിവില്‍കോഡും ശിക്ഷാനിയമത്തിലെ സ്വവര്‍ഗരതി വിരുദ്ധതയുമൊക്കെയാണ്‌. എല്ലാം പ്രത്യക്ഷമായും പരോക്ഷമായും കള്ളിനും കാമത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്ന വകുപ്പുകളാണ്‌. പഞ്ചായത്തീ രാജ്‌ നിയമത്തില്‍ മദ്യനിരോധത്തിന്‌ ത്രിതലപഞ്ചായത്തുകള്‍ക്ക്‌ അധികാരം നല്‌കുന്ന നിയമം പുറംലോകമറിയാതെ ശീതികരണികളില്‍ അടച്ചിടപ്പെട്ടതും തുടര്‍ന്നുവായിക്കുക.

ഒരാള്‍ക്ക്‌ തോന്നുന്നതെല്ലാം അനുഭവിക്കാന്‍ അവസരമുണ്ടാകുക എന്നതാണ്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെങ്കില്‍, താന്തോന്നിത്തങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നതാണ്‌ വിവേചനമെങ്കില്‍ ഇന്നാട്ടില്‍ നിന്നുപിഴക്കാന്‍ സാക്ഷാല്‍ സുപ്രീംകോടതി എടുപ്പിനുപോലും സാധിക്കുമെന്നു തോന്നുന്നില്ല. നിങ്ങളുടെ ഭാര്യയെ എനിക്കിഷ്‌ടമാണ്‌. അവള്‍ക്കും എന്നെ ഇഷ്‌ടമാണ്‌ എന്ന വാദവുമായി മനുഷ്യാവകാശത്തിന്റെ പുതു ശ്‌ളീഹമാര്‍ കോടതിയെ സമീപിച്ചാല്‍ ഭരണഘടനയുടെ 15-ാം അനുഛേദത്തിന്റെ ഉദാരതയില്‍ അത്‌ അനുവദിക്കേണ്ടി വരും. എന്നാല്‍ പിറ്റേന്ന്‌ നിങ്ങളുടെ ഭാര്യ എന്റെ കിടപ്പറപങ്കിടുന്നത്‌ എന്റെ ഭാര്യക്കും ഞാന്‍ നിങ്ങളുടെ ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ നിങ്ങള്‍ക്കും ഇഷ്‌ടമല്ലാത്തതിനാല്‍ ആ ബന്ധം വേര്‍പെടുത്തി തരണമെന്നു പറഞ്ഞ്‌ എന്റെ ഭാര്യ കോടതി കയറിയാല്‍? ഓഹ്‌, ഭരണഘടനാ ഭേദഗതിയാകാമല്ലോ. ആ വിഷയത്തില്‍ ഒട്ടും മടിയും വിവേചനവും കാണിക്കാത്ത സര്‍വംസഹയല്ലേ നമ്മുടെ ഭരണഘടന. അത്‌ കഷ്‌ടപ്പെട്ട്‌ എഴുതിയുണ്ടാക്കിയവരൊക്കെ നരത്തേ കാലംചെന്നതെത്ര ഭാഗ്യം. ഭരണഘടനാ നിയമങ്ങളും ശിക്ഷാനിയമങ്ങളുമെല്ലാം പൂവിതള്‍ പോലെ കശക്കി എറിയുകയല്ലേ പുതിയ അംബേദ്‌കര്‍മാരും മെക്കാളെമാരുമെല്ലാം. പ്രേതമില്ലെന്നതും റൂഹാനികള്‍ ഒന്നും ചെയ്യില്ലെന്നതും കട്ടായം. ഉണ്ടെങ്കില്‍ ഇപ്പോള്‍ പാര്‍ലമെന്റിലും കോടതിയിലുമിരിക്കുന്നവര്‍ അവിടെയൊന്നും കാണില്ലായിരുന്നു!

നമുക്ക്‌ പുതിയ കോടതിവിധി നോക്കാം. രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പു മൂലം ഒരു വിഭാഗമാള്‍ക്കാരെ കുറ്റവാളികളായി മുദ്രകുത്തുന്നതു ഭരണഘടനയില്‍ ഉറപ്പുനല്‌കിയിരിക്കുന്ന തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്‌. ഭരണഘടനാമൂല്യങ്ങള്‍ക്കും മനുഷ്യന്റെ അന്തസ്സിനും വിരുദ്ധമാണു ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌... ലിംഗം, ജാതി, മതം, ജന്മസ്ഥലം എന്നിവയില്‍ ഏതിന്റെയെങ്കിലും അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നു ഭരണഘടനയുടെ 15-ാം അനുഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്‌. ലൈംഗികതയുടെ പേരിലുള്ള വിവേചനവും ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്‌. സമത്വം എന്നതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. അപ്പോള്‍ പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടെ സ്വകാര്യമായി നടത്തുന്ന ഏതു ലൈംഗികതയും നിയമവിധേയമാണെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതെല്ലാമാണ്‌ കോടതിയുടെ നിരീക്ഷണം. എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നവയാണീ കണ്ടെത്തലുകള്‍. എത്ര ലളിതമായാണ്‌ കോടതി ഇത്‌ കൈകാര്യംചെയ്‌തത്‌. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യമെന്ന നെടുംതൂണിനാണിവിടെ കത്തിവീഴുന്നത്‌. മഹാഭൂരിപക്ഷംവരുന്ന ജനതയുടെ പൊതുബോധത്തിന്റെ വിലകുറച്ച്‌ ഒരു ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ ഭാഗംചേര്‍ന്നിരിക്കുകയാണ്‌ കോടതി. `രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പ്‌' ഈ ചെറു വിഭാഗത്തിന്‌ അലോസരമുണ്ടാക്കരുതത്രെ. ബാബരി മസ്‌ജിദ്‌ തകര്‍ത്തതിലും ഏകസിവില്‍കോഡ്‌ ചര്‍ച്ചയിലുമൊന്നുമെന്തേ കറുത്തഗൗണിനകത്ത്‌ വെളുത്തകോട്ട്‌ കാണാതെ പോകുന്നത്‌. ഭരണഘടനക്കുപുറമെ മാനവാന്തസ്സിനുചേരത്തതാണ്‌ സ്വവര്‍ഗരതി നിരോധം എന്നു പറയുമ്പോള്‍ മാനവന്‍ എന്നതിന്റെ അര്‍ഥപരികല്‌പനക്കു പോലും ഊനം സംഭവിച്ചോ എന്നു സംശയിക്കണം. അല്ലെങ്കിലും സ്വവര്‍ഗരതിയില്‍ അന്നും ഇന്നും മുന്നിട്ടുനില്‌ക്കുന്ന മെക്കാളെയുടെ ആള്‍ക്കാര്‍ക്ക്‌ കഴുത്ത്‌ കാണിച്ചുകൊടുത്തു തുടല്‍തൂക്കിയും നാവും ചുണ്ടും നല്‌കി ആംഗലേയം സംസാരിച്ചും കവാത്തുമറക്കുന്ന നമുക്ക്‌ ഐ പി സിയിലെ 377 പ്രശ്‌നത്തില്‍ മാത്രമേ സായിപ്പിനെ പറ്റാതുള്ളൂ. മനുഷ്യനെയും അന്തസ്സിനെയുമെല്ലാം നിര്‍വചിക്കുന്ന മാനിഫെസ്റ്റോ പാശ്ചാത്യന്റെതുമാത്രമാണെന്ന്‌ നമ്മള്‍ എന്നോ വിധിയെഴുതിക്കഴിഞ്ഞതാണ്‌. പിന്നാക്കക്കാരനും പ്രതിഭാധനനുമാണെങ്കിലും അംബേദ്‌കര്‍ക്ക്‌ പോലും ഭരണഘടനാ ശില്‌പിയാകാനുള്ള പ്രധാനയോഗ്യത പാശ്ചാത്യ പഠനം തന്നെയാണല്ലോ.

മെക്കാളെയും ബ്രിട്ടീഷുകാരും ഈ നാടിന്‌ ഒട്ടേറെ ദുരിതങ്ങള്‍ പ്രദാനംചെയ്‌തെങ്കിലും ചിലനന്മകള്‍ അവര്‍ അവശേഷിപ്പിച്ചിരുന്നു. അതില്‍പെട്ടതാണ്‌ ശിക്ഷാനിയമത്തിലെ ഈ വകുപ്പ്‌. `പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി ഒരു പുരുഷനുമായോ സ്‌ത്രീയുമായോ മൃഗവുമായോ ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ ജീവപര്യന്തം ശിക്ഷാര്‍ഹനാണ്‌. അതല്ലെങ്കില്‍ പത്തുവര്‍ഷം തടവും പിഴയും നല്‌കാവുന്നതാണ്‌.' ഇതാണ്‌ പ്രസ്‌തുത വകുപ്പ്‌. മെക്കാളെ തന്റെ നിയമത്തില്‍ തന്നെ അതിന്റെ പ്രധാനകാരണവും വ്യക്തമാക്കുന്നുണ്ട്‌. . പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി നടക്കുന്നത്‌ എന്ന അര്‍ഥത്തിലാണ്‌ അത്‌ ശിക്ഷാര്‍ഹമാകുന്നത്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഈ കണ്ടെത്തലിന്‌ പ്രസക്തിയില്ലെന്നാണ്‌ കുറെകാലമായി രഹസ്യമായും കുറച്ചുകാലമായി പരസ്യമായും ലോകാടിസ്ഥാനത്തില്‍ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നത്‌. ദല്‍ഹി ഹൈക്കോടതിവിധിയെ തകര്‍പ്പന്‍ എന്നും ഈ ദിവസത്തെ സ്വാതന്ത്ര്യദിനമെന്നും പ്രഖ്യാപിക്കുന്നവര്‍ ഇന്നലെ വരെ തെരുവോരങ്ങളിലും ബീച്ചുകളിലും ആളുകാണാതെ മറഞ്ഞിരുന്നവരായിരുന്നു. നേരത്തെ പൊന്തക്കാടുകളുടെയും മലമടക്കുകളുടെയും മറപറ്റി ഒളിച്ചും ഭയന്നും ആനമയക്കിയും കുളംകലക്കിയുമൊക്കെ രഹസ്യമായി സേവിച്ചിരുന്നവര്‍ മാവേലി സ്റ്റോര്‍പോലെ സര്‍ക്കാരിന്റെ പ്രത്യേക കള്ളുവില്‌പന കേന്ദ്രങ്ങള്‍ ഹൈവേ ഓരങ്ങളില്‍ വന്നതോടെ അല്‌പം ഗമയോടെ തന്നെ ഇവന്മാരെ അകത്താക്കിത്തുടങ്ങുകയുണ്ടായി. റോഡില്‍ നീണ്ട വരിനിന്ന്‌ പരസ്യമായി കുപ്പിവാങ്ങി ഏതോ ദിവ്യൗഷധംപോലെ അഭിമാനത്തോടെ ചുമന്നു നടക്കുകയായി. കള്ളുകുപ്പികള്‍ക്ക്‌ അരക്കെട്ടിന്റെ വിങ്ങലും വിയര്‍പ്പും സഹിക്കുന്നതില്‍ നിന്ന്‌ രക്ഷനേടാനായി. അതുപോലെ ആണാകാനും പെണ്ണാകാനും തന്റേടമില്ലാത്ത മനോനിലതെറ്റിയവര്‍ക്ക്‌ എന്തൊരു ധാര്‍ഷ്ട്യമാണീ വിധി സമ്മാനിക്കുക. ഇന്നലെവരെ ദുരാചാരത്തിന്റെ പേരില്‍ തങ്ങളെ വിലങ്ങണിയിക്കാനായി വഴിമുടക്കി നടന്ന നിയമപാലകരെ ഈ നിയമത്തിന്റെ ബലത്തില്‍ നാളെയവര്‍ പുതിയ സദാചാരത്തിന്‌ എസ്‌കോര്‍ട്ടു വിളിക്കില്ലെന്നാരുകണ്ടു.

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ നിരര്‍ഥകമാണ്‌ ഇത്തരം മനുഷ്യവാകാശവാദികളെ ഉണര്‍ത്തല്‍. മനുഷ്യാവകാശം എന്ന ഇരുമ്പുലക്കക്ക്‌ മോള്‍ഡുരൂപീകരിക്കാന്‍ തങ്ങള്‍ക്കേ അവകാശമുള്ളൂ എന്നു ശഠിക്കുന്ന ഈ തറവാട്ടുകാരണവന്മാരെ നമുക്കു വെറുതെ വിടാം. പതിനായിരങ്ങളുടെ അഭിമാനത്തിനും അന്തസ്സിനും വരുന്ന ക്ഷതമല്ല പാതയോരത്തെ മനോവൈകല്യക്കാരുടെ ദുഷ്‌ചെയ്‌തികള്‍ക്കാണ്‌ ഇവരുടെ മാനവികത ഇന്റെണല്‍ മാര്‍ക്ക്‌ നല്‌കുക. സ്വവര്‍ഗ രതി കമ്പോളാധിഷ്‌ഠിതലോകത്ത്‌ നല്ലൊരു ചരക്കായിരിക്കാം. പക്ഷേ, മനുഷ്യനെ കമ്പോളത്തിനപ്പുറത്തു കാണുന്നവര്‍ക്ക്‌ മെക്കാളെയുടെ ഈ വിഷയത്തിലെ നിരീക്ഷണം തെറ്റിയെന്നു പറയാനാകില്ല. വികസിതവും അല്ലാത്തതുമായ ചില പാശ്ചാത്യ രാജ്യങ്ങള്‍ ഈ രതിവൈകൃതത്തെ അംഗീകരിക്കുകയും മനോവൈകല്യക്കാര്‍ക്ക്‌ തുല്യപദവി നല്‌കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനതയുടെ മുക്കാലേമുണ്ടാണിയും ഇപ്പോഴും ഇതിനെ തിന്മയായി കാണുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിനാല്‍ ഹനിക്കപ്പെടരുതെന്ന്‌ ശഠിക്കുന്നതോടൊപ്പം ആ നിയമം ഭൂരിപക്ഷത്തിന്‌ ഹാനികരമാകരുത്‌ എന്ന നിബന്ധനയുണ്ടെന്നത്‌ സത്യമാണ്‌. സിക്കു പുരോഹിതന്റെ കൃപാണും സംന്യാസിയുടെ ത്രിശൂലവും മലവാസികളുടെ പാരമ്പര്യ ആയുധങ്ങളും അവര്‍ക്ക്‌ നിയമപരമായി കൊണ്ടു നടക്കാം. എന്നാല്‍ അതൊന്നും മറ്റുള്ളവര്‍ക്ക്‌ ശല്യമാകരുത്‌. ഇവിടെ സ്വവര്‍ഗാനുരാഗി അവന്റെ കുടുംബത്തെയും വംശത്തെയും രാഷ്‌ട്രത്തെയുമെല്ലാം അപകടപ്പെടുത്തുന്നവനാണ്‌. ഉദാരലൈംഗിതയുടെ പേരില്‍ ഈ പേക്കൂത്തിനും പരവതാനിവിരിച്ച നമ്മുടെ ഹീറോ സമൂഹങ്ങള്‍ സീറോകളായി മാറുന്ന വാര്‍ത്തകള്‍ കുറച്ചായി പടിഞ്ഞാറു നിന്നും നാം നിരന്തരംകേള്‍ക്കുന്നുണ്ട്‌. എയ്‌ഡ്‌സടക്കമുള്ള ലൈംഗികരോഗങ്ങളും ദുര്‍ബലമാകുന്ന വിവാഹബന്ധങ്ങളും യുവാക്കള്‍ കുറഞ്ഞുവരുന്ന ജനസംഖ്യാനുപാതവും ശിശുകാമത്തിന്റെ വര്‍ധിച്ച തോതും കുട്ടികളെ ദത്തെടുക്കാന്‍ നടക്കുന്ന ഗേകളും തുടങ്ങി ഒരു നൂറുകൂട്ടം പ്രശ്‌നങ്ങളുമായി ജീവഛവമായിരിക്കുകയാണ്‌ അവരുടെ സാമൂഹിക ജീവിതം. പക്ഷേ, ജിറാഫിന്‌ മുള്ളേറ്റാലെന്നപോലെ വേദന അറിയാന്‍ നമുക്ക്‌ സമയമെടുക്കും. ഉത്‌പാദകര്‍ ഉപേക്ഷിക്കുമ്പോഴേ എന്തും നമുക്കു കിട്ടൂ. പ്രത്യേകിച്ചും പാശ്ചാത്യ മെയ്‌ഡ്‌ ആണെങ്കില്‍.

ഇന്ത്യന്‍ പുരാണങ്ങളിലെ കഥകളും ബൈബിള്‍ കഥകളുമെല്ലാം ചില തല്‌പരകക്ഷികള്‍ ദുര്‍ന്യായത്തിലൂടെ ഈ ദുര്‍നടപ്പിന്‌ ഉടുപ്പണിയിക്കാനായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ജനത ഇപ്പോഴും ഈ തിന്മയെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ്‌ കോടതിവിധിയോടുള്ള ഇന്നാട്ടിലെ ബഹുഭൂരിപക്ഷംവരുന്ന മതവിശ്വാസികളുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. എന്നിട്ടും ചില വഴുവഴുപ്പുള്ള രാഷ്‌ട്രീയക്കാര്‍ (അവരൊക്കെ ഇന്നാട്ടിലെ പ്രധാനികളായതില്‍ നാം ലജ്ജിക്കുക) നടത്തിയ പ്രതികരണം നിരാശാജനകമാണ്‌. ചിലര്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ വെച്ച്‌ ഇത്‌ നിയമമാക്കാന്‍ തുടങ്ങിയതാണ്‌. പക്ഷേ, സഡോമികളെക്കാളും ലെസ്‌ബിയന്മാരെക്കാളും വോട്ടു മറുഭാഗത്താണെന്നു കണ്ടപ്പോള്‍ അവരൊന്നു തണുത്തിരുന്നു. പക്ഷേ, ഈ ന്യൂനപക്ഷത്തിന്റെയും വോട്ട്‌ വിലയേറിയതാണെന്ന്‌ അവര്‍ മറന്നില്ല. അതുകൊണ്ടു തന്നെ കോടതിയില്‍ തങ്ങള്‍ക്കുവേണ്ടി, പൊതു ജനത്തിനുവേണ്ടി, വാദിക്കേണ്ടിയിരുന്ന വക്കീലുമാര്‍ക്ക്‌ അവര്‍ നിര്‍ദേശംകൊടുത്തു- ഈ നിയമം നിങ്ങള്‍ കൈകാര്യംചെയ്യേണ്ട. നിയമനിര്‍മാണ സഭക്കാരായ ഞങ്ങള്‍ക്കു വിട്ടു തന്നേക്കൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ ഈ ഇലാസ്റ്റിക്‌ നിലപാട്‌ ജഡ്‌ജിമാര്‍ക്ക്‌ ഏണിയായി. അവര്‍ കാര്യംഭംഗിയായി നിര്‍വഹിച്ചു. എന്നിട്ടിപ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്‌ട്രിയപ്പാര്‍ട്ടിക്കാര്‍ പറയുന്നു, ഞങ്ങള്‍ക്ക്‌ വിധിയെ കുറിച്ച്‌ പഠിക്കണം, ഞങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല തുടങ്ങിയ ഞഞ്ഞാമിഞ്ഞകള്‍. ഇവിടെ സാമ്രാജ്യത്തവാദിയുടെയും സാമ്പാറിന്റെ സാ കേള്‍ക്കുമ്പോഴേക്കും സാമ്രാജ്യത്തം വരുന്നേ എന്നോരിയിട്ട്‌ തങ്ങളുടെ അവയ്‌ലബിള്‍ പി ബിയും പ്ലീനവും വിളിച്ചു ചേര്‍ക്കുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമെല്ലാം ആലിംഗനബദ്ധരാകുന്ന അത്ഭുതക്കാഴ്‌ചയും കാണാം. തിന്മയുടെ ഈ അച്ചുതണ്ടാണ്‌ നമ്മെ ഭയപ്പെടുത്തുന്നത്‌. ഇവിടെയാണ്‌ യഥാര്‍ഥ മാനവികതയും സാമൂഹികതയും ആഗ്രഹിക്കുന്നവര്‍ പ്രതികരിക്കേണ്ടി വരുന്നത്‌.

ലൈംഗികതയില്‍ ഇസ്ലാമിന്‌ കൃത്യമായ കാഴ്‌ചയുണ്ട്‌. എന്താണ്‌ സ്വാതന്ത്ര്യമെന്നും സമത്വമെന്നും അത്‌ നിര്‍വചിക്കുന്നുണ്ട്‌. ലിംഗസമത്വവും ഭിന്നലീംഗനീതിയുമെല്ലാം അതിന്റെ പരിധിയിലുണ്ട്‌. പ്രകൃതി വ്യവസ്ഥയായ ഇസ്‌ലാമിന്‌ മനുഷ്യരിലെ പരസ്‌പരബന്ധങ്ങളെ പ്രകൃതിവിരുദ്ധമായി കാണാന്‍ കഴിയില്ല. ആണിന്‌ പെണ്ണും പെണ്ണിന്‌ ആ ണും എന്നതാണ്‌ പ്രകൃതിയെന്ന്‌ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. അതില്‍ തന്നെ ഏതു ആണും പെണ്ണും തമ്മില്‍ ചേരുമെന്നും ചേരാത്തവ ഏതെന്നുമൊക്കെ അത്‌ വിശദമായി പഠിപ്പിക്കുന്നുണ്ട്‌. മനുഷ്യന്റെ പ്രകൃതിപരമായ ലൈംഗികത്വരയെ ഇത്രത്തോളം മാനിച്ച, സംസ്‌കരിക്കുന്ന വേറെ ഒരു ധര്‍മസംഹിതയും ദര്‍ശനവുമില്ല. ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്ത ഏക ദര്‍ശനം ഈ രംഗത്ത്‌ ഇസ്‌ലാം മാത്രമാണ്‌. ഉദാരലൈംഗികതയുടെ വക്താക്കള്‍ക്ക്‌ തങ്ങളുടെ കാല്‍ നഖങ്ങളിലേക്ക്‌ നോക്കാനേ കണ്ണെത്തുകയുള്ളൂ. ഭാവിയിലെയും വിദൂരതകളിലെയും പ്രശ്‌നങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാതെ പോയതാണ്‌ അവരുടെ ഉദാരത ഇടിത്തീയായി സമൂഹത്തിനുമേല്‍ പതിക്കാന്‍ കാരണമാകുന്നത്‌. അതാണ്‌ ഇത്തരം നിയമനിര്‍മാണങ്ങള്‍ സമൂഹത്തില്‍ വരുത്തുന്ന ദുഷ്‌പ്രവണതകളെ കുറിച്ച്‌ ഓര്‍മിപ്പിക്കുമ്പോള്‍ അവര്‍ മൗനികളോ ക്രുദ്ധരോ ആകുന്നത്‌. അവര്‍ക്ക്‌ മറുപടിയില്ല. ലോകത്തേക്ക്‌ ദൈവം ഒരു പ്രവാചകനെ നിയോഗിച്ചതു തന്നെ പ്രധാനമായും സമൂഹത്തെ ഈ വിഷയത്തില്‍ ബോധവത്‌കരിക്കാനാണെന്നു കാണാം. സദോം പ്രദേശത്തേക്ക്‌ അയച്ച ലൂത്‌ നബി

(അ)യുടെ ചരിത്രം ഖുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ പലയിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, പ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ സമകാലികര്‍ക്ക്‌ ഈ കഥ അത്ര പ്രസക്തമായി തോന്നിയില്ലായിരിക്കാം. എന്നാല്‍ പ്രവാചകന്റെ ഉമ്മത്തിന്റെ ഇന്നത്തെ കഷ്‌ണത്തിന്‌ ഈ ആയത്തുകള്‍ ഈമാന്‍ വര്‍ധിപ്പിക്കേണ്ടതാണ്‌. ലോകത്ത്‌ തന്നെ മാതൃകയില്ലാത്തവിധം സ്വവര്‍ഗരതിയിലേക്ക്‌ കൂപ്പുകുത്തിയ ഈ സമൂഹത്തെ എത്ര തന്മയത്വത്തോടെയാണ്‌ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌ ( 7: 81). ഇവരെ എക്കാലത്തെയും മനുഷ്യസമൂഹം ഓര്‍ക്കേണ്ടതിന്‌ തുല്യതയില്ലാത്ത ഭൗതികശിക്ഷയാണ്‌ അവര്‍ക്ക്‌ നല്‌കിയത്‌. ഇവരുടെ അധിവാസ സ്ഥലമാണ്‌ ഇന്ന്‌ ഭൂമിയിലെ സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവും താഴ്‌ന്ന പ്രദേശമായ ചാവുകടല്‍. അന്നാട്ടിലെ അധര്‍മികളോടൊപ്പം കീഴ്‌മേല്‍ മറിക്കപ്പെട്ട ആ പ്രദേശം പേരുപോലെ സാധാരണ കടല്‍-കര ജീവിതത്തിന്‌ നിരക്കാത്ത നിലയില്‍ ഗേപാര്‍ലറുകളുടെ നിത്യസ്‌മാരകമാണ്‌.

വിശുദ്ധഖുര്‍ആനിലെ നാലാം അധ്യായം 15,16 വചനങ്ങള്‍ ഈ നീ ചവൃത്തിക്കാര്‍ക്കുള്ള ശിക്ഷയെകുറിക്കുന്നതാണെന്നാണ്‌ പൂര്‍വികരും ആധുനികരുമായ ചില ഖുര്‍ആന്‍ പ ണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

``നിങ്ങളുടെ സ്‌ത്രീകളില്‍നിന്ന്‌ നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങ ള്‍ കൊണ്ടുവരുവീന്‍. അങ്ങനെ അ വര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെ യ്യുന്നതുവരെ. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന ര ണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവരിരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നപക്ഷം നി ങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏ റെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (4:15,16)

സ്വവര്‍ഗരതിക്കാരായ സ്‌ത്രീകളെ കൃത്യമായ സാക്ഷിവിസ്‌താരത്തിനു ശേഷം കുറ്റംതെളിഞ്ഞാല്‍ അത്‌ ആവര്‍ത്തിക്കാന്‍ സാധിക്കാത്തവിധം വീടുകളില്‍ തടഞ്ഞുവെക്കണമെന്നാണ്‌ ഒന്നാം ആയത്തി ന്റെ വിവക്ഷയെന്ന്‌ ചില വ്യാ ഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതുപോലെ ഇങ്ങനെയുള്ള പുരുഷന്മാ ര്‍ക്ക്‌ അവര്‍ പശ്ചാത്തപിക്കുകയും ധാര്‍മികജീവിതത്തിലേക്ക്‌ മടങ്ങുകയും ചെയ്യാത്തപക്ഷം നിന്ദ്യമായ ശിക്ഷ നല്‌കണമെന്നാണ്‌ 16-ാം വചനം സൂചിപ്പിക്കുന്നത്‌.

ഇവരുടെ ചെയ്‌തിയെ എത്രഗൗരവത്തോടെയാണ്‌ ഇസ്‌ലാം കണ്ടതെന്നു ബോധിക്കാന്‍ ഇവര്‍ക്ക്‌ നല്‌ കേണ്ട ശിക്ഷയെ കുറിച്ച ചര്‍ച്ചത ന്നെ ധാരാളം. വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌ ചുട്ടുകളയണം എന്നു പറഞ്ഞവരും മതില്‍ മറിച്ചിട്ട്‌ കൊല്ലണമെന്നു പറഞ്ഞവരും വ്യഭിചാരികളുടെതിനു തുല്യമായ അടി ശിക്ഷയോ വധശിക്ഷയോ നല്‌കണമെന്നു പറഞ്ഞവരും അതാതുകാലങ്ങളില്‍ ന്യായാധിപന്‌ യുക്തംപോലെ ചെയ്യാമെന്നു പറഞ്ഞവരുമുണ്ട്‌ ഇക്കൂട്ടത്തില്‍ . ഏതായാലും ചില വ്യക്തികളുടെ മനോനിലപാടുകളില്‍ കാണുന്ന ഈ അപഭ്രംശത്തെ രോഗമായിട്ടല്ല, മറിച്ച്‌ മൂല്യച്യുതിയായിട്ടാണ്‌ ഖുര്‍ആന്‍ കാണുന്നത്‌. ഇവരെ മാനസിക-ശാരീരിക ശിക്ഷണങ്ങള്‍ക്കു വിധേയമാക്കി സമൂഹഘടനയില്‍ വന്ന കാന്‍സര്‍ തുടച്ചുനീക്കണമെന്നാണ്‌ ഇസ്‌ലാമിന്റെ താല്‌പര്യം. ഗുദഭോഗവും ഉറഉപയോഗിച്ചുള്ള അഗമ്യഗമനവും പരസ്‌പരം അറിഞ്ഞും അംഗീകരിച്ചുമുള്ള ചെയ്‌ഞ്ചിംഗ്‌ പോലുള്ള കൂട്ടരതികളും ഐഡന്റിറ്റി കാര്‍ഡോടെയെങ്കില്‍ വേശ്യാവൃത്തിയുമെല്ലാം സമൂഹഭദ്രതക്ക്‌ അനുപേക്ഷണീയമായി കാണുന്ന ഉത്തരാധുനിക ലൈംഗികജീവികള്‍ക്ക്‌ ഇതൊന്നും തീരെ ദഹിക്കില്ല.

സ്വവര്‍ഗലൈംഗികത സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന നൈതികവിരുദ്ധത പലതാണ്‌. ദൈവം മനുഷ്യന്റെ ശരീരഘടനപോലും സൃഷ്‌ടിച്ചത്‌ ആണിന്‌ പെണ്ണ്‌ എന്ന രീതിയിലാണ്‌. അതല്ലാത്തരൂപത്തിലുള്ള ലൈംഗികത മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഹോമോ സെക്ഷ്വലുകളായി ഉറച്ചുനില്‌ക്കുന്നവര്‍ ലിംഗമാറ്റം നടത്താനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്‌. വസ്‌ത്രത്തിലും ശരീരത്തിലും ചെറുതും വലുതുമായ മാറ്റങ്ങള്‍ക്ക്‌ ഇവര്‍ മുതിരുന്നു. കൂടാതെ ഇവരില്‍ പലരും കൂടെ കൊണ്ടുപോകുന്ന സാധാരണ വിവാഹജീവിതം ഇണകള്‍ക്ക്‌ പീഡനമായി മാറുന്നു. വ്യത്യസ്‌ത ലിംഗത്തില്‍പെട്ട ഇണയെ തൃപ്‌തിപ്പെടുത്താനോ ഇണയില്‍ തൃപ്‌തിപ്പെടാനോ ഇവര്‍ക്ക്‌ കഴിയുന്നില്ല. സ്വാഭാവിക ലൈംഗികതയല്ലാത്തതിനാല്‍ ഇവര്‍ തങ്ങളുടെ ഇണയെ ഇടക്കിടക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു. ഒന്നിലും ഒമ്പതിലുമൊന്നും ഇവര്‍ക്ക്‌ മതിവരുന്നില്ലെന്നാണ്‌ പഠനങ്ങള്‍. ഇത്‌ ലൈംഗികരോഗങ്ങളും മറ്റും വളരെ വേഗം പരക്കുവാന്‍ ഇടയാക്കുന്നുണ്ട്‌. `സ്വവര്‍ഗ ദമ്പതികള്‍' കുട്ടികളെ ദത്തെടുക്കുന്നുണ്ടെങ്കിലും ആ കുട്ടികള്‍ക്ക്‌ സാധാരണ കുട്ടികള്‍ക്ക്‌ ലഭിക്കുന്ന മാതൃ-പിതൃ സംരക്ഷണം ലഭിക്കുന്നില്ല. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാകാത്തതിനാല്‍ വരുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്‌. സമൂഹത്തില്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാത്തത്‌ ഈ ബുദ്ധിശൂന്യതയെ ന്യായീകരിക്കാത്തവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്‌. അഥവാ, പ്രകൃതി വിരുദ്ധത, പ്രത്യുത്‌പാദനനിരാസം, സാമൂഹ്യവിരുദ്ധത തുടങ്ങി പലതലമൂര്‍ച്ചയുള്ള കൊടുംപാതകമാണ്‌ സ്വവര്‍ഗലൈംഗിത എന്ന്‌ ചുരുക്കം.

കേരളവും മലബാറിലെ ചില പ്രത്യേക പ്രദേശങ്ങളുമെല്ലാം നേരത്തെ തന്നെ സ്വവര്‍ഗരതിക്ക്‌ കുപ്രസിദ്ധമാണ്‌. കുറച്ചുമുമ്പ്‌ കാണാതാകുന്ന കുഞ്ഞുങ്ങളെപറ്റിയുള്ള അന്വേഷണങ്ങള്‍ എത്തിച്ചത്‌ സ്വവര്‍ഗഭോഗികളുടെ ഇരകളാക്കപ്പെടുകയാണ്‌ അത്തരം ബാല്യ-കൗമാരങ്ങള്‍ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലാണ്‌. പക്ഷേ, ഇമ്മോറല്‍ ട്രാഫിക്കെന്ന ചെറുകുറ്റം ചുമത്താനെങ്കിലും സാധിക്കുന്ന അന്യസ്‌ത്രീ-പുരുഷ അസമയ കൂടിച്ചേരലുകളുടെ വകുപ്പുപോലുംചുമത്തി ഇവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം വകുപ്പ്‌ 377 നിലവിലുണ്ടെങ്കിലും രണ്ടു പുരുഷന്‍മാരെയോ രണ്ടു സ്‌ത്രീകളെയോ സംശയിക്കാനുള്ള സാധ്യതക്കുറവു തന്നെയായിരുന്നു ഇവരുടെ രക്ഷാമാര്‍ഗം. എന്നിട്ടും ഇവര്‍ ഏറെ പീഡനം ഏല്‌ക്കേണ്ടി വരുന്നുണ്ടത്രെ! സമൂഹം ഇവരെ മോശക്കാരായി കാണുന്നതാണത്രേ വിവേചനം! ധാര്‍മികതയും മനുഷ്യത്വവും കൊതിക്കുന്നവര്‍ പ്രകൃതി വിരുദ്ധതകളുടെ പരകായപ്രവേശങ്ങളുടെ വേഷപ്പകര്‍ച്ചകളും അവയുടെ സമൂഹത്തില്‍ ചേക്കേറാനുള്ള പൊറാട്ടുനാടകങ്ങളും അനുവദിച്ചുകൂടാ. മനുഷ്യന്റെ ധര്‍മബോധം സഹസ്രാബ്‌ദങ്ങളായി നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റാനുള്ള ഈ കമ്പോള കുടിലത മുളയിലേ നുള്ളേണ്ടതുണ്ട്‌. ഇന്നലെയവര്‍ വേശ്യാവൃത്തി അനുവദനീയമാക്കി. ഇന്നവര്‍ സ്വകാര്യ സ്വവര്‍ഗലൈംഗികതക്ക്‌ പട്ടുംവളയും നല്‌കുന്നു. നാളെ മസോക്കിസവും ഫെറ്റിഷിസവും, പീഡോഫീലിയ, ബെസ്റ്റ്യാലിറ്റി മുതലായവയും അനുവദിക്കും. പിന്നെയത്‌ ആര്‍ക്കും ആരെയും ഇഷ്‌ടത്തോടെയും അല്ലാതെയും എപ്പോഴും എവിടെവെച്ചും ഉപയോഗിക്കാമെന്ന എല്ലാം എല്ലാവര്‍ക്കുമെന്ന സമത്വസുന്ദരലോകത്തെത്തും. ചിറകെട്ടേണ്ടവരുടെ ആലസ്യം ഭൂമിയെ ഒരു വലിയ ചാവുകടലാക്കാതിരിക്കട്ടെ.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com
 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.